Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈടുകൾ ഒപ്പിട്ട് വാങ്ങിയ ശേഷം പണം നൽകാതെ പറ്റിച്ചു; ഈട് നൽകിയ രേഖകൾ ഉപയോഗിച്ച് തട്ടിയെടുത്തത് മൂന്ന് കോടി രൂപ; ഭർത്താവ് ഓവർ ഡ്രാഫ്റ്റ് എടുത്തപ്പോൾ മുൻ കൗൺസിലർക്ക് നഷ്ടപ്പെട്ടത് ഒന്നരക്കോടിയുടെ കിടപ്പാടം; അഞ്ചു വർഷത്തിനിടെ മുന്നൂറ് കോടിയുടെ തട്ടിപ്പ്; കരുവന്നൂർ സഹകരണബാങ്കിലെ സഖാക്കൾ തട്ടിപ്പിന്റെ ഉസ്താദുമാർ

ഈടുകൾ ഒപ്പിട്ട് വാങ്ങിയ ശേഷം പണം നൽകാതെ പറ്റിച്ചു; ഈട് നൽകിയ രേഖകൾ ഉപയോഗിച്ച് തട്ടിയെടുത്തത് മൂന്ന് കോടി രൂപ; ഭർത്താവ് ഓവർ ഡ്രാഫ്റ്റ് എടുത്തപ്പോൾ മുൻ കൗൺസിലർക്ക് നഷ്ടപ്പെട്ടത് ഒന്നരക്കോടിയുടെ കിടപ്പാടം; അഞ്ചു വർഷത്തിനിടെ മുന്നൂറ് കോടിയുടെ തട്ടിപ്പ്; കരുവന്നൂർ സഹകരണബാങ്കിലെ സഖാക്കൾ തട്ടിപ്പിന്റെ ഉസ്താദുമാർ

മറുനാടൻ ന്യൂസ് ബ്യൂറോ

തൃശ്ശൂർ: 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നെന്ന് പരാതി കിട്ടിയ കരുവന്നൂർ സഹകരണബാങ്കിൽ അഞ്ചുവർഷത്തിനിടെ നടന്നത് 300 കോടിയുടെ തിരിമറിയെന്ന് റിപ്പോർട്ടുകൾ. ഇത് മുമ്പ് കണക്കാക്കിയതിലും മൂന്നിരട്ടിയോളം വരും. 2018 -'19-ലെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ബാങ്കിന് ആ വർഷം 401.78 കോടിയുടെ നിക്ഷേപവും 437.71 കോടിയുടെ വായ്പയുമുണ്ട്. ആ വർഷത്തെ മാത്രം പ്രവർത്തനനഷ്ടം 13.73 കോടിയാണ്. സഹകരണ സൊസൈറ്റി നിയമപ്രകാരം നിക്ഷേപങ്ങളുടെ 70 ശതമാനം വരെ മാത്രമേ വായ്പയായി അനുവദിക്കാവൂ എന്നിരിക്കേ, ഈ ബാങ്ക് അതിനേക്കാൾ ഏറെ നൽകിയതായാണ് കണ്ടെത്തിയിരിക്കുന്നത്. നിക്ഷേപ - വായ്പാ അനുപാതം കാത്തുസൂക്ഷിക്കാതെ വ്യാപക ക്രമക്കേട് നടത്തിയതാണ് ബാങ്കിന്റെ നിലനില്പിനെ ബാധിച്ചത്.

ബാങ്ക് കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്ന് മനസ്സിലാക്കി, 2018-ൽ മാത്രം നിക്ഷേപകർ 100 കോടി ഇവിടെനിന്ന് പിൻവലിച്ചതോടെ ബാങ്കിന് പിടിച്ചുനിൽപ്പ് പ്രശ്നമായി. അതോടെ ദൈനംദിനപ്രവർത്തനത്തിനുള്ള പണം കണ്ടെത്താനായി ബാങ്ക് പണിപ്പെട്ടുതുടങ്ങി. ചെറുകിട നിക്ഷേപങ്ങൾ സമാഹരിക്കുകയും യഥാർഥ ഇടപാടുകാരെക്കൊണ്ട് നിർബന്ധപൂർവം വായ്പ തിരിച്ചടപ്പിക്കുകയും ചെയ്തു.

അഞ്ചുവർഷത്തിനിടെ മാത്രം ബാങ്കിലെ ജീവനക്കാരും ബാങ്കിന് വേണ്ടപ്പെട്ടവരും 300 കോടിയുടെ ക്രമക്കേട് നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഈടില്ലാതെയും ഒരു ഈടിന്മേൽ ഒന്നിലധികം വായ്പ നൽകിയുമാണ് തട്ടിപ്പ് നടത്തിയത്. ബാങ്കിലെ ജീവനക്കാർക്ക് സാധാരണഗതിയിൽ സഹകരണബാങ്കുകളിൽ അംഗത്വം നൽകാറില്ലെങ്കിലും പ്രത്യേക ഉത്തരവിലൂടെ 'സി' ക്ലാസ് അംഗത്വം നൽകി വായ്പ അനുവദിക്കുകയായിരുന്നു.

ഇതിനിടെ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും കബളപ്പിക്കപ്പെട്ട നിരവധി ഇടപാടുകാർ പരാതികളുമായി രംഗത്തെത്തിക്കഴിഞ്ഞു. വായ്പ നൽകാമെന്ന് വാഗ്ദാനം നൽകി ഭൂമി തട്ടിയെടുത്തെന്നും മൂന്ന് കോടി ബാധ്യത സൃഷ്ടിച്ചെന്നും ആരോപിച്ച് രംഗത്തെത്തിയ സായ്‌ലക്ഷ്മി എന്ന വീട്ടമ്മയാണ് അതിലൊരാൾ. ഗൾഫിൽ 12 വർഷം പ്രിന്റിങ് പ്രസിൽ അധ്വാനിച്ചുകിട്ടിയ പണംകൊണ്ടാണ് സായ്‌ലക്ഷ്മി ഇരിങ്ങാലക്കുടയ്ക്കടുത്ത് 13.45 സെന്റ് സ്ഥലം വാങ്ങിയത്. നാട്ടിലേക്കു മടങ്ങിയ വേളയിലാണ് വായ്പാവാഗ്ദാനവുമായി കരുവന്നൂർ സഹകരണബാങ്കിന്റെ കമ്മിഷൻ ഏജന്റ് എത്തിയത്.

ഇരിങ്ങാലക്കുടയിലെ സ്ഥലം പണയപ്പെടുത്തിയാൽ 20 ലക്ഷം വരെ വായ്പ അനുവദിക്കാമെന്നും അതുപയോഗിച്ച് ഇതേ സ്ഥലത്ത് പ്രസ് തുടങ്ങാമെന്നുമായിരുന്നു വാഗ്ദാനം. നാട്ടിൽ തിരികെയെത്തി ജോലിയൊന്നുമില്ലാതിരുന്നതിനാൽ സമ്മതിച്ചു. കരുവന്നൂർ ബാങ്കിൽ 10 ലക്ഷം രൂപയ്ക്കുള്ള അപേക്ഷ നൽകി. വായ്പ അനുവദിച്ചതായുള്ള ബാങ്കുകാരുടെ അറിയിപ്പ് കിട്ടിയതോടെ ആവശ്യപ്പെട്ട എല്ലാ രേഖകളിലും ഒപ്പിട്ടുകൊടുത്തു. പരിശോധനയ്ക്കായി സ്ഥലത്തിന്റെ യഥാർഥ പ്രമാണവും നൽകി. രണ്ടുദിവസത്തിനകം പണം അക്കൗണ്ടിൽ വരുമെന്നായിരുന്നു അറിയിച്ചിരുന്നത്.

എന്നാൽ, ഒരാഴ്ചയായിട്ടും പണം എത്താതായപ്പോൾ ബാങ്കിലെത്തി അന്വേഷിച്ചു. ഉടൻ വായ്പ പാസാകുമെന്നു പറഞ്ഞ് പലതവണ തിരിച്ചയച്ചു. വായ്പ വേണ്ട, പ്രമാണം തിരികെ നൽകാനാവശ്യപ്പെട്ടപ്പോൾ ഭീഷണി തുടങ്ങിയതായി സായ്‌ലക്ഷ്മി പറയുന്നു.

രണ്ടുവർഷത്തിനുശേഷം വീട്ടിലേക്ക് ജപ്തിനോട്ടീസ് എത്തിയപ്പോഴാണ് സായ്‌ലക്ഷ്മി ഞെട്ടിയത്. മൂന്നുകോടി വായ്പയെടുത്തത് തിരിച്ചടയ്ക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് നിയമജ്ഞരുടെ സഹായത്തോടെ കാര്യങ്ങൾ തിരക്കിയപ്പോഴാണ് സായ്‌ലക്ഷ്മിയുടെ സ്ഥലത്തിന്റെ ഈടുപയോഗിച്ച് ആറുപേർ 50 ലക്ഷം വീതം വായ്പയെടുത്ത് വഞ്ചിച്ച കാര്യം അറിഞ്ഞത്. ഇതിനെതിരേ കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് നടത്തിപ്പിന് ചെലവുണ്ട്. അതിനുള്ള പണമില്ല. പ്രതിസന്ധി ഏകമകന്റെ പഠനത്തെവരെ ബാധിച്ചതായും ഇവർ പറയുന്നു.

എൽഡിഎഫ് നേതാക്കളുടെ കുടുംബാംഗങ്ങളും ഈ തട്ടിപ്പിൽ ഇരയായിട്ടുണ്ട്. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ മുൻ എൽ.ഡി.എഫ്. കൗൺസിലർ സലിന്റെ ഭർത്താവായ പൗലോസിന് 25 ലക്ഷം ഓവർഡ്രാഫ്റ്റ് എടുത്തതിന്റെ പേരിൽ നഷ്ടപ്പെട്ടത് ഒന്നരക്കോടിയുടെ കിടപ്പാടമാണ്. ഇന്ന് മകളുടെ വീട്ടിൽ അഭയം തേടേണ്ട ഗതികേടിലാണ് പൗലോസ് കണ്ടംകുളത്തിയും ഭാര്യ സലിൻ പൗലോസും. ബിസിനസുകാരനായ പൗലോസിന് 25 ലക്ഷം രൂപയുടെ ഓവർഡ്രാഫ്റ്റ് സൗകര്യം ഏർപ്പെടുത്താമെന്ന വാഗ്ദാനവുമായാണ് ബാങ്കിന്റെ പ്രതിനിധികൾ സമീപിച്ചത്. ഇതിനായി ഇരിങ്ങാലക്കുട നഗരത്തിലെ എൽ.െഎ.സി. ഓഫീസിനു സമീപമുള്ള ഒന്നരക്കോടിയോളം വില വരുന്ന വീട് ഈടുനൽകി.

ഓവർഡ്രാഫ്റ്റ് എടുത്ത തുക കൃത്യമായി മടക്കി അടച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ജപ്തിനോട്ടീസ് എത്തിയത്. ബാങ്കിൽ നിന്നെടുത്ത 75 ലക്ഷം പലിശസഹിതം തിരിച്ചടയ്ക്കാനായിരുന്നു ആവശ്യം. ബാങ്കിലെത്തി തിരക്കിയപ്പോഴാണ് ഭാര്യയുടെയും രണ്ട് മക്കളുടെയും പേരിൽ 50 ലക്ഷംകൂടി വായ്പ ഓവർഡ്രാഫ്റ്റ് രേഖകൾ ഉപയോഗപ്പെടുത്തി ആരോ എടുത്തതായി അറിഞ്ഞത്. ഇതിൽ ഉൾപ്പെട്ട ഒരു മകൾ ആറുവർഷമായി ഇന്ത്യയിലില്ലാത്ത ആളുമാണ്.

വായ്പയുടെ സ്റ്റേറ്റ്മെന്റ് പോലും തരാൻ ബാങ്ക് തയ്യാറല്ലാത്തതിനാൽ ഹൈക്കോടതിയിലെത്തിയാണ് ഇത് കിട്ടാനുള്ള അനുമതി പൗലോസ് നേടിയത്. ഇതറിഞ്ഞതോടെ ബാങ്ക് ജപ്തിനടപടികൾ ഊർജിതമാക്കി. ബാങ്കിലെ ചിലർക്ക് വീടിനുനേരെ നോട്ടമുണ്ടായിരുന്നതിനാൽ വീട് വിറ്റ് കടം വീട്ടാനുള്ള പൗലോസിന്റെ നീക്കത്തിന് അവർ തടയിട്ടു. അതോടെ ജപ്തിയെന്ന അപമാനത്തിൽനിന്ന് കരകയറാൻ 80 ലക്ഷത്തിന് വീട് വിറ്റ് ബാങ്കിലെ കടം വീട്ടി. ബാങ്കിൽ പലതവണയായി അടച്ച തുകയും ഒരുലക്ഷം രൂപയ്ക്ക് 2000 രൂപ എന്ന രീതിയിലുള്ള ഷെയർ പണവും വായ്പയിൽ വകയിരുത്തിയതുമില്ല. വായ്പ തീർത്തതിന്റെ രേഖ ചോദിച്ചപ്പോൾ ഭീഷണിയും ഉണ്ടായി. ഇപ്പോൾ മകളെ വിവാഹം കഴിച്ചയച്ച വീട്ടിലാണ് പൗലോസും ഭാര്യയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP