Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം കാബൂളിലെ ഇന്ത്യൻ എംബസിക്ക് കൈമാറി; മൃതദേഹം നാളെ രാത്രിയോടെ ഇന്ത്യയിൽ എത്തിച്ചേക്കും; സിദ്ദിഖി കൊല്ലപ്പെട്ടത് കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ

മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം കാബൂളിലെ ഇന്ത്യൻ എംബസിക്ക് കൈമാറി; മൃതദേഹം നാളെ രാത്രിയോടെ ഇന്ത്യയിൽ എത്തിച്ചേക്കും; സിദ്ദിഖി കൊല്ലപ്പെട്ടത് കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം കാബൂളിലെ ഇന്ത്യൻ എംബസിക്ക് കൈമാറി. മൃതദേഹം ഞായറാഴ്ച രാത്രിയോടെ ഇന്ത്യയിൽ എത്തിച്ചേക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ നിലവിലെ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്.

നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര വിദേശകാര്യമന്ത്രാലയം ഊർജിതമാക്കിയിരുന്നു. നേരത്തെ താലിബാൻ, മൃതദേഹം റെഡ് ക്രോസ് അന്താരാഷ്ട്ര സമിതിക്ക് കൈമാറിയിരുന്നു. അഫ്ഗാൻ സേനയും താലിബാനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശമാണ് പാക്കിസ്ഥാൻ അഫ്ഗാൻ അതിർത്തിയിലുള്ള സ്പിൻ ബൊൽദാക്. ജയിലിലുള്ള ഏഴായിരം പേരെ വിട്ടയക്കാതെ വെടി നിർത്തില്ലെന്ന് നിലപാടിലാണ് താലിബാൻ. യുദ്ധമേഖലകളിൽ പലായനം തുടരുകയാണ്. ഈ സംഘർഷത്തിന്റെ ചിത്രങ്ങൾ റോയിട്ടേഴ്‌സിനായി പകർത്താനാണ് ഡാനിഷ് അഫ്ഗാനിലെത്തിയത്.

റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ മൾട്ടിമീഡിയ ടീമിനെ നയിച്ചിരുന്നത് സിദ്ദിഖി ആയിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെയും, രാജ്യത്തെ പിടിച്ചുലച്ച രണ്ടാം കോവിഡ് തരംഗത്തിന്റെയും എല്ലാം ഗൗരവം ഒപ്പിയെടുത്ത ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടത്. ഡാനിഷ് പകർത്തിയ രണ്ടാം കോവിഡ് തരംഗത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെ ചിതകൾ കൂട്ടത്തോടെ എരിയുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2018ൽ റോഹിഗ്യൻ അഭയാർത്ഥികളുടെ ദുരിതം പകർത്തിയ റിപ്പോർട്ടുകൾക്കാണ് ഡാനിഷിനെ പുലിറ്റ്‌സർ തേടിയെത്തിയത്.

അഫ്ഗാനിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റത്തിൽ ഇന്ത്യയ്ക്ക് സംഭവിച്ച ഏറ്റവും വലിയ ദുഃഖമാണ് ഡാനിഷ് സിദ്ദിഖി എന്ന ഫോട്ടോജേർണലിസ്റ്റിന്റെ മരണം. റോയിറ്റേഴ്‌സിന്റെ യുദ്ധകാര്യ ഫോട്ടോഗ്രാഫറായി അഫ്ഗാൻ പ്രത്യേക സേനയിൽ അംഗമായിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം.

റോയിറ്റേഴ്‌സ് തങ്ങളുടെ സൈറ്റിലെ ഡാനിഷ് സിദ്ദിഖിയുടെ പേജിൽ ഇങ്ങനെ കൊടുത്തിരിക്കുന്നു. 'ബിസിനസ്സ് മുതൽ രാഷ്ട്രീയം, സ്പോർട്സ് വരെയുള്ള വാർത്തകളെടുക്കുമ്പോൾ ഞാൻ ഏറ്റവും ആസ്വദിക്കുന്നത് തകർന്ന കഥയുടെ മനുഷ്യമുഖം പകർത്തുമ്പോഴാണ്.' ഇത് തന്നെയായിരുന്നു ഡാനിഷിനെ സംബന്ധിച്ച് ഓരോ ഫോട്ടോഗ്രാഫുകളും. അദ്ദേഹത്തിന്റെ ആ 'തകർന്ന കഥയുടെ മനുഷ്യമുഖം' തന്നെയാണ് വർത്തമാനകാല ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ ലോകത്തിന് മുന്നിൽ ചോദ്യം ചെയ്യിച്ചതും. ഡാനിഷ് സിദ്ദിഖിയുടെ നിര്യാണത്തിൽ അഫ്ഗാനിസ്ഥാൻ ഇന്ത്യയിലെ അംബാസഡർ ഫരീദ് മാമുന്ദ്സെ അനുശോചനം രേഖപ്പെട്ടുത്തിയിരുന്നു.

മുംബൈ സ്വദേശിയായ ഡാനിഷ്, ജാമിയ മില്ലിയിലെ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിയായിരുന്നു. പഠനാനന്തരം പത്രപ്രവർത്തകനായാണ് ഔദ്ധ്യോഗീക ജീവിതം ആരംഭിച്ചത്. എന്നാൽ അധികം താമസിക്കാതെ അദ്ദേഹം ഫോട്ടോജേർണലിസത്തിലേക്ക് കടന്നു. പിന്നീട് റോയിറ്റേഴ്‌സിന്റെ ഫോട്ടോഗ്രാഫറായി. തുടർന്നിങ്ങോട്ട് ഡാനിഷ് പകർത്തിയ ചിത്രങ്ങളിലെല്ലാം വേദനിക്കുന്ന മനുഷ്യന്റെ മുഖങ്ങളായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP