Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂത്രമൊഴിക്കാൻ കഴിയാതെ, സാനിറ്ററി പാഡുകൾ മാറി അനന്യ കഷ്ടപ്പെട്ടത് കണ്ടില്ലെന്ന ഭാവം കൊള്ളാം; വി ഡോണ്ട് കേർ എന്ന് ഒരു വാചകമെങ്ങാനും എഴുതി നിർത്തുക; ഡെക്കറേഷൻ ഒന്നും വേണ്ട:റിനൈമെഡിസിറ്റിയുടെ വിശദീകരണത്തിന് എതിരെ ആക്ടിവിസ്റ്റ് കുഞ്ഞില മാസ്സിലാമണി

മൂത്രമൊഴിക്കാൻ കഴിയാതെ, സാനിറ്ററി പാഡുകൾ മാറി അനന്യ കഷ്ടപ്പെട്ടത് കണ്ടില്ലെന്ന ഭാവം കൊള്ളാം; വി ഡോണ്ട് കേർ എന്ന് ഒരു വാചകമെങ്ങാനും എഴുതി നിർത്തുക; ഡെക്കറേഷൻ ഒന്നും വേണ്ട:റിനൈമെഡിസിറ്റിയുടെ വിശദീകരണത്തിന് എതിരെ ആക്ടിവിസ്റ്റ് കുഞ്ഞില മാസ്സിലാമണി

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: ട്രാൻസ് ജെൻഡർ അനന്യയുടെ മരണത്തിൽ റിനൈ മെഡിസിറ്റി നൽകിയ വിശദീകരണത്തിനെതിരെ വിമർശനവുമായി ആക്ടിവിസ്റ്റ് കുഞ്ഞില മാസ്സിലാമണി. അനന്യ നേരിട്ട ചികിത്സാപിഴവിനെക്കുറിച്ചോ നീതി നിഷേധങ്ങളെക്കുറിച്ചോ പരാമർശിക്കാതെ, അനന്യയുടേത് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരത്തിന് ഭംഗി പോരെന്ന പരാതിയായിരുന്നെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ആശുപത്രി നടത്തുന്നതെന്ന് ഫേസ്‌ബുക്ക്‌പോസ്റ്റിൽ ആരോപിക്കുന്നു.

സർജറി ചെയ്ത് മറ്റ് പലർക്കും പരാതി ഇല്ലെന്ന ആശുപത്രിയുടെ വാദത്തെയും പോസ്റ്റ് ചോദ്യം ചെയ്യുന്നു. ഇതേ ആശുപത്രി ചികിത്സയ്ക്കായി സമീപിക്കുന്ന പല ട്രാൻസ്പീപ്പിളിനോടും വിവേചനം കാണിക്കുന്നതായി അവർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മാൻ പൈലറ്റ് ആയ ആഡം ഹാരി വരെ അക്കൂട്ടത്തിലുണ്ടെന്നും കുഞ്ഞില ചൂണ്ടിക്കാട്ടുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ട്രാൻസ്‌ജെന്റർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ മരണത്തെ തുടർന്ന് അവരുടെ ശസ്ത്രക്രിയ ചെയ്ത ഹോസ്പിറ്റലായ റെനായ് മെഡിസിറ്റിയുടെ 'വിശദീകരണം' വായിച്ചു. നിങ്ങൾ കീറിമുറിച്ച് വലിച്ചെറിയുന്ന ശരീരങ്ങളിൽ ജീവനില്ലാതായി എന്ന് വരുമ്പോൾ വാ തുറക്കാൻ കാണിച്ച ആ ആർജ്ജവം ഭയങ്കരം തന്നെ.

മരിക്കുന്ന ദിവസം വരെ അനന്യ നിങ്ങളുടെ ഹോസ്പിറ്റലിനെ വിളിച്ച് ചെയ്ത് പ്രൊസീജറിന്റെ രേഖകൾ ആവശ്യപ്പെട്ടിരുന്നുവെന്നും അതുകൊടുക്കാൻ നിങ്ങൾ വിസമ്മതിച്ചു എന്നുമുള്ള കാര്യം നിങ്ങൾ കുറിപ്പിൽ ചേർത്ത് കണ്ടില്ല. ശസ്ത്രക്രിയയ്ക്ക് മുമ്പായി വെള്ളക്കടലാസിൽ ഒപ്പിട്ട് വാങ്ങിയത് പറഞ്ഞില്ല. ശസ്ത്രക്രിയ ചെയ്ത ഡോക്ടർ അർജുൻ അശോകനും ഭാര്യ ഡോക്ടർ സുജയും അനന്യയെ ചർച്ചകളിൽ നിന്ന് ഇറക്കിവിട്ട് അപമാനിച്ചതിനെപ്പറ്റി പറഞ്ഞില്ല. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരത്തിന് ഭംഗി പോര എന്നതായിരുന്നു അനന്യയുടെ പരാതി എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം കൊള്ളാം.

മൂത്രമൊഴിക്കാൻ കഴിയാതെ, ചിരിക്കാനോ തുമ്മാനോ പല്ല് തേയ്ക്കാനോ കഴിയാതെ, നിൽക്കാൻ കഴിയാതെ, ദിവസം അനവധി സാനിറ്ററി പാഡുകൾ മാറി ഉപയോഗിക്കേണ്ടി വന്നിരുന്നതിനെക്കുറിച്ച് അനന്യ അവസാന ദിവസം വരെ തൊണ്ട കീറിപ്പറഞ്ഞിരുന്നത് കേട്ടില്ല എന്നുള്ള ഭാവം കൊള്ളാം.

ഇനി ഒരു ട്രാൻസ്വുമണിന് തന്റെ സർജറിയിൽ ഭംഗിക്കുറവ് ആരോപിക്കാനുള്ള സ്വാതന്ത്ര്യമില്ലേ? ഐശ്വര്യ റായിയെ പോലുള്ള ഒരാൾ നിങ്ങളുടെ അടുത്ത് കോസ്‌മെറ്റിക് സർജറിക്ക് വന്ന് അവരാണ് സർജറി ഭംഗിയായില്ല എന്ന ആരോപണം ഉന്നയിക്കുന്നതെങ്കിൽ ഇങ്ങനെയാണോ നിങ്ങൾ പ്രതികരിക്കുക? ചിരിയുടെ ആംഗിൾ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിപ്പോയാൽ കാലിൽ വീണ് മാപ്പപേക്ഷിക്കാറുണ്ടല്ലോ ആ സമയത്തൊക്കെ? ട്രാൻസ്ജീവിതങ്ങൾക്ക് ഭംഗി, ആരോഗ്യം തുടങ്ങിയ അവകാശങ്ങളൊന്നുമില്ലേ?

സിസ് ഹെറ്ററോ ആയ ഒരു പേഷ്യന്റെങ്കിലും തന്റെ ഏതെങ്കിലും ഒരു സർജറിയെപ്പറ്റി ഇത്തരം അഭിപ്രായം പറഞ്ഞാൽ നിങ്ങളെങ്ങനെ പ്രതികരിക്കുമായിരുന്നു? എന്തിന് ഒരു അപ്പന്റെക്ടമി പിഴച്ച് പോയാൽ ഈ ധൈര്യത്തിൽ സംസാരിക്കുമോ നിങ്ങൾ?

നിങ്ങൾ സർജറി ചെയ്ത് മറ്റ് പലർക്കും പരാതി ഇല്ല എന്ന് പറഞ്ഞ് കേട്ടു. പലർക്കും പരാതി ഉണ്ട് എന്ന് അനന്യയുൾപ്പെടെയുള്ള ട്രാൻസ്പീപ്പിൾ പറഞ്ഞിരുന്നു. നിങ്ങൾ അവരെ നിശ്ശബ്ദരാക്കാൻ നോക്കി. നിങ്ങളുടെ ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി വരുന്ന പല ട്രാൻസ്പീപ്പിളിനോടും വിവേചനം കാണിക്കുന്നതായി അവർ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മാൻ പൈലറ്റ് ആയ ആഡം ഹാരി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് വേണ്ടി നിങ്ങളുടെ ഹോസ്പിറ്റലിലെ ഡോ. വിവേക് യു. വിനെ സമീപിച്ചപ്പോൾ പെരുമാറിയത് എങ്ങനെയാണെന്ന് ഞങ്ങൾ കണ്ടതാണ്.

എന്നിട്ട് ന്യായീകരണവും കൊണ്ട് ഇറങ്ങിയിരിക്കുന്നു. പണം ആവശ്യപ്പെടുന്ന, ഭംഗിയില്ലെന്ന് പരാതി പറയുന്ന ഒരു അത്യാർത്തിക്കാരിയായി നിങ്ങളുടെ പിഴവ് മൂലം മരണപ്പെട്ട ഒരു ട്രാൻസ് വുമണനിനെ ചിത്രീകരിക്കാൻ ഇത്രയും നീട്ടി വലിച്ച് നോവലെഴുതേണ്ട. വി ഡോണ്ട് കേർ എന്ന് ഒരു വാചകമെങ്ങാനും എഴുതി നിർത്തുക. ഡെക്കറേഷൻ ഒന്നും വേണ്ട.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP