Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വീരോചിത പോരാട്ടവുമായി ദീപക് ചാഹർ; തുണയായി ഭുവനനേശ്വർ; 'കൈവിട്ട കളി' ചാഹർ - ഭുവി കൂട്ടുകെട്ടിൽ തിരിച്ചുപിടിച്ച് ഇന്ത്യ; ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി യുവനിര; മൂന്നാം ഏകദിനം 23ന്

വീരോചിത പോരാട്ടവുമായി ദീപക് ചാഹർ; തുണയായി ഭുവനനേശ്വർ; 'കൈവിട്ട കളി' ചാഹർ - ഭുവി കൂട്ടുകെട്ടിൽ തിരിച്ചുപിടിച്ച് ഇന്ത്യ; ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി യുവനിര; മൂന്നാം ഏകദിനം 23ന്

സ്പോർട്സ് ഡെസ്ക്

കൊളംബൊ: രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് കീഴടക്കി ഇന്ത്യൻ യുവനിര പരമ്പര സ്വന്തമാക്കി. ആവേശകരമായ മത്സരത്തിൽ ലങ്ക ഉയർത്തിയ 276 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അഞ്ച് പന്തുകൾ ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങിയ ദീപക് ചാഹറിന്റെ അവിശ്വസനീയ പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ വിജയം നേടിയത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരത്തിലും ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.

ഏഴ് വിക്കറ്റിന് 193 റൺസ് എന്ന നിലയിൽ പതറിയ ഇന്ത്യയെ ഭുവനേശ്വർ കുമാറിനെ കൂട്ടുപിടിച്ച് വാലറ്റത്ത് പൊരുതിയ ദീപക് ചാഹറാണ് വിജയത്തിലെത്തിച്ചത്. ഇന്ത്യൻ പേസ് ബോളിങ്ങിന്റെ കുന്തമുനയാകുമെന്ന് പ്രതീക്ഷിച്ചവർ ബാറ്റിങ്ങിലെ മുൻനിര പോരാളികളായി മാറിയ ആവേശപ്പോരാട്ടത്തിൽ, ഏകദിനത്തിലെ കന്നി അർധസെഞ്ചുറി കുറിച്ച ദീപക് ചഹാർ പുറത്താകാതെ 69 റൺസെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായി.

82 പന്തിൽ ഏഴു ഫോറും ഒരു സിക്‌സും ഉൾപ്പെടുന്നതാണ് ചഹാറിന്റെ ഇന്നിങ്‌സ്. ഇതിനു മുൻപ് ചഹാറിന്റെ ഉയർന്ന സ്‌കോർ വെറും 12 റൺസ് മാത്രം. അതി സമ്മർദ്ദം നിറഞ്ഞ നിമിഷങ്ങളെ അതി സുന്ദരമായി മറികടന്നാണ് ചഹാർ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ചഹാറിന് ഉറച്ച പിന്തുണയുമായി ഭുവനേശ്വർ കുമാർ 28 പന്തിൽ രണ്ടു ഫോറുകൾ സഹിതം 19 റൺസുമായി പുറത്താകെ നിന്നു. പിരിയാത്ത എട്ടാം വിക്കറ്റിൽ 84 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 84 റൺസ്!


276 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 49.1 ഓവറിൽ അഞ്ച് പന്തുകൾ ബാക്കിനിൽക്കേ വിജയത്തിലെത്തി.ഒരു ഘട്ടത്തിൽ തോൽവിയിലേക്ക് വീണുകൊണ്ടിരുന്ന ടീമിനെ ചാഹർ ഒറ്റയ്ക്ക് തോളിലേറ്റി വിജയത്തിലെത്തിക്കുകയായിരുന്നു. അർദ്ധ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്റെയും 35 റൺസ് എടുത്ത കൃണാൽ പാണ്ഡ്യയുടേയും ഇന്നിങ്‌സുകൾ ഇന്ത്യൻ ജയത്തിൽ നിർണായകമായി.

ശ്രീലങ്ക നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 275 റൺസാണെടുത്തത്. അർധസെഞ്ചുറി നേടിയ ചരിത് അസലങ്കയുടെയും ഓപ്പണർ ആവിഷ്‌ക ഫെർണാണ്ടോയുടെയും മികവിലാണ് ലങ്കൻ പട ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. അവസാന ഓവറുകളിൽ അടിച്ചുതകർത്ത ചമിക കരുണരത്നെയും ഓപ്പണർ മിനോദ് ഭനുകയും മികച്ച പ്രകടനം പുറത്തെടുത്തു.

276 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ പൃഥ്വി ഷായും ശിഖർ ധവാനും നൽകിയത്. ആദ്യ ഓവറിൽ തുടർച്ചയായി മൂന്നു പന്തുകളിൽ ബൗണ്ടറി നേടി ഷാ വരവറിയിച്ചു. എന്നാൽ മൂന്നാം ഓവറിലെ അവസാന പന്തിൽ ഷായെ ക്ലീൻ ബൗൾഡാക്കി ഹസരംഗ മത്സരം ശ്രീലങ്കയ്ക്ക് അനുകൂലമാക്കി. 11 പന്തുകളിൽ നിന്നും 13 റൺസ് മാത്രമാണ് ഷായ്ക്ക് നേടാനായത്.

ഷായ്ക്ക് പിന്നാലെയെത്തിയ കഴിഞ്ഞ മത്സരത്തിലെ ഹീറോ ഇഷാൻ കിഷനും പിടിച്ചുനിൽക്കാനായില്ല. ഒരു റൺസ് മാത്രമെടുത്ത താരത്തിന്റെ വിക്കറ്റ് പിഴുത് കസുൻ രജിത ഇന്ത്യയുടെ രണ്ടാം വിക്കറ്റ് വീഴ്‌ത്തി. ഇതോടെ ഇന്ത്യ അഞ്ചോവറിൽ 39 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായി. കിഷന് പകരമായി ക്രീസിലെത്തിയ മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് നായകൻ ശിഖർ ധവാൻ ടീം സ്‌കോർ എട്ടോവറിൽ 50 കടത്തി.

വളരെ സൂക്ഷിച്ചുകളിച്ച ധവാനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഹസരംഗ വീണ്ടും ഇന്ത്യയെ തകർച്ചയിലേക്ക് തള്ളിയിട്ടു. 12-ാം ഓവറിലെ അവസാന പന്തിലാണ് ധവാൻ പുറത്തായത്. 38 പന്തുകളിൽ നിന്നും ആറു ബൗണ്ടറികളുടെ സഹായത്തോടെ 29 റൺസാണ് താരം നേടിയത്. ധവാൻ പുറത്താകുമ്പോൾ വെറും 65 റൺസാണ് ഇന്ത്യൻ സ്‌കോർ ബോർഡിലുണ്ടായത്.

ധവാന് പകരം സൂര്യകുമാർ യാദവ് ക്രീസിലെത്തി. യാദവും പാണ്ഡെയും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യൻ സ്‌കോർ മുന്നോട്ടുനയിച്ചു. 15.3 ഓവറിൽ ഇരുവരും ചേർന്ന് ഇന്ത്യൻ സ്‌കോർ 100 കടത്തി. സൂര്യകുമാർ ആക്രമിച്ച് കളിച്ചപ്പോൾ ശ്രദ്ധയോടെയാണ് മനീഷ് പാണ്ഡെ ബാറ്റ് വീശിയത്.

എന്നാൽ 18-ാം ഓവറിൽ നിർഭാഗ്യവശാൽ മനീഷ് പാണ്ഡെ പുറത്തായി. ഹിറ്റ് വിക്കറ്റായാണ് താരം പവലിയനിലേക്ക് മടങ്ങിയത്. 31 പന്തുകളിൽ നിന്നും മൂന്ന് ബൗണ്ടറിയടക്കം 37 റൺസ് പാണ്ഡെ നേടി. അതേ ഓവറിൽ തന്നെ ഹാർദിക് പാണ്ഡ്യയെ പൂജ്യനാക്കി മടക്കി ശ്രീലങ്കൻ നായകൻ ദാസൺ ശനക ഇന്ത്യയെ തകർച്ചയിലേക്ക് തള്ളിയിട്ടു. ഇതോടെ 115 ന് മൂന്ന് എന്ന നിലയിൽ നിന്നും 116 ന് അഞ്ച് എന്ന സ്‌കോറിലേക്ക് ഇന്ത്യ വീണു.

ഹാർദിക്കിന് പകരം ക്രീസിലെത്തിയ ക്രുനാൽ പാണ്ഡ്യയെ കൂട്ടുപിടിച്ച് സൂര്യകുമാർ യാദവ് ശ്രദ്ധയോടെ കളിക്കാൻ ആരംഭിച്ചു. 27-ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തി സൂര്യകുമാർ ഏകദിനത്തിലെ തന്റെ ആദ്യ അർധസെഞ്ചുറി സ്വന്തമാക്കി. 42 പന്തുകളിൽ നിന്നാണ് താരം അർധശതകം പൂർത്തിയാക്കിയത്. എന്നാൽ അർധശതകം നേടിയതിനുപിന്നാലെ താരം പുറത്തായി. സന്ദകനാണ് സൂര്യകുമാറിനെ പുറത്താക്കിയത്. 44 പന്തുകളിൽ നിന്നും ആറുബൗണ്ടറികളുടെ സഹായത്തോടെ 53 റൺസെടുത്താണ് താരം മടങ്ങിയത്. ഇതോടെ ഇന്ത്യ പരാജയം മണത്തു.

പിന്നീട് ക്രീസിലെത്തിയ ദീപക് ചാഹറിനെ കൂട്ടുപിടിച്ച് ക്രുനാൽ പാണ്ഡ്യ രക്ഷകന്റെ ചുമതലയേറ്റെടുത്തു. പതിയേ ഇന്നിങ്സ് കെട്ടിപ്പടുക്കുന്നതിനിടെ ക്രുനാലിനെ പുറത്താക്കി ഹസരംഗ ഇന്ത്യയെ വീണ്ടും തകർച്ചയിലേക്ക് തള്ളിയിട്ടു. 54 പന്തുകളിൽ നിന്നും 35 റൺസെടുത്ത താരത്തെ ഹസരംഗ ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു. ക്രുനാലായിരുന്നു ഇന്ത്യയുടെ അവസാന ബാറ്റിങ് പ്രതീക്ഷ. പിന്നീട് ഒത്തുചേർന്ന ചാഹറും ഭുവനേശ്വർ കുമാറും ചേർന്ന് ഇന്ത്യൻ സ്‌കോർ 200 കടത്തി.

അവസാന പത്തോവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 67 റൺസാണ് വേണ്ടിയിരുന്നത്. അവിശ്വസനീയമായി ബാറ്റേന്തിയ ദീപക് ചാഹർ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ സമ്മാനിച്ചു. മോശം പന്തുകൾ പ്രഹരിച്ച് കളിച്ച ചാഹർ അനായാസം സ്‌കോർ ചലിപ്പിച്ചു. ഭുവനേശ്വർ താരത്തിന് മികച്ച പിന്തുണ സമ്മാനിച്ചു. വൈകാതെ താരം ഏകദിനത്തിലെ ആദ്യ അർധശതകം പൂർത്തിയാക്കി. 64 പന്തുകളിൽ നിന്നുമാണ് ചാഹർ അർധശതകം നേടിയത്.

47-ാം ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറി നേടിക്കൊണ്ട് ഭുവനേശ്വർ കുമാർ ഇന്ത്യയുടെ സ്‌കോർ 250 റൺസിലെത്തിച്ചു. പിന്നീട് ശ്രദ്ധിച്ചുകളിച്ച ഇരുവരും സിംഗിളുകളും ഡബിളുകളുമൊക്കെയായി ഇന്ത്യയെ വിജയത്തിലെത്തിച്ചു. ചാഹർ 82 പന്തുകളിൽ നിന്നും ഏഴ് ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും സഹായത്തോടെ പുറത്താവാതെ 69 റൺസും ഭുവനേശ്വർ 28 പന്തുകളിൽ നിന്നും 19 റൺസും നേടി. ശ്രീലങ്കയ്ക്ക് വേണ്ടി ഹസരംഗ 10 ഓവറിൽ വെറും 37 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ശനക, രജിത, സന്ദകൻ എന്നിവർ ഒരോ വിക്കറ്റ് വീതം നേടി.

നേരത്തെ, ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയെ ചരിത് അസലങ്ക (65), ആവിഷ്‌ക ഫെർണാണ്ടോ (50), ചാമിക കരുണാരത്നെ (33 പന്തിൽ പുറത്താവാതെ 44) എന്നിവവരുടെ ഇന്നിങ്സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഒമ്പത് വിക്കറ്റാണ് ലങ്കയ്ക്ക് നഷ്ടമായത്. യൂസ്വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ എന്നിവർ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.

മികച്ച തുടക്കമാണ് ഓപ്പണർമാരായ ഫെർണാണ്ടോ- മിനോദ് ഭാനുക (36) സഖ്യം ലങ്കയ്ക്ക് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 77 റൺസ് കൂട്ടിച്ചേർത്തു. ഓപ്പണർ മിനോദ് ഭനുകയെ പുറത്താക്കി യൂസ്വേന്ദ്ര ചാഹൽ ശ്രീലങ്കയുടെ കൂട്ടുകെട്ട് പൊളിച്ചു. 42 പന്തുകളിൽ നിന്നും ആറു ബൗണ്ടറികളുടെ സഹായത്തോടെ 36 റൺസെടുത്ത മിനോദിനെ ചാഹൽ മനീഷ് പാണ്ഡെയുടെ കൈയിലെത്തിച്ചു. ആദ്യ വിക്കറ്റിൽ ഫെർണാണ്ടോയ്ക്കൊപ്പം 77 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് മിനോദ് ക്രീസ് വിട്ടത്.

തൊട്ടടുത്ത പന്തിൽ ഭനുക രജപക്സയെ പുറത്താക്കി ചാഹൽ ശ്രീലങ്കയെ തകർത്തു. ആദ്യ പന്തിൽ തന്നെ രജപക്സ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന് ക്യാച്ച് നൽകി മടങ്ങി. ഇതോടെ 77 ന് പൂജ്യം എന്ന സ്‌കോറിൽ നിന്നും 77 ന് രണ്ട് എന്ന നിലയിലേക്ക് ശ്രീലങ്ക കൂപ്പുകുത്തി. രണ്ട് വിക്കറ്റുകൾ പെട്ടെന്ന് വീണതോടെ ശ്രീലങ്കൻ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. 20.2 ഓവറിൽ ടീം സ്‌കോർ 100 കടന്നു.

14-ാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ മിനോദ്, ഭാനുക രാജപക്സ (0) എന്നിവരെയാണ് ചാഹൽ മടക്കിയത്. നാലാമനായി ക്രീസിലെത്തിയത് ധനഞ്ജയ ഡിസിൽവ സിംഗിളുകളും ഡബിളുമായി താരം പതുക്കെ കളം പിടിച്ചു. ഫെർണാണ്ടോയ്ക്കൊപ്പം നാലാം വിക്കറ്റിൽ 47 കൂട്ടിച്ചേർക്കുകയും ചെയ്തു. ഫെർണാണ്ടോ അർധ സെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ ഭുവനേശ്വറിന്റെ പന്തിൽ ക്രുനാൽ പാണ്ഡ്യക്ക് ക്യാച്ച് നൽകി മടങ്ങി.

വൈകാതെ ധനഞ്ജയയും മടങ്ങി. ചാഹറാണ് ധനഞ്ജയയെ മടക്കിയത്. ക്യാപ്റ്റൻ ദസുൻ ഷനകയും (16), വാനിഡു ഹസരങ്ക (8) ചെറുത്തുനിൽക്കാതെ മടങ്ങി. ചാഹലും ചാഹറും വിക്കറ്റ് പങ്കിട്ടെടുത്തു. കരുണാരത്നെയെ കൂട്ടുപിടിച്് അസലങ്ക നടത്തിയ പോരാട്ടാമാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. അവസാനങ്ങളിൽ കരുണാരത്നെ ആഞ്ഞടിച്ചപ്പോൾ സ്‌കോർ 275ലെത്തി. ഇതിനിടെ ലക്ഷൻ സന്ധാകൻ റണ്ണൗട്ടായി. കഷുൻ രജിത (1) പുറത്താവാതെ നിന്നു.

ചാഹൽ, ഭുവി എന്നിവർക്ക് പുറമെ ചാഹർ രണ്ട് വിക്കറ്റ് വീഴ്‌ത്തി. നേരത്തെ, ഒരു മാറ്റവും കൂടാതെയാണ് ഇന്ത്യ ഇറങ്ങിയത്. ശ്രീലങ്ക ഒരു മാറ്റം വരുത്തി. ഇസുരു ഉഡാനയ്ക്ക് പകരം കഷുൻ രജിത ടീമിലെത്തി. മലയാളിതാരം സഞ്ജു സാംസണ് തുടർച്ചയായ രണ്ടാം മത്സരത്തിലും ഇടം നേടാനായില്ല. രണ്ടാം ഏകദിനത്തിൽ സഞ്ജു കളിക്കുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ പ്ലയിങ് ഇലവനിൽ ഇടം നേടാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP