Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഷീൽഡിന് അംഗീകാരം നൽകാതെ ആദ്യം വലപ്പിച്ചു; ഇന്ത്യൻ പ്രതിഷേധത്തിൽ 17 യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരം ലഭിച്ചെങ്കിലും ചതി; സർട്ടിഫിക്കറ്റിൽ ജനനത്തീയതിയും വാക്‌സീൻ ബാച്ചുമില്ലെന്ന കാരണം പറഞ്ഞ് നിരസിക്കൽ; നിരവധി മലയാളികളുടെ യൂറോപ്യൻ യാത്ര മുടങ്ങി

കോവിഷീൽഡിന് അംഗീകാരം നൽകാതെ ആദ്യം വലപ്പിച്ചു; ഇന്ത്യൻ പ്രതിഷേധത്തിൽ 17 യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരം ലഭിച്ചെങ്കിലും ചതി; സർട്ടിഫിക്കറ്റിൽ ജനനത്തീയതിയും വാക്‌സീൻ ബാച്ചുമില്ലെന്ന കാരണം പറഞ്ഞ് നിരസിക്കൽ; നിരവധി മലയാളികളുടെ യൂറോപ്യൻ യാത്ര മുടങ്ങി

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: ഇന്ത്യൻ കോവിഡ് വാക്‌സിനും വാക്‌സിനേഷൻ സർട്ടിഫിക്കറ്റിനും ലോകത്തെങ്ങും ഒരു വിലയുമില്ലേ? രണ്ട് ഡോസ് വാക്‌സിൻ എടുത്തിട്ടും യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്രപോകാൻ മലയാളികൾ അടക്കമുള്ളവർക്ക് സാധിക്കുന്നില്ല. യൂറോപ്യൻ രാജ്യങ്ങൾ കോവിഷീൽഡ് വാക്‌സീന് അംഗീകാരം നൽകിയെങ്കിലും പുതിയ നിബന്ധനകൾ കൊണ്ടുവന്ന് ഇന്ത്യക്കാരുടെ യാത്രമുടക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇതോടെ നിരവധി മലയാളികളുടെ യാത്ര മുടങ്ങി.

രണ്ടു ഡോസ് എടുത്തു വാക്‌സീൻ സർട്ടിഫിക്കറ്റുമായി വിമാനത്താവളത്തിൽ എത്തുന്നവർ യാത്ര ഉപേക്ഷിച്ചു മടങ്ങേണ്ടി വരുന്നു. സർട്ടിഫിക്കറ്റിൽ ജനനത്തീയതി, ഒന്നും രണ്ടും ഡോസ് എടുത്ത തീയതിയും സ്ഥലവും മരുന്നിന്റെ ബാച്ച് നമ്പർ എന്നിവ ചില യൂറോപ്യൻ രാജ്യങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിലും എമിഗ്രേഷൻ കേന്ദ്രങ്ങളിലും എത്തുമ്പോഴാണ് ഇതറിയുന്നത്. ഇന്ത്യയിൽ സർട്ടിഫിക്കറ്റിൽ ജനനത്തീയതി പോലും രേഖപ്പെടുത്തിയിട്ടില്ല.

പാലക്കാട് കൃഷ്ണക്രാന്തി കോളനിയിലെ വി. ജയരാജൻ ജർമനിയിലേക്കു പോകാൻ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുമായി വിമാനത്താവളത്തിലെത്തിയെങ്കിലും മടങ്ങേണ്ടി വന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ ഒട്ടേറെപ്പേരാണു ജോലിക്കും വിദ്യാഭ്യാസത്തിനും യൂറോപ്യൻ രാജ്യങ്ങളിലേക്കു പോകാൻ തയ്യാറെടുക്കുന്നത്. അതേസമയം, കേന്ദ്രസർക്കാർ നിർദേശമനുസരിച്ചുള്ള സർട്ടിഫിക്കറ്റ് ആണു രണ്ടു ഡോസ് സ്വീകരിച്ചവർക്കു നൽകുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. പ്രശ്‌നത്തിനു കേന്ദ്രതലത്തിൽ തന്നെ നടപടി വേണ്ടി വരുമെന്നാണ് അവരുടെ അഭിപ്രായം.

ഇന്ത്യ കടുത്ത സമ്മർദ്ദം ഉയർത്തിയതിന് ഒടുവിലാണ് കോവിഷീൽഡ് വാക്‌സീന് 17 യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരം നൽകിയത്. ഓസ്ട്രിയ, ഫ്രാൻസ്, ബെൽജിയം, ബൾഗേറിയ, ഫിൻലൻഡ്, ജർമനി, ഗ്രീസ്, ഹംഗറി, ഐസ് ലൻഡ്, അയർലൻഡ്, ലാത്വിയ, മാൾട്ട, നെതർലൻഡ്സ്, സ്ലൊവേനിയ, സ്പെയിൻ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളാണ് അംഗീകാരം നൽകിയത്. യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലാത്ത സ്വിറ്റ്‌സർലൻഡും അംഗീകാരം നൽകി.

കോവിഷീൽഡ് വാക്‌സീൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ഈ രാജ്യങ്ങളിലേക്ക് ഇനി പ്രവേശനാനുമതി ലഭ്യമാകും. ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന കോവിഷീൽഡ് വാക്‌സീൻ എടുത്തവർക്ക് ശനിയാഴ്ചയാണ് ഫ്രാൻസ് യാത്രാനുമതി നൽകിയത്. യൂറോപ്യൻ യൂണിയന്റെ വാക്‌സീൻ പാസ്‌പോർട്ട് പദ്ധതി പ്രകാരം യൂറോപ്പിൽ നിർമ്മിച്ച വാക്‌സീനുകൾ ഉപയോഗിച്ചവർക്കു മാത്രമേ യാത്രാനുമതി നൽകിയിരുന്നുള്ളൂ. ഇതിനെതിരെ ലോകവ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ഇന്ത്യൻ വാക്സീനുകൾക്ക് അംഗീകാരം നൽകിയില്ലെങ്കിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തുമെന്ന് ഇന്ത്യ മുന്നറിയിപ്പു നൽകിയിരുന്നു. യുകെ ഉൾപ്പെടെ പല രാജ്യങ്ങളും ആഫ്രിക്കയും കോവിഷീൽഡ് നേരത്തേ അംഗീകരിച്ചിരുന്നു. ഇറ്റലി അടക്കമുള്ള ചില രാജ്യങ്ങൾ കോവിഷീൽഡിന് അംഗീകാരം നൽകാൻ തയാറായില്ലെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാല പറഞ്ഞു. വൈകാതെ തന്നെ എല്ലാ രാജ്യങ്ങളും അംഗീകാരം നൽകും. അപേക്ഷ നൽകിയിട്ടല്ല പല രാജ്യങ്ങളും അംഗീകാരം നൽകിയത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ളതിനാലാണ് യുഎസ് അടക്കമുള്ള രാജ്യങ്ങൾ കോവിഷീൽഡിന് അനുമതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP