Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പെഗസസ് കുരുക്കിൽ നരേന്ദ്ര മോദി മന്ത്രിസഭയും ആർഎസ്എസ് നേതാക്കളും; കേന്ദ്ര മന്ത്രിമാരുടെ ഫോൺ ചോർത്തി; അഭ്യൂഹമുണ്ടെന്ന് രാജ്യസഭാ എംപി സുബ്രഹ്‌മണ്യൻ സ്വാമി; വിവരങ്ങൾ ഉടൻ പുറത്തുവന്നേക്കുമെന്നും ട്വിറ്ററിൽ പ്രതികരണം; ഇസ്രയേൽ നിർമ്മിത ചാര സോഫ്റ്റ് വെയർ ചോർത്തിയതിൽ സുപ്രീം കോടതി ജഡ്ജിമാരടക്കം പ്രമുഖരുടെ വിവരങ്ങൾ

പെഗസസ് കുരുക്കിൽ നരേന്ദ്ര മോദി മന്ത്രിസഭയും ആർഎസ്എസ് നേതാക്കളും; കേന്ദ്ര മന്ത്രിമാരുടെ ഫോൺ ചോർത്തി; അഭ്യൂഹമുണ്ടെന്ന് രാജ്യസഭാ എംപി സുബ്രഹ്‌മണ്യൻ സ്വാമി;  വിവരങ്ങൾ ഉടൻ പുറത്തുവന്നേക്കുമെന്നും ട്വിറ്ററിൽ പ്രതികരണം; ഇസ്രയേൽ നിർമ്മിത ചാര സോഫ്റ്റ് വെയർ ചോർത്തിയതിൽ സുപ്രീം കോടതി ജഡ്ജിമാരടക്കം പ്രമുഖരുടെ വിവരങ്ങൾ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഇസ്രയേൽ നിർമ്മിത ചാര സോഫ്റ്റ് വെയറായ പെഗസ്സസ് ഉപയോഗിച്ച് ഇന്ത്യയിലെ കേന്ദ്ര മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണുകൾ ചോർത്തിയതായി കടുത്ത അഭ്യൂഹമുണ്ടെന്ന് രാജ്യസഭാ എംപി സുബ്രഹ്‌മണ്യൻ സ്വാമി. ട്വിറ്റർ കുറിപ്പിലൂടെയാണ് സ്വാമിയുടെ വെളിപ്പെടുത്തൽ. ആഗോളതലത്തിൽ 1400ഓളം ഉപയോക്താക്കളുടെ ഫോൺ ഇത്തരത്തിൽ ചോർത്തിയെന്നായിരുന്നു പുറത്തുവരുന്ന റിപ്പോർട്ട്.

മോദി മന്ത്രിസഭയിലെ മന്ത്രിമാർ, ആർഎസ്എസ് നേതാക്കൾ, സുപ്രീം കോടതി ജഡ്ജിമാർ, പത്രപ്രവർത്തകർ തുടങ്ങിയവരുടെ ഫോണുകൾ ചോർത്തുന്നതായാണ് അദ്ദേഹം ഞായറാഴ്ച ചെയ്ത ട്വീറ്റിൽ പറയുന്നത്. വാഷിങ്ടൺ പോസ്റ്റ്, ഗാർഡിയൻ എന്നീ മാധ്യമങ്ങൾ ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ ഉടൻ പുറത്തുവിടുമെന്നാണ് അഭ്യൂഹമെന്ന് അദ്ദേഹം ട്വീറ്റിൽ പറയുന്നു. അതിനു ശേഷം താൻ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും സുബ്രഹ്‌മണ്യൻ സ്വാമി വ്യക്തമാക്കുന്നു.

 

പ്രതിപക്ഷ നിരയിലെ നിരവധി പേരുടെയും ഫോണുകൾ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചോർത്തുന്നുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറെക് ഒബ്രിയാനും ആരോപിച്ചിട്ടുണ്ട്. സുബ്രഹ്‌മണ്യൻ സ്വാമിയുടെ ട്വീറ്റിനുള്ള പ്രതികരണമായാണ് അദ്ദേഹത്തിന്റെ ആരോപണം. ഈ വാർത്തയെ ശരിവെക്കുന്ന വിധത്തിൽ രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും അടക്കമുള്ളവർ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

പെഗസ്സസ് എന്ന ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇന്ത്യക്കാരായ വാട്സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതായി 2019ൽ വാർത്തകൾ പുറത്തു വന്നിരുന്നു. പത്രപ്രവർത്തകരും വിവരാവകാശ പ്രവർത്തകരും ഉൾപ്പെടെ 121 പേരുടെ ഫോണുകളിൽ പെഗസ്സസ് നുഴഞ്ഞുകയറിയതായി വാട്സ്ആപ്പ് ആണ് അന്ന് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകിയത്.

ഇസ്രയേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർകമ്പനിയായ എൻ.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ്‌വെയർ പ്രോഗ്രാമാണ് പെഗസ്സസ്. മൊബൈൽ ഫോണുകളിൽ നുഴഞ്ഞുകയറി പാസ്വേഡ്, ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങൾ, വന്നതും അയച്ചതുമായ മെസേജുകൾ, ക്യാമറ, മൈക്രോഫോൺ, സഞ്ചാരപഥം, ജി.പി.എസ്. ലോക്കേഷൻ തുടങ്ങി മുഴുവൻ വിവരവും ചോർത്താൻ ഇതിലൂടെ സാധിക്കും. വാട്‌സ്ആാപ് കോളിലൂടെ ഫോണിലെ വിവരങ്ങളെല്ലാം ചോർത്തിയെടുക്കുന്ന ഈ സ്‌പൈവെയറിനെക്കുറിച്ച് വാട്‌സ്ആപ് തന്നെ വിവരങ്ങൾ സ്ഥിരീകരിക്കുകയായിരുന്നു.

നയതന്ത്രജ്ഞർ, രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം ഈ കെണിയിൽ അകപ്പെട്ടിരുന്നു. ഇന്ത്യൻ ഉപയോക്താക്കളും ഇതിന്റെ ലക്ഷ്യത്തിലുണ്ടായിരുന്നു. ഇന്ത്യയിലെ രണ്ടു ഡസനോളം മാധ്യമപ്രവർത്തകർ, അഭിഭാഷകർ, ദലിത് ആക്ടിവിസ്റ്റുകൾ തുടങ്ങിയവരുടെ ഫോണുകൾ പെഗസസ് ചോർത്തിയെന്നായിരുന്നു റിപ്പോർട്ട്. കേന്ദ്രസർക്കാർ പെഗസസിനെ ദുരുപയോഗം ചെയ്തുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. പിന്നീട് പെഗസസിനെക്കുറിച്ച് കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നില്ലെങ്കിലും വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ് എംപിയും ബിജെപി നേതാവുമായ സുബ്രമണ്യ സ്വാമിയുടെ ട്വീറ്റിലൂടെ വീണ്ടും പെഗസസ്.

പെഗസസ് നരേന്ദ്ര മോദി സർക്കാറിലെ മന്ത്രിമാരുടെയും ആർഎസ്എസ് നേതാക്കളുടെയും സുപ്രീംകോടതി ജസ്റ്റിസുമാരുടെയും ഫോണുകൾ ടാപ്പ് ചെയ്യുന്നു. പാശ്ചാത്യ മാധ്യമങ്ങൾ ഇതിന്റെ വിവരങ്ങൾ വെളിപ്പെടുത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടെന്നും സുബ്രമണ്യൻ സ്വാമിയുടെ ട്വീറ്റിൽ പറയുന്നു.

'ഇന്ന് വൈകുന്നേരം വാഷിങ്ടൺ പോസ്റ്റ്, ലണ്ടൻ ഗാർഡിയൻ തുടങ്ങിയ പാശ്ചാത്യ മാധ്യമങ്ങൾ ഇസ്രയേൽ കമ്പനിയായ പെഗസസ് മോദി മന്ത്രിസഭയിലെ മന്ത്രിമാർ, ആർഎസ്എസ് നേതാക്കൾ, സുപ്രീംകോടതി ജസ്റ്റിസുമാർ, മാധ്യമപ്രവർത്തകർ എന്നിവരുടെ ഫോണുകൾ ചോർത്തുന്നുവെന്ന അഭ്യൂഹങ്ങളുടെ റിപ്പോർട്ട് പുറത്തുവിടും. ഇത് സ്ഥിരീകരിച്ചാൽ ഞാൻ പട്ടിക പ്രസിദ്ധീകരിക്കും' -എന്നായിരുന്നു സുബ്രമണ്യൻ സ്വാമിയുടെ ട്വീറ്റ്.

സുബ്രമണ്യൻ സ്വാമിയുടെ ട്വീറ്റിന് കീഴിൽ തൃണമൂൽ നേതാവും രാജ്യസഭ എംപിയുമായ ഡെറിക് ഒബ്രിയാൻ മറുപടിയുമായെത്തി. ഈ ഫോൺ ചോർത്തൽ പ്രതിപക്ഷത്തെ പല അംഗങ്ങളെയും ലക്ഷ്യമാക്കിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

കോൺഗ്രസ് എംപിയായ കാർത്തി ചിദംബരവും പെഗസസിനെ പരാമർശിച്ച് രംഗത്തെത്തി. 'പെഗസസ് ഒരു പൊട്ടിത്തെറിയുണ്ടാക്കുമെന്ന് അഭീജ്ഞ വൃത്തങ്ങൾ അറിയിച്ചു' എന്ന നിഗൂഡമായ ട്വീറ്റാണ് കാർത്തി ചിദംബരം പങ്കുവെച്ചത്.

മുതിർന്ന മാധ്യമപ്രവർത്തക ഷീല ഭട്ട് ശനിയാഴ്ച രാത്രി ഒരു ട്വീറ്റുമായി രംഗത്തെത്തിയിരുന്നു. ഇത് വളരെ വലിയ ഒരു കഥയായിരിക്കുമെന്നായിരുന്നു അവരുടെ ട്വീറ്റ്. കൂടാതെ ഇതിൽ ഇന്ത്യൻ മാധ്യമങ്ങളുടെ സഹകരണമുണ്ടെന്നും പാശ്ചാത്യ മാധ്യമങ്ങൾ ഈ റിപ്പോർട്ട് ഞായറാഴ്ച രാത്രി 11.59ന് പുറത്തുവിടുമെന്നും പറയുന്നു.

2019ൽ പെഗസസ് ആരോപണങ്ങൾ ഉയർന്നുവന്നപ്പോൾ അന്നത്തെ കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് കേന്ദ്രസർക്കാർ പെഗസസ് പോലുള്ള ഏജൻസികളെ അനധികൃതമായി ഉപയോഗിച്ചിട്ടില്ലെന്ന് പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP