Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്ചൻകോവിൽ ക്ഷേത്രത്തിൽ കൊലക്കേസ് പ്രതി ശാന്തിപ്പണി ചെയ്ത വിവരം അറിയാത്ത മട്ടിൽ ദേവസ്വം ബോർഡ്; ക്ഷേത്ര ശ്രീകോവിലിലെ ചൈതന്യം നശിച്ചുവെന്നും പരിഹാര ക്രിയ വേണമെന്നും ഭക്തജനസമിതി; ചെലവ് മുഴുവൻ ഉദ്യോഗസ്ഥൻ വഹിക്കണം; അന്വേഷണ ആവശ്യം ശക്തം

അച്ചൻകോവിൽ ക്ഷേത്രത്തിൽ കൊലക്കേസ് പ്രതി ശാന്തിപ്പണി ചെയ്ത വിവരം അറിയാത്ത മട്ടിൽ ദേവസ്വം ബോർഡ്; ക്ഷേത്ര ശ്രീകോവിലിലെ ചൈതന്യം നശിച്ചുവെന്നും പരിഹാര ക്രിയ വേണമെന്നും ഭക്തജനസമിതി; ചെലവ് മുഴുവൻ ഉദ്യോഗസ്ഥൻ വഹിക്കണം; അന്വേഷണ ആവശ്യം ശക്തം

ശ്രീലാൽ വാസുദേവൻ

പുനലൂർ: പ്രമാദമായ പത്തനംതിട്ട വാസുക്കുട്ടി കൊലക്കേസിൽ വിചാരണ നേരിടുന്ന ഒന്നാം പ്രതി ബിജുമോൻ അച്ചൻകോവിൽ ധർമശാസ്താ ക്ഷേത്രത്തിൽ ശാന്തിപ്പണി ചെയ്തുവെന്ന വിവരം പുറത്തു വന്നിട്ടും അതൊന്നും അറിയാത്ത മട്ടിൽ ദേവസ്വം ബോർഡിന്റെ നിലപാട്. സബ്ഗ്രൂപ്പ് ഓഫീസർ പ്രത്യേക താൽപര്യമെടുത്തുകൊണ്ടു വന്ന ബിജു മോന്റെ നിയമനം പുനലൂർ ദേവസ്വം കമ്മിഷണറുടെ കൂടി അറിവോട് കൂടിയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. എന്നിട്ടും ഇതേപ്പറ്റി ഒരു അന്വേഷണവും നടത്താൻ ദേവസ്വം ബോർഡ് ശ്രമിച്ചിട്ടില്ല. ആരെങ്കിലും ദേവസ്വം വിജിലൻസിന് പരാതി നൽകിയാൽ അന്വേഷണം നടത്താമെന്നാണ് ഇപ്പോഴത്തെ ദേവസ്വം അസി. കമ്മിഷണറുടെ നിലപാട്.

അതേ സമയം, കൊലക്കേസ് പ്രതി പൂജാരിയായി കയറിയതോടെ ക്ഷേത്രത്തിന്റെ ചൈതന്യം നഷ്ടപ്പെട്ടുവെന്നും ശുദ്ധിക്രിയയും പരിഹാര കർമങ്ങളും വേണമെന്ന് കാട്ടി അച്ചൻകോവിൽ ക്ഷേത്രത്തിലെ ഭക്തജന സമിതി ദേവസ്വം ബോർഡിന് പരാതി നൽകി. ഈ ചടങ്ങുകൾക്ക് വേണ്ട മുഴുവൻ ചെലവും ബിജുമോനെ ശാന്തിയായി നിയമിച്ച സബ് ഗ്രുപ്പ് ഓഫീസർ പികെ ലാലിൽ നിന്നും ഈടാക്കണം. മാത്രവുമല്ല, നിയമനം നടത്തിയതിൽ പങ്കുള്ള സബ്ഗ്രൂപ്പ് ഓഫീസർ, പുനലൂർ ദേവസ്വം അസി. കമ്മിഷണർ എന്നിവർക്കെതിരേ നടപടി വേണമെന്നും ആവശ്യമുയരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഓമല്ലൂരിലെ ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്നയാളാണ് പികെ ലാൽ. ഇവിടെ വച്ചുള്ള പരിചയമാണ് കൊലക്കേസ് പ്രതിയുമായി ഇയാൾക്കെന്നാണ് നാട്ടുകാർ പറയുന്നത്. ആ പരിചയം കൊണ്ടു കൂടിയാകാം കൊലക്കേസ് പ്രതി ശാന്തി വേഷത്തിൽ ക്ഷേത്രത്തിൽ വന്നതെന്നും ആരോപിക്കപ്പെടുന്നു.

അച്ചൻകോവിൽ ധർമശാസ്താ ക്ഷേത്രത്തിലെ ശാന്തിപ്പണി വൻ വരുമാനം നൽകുന്നതാണ്. ഇവിടുത്തെ അരച്ച ചന്ദനവും കിണറ്റിലെ രോഗശാന്തി നൽകുന്ന വെള്ളവും ഭക്തർക്കിടയിൽ പ്രസിദ്ധമാണ്. ഇങ്ങനെ ചന്ദനവും വെള്ളവും നൽകുന്നതിന് വലിയ തുകയാണ് ദക്ഷിണയായി ഭക്തർ നൽകുന്നത്. വൻ തുക തന്നെ ഒരു മാസം ഈയിനത്തിൽ ലഭിക്കുന്നുണ്ട്.

ബ്രാഹ്മണർക്ക് മാത്രമാണ് അച്ചൻകോവിൽ ക്ഷേത്രത്തിൽ താന്ത്രികാവകാശമുള്ളത്. ഈഴവ സമുദായത്തിൽപ്പെട്ടയാളാണ് ഇലന്തൂർ പരിയാരം മേട്ടയിൽ വീട്ടിൽ ബിജു മോൻ. ചെങ്ങന്നൂരിലെ ഒരു കടയിൽ നിന്നും 32 രൂപ കൊടുത്ത് വാങ്ങിയ പൂണൂലുമിട്ടായിരുന്നു ബിജുമോന്റെ തട്ടിപ്പ്. ഈ വിവരമൊക്കെ സബ്ഗ്രൂപ്പ് ഓഫീസർക്ക് അറിയാമായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. കൊലക്കേസ് പ്രതി ബ്രാഹ്മണൻ ആണെന്ന് പറഞ്ഞ് ശാന്തിപ്പണി ചെയ്ത വാർത്ത നാട്ടുകാരെ മുഴുവൻ ഞെട്ടിച്ചെങ്കിലും ദേവസ്വം ബോർഡിന് ഒരു ഞെട്ടലുമില്ല. യാതൊരു അന്വേഷണത്തിനും ഇതു വരെ ഉത്തരവുമില്ല. ദേവസ്വം ബോർഡിന്റെ തിരിച്ചറിയൽ കാർഡ് സഹിതമാണ് ഇയാൾ കഴിഞ്ഞിരുന്നത്.

വെറും പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ബിജു മോൻ ആദ്യം ഇലന്തൂരിൽ ഓട്ടോ ഡ്രൈവറായിരുന്നു. അന്ന് അല്ലറ ചില്ലറ മോഷണം തുടങ്ങി. സ്റ്റാൻഡിൽ കിടക്കുന്ന മറ്റു വാഹനങ്ങളുടെ സ്റ്റീരിയോ, ബോക്‌സ്, ബാറ്ററി ഇവയൊക്കെയായിരുന്നു മോഷ്ടിച്ചിരുന്നത്. സഹഡ്രൈവർമാർ പിടികൂടിയതോടെ പണി നിർത്തി പോയി. പിന്നെ കാണുന്നത് മേലേവെട്ടിപ്രത്ത് പ്രവർത്തിക്കുന്ന കാവുകണ്ടം സോഡാ കമ്പനിയിൽ ടെമ്പോ ഡ്രൈവർ ആയിട്ടായിരുന്നു. ബിസിനസ് ആവശ്യത്തിന് പണം വേണ്ടി വരുമ്പോൾ കാവുകണ്ടം കമ്പനി ഉടമ സ്വർണം പണയം വച്ചിരുന്നത് പത്തനംതിട്ടയിലുള്ള വാസുക്കുട്ടിയുടെ ഫിനാൻസിലായിരുന്നു.

മിക്കപ്പോഴും ബിജുവാകും സ്വർണം പണയം വയ്ക്കാനായി പോവുക. അങ്ങനെ വാസുക്കുട്ടിയുമായി ബിജു അടുത്ത പരിചയത്തിലായി. പണയം വയ്ക്കുന്ന ഉരുപ്പടികളും പണവും ഒരിക്കലും വാസുക്കുട്ടി സ്ഥാപനത്തിൽ വയ്ക്കില്ലെന്ന് ബിജു മനസിലാക്കിയത് അങ്ങനെയാണ്. ദിവസവും വൈകിട്ട് വീട്ടിലേക്ക് പോകുമ്പോൾ ഇതെല്ലാം കൊണ്ടു പോകും. പിറ്റേന്ന് വരുമ്പോൾ തിരികെ കൊണ്ടു വരും. കാലാകാലങ്ങളായി പണയം വച്ചിരുന്ന ഉരുപ്പടികൾ ഇങ്ങനെ ഒരു ബാഗിലാക്കി കൊണ്ടുപോവുകയും കൊണ്ടു വരികയും വാസുക്കുട്ടി ചെയ്തിരുന്നു. ഇക്കാര്യം മനസിലാക്കിയാണ് ബിജു കൊലപാതകം ആസൂത്രണം ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP