Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ യുവനിരയ്ക്ക് ലങ്കൻ പരീക്ഷ; പരമ്പരയിലെ ആദ്യ ഏകദിനം ഞായറാഴ്ച; 'അരങ്ങേറ്റത്തിന്' അവസരം കാത്ത് 'യൂത്തൻ'മാർ; റെക്കോർഡ് നേട്ടത്തിലേക്ക് ബാറ്റ് വീശാൻ നായകൻ ശിഖർ ധവാൻ

ഇന്ത്യൻ യുവനിരയ്ക്ക് ലങ്കൻ പരീക്ഷ; പരമ്പരയിലെ ആദ്യ ഏകദിനം ഞായറാഴ്ച; 'അരങ്ങേറ്റത്തിന്' അവസരം കാത്ത് 'യൂത്തൻ'മാർ; റെക്കോർഡ് നേട്ടത്തിലേക്ക് ബാറ്റ് വീശാൻ നായകൻ ശിഖർ ധവാൻ

സ്പോർട്സ് ഡെസ്ക്

കൊളംബോ: ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പരയ്ക്ക് ഏകദിന മത്സരത്തോടെ ഞായറാഴ്ച തുടക്കമാകും. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതലാണ് ആദ്യ ഏകദിനം. ശിഖർ ധവാന്റെ നേതൃത്വത്തിൽ യുവനിരയാണ് ഇന്ത്യക്കായി ഇറങ്ങുക.

വിരാട് കോലിയുടെ നേതൃത്വത്തിലുള്ള സീനിയർ ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാലാണ് ഇന്ത്യ യുവനിരയെ ലങ്കയിലേക്ക് അയച്ചിരിക്കുന്നത്. രവി ശാസ്ത്രിക്ക് പകരം രാഹുൽ ദ്രാവിഡാണ് പരിശീലകൻ. എല്ലാ മത്സരങ്ങളും കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

ഏകദിന പരമ്പരയിൽ ടീമിലെ ഓരോ സ്ഥാനത്തേക്കും ഒന്നിലേറെ കളിക്കാർ പ്രകടനമികവു കൊണ്ട് അവകാശവാദമുയർത്തി നിൽക്കുന്നു. പരമ്പരയിൽ എങ്ങനെ ജയിക്കാം എന്നതിനൊപ്പം ട്വന്റി20 ലോകകപ്പിനു മുൻപ് എല്ലാവർക്കും എങ്ങനെ അവസരം കൊടുക്കാമെന്നും തല പുകയ്ക്കുകയാണു പരിശീലകൻ രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ ശിഖർ ധവാനും. 3 വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.

നായകൻ ധവാനൊപ്പം ആര് ഓപ്പൺ ചെയ്യും എന്നതാണ് ആദ്യ ചോദ്യം. പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്ക്വാദ്, ഇഷൻ കിഷൻ, നിതീഷ് റാണ എന്നിവർ ടീമിലുണ്ട്. എങ്കിലും ഷായും ദേവ്ദത്തും തമ്മിലായിരിക്കും പ്രധാന മത്സരം. വലംകൈ ബാറ്റ്‌സ്മാനാണെന്നതു ഷായ്ക്ക് അനുകൂലമാണ്. വൺഡൗൺ പൊസിഷനിൽ മുൻപന്തിയിൽ സൂര്യകുമാർ യാദവ് തന്നെ.

ഇന്ത്യ ഒരു സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനെ കളിപ്പിക്കുകയാണെങ്കിൽ സൂര്യകുമാറിനെ 4ാം സ്ഥാനത്തേക്കു മാറ്റാം. അങ്ങനെയെങ്കിൽ ഇഷനോ റാണയ്‌ക്കോ വൺഡൗണായി അവസരം കിട്ടും. സൂര്യകുമാർ വൺഡൗണിൽ തുടരുകയാണെങ്കിൽ 4ാം സ്ഥാനത്ത് മനീഷ് പാണ്ഡെയ്ക്കാണ് സാധ്യത. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഇഷനും സഞ്ജു സാംസണും തമ്മിലാണ് മത്സരം. വിക്കറ്റ് കീപ്പിങ്ങിൽ ഒരുപടി മുന്നിൽ നിൽക്കുന്നതു സഞ്ജുവിനുള്ള ആനുകൂല്യം. എന്നാൽ, കഴിഞ്ഞ ഐപിഎലിൽ അഞ്ഞൂറിലേറെ റൺസ് നേടിയ മികവ് ഇഷന് കൂട്ടുണ്ട്.

ഞായറാഴ്ച ഇന്ത്യയെ നയിച്ച് ഇറങ്ങുമ്പോൾ ഓപ്പണർ ശിഖർ ധവാന് ഒരുപിടി റെക്കോർഡുകൾ കയ്യകലത്തിലാണ്. ഇന്ത്യയുടെ പ്രായം കൂടിയ ഏകദിന നായകനായി അരങ്ങേറുന്ന 35കാരനായ ധവാൻ ബാറ്റിംഗിൽ അനുപമമായ മറ്റൊരു റെക്കോർഡ് നാളെ സ്വന്തമാക്കിയേക്കും.

ഏകദിന ക്രിക്കറ്റിൽ 23 റൺസ് കൂടി നേടിയാൽ 6000 ഏകദിന റൺസെന്ന നേട്ടം ധവാന് സ്വന്തമാവും. ഈ നേട്ടം കൈവരിക്കുന്ന പത്താമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന നേട്ടവും ഇതോടെ ധവാന് സ്വന്തമാവും. സച്ചിൻ ടെൻഡുൽക്കർ(18,426), വിരാട് കോലി(12,169), സൗരവ് ഗാംഗുലി(11,363), രാഹുൽ ദ്രാവിഡ് (10,889),എം എസ് ധോണി(10,773), മുഹമ്മദ് അസറുദ്ദീൻ (9,378), രോഹിത് ശർമ (9,205),യുവരാജ് സിങ്(8,701), വീരേന്ദർ സെവാഗ്(8,273) എന്നിവരാണ് ധവാന് മുമ്പ് 6000 ക്ലബ്ബിൽ ഇടം നേടിയിട്ടുള്ള ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്കുശേഷം ഏറ്റവും കുറവ് മത്സരങ്ങളിൽ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന റെക്കോർഡും ധവാന് സ്വന്തമാവും. 147 ഇന്നിങ്‌സുകളിൽ 6000 റൺസ് പിന്നിട്ടുള്ള മുൻ നായകൻ സൗരവ് ഗാംഗുലിയാണ് ഇപ്പോൾ കോലിക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത്. 139 ഇന്നിങ്‌സിൽ 45.28 ശരാശരിയിൽ 5977 റൺസാണ് നിലവിൽ ധവാന്റെ സമ്പാദ്യം. 136 ഇന്നിങ്‌സിലാണ് വിരാട് കോലി 6000 റൺസ് പിന്നിട്ടത്.

17 റൺസ് കൂടി നേടിയാൽ ശ്രീലങ്കക്കെതിരെ ഏകദിനത്തിൽ 1000 റൺസെന്ന നേട്ടവും ധവാന് സ്വന്തമാക്കാം. ഈ നേട്ടം കൈവരിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യൻ താരമാവും ധവാൻ.

ആദ്യ ഏകദിനത്തിന് മുന്നോടിയായി ശ്രീലങ്ക 24 അംഗ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കുശാൽ പെരേരയും ഫാസ്റ്റ് ബൗളർ ബിനുര ഫെർണാണ്ടോയും ടീമിലില്ല. ദാസുൻ ഷനകയാണ് ലങ്കയെ നയിക്കുക. ധനഞ്ജയ ഡിസിൽവ ഉപനായകനാവും. ലാഹിരു ഉഡാര, ഷിരൺ ഫെർണാണ്ടോ, ഇഷാൻ ജയരത്നെ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. പരമ്പരയിൽ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണുള്ളത്.

ഇന്ത്യൻ സ്‌ക്വാഡ്: ശിഖർ ധവാൻ(ക്യാപ്റ്റൻ), ഭുവനേശ്വർ കുമാർ(ഉപനായകൻ), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, റിതുരാജ് ഗെയ്ക്വാദ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹർദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), യുസ്വേന്ദ്ര ചാഹൽ, രാഹുൽ ചഹാർ, കൃഷ്ണപ്പ ഗൗതം, ക്രുനാൽ പാണ്ഡ്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ദീപക് ചഹാർ, നവ്ദീപ് സെയ്നി, ചേതൻ സക്കറിയ.

ശ്രീലങ്കൻ സ്‌ക്വാഡ്: ദസുൻ ഷനക (ക്യാപ്റ്റൻ), ധനഞ്ജയ ഡിസിൽവ, അവിഷ്‌ക ഫെർണാണ്ടോ, ഭാനുക രാജപക്സ, പതും നിസങ്ക, ചരിത് അസലങ്ക, വാനിഡു ഹസരങ്ക, അഷൻ ഭണ്ഡാര, മിനോദ് ഭാനുക, ലാഹിരു ഉഡാര, രമേഷ് മെൻഡിസ്, ചാമിക കരുണാരത്നെ, ബിനുര ഫെർണാണ്ടോ, ദുഷ്മന്ത ചമീര, ലക്ഷൻ സന്ധാകൻ, അകില ധനഞ്ജയ, ഷിരൺ ഫെർണാഡോ, ധനഞ്ജയ ലക്ഷൻ, ഇഷാൻ ജയരത്നെ, പ്രവീൺ ജയവിക്രമ, അസിത ഫെർണാണ്ടോ, കശുൻ രജിത, ലാഹിരു കുമാര, ഇസുരു ഉഡാന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP