Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെഗസ്സസ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കാതെ കേന്ദ്രം; പെഗസസുമായി ബന്ധമുണ്ടോ എന്ന് അമിത് ഷാ വ്യക്തമാക്കണമെന്ന സുബ്രഹ്മണ്യം സ്വാമിയുടെ ചോദ്യത്തിലും വിയർത്ത് കേന്ദ്രം; ഒരു ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഐടി സമിതി ചെയർമാൻ തരൂർ; വിവാദം കത്തിപ്പടരും

പെഗസ്സസ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കാതെ കേന്ദ്രം; പെഗസസുമായി ബന്ധമുണ്ടോ എന്ന് അമിത് ഷാ വ്യക്തമാക്കണമെന്ന സുബ്രഹ്മണ്യം സ്വാമിയുടെ ചോദ്യത്തിലും വിയർത്ത് കേന്ദ്രം; ഒരു ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഐടി സമിതി ചെയർമാൻ തരൂർ; വിവാദം കത്തിപ്പടരും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പെഗസ്സസ് ചോർത്തൽ വിവാദം ഇനിയും കത്തിപ്പടരും. അതീവ ഗുരുതരമായ ആരോപണം ആയിട്ടും ഇതേക്കുറിച്ച് അന്വേഷണം നടത്താം എന്ന പ്രഖ്യാപനം പോലും കേന്ദ്രസർക്കാറിൽ നിന്നും ഉണ്ടായില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ആകട്ടെ വിഷയത്തിൽ ഉരുണ്ടു കളിക്കുകയാണ്. സ്വന്തം പ്രസ്താവന ഇറക്കി രാജ്യവിരുദ്ധ ശക്തികളാണ് ഇതിലെന്ന് പറയുമ്പോഴും എവിടെ അന്വേഷണം എന്ന ചോദ്യത്തൽ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ഉത്തരമില്ല. പാർലമെന്റിന്റെ ആദ്യ ദിവസം തന്നെ വിവാദം കത്തിപ്പടർന്ന സാഹചര്യത്തിൽ ഇത് വരും ദിവസങ്ങളിലും ആവർത്തിക്കാനാണ് സാധ്യത.

പെഗസസ് ഫോൺ ചോർത്തൽ വിവാദം ഗൂഢാലോചന ആണെന്നാണ് അമിത് ഷായുടെ വിശദീകരണം. പാർലമെന്റ് പ്രക്ഷുബ്ധമാക്കാൻ ലക്ഷ്യമിട്ടാണു വിവാദങ്ങളെന്നും കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കൂവെന്നും വാർത്താക്കുറിപ്പിൽ അമിത് ഷാ വ്യക്തമാക്കി. വിഘടനവാദികൾക്കും പ്രതിലോമകാരികൾക്കും ഇന്ത്യയുടെ വികസനക്കുതിപ്പ് തടയാനാവില്ല. പാർലമെന്റിന്റെ വർഷകാല സമ്മേളനം വികസനത്തിന് പുതിയ മാനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി എംപി സുബ്രഹ്മണ്യൻസ്വാമി അടക്കം അമിത് ഷാ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പെഗസസുമായി ബന്ധമുണ്ടോയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കണമെന്നാണ് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടുത്. സ്വാമിയുടെ ചോദ്യത്തിൽ ശരിക്കും പെട്ടിരിക്കയാണ് കേന്ദ്രസർക്കാർ.

അതേസമയം നാൽപ്പത്തിയഞ്ചോളം രാജ്യങ്ങൾ പെഗസസ് ഉപയോഗിക്കുന്നുണ്ടെന്നും എന്തുകൊണ്ട് ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നെന്നും മുൻ കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് ചോദിച്ചു. 'ഉപഭോക്താക്കളിൽ കൂടുതലും പശ്ചാത്യ രാജ്യക്കാരാണെന്ന് പെഗസസിന്റെ നിർമ്മാതാക്കളായ എൻഎസ്ഒ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാണ് ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നത്? ഇതിന്റെ പിന്നിലുള്ള കഥ എന്താണ്? ഈ കഥയിലെ ട്വിസ്റ്റ് എന്താണ്?' രവിശങ്കർ ചോദിച്ചു.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുൻപ് ഒരു പുതിയ അന്തരീക്ഷം സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമാണോ ഇതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. പ്രധാനപ്പെട്ട സംഭവങ്ങൾ നടക്കുമ്പോൾ എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ ഉയർത്തപ്പെടുന്നത്? മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ കലാപത്തിനു പ്രേരിപ്പിച്ചു. 2019ലെ തിരഞ്ഞെടുപ്പ് സമയത്ത് പെഗസസ് കഥ വന്നു.

ഇപ്പോൾ പാർലമെന്റ് സമ്മേളനം നടക്കുമ്പോഴും കോൺഗ്രസ് ഏറ്റവും മോശം അവസ്ഥയിൽ നിൽക്കുമ്പോഴും വീണ്ടും പെഗസസ് കഥ വരുന്നു. ഈ വാർത്ത പുറത്തുവിട്ട ഓൺലൈൻ പോർട്ടൽ നേരത്തേയും ഇതുപോലെ ചിലത് പുറത്തുവിട്ടിട്ടുണ്ട്. അതെല്ലാം തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്. പെഗസസ് കഥയുമായി ബിജെപിയെ ബന്ധപ്പെടുത്തുന്ന യാതൊരു തെളിവുകളും പുറത്തുവന്നിട്ടില്ല.

ആംനെസ്റ്റി പോലുള്ള സംഘടനകൾക്ക് ഇന്ത്യാവിരുദ്ധ അജൻഡ ഉണ്ടായിരുന്നുവെന്നത് നിഷേധിക്കാനാകുമോ? അവരുടെ പണത്തിന്റെ ഉറവിടം എവിടെയാണെന്ന് ചോദിച്ചാൽ 'ഇന്ത്യയിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണെ'ന്നാണ് മറുപടി പറയുക. ജനങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. അതിൽ സ്വകാര്യതയും ഉൾപ്പെടും അദ്ദേഹം പറഞ്ഞു.

അതിനിടെ പെഗസസ് സോഫ്റ്റ്‌വെയർ ഇന്ത്യൻ സർക്കാരിനു നൽകിയോയെന്ന ചോദ്യത്തിനു മറുപടി പറയാതെ ഇസ്രയേൽ കമ്പനി എൻഎസ്ഒ. ഏതൊക്കെ രാജ്യങ്ങൾ പെഗസസ് ഉപയോഗിക്കുന്നുവെന്നു പറയാനാകില്ലെന്നു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ എൻഎസ്ഒയുടെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇന്ത്യൻ സർക്കാരുമായി ഏതെങ്കിലും തരത്തിലുള്ള കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ, പെഗസസ് ചാര സോഫ്റ്റ്‌വെയർ ഇന്ത്യൻ സർക്കാർ വാങ്ങിയിട്ടുണ്ടോ എന്നീ ചോദ്യങ്ങൾക്ക് മറുപടി പറയാൻ എൻഎസ്ഒ തയാറായില്ല. പെഗസസ് ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പേരുകൾ രഹസ്യമാണ്. അതിനാൽ ഏതെങ്കിലും രാജ്യം ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന് പറയാനാകില്ലെന്നായിരുന്നു പ്രതികരണം.

കഴിഞ്ഞദിവസം മാധ്യമങ്ങൾ പുറത്തുവിട്ട രാജ്യങ്ങളുടെ പട്ടിക തെറ്റാണെന്നും എൻഎസ്ഒ അവകാശപ്പെട്ടു. എന്നാൽ ഏത് രാജ്യത്തിന്റെ പേരാണ് തെറ്റായി നൽകിയതെന്ന് വ്യക്തമാക്കിയില്ല. ബിജെപി ഭാരതീയ ചാരവൃത്തി പാർട്ടിയായെന്ന് കോൺഗ്രസ് ആരോപിച്ചു. ഒരു ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് പാർലമെന്റിന്റെ ഐടി സമിതി ചെയർമാൻ ശശി തരൂർ ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിയുടെയും അഞ്ച് സുഹൃത്തുക്കളുടെയും ഫോൺ ചോർത്തിയെന്ന റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപാണു ഫോൺ ചോർത്തിയത്. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവിന്റെയും പ്രൾഹാദ് പട്ടേലിന്റെയും ഫോണുകളും ചോർത്തി. മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസയുടെ നമ്പറും തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ഫോൺ നമ്പറും പെഗസസ് പട്ടികയിലുണ്ടെന്നാണു റിപ്പോർട്ടുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP