Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രളയത്തിൽ തകർന്ന വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രം ഇനി രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം; വിപിഎസ് ഹെൽത്ത്‌കെയർ പുനർനിർമ്മിച്ച കുടുംബാരോഗ്യ കേന്ദ്രം ജൂലൈ 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും

പ്രളയത്തിൽ തകർന്ന വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രം ഇനി രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം; വിപിഎസ് ഹെൽത്ത്‌കെയർ പുനർനിർമ്മിച്ച കുടുംബാരോഗ്യ കേന്ദ്രം ജൂലൈ 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: 2018 ലെ പ്രളയത്തിൽ തകർന്ന വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന് വിപിഎസ്-റീബിൽഡ് കേരള ഉദ്യമത്തിലൂടെ പുതിയ മുഖം. പ്രളയജലത്തിൽ മുങ്ങി പൂർണ്ണമായും ഉപയോഗശൂന്യമായിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രം രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രമായാണ് വിപിഎസ് ഹെൽത്ത്‌കെയർ പത്തുകോടി ചെലവിൽ പുനർനിർമ്മിച്ചത്.

എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള പുതിയ കുടുംബാരോഗ്യ കേന്ദ്രം സമകാലിക ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങളോടെയാണ് യാഥാർഥ്യമായിരിക്കുന്നത്. മലപ്പുറത്തിന്റെ ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആരോഗ്യ കേന്ദ്രത്തിൽ അത്യാധുനിക ലബോറട്ടറിയും ഇമേജിങ് വിഭാഗവുമടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓക്‌സിജൻ കോൺസെൻട്രേറ്ററുകളുള്ള പത്ത് നിരീക്ഷണ കിടക്കകളും ഓക്‌സിജൻ സാച്ചുറേഷൻ കുറവുള്ള രോഗികൾക്ക് ഉപയോഗപ്രദമാകുന്ന സ്റ്റെബിലൈസേഷൻ യൂണിറ്റും കേന്ദ്രത്തിൽ പ്രവർത്തന സജ്ജം.

പതിവ് വൈദ്യപരിശോധനകൾക്കും ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രം പ്രളയത്തിൽ നശിച്ചത് വാഴക്കാട്ടുകാർക്ക് സങ്കടകരമായ അനുഭവമായിരുന്നു. താൽക്കാലിക കെട്ടിടത്തിൽ സൗകര്യങ്ങളോടെ നിലവിൽ പ്രവർത്തിക്കുന്ന കേന്ദ്രമാണ് പ്രദേശവാസികൾക്കാകെ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കാനുള്ള ശേഷിയോടെ പുനർനിർമ്മിച്ച ബൃഹത്തായ കെട്ടിടത്തിലേക്ക് മാറുന്നത്.
പ്രതിവർഷം 75,000 ആൾക്കാരാണ് വാഴക്കാട്ടെ പഴയ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സേവനങ്ങൾ ലഭ്യമാക്കിയിരുന്നത്. നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രതിവർഷം രണ്ടുലക്ഷം പേർക്ക് ചികിത്സ ലഭ്യമാക്കാനാകും.ഈ കണക്ക് തന്നെ വാഴക്കാട്ടെ ജനങ്ങളുടെ ജീവിതത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള പങ്കിന് അടിവരയിടുന്നു. ഗുണനിലവാരമുള്ള പ്രാഥമികാരോഗ്യ സേവനങ്ങൾ നൽകാനുള്ള ശ്രമങ്ങളുടെ മികച്ച ഉദാഹരണമാണ് പദ്ധതിയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന പറഞ്ഞു. പദ്ധതിക്ക് സാമ്പത്തിക സഹായം നൽകാൻ തയ്യാറായ വിപിഎസ് ഹെൽത്ത്‌കെയർ ചെയർമാൻ ഡോ. ഷംഷീർ വയലിലിന് ഡോ. സക്കീന നന്ദി പറഞ്ഞു.

'ജില്ലാ ആരോഗ്യ വകുപ്പും വാഴക്കാട്ടെ ജനങ്ങളും വളരെയധികം സന്തുഷ്ടരാണ്. തകർന്ന ആരോഗ്യ കേന്ദ്രത്തിന്റെ പുനർനിർമ്മാണം ഞങ്ങളുടെ സ്വപ്നമായിരുന്നു. പദ്ധതിയുടെ പൂർത്തീകരണത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ജനങ്ങൾ. ഏറ്റവും പുതിയ സാങ്കേതികവിദ്യയും ആധുനിക സൗകര്യങ്ങളുമുള്ള കേന്ദ്ര കോവിഡിനെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്താൻ സഹായിക്കും.'

ആർദ്രം മിഷനിൽ നാഴികക്കല്ല്

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ അത്യാധുനിക സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ആർദ്രം മിഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം പൂർത്തിയാകുന്നത്. ആരോഗ്യ സേവനരംഗത്തുള്ള അന്തർദേശീയ അനുഭവ സമ്പത്തും സർക്കാർ വിഭാവനം ചെയ്ത ആശയങ്ങളും ചേർത്തിണക്കിയാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആശയവും സമീപനവും വിപിഎസ് ഹെൽത്ത്‌കെയർ രൂപീകരിച്ചത്. ആർദ്രം മിഷന്റെ ഭാഗമായി കേരളത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നിലവാരമുയർത്തുന്നതിനുള്ള അനുകരണീയ മാതൃകയായി വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം മാറും. അതോടൊപ്പം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ശാക്തീകരിക്കേണ്ടത് അനിവാര്യമാണെന്ന സന്ദേശം സന്ദേശം ദേശീയതലത്തിൽ നൽകാനും പദ്ധതി കാരണമാകുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ.

അന്തർദ്ദേശീയ പരിചയമുള്ള വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പ് സ്ഥാപിച്ച ഉന്നത നിലവാരമുള്ള ഒരു കുടുംബ ആരോഗ്യ കേന്ദ്രം അനുകരണീയ മാതൃകയാണെന്ന് ആരോഗ്യ വിദഗ്ദനും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ രാജീവ് സദാനന്ദൻ പറഞ്ഞു. 'വാഴക്കാട് പദ്ധതി അർദ്രം ദൗത്യത്തിന്റെ വിശാല സാധ്യതയാണ് കാണിക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ കേരള സർക്കാർ തീരുമാനിച്ചപ്പോൾ, സംസ്ഥാന, പ്രാദേശിക സർക്കാർ ഫണ്ടുകളും പൊതുസമൂഹ പങ്കാളിത്തവുമാണ് ഇതിനായി ലക്ഷ്യമിട്ടത്. എന്നാൽ 2018ലെ പ്രളയത്തെത്തുടർന്ന് ചില പഞ്ചായത്തുകളിൽ ഈ പദ്ധതി തടസ്സപ്പെട്ടു.' സഹായവും പിന്തുണയും നൽകാൻ ഡോ. ഷംഷീർ തയ്യാറായതിനെ തുടർന്നാണ് ദേശീയതലത്തിൽ തന്നെ അനുകരണീയമായ മാതൃക രൂപപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഐടി വിദ്ഗദർ നിർദ്ദേശിച്ച പരിസ്ഥിതി-സൗഹൃദ സാങ്കേതിക വിദ്യ;

മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)യാണ് വാഴക്കാട്ടെ പുതിയ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഘടന വികസിപ്പിച്ചെടുത്തത്. തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിലെ സ്‌കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ കേന്ദ്രത്തിന്റെ ഡിസൈൻ തയ്യാറാക്കി. പ്രകൃതി ദുരന്തങ്ങളിൽ കേടുപാടുകൾ പറ്റാതിരിക്കാൻ ഫലപ്രദമെന്ന് കണ്ടെത്തിയ ഗ്ലാസ് ഫൈബർ റിഇൻഫോഴ്സ്ഡ് ജിപ്സം (ജിഎഫ്ആർജി) പാനൽ സാങ്കേതികവിദ്യയാണ് കേന്ദ്രത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചത്.

ഇഷ്ടികകൾ, ബ്ലോക്കുകൾ, തടി, പ്ലാസ്റ്റർബോർഡ് ലൈനിംഗുകൾ എന്നിവ ഒഴിവാക്കിയുള്ളതാണ് ഈ സാങ്കേതിക വിദ്യ. കെട്ടിടത്തെ പരിസ്ഥിതി സൗഹൃദവും മലിനീകരണമില്ലാത്തതും ഊർജ്ജ-കാര്യക്ഷമവും സൗന്ദര്യാത്മകവുമാക്കുന്ന ഈ രീതി ഭാവി പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ സഹായകരമാകുമെന്നാണ് ഐഐടി വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. പുനർനിർമ്മാണ പദ്ധതിക്കായി വിപിഎസ് ഹെൽത്ത്‌കെയർ സ്വീകരിച്ച സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ നിർമ്മാണ സാങ്കേതികവിദ്യ പ്രശംസനീയമാണെന്ന് മദ്രാസ് ഐഐടി സ്ട്രക്ചറൽ എഞ്ചിനീയറിങ് വിഭാഗം പ്രോജക്ട് സയന്റിസ്റ്റ് ഫിലിപ്പ് ചെറിയാൻ പറഞ്ഞു.

'ആവർത്തിച്ചുള്ള പ്രകൃതിദുരന്തങ്ങൾ കാരണം നമ്മുടെ അടിസ്ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും ഗുരുതര ഭീഷണിയാണ് നേരിടുന്നത്. കേരളത്തിലെ കഴിഞ്ഞ രണ്ട് വെള്ളപ്പൊക്കത്തിൽ നിരവധി കെട്ടിടങ്ങൾ നശിപ്പിക്കപ്പെടുകയും ആൾക്കാർക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ നിർമ്മാണം അനിവാര്യമാകുന്നത്. ജിപ്സത്തിന്റെ ഉപയോഗ ശൂന്യമായ ഭാഗങ്ങളിൽ നിന്ന് നിർമ്മിക്കുന്ന കെട്ടിട പാനൽ ഉൽപ്പന്നമായ ജിഎഫ്ആർജിക്ക് നിർമ്മാണത്തിലെ വേഗത, സുസ്ഥിരത തുടങ്ങി നിരവധി സവിശേഷതകളുണ്ട്.'

2018 ലെ വെള്ളപ്പൊക്കത്തെ കേരളത്തിലെ ജി.എഫ്.ആർ.ജി കെട്ടിടങ്ങൾ അതിജീവിച്ചതിനെ അടിസ്ഥാനമാക്കിയായിരുന്നു ഐ.ഐ.ടി വിദഗ്ദരുടെ ശുപാർശ.വിപിഎസ് ഹെൽത്ത്‌കെയറിന്റെ നേതൃത്വത്തിലുള്ള പദ്ധതിയുടെ ഭാഗമായതിൽ സന്തോഷമുണ്ടെന്നും ബദൽ, സുസ്ഥിര നിർമ്മാണ രീതികളെക്കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കാൻ ഇത്തരമൊരു വലിയ ജനകീയ പങ്കാളിത്ത പദ്ധതി സഹായിക്കുമെന്നും ചെറിയാൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP