Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവിത സാഫല്യം നേടി ഹാജിമാർ അറഫ വിടുന്നു; മഹാമാരിയിലും അനുഭൂതിദായകമായി ഹജ്ജ്; ഹജ്ജ് തീർത്ഥാടകരിൽ വൈറസ് ബാധ ഉള്ളതായി റിപ്പോർട്ട് ഇല്ല; മുഴുവൻ മനുഷ്യർക്കും ജീവജാലങ്ങൾക്കും കാര്യണ്യമാണ് ഇസ്ലാം എന്ന് അറഫാ ഖത്തീബ് ശൈഖ് ഡോ. ബന്ദർ ബലീല

ജീവിത സാഫല്യം നേടി ഹാജിമാർ അറഫ വിടുന്നു; മഹാമാരിയിലും അനുഭൂതിദായകമായി ഹജ്ജ്; ഹജ്ജ് തീർത്ഥാടകരിൽ വൈറസ് ബാധ ഉള്ളതായി റിപ്പോർട്ട് ഇല്ല; മുഴുവൻ മനുഷ്യർക്കും ജീവജാലങ്ങൾക്കും കാര്യണ്യമാണ് ഇസ്ലാം എന്ന് അറഫാ ഖത്തീബ് ശൈഖ് ഡോ. ബന്ദർ ബലീല

അക്‌ബർ പൊന്നാനി

അറഫ: ജനലക്ഷങ്ങളുടെ ആഗോള സംഗമമായ വിശുദ്ധ ഹജ്ജ് മഹാമാരിയുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ പരിമിത പങ്കാളിത്തത്തോടെയാണെങ്കിലും ആത്മാനുഭൂതി പകർന്ന് പുരോഗമിക്കുന്നു. ഇന്ന് (തിങ്കൾ) മഹത്തായ അറഫാ ദിനം ആചരിച്ചു. സൂര്യനുദിക്കുന്നതിൽ വെച്ച് ഏറ്റവും ശ്രേഷ്ടമായ പകൽ എന്ന് അന്ത്യപ്രവാചകൻ മുഹമ്മദ് നബി വിശേഷിപ്പിച്ച അറഫാ ദിനം പ്രാർത്ഥനാ നിർഭരമായ അനുഷ്ഠാനങ്ങളോടെയും സ്‌ത്രോത്ര കീർത്തനങ്ങളോടെയും അല്ലാഹുവിന്റെ അതിഥികളായി എത്തിയ ഹാജിമാർ സജീവമാക്കി. പ്രഭാതം തൊട്ടു മിനായിൽ നിന്ന് അറഫയിൽ വന്ന് കൂടിയ ഹാജിമാർ സൂര്യാസ്തമയ ശേഷം അവിടം വിട്ട് മുസ്ദലിഫയിലേയ്ക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്.

ദൈവസമർപ്പണവും പാപമോചന പ്രാർത്ഥനകളും മാത്രം ആവാഹച്ചെടുത്ത് പ്രഭാതം മുതൽ സൂര്യാസ്തമയം വരെ അറഫാ സമതലത്തിൽ ആരാധനകളുടെ ആനന്ദം അനുഭവിച്ച് അവിടെ കഴിച്ചു കൂട്ടുകയായിരുന്നു. ഏക സൃഷ്ട്ടാവിൽ അഭയം തേടുന്ന ഏകോദര സഹോദരങ്ങളായി, ഒരേ വേഷത്തിൽ, ഒരേ ലക്ഷ്യത്തിലേക്ക് തിരിഞ്ഞു, ഒരേ മന്ത്രധ്വനി മുഴക്കി അവർ വിശുദ്ധ തീർത്ഥാടനത്തിന്റെ ഏറ്റവും മഹത്തരമായ കർമം ജീവസ്സുറ്റതാക്കി കൊണ്ടിരിക്കുകയാണ്.

മഹാമാരിയിലെ രണ്ടാമത്തെ 'പരിമിത' ഹജ്ജ് ആണ് ഇത്തവണത്തേത്. 2019 ൽ ലോകത്തിന്റെ മുക്ക് മൂലകളിൽ നിന്നെത്തിയ 25 ലക്ഷത്തോളം പേരാണ് ഹജ്ജിൽ സംബന്ധിച്ചുരുന്നതെങ്കിൽ ഈ വർഷം സൗദിക്ക് അകത്ത് നിന്നുള്ള സ്വദേശികളും പ്രവാസികളുമായ അറുപതിനായിരം പേര് മാത്രമാണ് പങ്കെടുക്കുന്നത്. അഞ്ചര ലക്ഷത്തോളം പേരാണ് ഹജ്ജ് അനുമതിക്കായി അപേക്ഷ നൽകിയിരുന്നത്.

കൊറോണാ വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ കണിശമായ ആരോഗ്യ മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിച്ചാണ് മിനായിൽനിന്ന് പതിമൂന്ന് കിലോമീറ്റർ അകലെയുള്ള അറഫാ പ്രതലത്തിൽ സ്വദേശികളും പ്രവാസികളുമായ തീർത്ഥാടകർ പ്രഭാതം മുതൽ എത്തിയത്.

അതിനിടെ, അറഫായിലെ നമിറ പള്ളിയിൽ ളുഹർ - അസർ സംഘടിത നിസ്‌കാരവും പ്രഭാഷണവും (ഖുതുബ) നടന്നു. അന്ത്യപ്രവാചകൻ നിർവഹിച്ച ചരിത്രപ്രധാനമായ പ്രസംഗത്തെ അനുസ്മരിപ്പിച്ചു കൊണ്ടായിരുന്നു അറഫായിലെ നമിറ പള്ളിയിൽ അരങ്ങേറിയ സംഘടിത നിസ്‌കാരവും ഖുതുബയും. ഇസ്ലാമിലെ 'മാഗ്‌നാ കാർട്ട' എന്ന പേരിൽ പ്രശസ്തിയിലുള്ള പ്രഭാഷണമായിരുന്നു ഇത്. ഇത്തവണ അറഫാ പ്രസംഗം നിർവഹിച്ചത് ഇക്കാര്യത്തിനായി ഇരുഹറം സേവകനായ സൗദി ഭരണാധികാരി സൽമാൻ രാജാവ് ചുമതലപ്പെടുത്തിയ ശൈഖ് ഡോ. ബന്ദർ ബിൻ അബ്ദുൽഅസീസ് ബലീല ആയിരുന്നു. ഉന്നത പണ്ഡിത സഭാംഗവും വിശുദ്ധ ഹറമിലെ ഇമാമും ഖത്തീബുമാണ് അദ്ദേഹം ത്വായിഫ് യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസർ കൂടിയാണ് നാല്പത്തി ഏഴുകാരൻ ഇസ്ലാം ഉൽഘോഷിക്കുന്ന മാനവ സന്ദേശം തീര്ഥാടകരായ ശ്രോദ്ധാക്കളെ ഉണർത്തി.

ഹാജിമാർ സുരക്ഷിതർ:

ഹാജിമാരിൽ ആർക്കും രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു. കൊറോണാ പശ്ചാത്തലത്തിൽ പരിമിതമായ തീർത്ഥാടകരാണ് അറഫയിലെത്തുന്നതെങ്കിലും സുരക്ഷ, ആരോഗ്യ രംഗത്ത് വിപുലമായ വിധത്തിലാണ് എല്ലാ സൗകര്യങ്ങളും സൗദി ഭരണകൂടം ഒരുക്കിയിട്ടുണ്ട്. 110000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള അറഫയിലെ നമിറ പള്ളിയിൽ സാമൂഹിക അകലം പാലിച്ചാണ് അനുഷ്ഠാനങ്ങളിൽ ഹാജിമാർ പങ്കെടുക്കുന്നത്. പുറത്ത് തമ്പുകളിൽ സാമൂഹിക അകലം പാലിച്ചാണ് താമസ സൗകര്യവും.

എല്ലാ വിധ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് പ്രത്യേക ബസുകളിലാണ് എല്ലാവരും അറഫയിലെത്തിയത്. ഇത്തവണ യാത്രക്ക് ട്രെയിനിനുപകരം ബസുകളിലാണ് പുണ്യസ്ഥലങ്ങൾക്കിടയിലെ യാത്ര. മിനായിൽ നിന്ന് തിങ്കളാഴ്ച പുലർച്ചയോടെ അറഫായിലേക്കുള്ള പലായനവും ബസ്സുകളിലായിരുന്നു. ഇത്തവണ ഹജ്ജ് ട്രെയിൻ സർവീസുകൾ നിർത്തി വെച്ചിരിക്കുകയാണ്.

അറഫാ ഇമാമിന്റെ പ്രസംഗ സംഗ്രഹം:

'ലോകത്തുള്ള മുഴുവൻ മനുഷ്യരോടും ജീവജാലങ്ങളോടും നന്മ ചെയ്യണമെന്നാണ് ഇസ്ലാം ഉൽഘോഷിക്കുന്നത്. ബന്ധുക്കളോടും നന്മ പുലർത്തണം. അയൽപ്പക്കക്കാരോട് നന്മ ചെയ്യേണ്ടതുണ്ട്. അയൽവാസികളോടും ബന്ധുക്കളോടും നല്ല ബന്ധം പുലർത്തിയാണ് നന്മ ചെയ്യേണ്ടത്. സമൂഹത്തിനും രാജ്യത്തിനും ഉപദ്രവം ചെയ്യുന്ന പ്രവർത്തനങ്ങളുണ്ടാകരുത്. ഭാര്യമാരോട് നന്മ ചെയ്യുക. ഭാര്യയിൽനിന്ന് ഇഷ്ടമില്ലാത്തത് കണ്ടാൽ അവരെ ഉപദേശിക്കുക. ഭാര്യമാരെ കഷ്ടപ്പെടുത്താൻ പാടില്ല. മനുഷ്യബന്ധങ്ങളിൽ അങ്ങേയറ്റം നന്മ ചെയ്യാൻ കൽപ്പിക്കപ്പെട്ടിട്ടുണ്ട്. കീഴിലുള്ള തൊഴിലാളികളോട് മാന്യമായി പെരുമാറുക.

'ജീവജാലങ്ങളോട് വരെ നന്മ ചെയ്യണം. എല്ലാ പച്ചക്കരളുള്ള വസ്തുക്കളിലും പ്രതിഫലമുണ്ട്. പരിസ്ഥിതിയോടും നന്മ ചെയ്യേണ്ടതുണ്ട്. ഒരു നന്മ ചെയ്താൽ പത്തിരിട്ടിയായി അല്ലാഹു തിരിച്ച് നന്മ ചെയ്യും. ഇതിന് പുറമെ പശ്ചാത്താപത്തിന്റെ വാതിൽ തുറന്നുതരും. നന്മകൾ ചെയ്യുന്തോറും ജീവിതത്തിലെ തെറ്റുകളെ അല്ലാഹു ഇല്ലാതാക്കുമെന്നും

'സാമ്പത്തിക രംഗത്ത് സൂക്ഷ്മത പുലർത്തണം. നമസ്‌കാരം തുടങ്ങിയ കർമ്മങ്ങളിൽ നിഷ്ട പുലർത്തണം. ഹജിലും നോമ്പിലും സൂക്ഷ്മത പാലിക്കണം. അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹത്തിന്റെ കാര്യത്തിൽ നാം നന്ദി കാണിക്കണം. പ്രപഞ്ചത്തെ മുഴുവൻ അല്ലാഹു നമുക്ക് കീഴ്പ്പെടുത്തി തന്നിട്ടുണ്ട്. അല്ലാഹുവിനെ മറന്ന് ഈ ഭൂമിയിൽ നാം ജീവിച്ചുകൂട. ഏറ്റവും നല്ല സൃഷ്ടിപ്പ് നൽകിയ അല്ലാഹുവിനെ സ്മരിക്കുക. അല്ലാഹുവിനോട് സദാസമയവും നന്ദിയുള്ളവരാകുക.

'മനുഷ്യർക്ക് നൽകി ഏറ്റവും വലിയ അനുഗ്രഹമാണ് ഖുർആൻ ഇറക്കി തന്നത്. എല്ലാ തരത്തിലുള്ള കരാറുകളും പാലിക്കുക. എല്ലാ തരത്തിലുള്ള കടമകളും കടപ്പാടും നിർവഹിക്കുക. നിങ്ങളുടെ കീഴിലുള്ള തൊഴിലാളികളാണെങ്കിലും അവർ നിങ്ങളുടെ സഹോദരങ്ങളാണ്. താങ്ങാനാകാത്ത ജോലി ഏൽപ്പിച്ചുകൊടുക്കുമ്പോഴും അവരെ സഹായിക്കുക.

'ഓരോ മനുഷ്യന്റെയും മാതൃരാജ്യം വിശുദ്ധമാണ്. ആ രാജ്യത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാൻ ആ രാജ്യത്തെ വിശ്വാസിക്ക് ബാധ്യതയുണ്ട്. രാജ്യത്തെ നാശങ്ങളിൽനിന്നും കലഹങ്ങളിൽനിന്നും രക്ഷിക്കേണ്ട ബാധ്യത വിശ്വാസിക്കുണ്ട്' - ശൈഖ് ഡോ. ബന്ദർ ബലീല വിശ്വാസികളെ ഉപദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP