Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

എസ്എസ്എൽസി പരീക്ഷ ജയിച്ച കുട്ടികൾക്ക് ഉപരിപഠനത്തിന് ഏറ്റവും സീറ്റ് കുറവുള്ളത് മലബാറിൽ; മലപ്പുറത്ത് കുട്ടികൾ ജയിച്ചത് കോപ്പിയടിച്ചാണ് എന്നും പറഞ്ഞ അച്യുതാനന്ദന്റെ പിന്മുറക്കാർ എന്തെങ്കിലും ചെയ്യുമെന്ന് ഓർക്കുക വയ്യ; ജയിച്ചിട്ടും തോറ്റുപോയവർ: ഇർഷാദ് മൊറയൂർ എഴുതുന്നു

എസ്എസ്എൽസി പരീക്ഷ ജയിച്ച കുട്ടികൾക്ക് ഉപരിപഠനത്തിന് ഏറ്റവും സീറ്റ് കുറവുള്ളത് മലബാറിൽ;  മലപ്പുറത്ത് കുട്ടികൾ ജയിച്ചത് കോപ്പിയടിച്ചാണ് എന്നും പറഞ്ഞ അച്യുതാനന്ദന്റെ പിന്മുറക്കാർ എന്തെങ്കിലും ചെയ്യുമെന്ന് ഓർക്കുക വയ്യ; ജയിച്ചിട്ടും തോറ്റുപോയവർ: ഇർഷാദ് മൊറയൂർ എഴുതുന്നു

-ഇർഷാദ് മൊറയൂർ

ജയിച്ചിട്ടും തോറ്റുപോയവർ

സംസ്ഥാനത്തെ എസ്എസ്എൽസി റിസൾട്ട് വന്നു. ആഹാ.. ഗംഭീര വിജയം. പിതൃത്വം ഏറ്റെടുക്കലും അവകാശവാദങ്ങളും ഏതാണ്ട് ഒതുങ്ങിയ മട്ടാണ്. ഇനി ബാക്കിയുള്ളത് വിജയിച്ച കുട്ടികളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമാണ്. അതിന് ഇത്തവണയെങ്കിലും അധികൃതർ കണ്ണ് തുറക്കുമോ എന്നാണ് കണ്ടറിയേണ്ടത്. മുൻ അനുഭവങ്ങൾ നമുക്ക് മുന്നിലുള്ളപ്പോൾ സർക്കാർ കനിയുമെന്ന് ഒട്ടും പ്രതീക്ഷയുമില്ല.

സംസ്ഥാനത്ത് ആകെ 4,21,887 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. അതിൽ 4,19,651 പേരും ഉപരിപഠനത്തിനു യോഗ്യത നേടി. സേ പരീക്ഷ, സി.ബി.എസ്.ഇ, ഐ.ജി.സി.എസ്.ഇ സിലബസ് റിസൾട്ട് കൂടി വന്നാൽ എണ്ണം ഇനിയും കൂടും. എന്നാൽ ഇത്രയും കുട്ടികൾക്ക് സംസ്ഥാനത്ത് ആകെയുള്ളത് 3,61,742 സീറ്റുകളാണ്. 57905 സീറ്റുകളുടെ കുറവ്. ഇനി ഈ കുറവ് എവിടെയാണ് എന്നു നോക്കിയപ്പോഴാണ് കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാവുക. നമ്മുടെ വികസന മോഡൽ എത്ര വിവേചനപരമായിരുന്നു എന്നതിന് ജീവിച്ചിരിക്കുന്ന ഉദാഹരണം.

കുറവുള്ള 57905 സീറ്റുകളും മലബാർ ജില്ലകളിലാണ്. അതിൽ കൂടുതൽ മലപ്പുറത്തും. 75554 കുട്ടികളാണ് ഇത്തവണ മലപ്പുറത്ത് ഉപരിപഠനത്തിനു യോഗ്യത നേടിയത്. ഇതിന് മലപ്പുറത്തുള്ളത് 41200 സീറ്റുകളാണ്. ഇതിൽ തന്നെ 6463 എണ്ണം നോൺ മെറിറ്റ് സീറ്റുകളാണ്. ഇനി മറ്റു സാധ്യതകൾ കൂടി പരിഗണിച്ചാൽ തന്നെ ആകെയുള്ളത് 46257 സീറ്റുകൾ മാത്രമാണ്. മറ്റൊന്ന്, 18970 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസും ലഭിച്ചു. എല്ലാ വിഷയങ്ങളും എ പ്ലസ് നേടിയ ഒരു കുട്ടി തനിക്ക് ആഗ്രമുള്ള സ്‌കൂളിൽ പഠിക്കണമെന്നോ അവർ സയൻസ് വിഷയം എടുക്കണമെന്നോ ആഗ്രഹിച്ചാൽ മലപ്പുറത്ത് അത് നടക്കണമെന്നില്ല. പിന്നെ, ബാക്കിയുള്ളവരുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ!

കാസർകോട് മുതൽ തൃശൂർ വരെയുള്ള ജില്ലകളിലാണ് സീറ്റ് കുറവുള്ളത്. അതിൽ പോളി, ഐ.ടി.ഐ, വി.എച്ച്.എസ്. സീറ്റുകൾ പരിഗണിച്ചാൽ മലപ്പുറം ഒഴികെ മറ്റെല്ലാ ജില്ലകളിലും സീറ്റുകൾ ഒപ്പിക്കാം. സർക്കാരിന്റെ മാർജിനൽ ഇൻക്രീസ് കൂടിയാകുമ്പോൾ ആ കടമ്പ കടക്കാം. എന്നാലും മലപ്പുറത്ത് 29297 കുട്ടികൾക്ക് സ്‌കൂൾ വരാന്തകൾ അന്യമാകും.

ഇത് ഈ വർഷം മാത്രമുള്ള പ്രതിഭാസമാണ് എന്നു കരുതരുത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ തുടക്കം മുതൽ മലപ്പുറത്തുകാർ ഇത് അനുഭവിക്കുന്നതാണ്. വർഷവും കാണിക്കുന്ന ചില തട്ടിക്കൂട്ട് നാടകങ്ങൾ ഒഴിച്ചാൽ മലപ്പുറത്തിന്റെ വിഭ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ മാറി മാറി വന്ന സർക്കാറുകൾ ഒന്നും ചെയ്തില്ല എന്നതാണ് വസ്തുത. ജില്ലയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രിമാർ വരെ ഉണ്ടായിരുന്നിട്ടും വിദ്യാർത്ഥികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ജനപ്രതിനിധികൾക്ക് സാധിച്ചില്ല. കൂടുതൽ കാലം വിഭ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ലീഗിനും യു.ഡി.എഫിനും അതിൽ കൂടുതൽ ഉത്തരവാദിത്വമുണ്ട്.

കേരളത്തെ രണ്ടായി വെട്ടിമുറിച്ചാണ് ഇരു മുന്നണികളും കേരളം ഭരിച്ചിരുന്നത് എന്നതിന് ഈ കണക്കുകൾ സാക്ഷിയാണ്. മലപ്പുറത്തെ നയിക്കാൻ ജനങ്ങൾ ഏല്പിച്ചവർ ആവട്ടെ, ആയ കാലത്ത് സർക്കാർ, എയ്ഡഡ് സ്‌കൂളുകൾ ഉണ്ടാക്കുന്നതിന് പകരം കോഴ വാങ്ങാൻ പാകത്തിൽ അൺ എയ്ഡഡ് സ്‌കൂളുകൾ ഉണ്ടാക്കുന്ന തിരക്കിലുമായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അൺ എയ്ഡഡ് സ്‌കൂളുകൾ മലപ്പുറം ജില്ലയിലാണ് എന്നത് ഇത് ശരിവെക്കുന്നു. തെക്കൻ ജില്ലകളിൽ ഈ പണി നടന്നപ്പോൾ ഞമ്മള് അഞ്ചാം മന്ത്രിയുടെ പിന്നാലെയായിരുന്നു.

കാലങ്ങളായി മലപ്പുറം ജില്ല നേരിടുന്ന വിഷയമായതുകൊണ്ട് തന്നെ മുൻകൂട്ടി പരിഹരിക്കാനുള്ള ശ്രമം സർക്കാറുകൾ നടത്തിയിട്ടില്ല എന്നതാണ് വസ്തുുത. ജില്ലക്ക് പ്രത്യേക പാക്കേജായി നിലവിലെ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ ബാച്ചുകളുടെ എണ്ണങ്ങൾ വർദ്ധിപ്പിക്കാനോ ഹൈസ്‌ക്കൂളുകൾ ഹയർ സെക്കണ്ടറിയാക്കി അപ്ഗ്രേഡ് ചെയ്യാനോ ഒരു ശ്രമവും സർക്കാറോ മലപ്പുറം ജില്ലയെ ഏറെ കാലം പ്രതിനിധാനം ചെയ്ത മുസ്ലിം ലീഗോ നടത്തിയിട്ടില്ല. അഞ്ച് വർഷം കൂടുമ്പോൾ കിട്ടുന്ന മന്ത്രി സ്ഥാനവും കൊടിവെച്ച കാറും മാത്രമാണ് ലീഗിന് വിശയമായുള്ളത്. മലപ്പുറത്ത് കുട്ടികൾ ജയിച്ചത് കോപ്പിയടിച്ചാണ് എന്നും പറഞ്ഞ അച്യുതാനന്ദന്റെ പിന്മുറക്കാർ ഇതിലെന്തെങ്കിലും ചെയ്യുമെന്ന് ഓർക്കുക കൂടി വയ്യ.

50 കുട്ടികളാണ് ഇപ്പോൾ ഓരോ ക്ലാസിലുമുള്ളത്. മാർജിനൽ ഇൻക്രീസ് വരുത്തിയാൽ 60 കഴിയും. അതുകൊണ്ട് തന്നെ ഇത് അപ്രയോഗികമാണ്. കൂടുതൽ സ്‌കൂളുകളും അധിക ബാച്ചുകളും അനുവദിക്കുക എന്നതാണ് പ്രശ്‌നം പൂർണമായി പരിഹരിക്കാൻ ആത്മാർഥ ഉണ്ടെങ്കിൽ സർക്കാർ ചെയ്യേണ്ടത്.

ഉള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തി മലപ്പുറത്തെ കുട്ടികൾ ഏറെ ബുദ്ധിമുട്ടി ഉയർന്ന മാർക്ക് വാങ്ങുമ്പോൾ അത് സർക്കാറിന്റെയോ ഭരണ സംവിധാനത്തിന്റെയോ വിജയമായി കോലാഹലങ്ങൾ നടത്താൻ ഇവരാറും മറക്കാറില്ല. എന്നാൽ വിദ്യാർത്ഥികൾക്കുള്ള പഠന സൗകര്യം ഒരുക്കാൻ ബാധ്യതയുള്ള സർക്കാർ ആ അവകാശങ്ങൾ ഹനിക്കാൻ കൂട്ടുനിൽക്കുന്നു എന്ന ദൗർഭാഗ്യകരമായ സാഹചര്യമാണ് നിലവിലുള്ളത്. 'അതേ മികച്ച വിജയം നേടിയിട്ടും തോറ്റുപോയവർ..'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP