Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുളിക്കീഴ് സ്പിരിറ്റ് മോഷണം: യഥാർഥത്തിൽ കേസ് അന്വേഷിക്കേണ്ടത് മധ്യപ്രദേശ് പൊലീസ്; കേരളാ പൊലീസ് കാട്ടിക്കൂട്ടുന്നതെല്ലാം പ്രഹസനം: ഒരു തരത്തിലും നിലനിൽക്കാത്ത കേസിലെ അന്വേഷണം വമ്പന്മാരെ വെള്ളപൂശാൻ; ജനറൽ മാനേജരുടെയും പഴ്സൊണൽ മാനേജരുടെയും ജാമ്യാപേക്ഷ കോടതി തള്ളി

പുളിക്കീഴ് സ്പിരിറ്റ് മോഷണം: യഥാർഥത്തിൽ കേസ് അന്വേഷിക്കേണ്ടത് മധ്യപ്രദേശ് പൊലീസ്; കേരളാ പൊലീസ് കാട്ടിക്കൂട്ടുന്നതെല്ലാം പ്രഹസനം: ഒരു തരത്തിലും നിലനിൽക്കാത്ത കേസിലെ അന്വേഷണം വമ്പന്മാരെ വെള്ളപൂശാൻ; ജനറൽ മാനേജരുടെയും പഴ്സൊണൽ മാനേജരുടെയും ജാമ്യാപേക്ഷ കോടതി തള്ളി

ശ്രീലാൽ വാസുദേവൻ

തിരുവല്ല: പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് കൊണ്ടു വന്ന സ്പിരിറ്റിൽ 20,000 ലിറ്റർ മോഷ്ടിച്ചു മറിച്ചു വിറ്റ കേസ് യഥാർഥത്തിൽ അന്വേഷിക്കേണ്ടത് മധ്യപ്രദേശ് പൊലീസ്. നിയമപരമായി മധ്യപ്രദേശ് പൊലീസ് അന്വേഷിക്കേണ്ട കേസ് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് കേരളാ പൊലീസ് ഏറ്റെടുത്തത് എന്നാണ് സൂചന. വമ്പന്മാർക്കാണ് സ്പിരിറ്റ് മോഷണത്തിൽ പങ്കുള്ളത്. അവരെ രക്ഷിക്കുക എന്ന ലക്ഷ്യമാണ് കേരളാ പൊലീസിനുള്ളതെന്ന് വേണം കരുതാൻ.

മൂന്നു ലോറികളായി മധ്യപ്രദേശിലെ ഘോഡേയ്സ് ഡിസ്റ്റിലറിയിൽ നിന്ന് ജവാൻ റം ഉൽപാദകരായ പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് കൊണ്ടു വന്ന 1.15 ലക്ഷം ലിറ്റർ സ്പിരിറ്റിൽ നിന്നാണ് 20386 ലിറ്റർ സ്പിരിറ്റ് മറിച്ചു വിറ്റത്. മധ്യപ്രദേശിൽ വച്ചാണ് മോഷണം നടന്നത്. അവിടെ ബെദൂർ സ്വദേശിയായ അബു എന്നയാളാണ് സ്പിരിറ്റ് വാങ്ങിയത്. പുളിക്കീഴ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അബു ഏഴാം പ്രതിയാണ്.

സ്പിരിറ്റ് വാങ്ങിയതും മറിച്ചു വിറ്റതും മധ്യപ്രദേശിലാണ്. പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ നിന്ന് 1900 കി.മീറ്റർ അകലെയാണ് മോഷണം നടന്ന സ്ഥലം. ഒരിക്കലും പുളിക്കീഴ് പൊലീസല്ല ഇതിന് കേസെടുക്കേണ്ടത്. കുറ്റകൃത്യം നടന്ന സ്ഥലത്താണ് കേസ് രജിസ്റ്റർ ചെയ്യേണ്ടത്. സ്പിരിറ്റ് എത്തിക്കുന്നതിന് കരാർ എടുത്ത കമ്പനി
തങ്ങളുടെ സ്പിരിറ്റ് മോഷണം പോയെന്നും അത് വാങ്ങിയത് ബെദൂർ സ്വദേശി അബുവാണെന്ന് കാട്ടി മധ്യപ്രദേശ് പൊലീസിൽ പരാതി നൽകുകയും വേണമായിരുന്നു. അതിന് ഇവിടെ നിന്ന് പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് അധികൃതർ കരാർ കമ്പനി ഉടമയ്ക്ക് നോട്ടീസ് നൽകേണ്ടിയിരുന്നു.

കരാർ പ്രകാരം നിങ്ങൾ കൊണ്ടു വന്ന സ്പിരിറ്റിൽ മോഷണം നടന്നുവെന്നും മായം കലർത്തിയ സ്പിരിറ്റാണ് തങ്ങൾക്ക് ലഭിച്ചതെന്നും നിങ്ങൾക്കെതിരേ നിയമ നടപടി സ്വീകരിക്കാതിരിക്കാനുള്ള കാരണം കാണിക്കണമെന്നും ചൂണ്ടിക്കാട്ടി വേണമായിരുന്നു നോട്ടീസ് നൽകാൻ. ഈ നോട്ടീസ് ലഭിക്കുമ്പോൾ, അതിന്റെ അടിസ്ഥാനത്തിൽ കുറ്റകൃത്യം നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകണം. തുടരന്വേഷണത്തിന്റെ ഭാഗമായി ഇവിടെ വന്ന് ലോറി ഡ്രൈവർമാരെ കസ്റ്റഡിയിൽ എടുക്കുകയും ട്രാവൻകൂർ ഷുഗേഴ്സ് കമ്പനി അധികൃതരെ ചോദ്യം ചെയ്യുകയും വേണം. ഇവിടെ നേരെ തല തിരിച്ചാണ് കാര്യങ്ങൾ നടന്നിരിക്കുന്നത്. മധ്യപ്രദേശിൽ നടന്ന കുറ്റകൃത്യത്തിന് ഇവിടെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നു. എന്നിട്ട് അന്വേഷണത്തിനായി അവിടേക്ക് പോയിരിക്കുന്നു. അതും അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾ ഇല്ലാതെ.

ഈ വിധ ഗിമ്മിക്കുകളൊന്നും കോടതിയിൽ കേസ് എത്തുമ്പോൾ നിലനിൽക്കില്ല. നിലവിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾ നിഷ്പ്രയാസം വെളിയിൽ വരും. ഈ കേസ് തേഞ്ഞു മാഞ്ഞു പോവുകയും ചെയ്യും. അതു തന്നെയാണ് ഇവിടെ ഉള്ളവരുടെയും ആഗ്രഹം. അന്വേഷണം ഒരിക്കലും അവരിലേക്ക് ചെന്നെത്തരുത്. മധ്യപ്രദേശ് പൊലീസ് അന്വേഷിച്ചാലും രണ്ടു ഡ്രൈവർമാരിൽ മാത്രം കേസൊതുങ്ങും. എന്നാൽ, മധ്യപ്രദേശ് പൊലീസ് കേസ് എടുക്കുകയും അന്വേഷണം ഇവിടേക്ക് എത്തുകയും ചെയ്തിരുന്നുവെങ്കിൽ അതിന്റെ പേരിൽ ഇവിടെയുള്ള ഉദ്യോഗസ്ഥർക്ക് എതിരേ കേസ് എടുക്കാമായിരുന്നു.

ഇതൊന്നും ഇനി ഉണ്ടാകാൻ പോകുന്നില്ല. അറസ്റ്റിലായ പ്രതികളെ കോവിഡ് ആണെന്ന് പറഞ്ഞ് ക്വാറന്റൈൻ സെന്ററിൽ പാർപ്പിക്കുകയും അതേ സമയം, തന്നെ കേസ് അന്വേഷണത്തിനായി പുളിക്കീഴ് പൊലീസ് മധ്യപ്രദേശിലേക്ക് പോവുകയും ചെയ്തിരിക്കുകയാണ്. നാട്ടിൽ ആരും കേട്ടിട്ടില്ലാത്ത കീഴ്‌വഴക്കമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. വെറുതേ ആളും അർഥവും ചെലവഴിച്ച് ഒരു പ്രഹസനം കാണിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.

അതേ സമയം, പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് സ്പിരിറ്റ് തട്ടിപ്പിൽ പ്രതി പട്ടികയിലുള്ള കമ്പനി ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. നാലാം പ്രതിയും ജനറൽ മാനേജരുമായ അലക്സ് പി. എബ്രഹാം, അഞ്ചാം പ്രതി പഴ്സണൽ മാനേജർ ഷാഹിം എന്നിവരുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി തള്ളിയത് . മദ്യ നിർമ്മാണത്തിനായി ടാങ്കറുകളിൽ എത്തിച്ച സ്പിരിറ്റിൽ നിന്നും 20,000 ലിറ്റർ സ്പിരിറ്റ് മറിച്ചു വിറ്റ കേസിൽ ആറാം പ്രതിയായ പ്രൊഡക്ഷൻ മാനേജർ മേഘ മുരളിയും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. കേസിൽ പിടിയിലായ ട്രാവൻകൂർ ഷുഗേഴ്സ് ജീവനക്കാരൻ അരുൺ കുമാർ ടാങ്കർ ഡ്രൈവർമാരായ നന്ദകുമാർ, സിജോ തോമസ് എന്നിവർ റിമാൻഡിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP