Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫോൺ ചോർത്തൽ വിവാദം പാർലമെന്റിൽ ആയുധമാക്കി പ്രതിപക്ഷം; ബഹളത്തിൽ ലോക്‌സഭയും രാജ്യസഭയും പ്രക്ഷുബ്ധമായി; സഭ നടപടികൾ നിർത്തിവച്ചു; 'പെഗസ്സസ്' വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യം; സ്ത്രീകളെയും പിന്നോക്ക വിഭാഗങ്ങളെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ അമർഷമെന്ന് പ്രധാനമന്ത്രി

ഫോൺ ചോർത്തൽ വിവാദം പാർലമെന്റിൽ ആയുധമാക്കി പ്രതിപക്ഷം; ബഹളത്തിൽ ലോക്‌സഭയും രാജ്യസഭയും പ്രക്ഷുബ്ധമായി; സഭ നടപടികൾ നിർത്തിവച്ചു; 'പെഗസ്സസ്' വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യം; സ്ത്രീകളെയും പിന്നോക്ക വിഭാഗങ്ങളെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ അമർഷമെന്ന് പ്രധാനമന്ത്രി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: പെഗസ്സസ് ഫോൺ ചോർത്തൽ വിവാദത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. ബഹളത്തിൽ ലോക്‌സഭയും രാജ്യസഭയും പ്രക്ഷുബ്ധമായി. ഇരു സഭകളും നിർത്തി വെച്ചു. കേന്ദ്ര മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ പേര് കേൾക്കാൻ പോലും പ്രതിപക്ഷത്തിന് താല്പര്യമില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാക്കളുടെയും സുപ്രീംകോടതി ജഡ്ജിയുടെയും മാധ്യമ പ്രവർത്തകരുടെയും ഫോണുകൾ ഇസ്രയേലി ചാര സോഫ്റ്റുവെയർ ഉപയോഗിച്ച് ചോർത്തി എന്ന വെളിപ്പെടുത്തലിൽ ചർച്ചയാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ നീക്കം. കേന്ദ്ര മന്ത്രിസഭയിലെ പുതിയ അംഗങ്ങളെ പരിചയപ്പെടുത്താൻ പ്രധാനമന്ത്രി എഴുന്നേറ്റപ്പോഴും പ്രതിപക്ഷം ബഹളം തുടർന്നു. നടുത്തിലിറങ്ങി പ്രതിപക്ഷ ബഹളം തുടർന്നതോടെയാണ് സഭ നടപടികൾ നിർത്തിവെച്ചത്. രാജ്യസഭയിലും ഇതേവിഷയത്തിലായിരുന്നു പ്രതിപക്ഷ ബഹളം.

പുതിയതായി കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയ മന്ത്രിമാരെ പരിചയപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനിടെയാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. പ്രധാനമന്ത്രിക്ക് പുതിയ മന്ത്രിമാരെ പരിചയപ്പെടുത്താൻ ബഹളത്തെ തുടർന്ന് സാധിച്ചില്ല. പ്ലേകാർഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എം പിമാരുടെ പ്രതിഷേധത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് പ്രധാനമന്ത്രി മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും പ്രകോപിതരായി കടുത്ത രീതിയിൽ തന്നെ കോൺഗ്രസിനേയും പ്രതിപക്ഷ കക്ഷികളേയും വിമർശിച്ചു

രാജ്യത്തെ സ്ത്രീകൾ, ഒ ബി സി, കർഷകരുടെ മക്കൾ, എന്നിവർ മന്ത്രിമാരാകുന്നതിൽ ചിലർ അസന്തുഷ്ടരാണ്. അവരാണ് മന്ത്രിമാരെ പരിചയപ്പെടുത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ഇത്രയധികം സ്ത്രീകൾ മന്ത്രിമാരാകുന്നത് പാർലമെന്റ് വലിയ ആകാംക്ഷയോടെയാണ് കാണുന്നത്. കേന്ദ്രമന്ത്രിസഭയിൽ സഹപ്രവർത്തകരായി ഗ്രാമീണ കർഷക മേഖലയിൽ നിന്നുള്ളവരും, സ്ത്രീകൾ, ഒ ബി സി തുടങ്ങീ വിഭാഗക്കാരിലും ഉൾപ്പെടുന്നവർ എത്തിച്ചേർന്നിരിക്കുകയാണ് എന്നാൽ പ്രതിപക്ഷം പ്രധാനമന്ത്രി സംസാരിക്കുന്നതിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് ബഹളം തുടർന്നു.

ബഹളം തുടരുന്നതിനിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കോൺഗ്രസിനെ ശക്തമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തി. കോൺഗ്രസിന്റെ ലോക്സഭയിലെ പെരുമാറ്റം ദുഃഖകരവും നിർഭാഗ്യകരവുമാണ്. ആരോഗ്യകരമായ രീതിയല്ല ഇതെന്ന് രാജ്നാഥ് ചുണ്ടിക്കാണിച്ചു.

പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കർ ഓംബിർള അഭ്യർത്ഥിച്ചു. പ്രതിപക്ഷ പ്രതിഷേധം ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രതിപക്ഷ അംഗങ്ങൾ ബഹളം തുടർന്നതോടെ ലോക്സഭ രണ്ടുമണിവരെ നിർത്തിവെച്ചതായി പ്രഖ്യാപനമുണ്ടായി.

ചാര സോഫ്‌റ്റ്‌വെയർ രാജ്യത്തെ പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ പാർലമെന്റിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ബിനോയ് വിശ്വം എംപി രാജ്യസഭയിലും എൻ.കെ പ്രേമചന്ദ്രൻ എംപി ലോക്‌സഭയിലും നോട്ടീസ് നൽകി. വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യമുന്നിയിച്ചിരുന്നു.

ഇതിന് മുമ്പും പെഗസ്സസ് ഫോൺ ചോർത്തൽ വിഷയം പല പാർട്ടികളും ഇരുസഭകളിലും ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഫോൺ ചോർത്തപ്പെട്ടവരുടെ പേരുകൾ കൂടി പുറത്തുവന്നതാണ് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. കേന്ദ്ര മന്ത്രിമാരുടെ വരെ ഫോണുകൾ ചോർത്തി എന്ന വെളിപ്പെടുത്തലും സർക്കാരിന് തലവേദനയാകും.

വർഷകാല സമ്മേളനത്തിൽ മറ്റ് വിഷയൾക്കൊപ്പം സർക്കാരിനെതിരെ പ്രതിപക്ഷത്തിന് കിട്ടിയ ശക്തമായ ആയുധമായി പെഗസ്സിസ് വിവാദം മാറി. അതിനിടെ ഇന്ധന വില വർദ്ധനക്കെതിരെ മഴയത്ത് സൈക്കിൾ ചവിട്ട് എത്തിയുള്ള തൃണമൂൽ അംഗങ്ങളുടെ പ്രതിഷേധവും പാർലമെന്റിന് മുന്നിൽ നടന്നു.

ഏറ്റവും രൂക്ഷമായ, മൂർച്ചയേറിയ ചോദ്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കാമെന്നും എന്നാൽ, അവയ്ക്ക് സമാധാനപരമായ അന്തരീക്ഷത്തിൽ മറുപടി പറയാനുള്ള അവസരം സർക്കാരിന് നൽകണമെന്നും മോദി സമ്മേളനത്തിന് മുൻപായി ആവശ്യപ്പെട്ടിരുന്നു.

പാർലമെന്റിലെ ചർച്ചകളിൽ പ്രാമുഖ്യം കോവിഡ് പ്രതിരോധത്തിനും അതിനുള്ള ക്രിയാത്മക നിർദേശങ്ങൾക്കുമായിരിക്കണമെന്നും കോവിഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കക്ഷി നേതാക്കളുടെ യോഗത്തിൽ വിശദീകരിക്കാൻ തയ്യാറാണെന്നും മോദി പറഞ്ഞിരുന്നു.

ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നിയമങ്ങൾ പിൻവലിച്ച് ദ്വീപ് ജനതയുടെ ആവലാതികൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപിയും അടിയന്തര പ്രമേയ നോട്ടിസ് നൽകിയിരുന്നു. ഇന്ധന വിലവർധന നിയന്ത്രിക്കാൻ സർക്കാർ തയാറകണമെന്ന് ആവശ്യപ്പെട്ട് എം.എം.ആരിഫ് എംപി അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയിട്ടുണ്ട്.

വിലക്കയറ്റം, കോവിഡ് പ്രതിരോധ വീഴ്ചകൾ, പെട്രോൾഡീസൽ വിലവർധന, കർഷക സമരം, ചൈന അതിർത്തിയിലെ അനിശ്ചിതത്വം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കർഷക സമരത്തെക്കുറിച്ചു ചർച്ച ആവശ്യപ്പെട്ട് അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ അടിയന്തരപ്രമേയത്തിനു നോട്ടിസ് നൽകിയിട്ടുണ്ട്.

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ ജയിച്ച എംപി അബ്ദുസ്സമദ് സമദാനി അടക്കം 5 പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് മരണപ്പെട്ട സഭ അംഗങ്ങൾക്ക് സഭ ആദരാഞ്ജലി അർപ്പിച്ചു.

ഓഗസ്റ്റ് 13 വരെയാണു സമ്മേളനം തുടരുക. രാജ്യസഭയുടെയും ലോക്‌സഭയുടെയും 20 സിറ്റിങ്ങുകൾ വീതമുണ്ടാകും. ഭൂരിഭാഗം എംപിമാരും പാർലമെന്റ് സ്റ്റാഫും കോവിഡ് വാക്‌സീൻ എടുത്തതിനാൽ സാധാരണ പോലെയാണു സമ്മേളനം ചേരുന്നത്. സാമൂഹിക അകലം പാലിക്കാൻ ഗാലറിയിലും സീറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക വസതികളിലിരുന്നു പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് അതിനും സൗകര്യമൊരുക്കും.

പുതിയ 17 എണ്ണം ഉൾപ്പെടെ 29 ബില്ലുകൾ പാസാക്കാനാണു വർഷകാല സമ്മേളന കാലയളവിൽ സർക്കാർ ശ്രമം. പ്രതിപക്ഷം ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ ചട്ടപ്രകാരം ചർച്ച ചെയ്യാമെന്ന് സമ്മേളനത്തിനു മുന്നോടിയായി നടന്ന സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. നേരത്തേ സ്ഥിരം സമിതിക്കു വിട്ട ഫാക്ടറിങ് റഗുലേഷൻ ഭേദഗതി ബിൽ, രാജ്യസഭ പാസാക്കിയ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി സംരംഭകത്വ ബിൽ എന്നിവ യഥാക്രമം നിർമല സീതാരാമൻ, പശുപതികുമാർ പരസ് എന്നിവർ അവതരിപ്പിക്കും.


കുട്ടികളെയും സ്ത്രീകളെയും കടത്തുന്നവർക്കു വധശിക്ഷ നിർദേശിക്കുന്ന മനുഷ്യക്കടത്തു തടയൽ നിയമത്തിന്റെ ബില്ലടക്കം 17 പുതിയ ബില്ലുകൾ ഇന്നാരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

കരടുബിൽ പ്രകാരം മനുഷ്യക്കടത്തു കേസിൽ പ്രതിയാകുന്നവർക്കു മുൻകൂർ ജാമ്യം ലഭിക്കില്ല. പ്രതികളുടെ ബാങ്ക് അക്കൗണ്ടും നിക്ഷേപങ്ങളും മരവിപ്പിക്കുന്നതും സ്വത്തുക്കൾ കണ്ടുകെട്ടുന്നതും ഉൾപ്പെടെയുള്ള വ്യവസ്ഥകളുമുണ്ട്. 90 ദിവസത്തിനുള്ളിൽ കോടതിക്കു കുറ്റപത്രം നൽകി, വിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണം.

നിർധനത്വ നിയമ ഭേദഗതി (ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്റ്റസി) ബിൽ, അവശ്യ പ്രതിരോധ സേവന ബിൽ, കൽക്കരിഖനി വികസനനിയമ ഭേദഗതി ബിൽ, ലിമിറ്റഡ് ലയബിലിറ്റി ഭേദഗതി ബിൽ, ഇന്ത്യൻ മറൈൻ ഫിഷറീസ് ബിൽ, ഉൾനാടൻ ജലഗതാഗത ബിൽ, വൈദ്യുതി ഭേദഗതി ബിൽ തുടങ്ങിയവയും പുതിയ ബില്ലുകളിൽപെടും.

ഡിഎൻഎ ടെക്‌നോളജി ബിൽ, ഫാക്ടറിങ് റഗുലേഷൻ ഭേദഗതി ബിൽ, മാതാപിതാക്കളുടെയും മുതിർന്നവരുടെയും സംരക്ഷണം സംബന്ധിച്ച ബിൽ തുടങ്ങി നേരത്തേ അവതരിപ്പിച്ച് സ്ഥിരംസമിതികൾക്കു വിട്ടതും രാജ്യസഭ പാസാക്കിയതുമായ ഏതാനും ബില്ലുകളും സഭയിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP