Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരുക്കുപറ്റി ചികിത്സയിലിരുന്ന പാമ്പിനെ മന്ത്രിയെ കാണിക്കാൻ ചാക്കിൽ കെട്ടി കൊണ്ടുവന്നുവത്രേ.! പൂച്ചക്കുട്ടി.... മരംമുറി..... പീഡന കേസ് ഒതുക്കൽ... പോരാത്തതിന് പെരുമ്പാമ്പും; മന്ത്രി എകെഎസിനെ കുടുക്കി പുതിയ വിവാദം; വനംമന്ത്രി പാമ്പ് പ്രദർശനത്തിൽ കുടുങ്ങുമ്പോൾ

പരുക്കുപറ്റി ചികിത്സയിലിരുന്ന പാമ്പിനെ മന്ത്രിയെ കാണിക്കാൻ ചാക്കിൽ കെട്ടി കൊണ്ടുവന്നുവത്രേ.! പൂച്ചക്കുട്ടി.... മരംമുറി..... പീഡന കേസ് ഒതുക്കൽ... പോരാത്തതിന് പെരുമ്പാമ്പും; മന്ത്രി എകെഎസിനെ കുടുക്കി പുതിയ വിവാദം; വനംമന്ത്രി പാമ്പ് പ്രദർശനത്തിൽ കുടുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പിണറായിയുടെ ആദ്യ സർക്കാരിൽ പൂച്ചക്കുട്ടി വിവാദം. രണ്ടാം വർഷനിൽ മുട്ടിൽ മരം മുറി. ഇപ്പോൾ പീഡന പരാതി ഒതുക്കാൻ ഇടപെട്ടുവെന്ന വിവാദം. പക്ഷേ എന്തുവന്നാലും എകെ ശശീന്ദ്രൻ എന്ന വനം മന്ത്രിയെ സിപിഎം കൈവിടില്ല. ഇതിന്റെ ആത്മവിശ്വാസത്തിലാണ് ശശീന്ദ്രന്റെ മുമ്പോട്ട് പോക്ക്. പീഡന പരാതി ഒതുക്കലിൽ പ്രതിരോധത്തിന് ആയുധം തയ്യാറാക്കി കഴിഞ്ഞു ശശീന്ദ്രൻ.

ഇതിന് പിന്നാലെ മറ്റൊരു വിവാദവും. പരുക്കേറ്റു ചികിത്സയിലുള്ള പാമ്പിനെ കണ്ണൂർ ഗവ. ഗെസ്റ്റ് ഹൗസിലേക്ക് എത്തിച്ചു പ്രദർശിപ്പിച്ചതാണു വിവാദമായത്. ചികിത്സയിലായിരുന്ന പെരുമ്പാമ്പിനെ മന്ത്രിയുടെ മുന്നിലെത്തിച്ചു പ്രദർശിപ്പിച്ചത് നിയമ വിരുദ്ധമാണെന്ന കാര്യം ഉയർത്തിക്കൊണ്ടു വന്നത് കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനനാണ്.

പാമ്പിനെ ഗെസ്റ്റ് ഹൗസിൽ എത്തിച്ച് കാണുന്നതിന്റെ ചിത്രം ശശീന്ദ്രൻ തന്റെ ഫേസ്‌ബുക്കിലും പങ്കുവച്ചിരുന്നു. 2020 ഒക്ടോബർ 21ന് പുലർച്ചെയാണ് മേലെചൊവ്വ ദേശീയപാതയിൽ വാഹനം കയറി പരുക്കേറ്റ നിലയിൽ പൊലീസുകാർ ഒരു പെരുമ്പാമ്പിനെ കണ്ടെത്തുന്നത്. അവർ മലബാർ അവെയർനസ് ആൻഡ് റെസ്‌ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് (മാർക്) പ്രവർത്തകൻ രഞ്ജിത്ത് നാരായണനെ വിവരം അറിയിച്ചു.

രഞ്ജിത്ത് എത്തിയാണ് പാമ്പിനെ ജില്ലാ വെറ്ററിനറി ആശുപത്രിയിലേക്കു മാറ്റിയത്. പിന്നീട് ചികിൽസിച്ച് ഭേദമാക്കി. ആശുപത്രിയിൽനിന്ന് പറശ്ശിനിക്കടവ് സ്‌നേക്ക് പാർക്കിലെത്തിച്ചു. പാമ്പ് ആരോഗ്യനില വീണ്ടെടുത്തു. പാമ്പിനെ ആവാസ വ്യവസ്ഥയിലേക്കു പറഞ്ഞു വിടാൻ ഒരുക്കം നടക്കുന്നതിനിടയിലാണ് ലോക പാമ്പ് ദിനാചരണ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞ 15ന് മന്ത്രി എ.കെ.ശശീന്ദ്രൻ കണ്ണൂരിലെത്തിയത്.

പാമ്പിനെ കാട്ടിൽ വിടുന്നതിനു മുൻപ് അതിനെ കാണണമെന്ന് മന്ത്രി ആഗ്രഹം പ്രകടിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും മാർക്ക് പ്രവർത്തകരും പാമ്പിനെയുമായി കണ്ണൂർ ഗെസ്റ്റ് ഹൗസിൽ പോയി മന്ത്രിയെ കണ്ടു. അങ്ങനെ വനം മന്ത്രി താരമായി. ഫോട്ടോ ഫെയ്‌സ് ബുക്കിലും എത്തി. ഇതാണ് ഇപ്പോൾ വിവാദമാകുന്നത്.

പാമ്പിന്റെ ജീവൻ രക്ഷിച്ച രഞ്ജിത്ത് നാരായണനെയും ഡോ.ഷെറിനെയും പൊലീസിനെയുമെല്ലാം മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ഇതിന്റെ വിശദാംശങ്ങളും പടവും സന്തോഷത്തോടെ അദ്ദേഹം ഫേസ്‌ബുക്കിലും പങ്കുവച്ചു. അപ്പോഴൊന്നും വരാനിരിക്കുന്ന വിവാദത്തെ കുറിച്ച് മന്ത്രിയോ കൂടെയുള്ളവരോ ബോധവാന്മാരായിരുന്നില്ല. നിയമ ലംഘനം അഭിഭാഷകൻ കൂടിയായ കണ്ണൂർ മേയർ ടി.ഒ.മോഹനനു പിടികിട്ടി. മന്ത്രിയുടെ ആഗ്രഹ പൂർത്തീകരണത്തിനായി നിലകൊണ്ടു എന്നതും വിമർശിക്കപ്പെട്ടു.

കണ്ണൂർ മേയറുടെ പോസ്റ്റ് ഇങ്ങനെ:

'പാമ്പ് മന്ത്രിയെ തേടി വരട്ടെ... അതല്ലേ ഹീറോയിസം..,'

ഇതോടൊപ്പം ഉള്ളത് ഒരു ദിവസം മുൻപ് പത്രത്തിൽ വന്ന ഒരു വാർത്തയുടെ കട്ടിങ് ആണ്. പരുക്കുപറ്റി ചികിത്സയിലിരുന്ന പാമ്പിനെ മന്ത്രിയെ കാണിക്കാനായി കണ്ണൂർ ഗെസ്റ്റ് ഹൗസിലേക്ക് ചാക്കിൽ കെട്ടി കൊണ്ടുവന്നുവത്രേ.! കഷ്ടം...!

എന്തിനാണ് ബഹുമാനപ്പെട്ട മന്ത്രി ഈ മിണ്ടാ പ്രാണിയോട്, അതും പരുക്കുപറ്റി കിടക്കുന്ന ഒരു ജീവിയോട് ഇത്തരത്തിൽ ക്രൂരമാകുന്നത്.? പരുക്കേറ്റ ഒരു ജീവിയെ ഇത്തരത്തിൽ അനാവശ്യമായി കൊണ്ടുപോയി ബുദ്ധിമുട്ടിക്കുന്നത് ഒരർഥത്തിൽ പറഞ്ഞാൽ ക്രൂരത തന്നെ അല്ലേ..? മന്ത്രിക്ക് അതിനെ കാണണമെന്നുണ്ടെങ്കിൽ അതിനെ ചികിത്സിക്കുന്ന സ്ഥലത്തു പോകാമായിരുന്നില്ലേ..? അതിനോട് ഇത്തരത്തിൽ ക്രൂരമായി പെരുമാറാൻ എങ്ങനെയാണ് ഒരു മന്ത്രിക്ക് സാധിക്കുന്നത്.?

ജനങ്ങളുടെ ഇടയിൽ എത്തിപ്പെടുന്ന ഇത്തരം പാമ്പുകളെ അവർക്ക് വിട്ടു കൊടുക്കാതെ പാമ്പുകളുടെ തനതായ ആവാസ വ്യവസ്ഥയിലേക്ക് പറഞ്ഞയച്ച് സുരക്ഷിതമാക്കുന്നതിന് 'മാർക്ക്' പോലുള്ള സംഘടനകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഇതിനെ ശുശ്രൂഷിക്കുന്നതിന്റെയും പരിപാലിക്കുന്നതിന്റെയും ബുദ്ധിമുട്ടുകൾ നന്നായി അറിയുന്നവരാണ് ഇവർ.

മന്ത്രി ഇങ്ങനെ ഒരു ആഗ്രഹം (?) പ്രകടിപ്പിച്ചാൽ, കഴിഞ്ഞ ഒൻപതു മാസമായി അതിനെ ശുശ്രൂഷിക്കുന്നതിന് നേതൃത്വം കൊടുത്ത 'മാർക്കി'ന്റെ പ്രവർത്തകർക്ക് 'നോ' പറയാമായിരുന്നു. നാളെ ഇതുപോലെ വനത്തിലും മറ്റും പരുക്കേറ്റു കഴിയുന്ന മൃഗങ്ങളെ കാണാൻ മന്ത്രി ആഗ്രഹം പ്രകടിപ്പിച്ചാൽ അതിനെയൊക്കെ വകുപ്പിലെ ഉദ്യോഗസ്ഥർ ഇതുപോലെ ഗെസ്റ്റ് ഹൗസിലോ മന്ത്രിയുടെ ഓഫിസിലോ എത്തിക്കേണ്ടി വന്നാൽ എന്തായിരിക്കും അവസ്ഥ..!

ഏതായാലും ഇപ്പോൾ പരുക്കേറ്റത് ഒരു പാമ്പ് ആയത് വകുപ്പിൽ ഉള്ള ഉദ്യോഗസ്ഥരുടെ ഭാഗ്യം. വല്ല കടുവയോ, സിംഹമോ, കരടിയോ മറ്റോ ആയിരുന്നെങ്കിൽ കുടുങ്ങി പോയേനെ.

ഇതൊക്കെ കാണുമ്പോൾ ഉദയനാണ് താരം എന്ന സിനിമയിൽ ശ്രീനിവാസൻ കഥാപാത്രത്തിന്റെ ഡയലോഗ് ആണ് ഓർമ വരുന്നത്- '(പാമ്പ് മന്ത്രിയെ തേടി വരട്ടെ)...അതല്ലേ ഹീറോയിസം.. ' 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP