Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ സുരേന്ദ്രന് എതിരെ കോഴ ആരോപണം: എം വിജയരാജനുമായി ചർച്ച നടത്തി പ്രസീത അഴീക്കോട്; കൂടിക്കാഴ്ച സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ

കെ സുരേന്ദ്രന് എതിരെ കോഴ ആരോപണം: എം വിജയരാജനുമായി ചർച്ച നടത്തി പ്രസീത അഴീക്കോട്; കൂടിക്കാഴ്ച സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ സി കെ ജാനുവിന് കോഴ നൽകിയെന്ന് ആരോപണം ഉന്നയിച്ച ജെആർപി ട്രഷറർ പ്രസീത അഴീക്കോട് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയാണ് പ്രസീത എം വിജയരാജനെ കണ്ടത്.

പ്രസീതക്ക് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. അതേസമയം സിപിഎം ജില്ലാ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത് കേസിന്റെ കാര്യം സംസാരിക്കാനല്ലെന്ന് പ്രസീത അഴീക്കോട് കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സമുദായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് വന്നത്.

മന്ത്രിയെ കാണാൻ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. മന്ത്രി എത്താൻ വൈകുമെന്നതിനാലാണ് ജില്ലാ സെക്രട്ടറിയെ കണ്ടത്. ജെആർപി എൻഡിഎയിൽ നിന്ന് പുറത്ത് വന്നതാണ്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടി നേതാക്കളെ കാണുന്നതിൽ എന്താണ് തെറ്റെന്നും പ്രസീത ചോദിച്ചു.

കോഴ നൽകിയെന്ന കേസിൽ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. പ്രസീത അഴീക്കോട് വെളിപ്പെടുത്തിയത് അനുസരിച്ച് അരിസറ്റോ ജംഗ്ഷനിലെ ഹോട്ടലിലാണ് ആറു മണിക്കൂർ അന്വേഷണ സംഘം പരിശോധന നടത്തിയത്.

പണം കൈമാറിയ സമയത്ത് ജാനുവിനൊപ്പം ഉണ്ടായിരുന്ന ജെആർപി സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴയെയും ക്രൈം ബ്രാഞ്ച് വിളിച്ചു വരുത്തിയിരുന്നു. 90 ദിവസം പിന്നിട്ടതിനാൽ സി സി ടി വി ദൃശ്യങ്ങൾ നഷ്ടമായതായി ഹോട്ടൽ അധികൃതർ അറിയിച്ചു. അതോടെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിക്കുന്ന എൻ വി ആർ (നെറ്റ്‌വർക്ക് വീഡിയോ റെക്കോർഡർ ) പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ ദിവസങ്ങളിലെ രജിസ്റ്റർ രേഖകളും ശേഖരിച്ചിട്ടുണ്ട്.

ഡി വൈ എസ് പി ആർ മനോജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. നേരത്തെ സുൽത്താൻ ബേത്തേരിയിലെ ഹോം സ്റ്റേയിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. പ്രസീതയും കെ സുരേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തു വന്നതിന് പിന്നാലെയാണ് കോടതി നിർദ്ദേശത്തെ തുടർന്ന് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.

മാർച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലിലെ റൂമിൽ വച്ച് 10 ലക്ഷം രൂപ സുരേന്ദ്രൻ കോഴ നൽകിയെന്നാണ് പ്രസീത വെളിപ്പെടുത്തിയത്. സുരേന്ദ്രനൊപ്പം പ്രൈവറ്റ് സെക്രട്ടറി ദിപിനും ഒപ്പമുണ്ടായിരുന്നു. എൻ ഡി എ മുന്നണിയിൽ നിന്നും വിട്ടു നിന്നിരുന്ന ജാനുവിനെ തിരികെ എത്തിക്കാനാണ് പണം നൽകിയതെന്നും വെളിപ്പെടുത്തിയിരുന്നു. എന്നാൽ വിവാദത്തിന് പിന്നിൽ സി പി എം ആണെന്നായിരുന്നു ബിജെപി നേതാക്കളുടെ ആരോപണം.

നേരത്തെ പുറത്തു വന്ന ഫോൺ സംഭാഷണത്തിൽ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിൻ ആണ് പ്രസീതയെ ഫോൺ ചെയ്തുന്നത്. അതിന് ശേഷമാണ് ഫോൺ കെ സുരേന്ദ്രന് നൽകുന്നത്. ബിജെപി സംഘടനാ സെക്രട്ടറി എം ഗണേശൻ വിളിച്ചപ്പോൾ സികെ ജാനു തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു കട്ട് ചെയ്തു എന്നും പിന്നീട് തിരിച്ചു വിളിച്ചില്ല എന്നും കെ സുരേന്ദ്രൻ പ്രസീത അഴീക്കോടിനെ അറിയിക്കുന്നു. എം ഗണേശൻ ആരാണെന്ന് ഒരുപക്ഷേ സികെ ജാനുവിന് മനസ്സിലായിട്ടുണ്ടാവില്ല എന്നും അദ്ദേഹം ബിജെപിയുടെ സംഘടനാ സെക്രട്ടറി ആണെന്നും ഒന്നും സുരേന്ദ്രൻ പറയുന്നതായി ശബ്ദരേഖയിൽ വ്യക്തമാണ്.

ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കിയത് പ്രകാരം മാർച്ച് 26 ആം തീയതി ബത്തേരിയിലെ ഹോംസ്റ്റേയിൽ വെച്ച് സി കെ ജാനു 25 ലക്ഷം രൂപ കൈപ്പറ്റി എന്നാണ് ജെ ആർ പി നേതാക്കളുടെ ആക്ഷേപം. ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലാണ് പൂജ പ്രസാദങ്ങൾ ഉള്ള സഞ്ചിയിൽ പണവുമായി എത്തിയത് എന്നും പ്രസീത അഴീക്കോട് പറഞ്ഞു. കേസിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP