Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ ലീഗ് കർശന നിലപാടിൽ പ്രതിസന്ധിയിലായത് കോൺഗ്രസ്; സർക്കാറിനെതിരായ നിലപാട് മലബാറിൽ ലീഗിന് തുണയാകുമെങ്കിലും മധ്യകേരളത്തിൽ ക്രൈസ്തവ വിഭാഗം കൂടുതൽ അകലുമെന്ന് കോൺഗ്രസിന് ആശങ്ക; സതീശൻ നിലപാട് മയപ്പെടുത്തിയത് മുസ്ലിം വിഭാഗത്തിന്റെ എതിർപ്പ് ഭയന്ന്; വിഷയം ചർച്ചയാക്കാൻ ആഗ്രഹിക്കാതെ സിപിഎമ്മും

ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ ലീഗ് കർശന നിലപാടിൽ പ്രതിസന്ധിയിലായത് കോൺഗ്രസ്; സർക്കാറിനെതിരായ നിലപാട് മലബാറിൽ ലീഗിന് തുണയാകുമെങ്കിലും മധ്യകേരളത്തിൽ ക്രൈസ്തവ വിഭാഗം കൂടുതൽ അകലുമെന്ന് കോൺഗ്രസിന് ആശങ്ക; സതീശൻ നിലപാട് മയപ്പെടുത്തിയത് മുസ്ലിം വിഭാഗത്തിന്റെ എതിർപ്പ് ഭയന്ന്; വിഷയം ചർച്ചയാക്കാൻ ആഗ്രഹിക്കാതെ സിപിഎമ്മും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് സംബന്ധിച്ചുണ്ടായ കോടതിവിധി കേരള രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു. ന്യൂനപക്ഷ സ്‌കോളർഷിപ് വിഹിതം ജനസംഖ്യാനുപാതികമായി നിശ്ചയിക്കാനുള്ള മന്ത്രിസഭാ തീരുമാനിച്ചതോടെ വിഷയം സജീവ ചർച്ചയാകുമെന്ന് ഉറപ്പാണ്. എന്നാൽ, ഈ വിഷയത്തിൽ ലീഗ് കർശന നിലപാടിലേക്ക് കടക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് കാരണം. ഘടകകക്ഷികളുമായി കൂടിയാലോചിച്ച് കരുതലോടെ നീങ്ങാനാണു കോൺഗ്രസ് ആഗ്രഹിക്കുന്നത്. ഇതിനിടെയാണ് സതീശന്റെ വാക്കുകൾക്ക് എതിരായി ലീഗ് രംഗത്തുവന്നത്.

80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഭരണകക്ഷിയായ ഇടതുമുന്നണിക്ക് ഈ വിഷയം കല്ലുകടിയായി മാറുമെന്നായിരുന്നു പരക്കെ കരുതിയിരുന്നത്. എന്നാൽ പ്രതീക്ഷകൾക്കപ്പുറം പ്രതിപക്ഷ കക്ഷിയായ യുഡിഎഫിനുള്ളിൽ തന്നെ വലിയ പൊട്ടിത്തെറികൾക്കാണ് കേരളമിന്ന് സാക്ഷ്യം വഹിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ ലീഗ് നേതാക്കൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇത് മുമ്പ് അഞ്ചാം മന്ത്രി വിവാദത്തിൽ ഉണ്ടാക്കിയ വിവാദം കണക്കെ തിരിച്ചടിയാകുമെന്ന ആശങ്കയ്ക്ക് ഇട നൽകുന്നുണ്ട്. ലീഗിന് സംഘടനാ തലത്തിൽ ഊർജ്ജം പകരമെങ്കിലും മധ്യകേരളത്തിലും തെക്കൻ കേരളത്തിലും കോൺഗ്രസ് തിരിച്ചടിയാകും ഈ വിഷയമെന്നാണ് ആശങ്ക.

ഒരുസമുദായത്തിനും നിലവിൽ കിട്ടുന്ന ആനൂകൂല്യം കുറയില്ലെന്ന് സർക്കാർ പറയുമ്പോഴും ന്യൂനപക്ഷ ജനസംഖ്യ മൊത്തത്തിൽ അടിസ്ഥാനം ആക്കുമ്പോൾ പുതിയ ഫോർമുലയിൽ മുസ്ലിം വിഭാഗത്തിനുള്ള ആനുകൂല്യം 80 ൽ നിന്നും 60 ലേക്ക് കുറയുമെന്നാണ് ലീഗ് അടക്കമുള്ള സംഘടനകളുടെ പരാതി. ലീഗിന്റെ അഭിപ്രായത്തെ അനുകൂലിക്കാനോ എതിർക്കാനോ കഴിയാത്ത സന്നിഗ്ധാവസ്ഥയിലാണ് മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ്.

ആ അടുത്തകാലത്ത് ക്രിസ്ത്യൻ ജനവിഭാഗങ്ങൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ 80: 20 അനുപാതത്തിലെ അനീതി. ആ ചിന്ത തന്നെയായിരുന്നു ഈ വിഷയത്തെ കോടതി കയറ്റിയതും. ഒടുവിൽ 80:20 അനുപാതം റദ്ദ് ചെയ്ത കോടതി ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് വിതരണം ചെയ്യാൻ ആവശ്യപ്പെടുമ്പോൾ പ്രതിസന്ധിയിലായത് കോൺഗ്രസാണ്. വിധി അംഗീകരിച്ചാൽ ലീഗിനേയും, എതിർത്താൽ മധ്യകേരളത്തിലെയും തെക്കൻ തിരുവിതാംകൂറിലേയും പ്രധാന വോട്ട് ബാങ്കായ ക്രിസ്ത്യൻ വിഭാഗത്തേയും അകറ്റേണ്ടി വരും.

വിഷയത്തിൽ തിരക്കിട്ട് നിലപാടെടുക്കേണ്ടതില്ലെന്നാണ് യുഡിഎഫ് തീരുമാനം. എന്നാൽ സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം ലീഗ് ശക്തമായി രംഗത്തു വന്നതു കോൺഗ്രസിന് കണക്കിലെടുക്കേണ്ടിവരും. നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യം ഒരു വിഭാഗത്തിനും നഷ്ടമാകരുത് എന്നാണ് സർവകക്ഷി യോഗത്തിൽ യുഡിഎഫ് ആവശ്യപ്പെട്ടത്. നിലവിൽ ആനുകൂല്യം കുറഞ്ഞ തോതിൽ ലഭിക്കുന്ന വിഭാഗങ്ങൾക്കായി പ്രത്യേക പദ്ധതി വേണമെന്നും നിർദ്ദേശിച്ചു. മുസ്ലിം ലീഗും കേരള കോൺഗ്രസും (ജോസഫ്) ഉള്ള മുന്നണിയിൽ ഭിന്നാഭിപ്രായം ഉയരാതിരിക്കാൻ യോഗത്തിനു മുൻപു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ശ്രമിച്ചിരുന്നു. എന്നാൽ സതീശന്റെ ഒരു അഭപ്രായത്തിന്റെ പുറത്ത് ഇപ്പോൾ നടക്കുന്ന തർക്കങ്ങൾ ആ ശ്രമങ്ങളെയൊക്കെ വൃഥാവിലാക്കിയോ എന്നാണ് കോൺഗ്രസിന്റെ ആശങ്ക.

നഷ്ടപ്പെട്ടുപോയ ന്യൂനപക്ഷവോട്ടുകൾ തിരികെയെത്തിക്കാൻ യുഡിഎഫ് ശ്രമിക്കുന്നതിനിടെയാണ് ഈ വിവാദം ഉയർന്നുവരുനന്ത്. അത് ആത്യന്തികമായി സംസ്ഥാനത്തെ മുസ്ലിം- ക്രിസ്ത്യൻ അകൽച്ച വർദ്ധിപ്പിക്കുമെന്ന് യുഡിഎഫ് ഭയപ്പെടുന്നു. അത് ആത്യന്തികമായി തങ്ങൾക്കാണ് ദോഷം ചെയ്യുകയെന്ന തിരിച്ചറിവ് മുന്നണി നേതൃത്വത്തിനുണ്ട്. അതുകൊണ്ടുതന്നെ മുന്നണിയുടെ നിലനിൽപ്പ് പരിഗണിക്കാതെ ഈ വിഷയത്തിൽ തീവ്രനിലപാട് കൈക്കൊള്ളുന്ന ലീഗ് നേതൃത്വത്തിന്റെ രീതിയോട് കോൺഗ്രസിന്റെ ചില നേതാക്കൾക്ക് അതൃപ്തിയുണ്ട്. തങ്ങളുടെ വോട്ട് ബാങ്ക് സംരക്ഷിക്കാൻ മാത്രമാണ് ലീഗ് ശ്രമിക്കുന്നതെന്ന് അവർ ആരോപിക്കുന്നു.

സർവകക്ഷി യോഗത്തിൽ യുഡിഎഫ് വച്ച നിർദ്ദേശത്തിന്റെ ആദ്യഭാഗം സർക്കാർ ഉൾക്കൊണ്ടു. എന്നാൽ പ്രത്യേക സ്‌കോളർഷിപ് പദ്ധതി എന്ന പ്രതിപക്ഷ നിർദ്ദേശം അംഗീകരിക്കപ്പെട്ടില്ല. നിലവിൽ കൂടുതൽ ആനുകൂല്യം ലഭിക്കുന്ന മുസ്ലിം വിഭാഗത്തിന് ജനസംഖ്യാനുപാതിക വിഭജനം ദോഷകരകമായേക്കാം. സ്‌കോളർഷിപ് വിഹിതം കുറയുമെന്നാണ് അവരുടെ ശങ്ക. പകരം നിലവിൽ ഓരോ വിഭാഗത്തിൽ നിന്നും എത്ര പേർക്ക് ആനുകൂല്യം ലഭിക്കുന്നുവോ, അത്രയും പേർക്ക് തുടർന്നും അധിക പണം വകയിരുത്തി നൽകാനാണു തീരുമാനം.

ലീഗ് എതിർക്കുന്ന അതേ തോതിൽ യുഡിഎഫ് പ്രതിഷേധം ഉയർത്താൻ ഇടയില്ല. ജസ്റ്റിസ് ബഞ്ചമിൻ കോശി റിപ്പോർട്ട് പ്രകാരം പ്രത്യേക സ്‌കോളർഷിപ് പദ്ധതിക്കു വേണ്ടി അവർ വാദം ഉയർത്തും.എന്നാൽ മുന്നണിക്കുള്ളിൽ നിന്ന് ലീഗ് തീവ്രനിലപാടുയർത്തുന്നത് യുഡിഎഫിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. അതേസമയം അത്തരമൊരു തലവേദന എൽഡിഎഫിനില്ല. സിപിഎം എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കാൻ ഐഎൻഎൽ തയ്യാറാണ്. വിഷയത്തിൽ മന്ത്രിസഭാ തീരുമാനം അന്തിമമാണെന്ന മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രഖ്യാപനം ആ പാർട്ടിയുടെ നിലപാട് പ്രഖ്യാപനം കൂടിയാണ്. എതിർപ്പുകളുണ്ടായാൽ സംഘടനാ സംവിധാനം ഉപയോഗിച്ചും ഭരണാധികാരങ്ങൾ ഉപയോഗിച്ചും അതിനെ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് സർക്കാർ.

എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം വിഭാഗങ്ങളുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ചെന്നു സിപിഎം സംസ്ഥാനകമ്മിറ്റി വിലയിരുത്തിയതിനു പിന്നാലെയാണ് ഈ വിഷയത്തിൽ സർക്കാരിനു തീരുമാനമെടുക്കേണ്ടി വന്നത്. ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുത്തതു മുസ്ലിം വിഭാഗങ്ങളുടെ പിന്തുണ കൂടുതൽ ആർജിക്കാനും തുടരാനും വേണ്ടിയാണ്. അതിനാൽ ന്യൂനപക്ഷ സ്‌കോളർഷിപ് തീരുമാനം രാഷ്ട്രീയ വിവാദമായി മാറുന്നത് സിപിഎമ്മും ആഗ്രഹിക്കുന്നില്ല.

കോടതിവിധി അംഗീകരിച്ച് മുന്നോട്ടുപോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ന്യൂനപക്ഷ വിദ്യാർത്ഥി സ്‌കോളർഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തിൽ പുനഃക്രമീകരിക്കാൻ മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തിൽ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ സ്‌കോളർഷിപ്പ് അനുവദിക്കും. ക്രിസ്ത്യൻ 18.38%, മുസ്ലിം 26.56%, ബുദ്ധർ 0.01%, ജൈൻ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. മേൽപ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളിൽ അപേക്ഷകർ ഉള്ളപ്പോൾ നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്‌കോളർഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതിൽ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഹൈക്കോടതി വിധിയെ തുടർന്ന് ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിതരണത്തിലെ അനുപാതം നിശ്ചയിക്കുന്നതിനു വേണ്ടി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ആദ്യം മുസ്ലിം വിഭാഗങ്ങൾക്ക് മാത്രമായിരുന്നു ഈ സ്‌കോളർഷിപ്പ് അനുവദിച്ചത്. പിന്നീട് ലത്തീൻ കത്തോലിക്ക വിഭാഗത്തെയും മറ്റു പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങളെയും ഉൾപ്പെടുത്തി 80:20 എന്ന അനുപാതം സ്വീകരിക്കുകയായിരുന്നു.

മുസ്ലിം, ക്രിസ്ത്യൻ, സിഖ്, പാഴ്സി, ജൈന, ബുദ്ധ മതക്കാർ എന്നിവരെയാണ് ന്യൂനപക്ഷങ്ങളായി കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾക്കുള്ള മെറിറ്റ് സ്‌കോളർഷിപ്പിൽ മുസ്ലിങ്ങളെയും ലത്തീൻ കത്തോലിക്ക പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങളെയും മാത്രമാണ് ഉൾപ്പെടുത്തിയത്. ഇത് വിവേചനമാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് അനുസരിച്ച് ന്യൂനപക്ഷ സമുദായങ്ങൾക്ക് മെറിറ്റ് സ്‌കോളർഷിപ്പ് തുല്യമായി വിതരണം ചെയ്യാൻ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ന്യൂനപക്ഷ കമ്മിഷനുകൾ ഒരു സമുദായത്തിന് മാത്രം വേണ്ടിയുള്ളതല്ല. 2011-ലെ സെൻസസ് അനുസരിച്ച് നോക്കുമ്പോൾ കേരളത്തിലെ ന്യൂനപക്ഷങ്ങൾ 45.27 ശതമാനമാണ്. ഇതിൽ മുസ്ലിങ്ങൾ 58.67 ശതമാനം വരും. 40.6 ശതമാനമാണ് ക്രിസ്ത്യാനികൾ. മറ്റുള്ളവർ 0.73 ശതമാനവും. സ്‌കോളർഷിപ്പ് നൽകുന്നതിൽ വിവേചനമുണ്ടെന്നാരോപിച്ച് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ സർക്കാരിനും സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും പരാതിനൽകിയിരുന്നു. ഇതിൽ ഒരു നടപടിയുമുണ്ടായില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP