Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊടകര കേസിൽ ബിജെപിയും സ്വർണ്ണക്കടത്തിൽ സിപിഎമ്മും പ്രതിസ്ഥാനത്ത് വന്നതോടെ രഹസ്യധാരണ; മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര കേസുകൾ ഒതുക്കി തീർക്കാൻ; കൊടകര കുഴൽപ്പണ കവർച്ചയിൽ നിഗൂഢതയുണ്ടെന്ന ഹൈക്കോടതി നിരീക്ഷണം അന്വേഷണം പ്രഹസനമായതിനാൽ; അണിയറയിൽ അന്തർധാര സജീവമെന്ന് കെ സുധാകരൻ

കൊടകര കേസിൽ ബിജെപിയും സ്വർണ്ണക്കടത്തിൽ സിപിഎമ്മും പ്രതിസ്ഥാനത്ത് വന്നതോടെ രഹസ്യധാരണ; മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര കേസുകൾ ഒതുക്കി തീർക്കാൻ; കൊടകര കുഴൽപ്പണ കവർച്ചയിൽ നിഗൂഢതയുണ്ടെന്ന ഹൈക്കോടതി നിരീക്ഷണം അന്വേഷണം പ്രഹസനമായതിനാൽ; അണിയറയിൽ അന്തർധാര സജീവമെന്ന് കെ സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഡൽഹി യാത്ര കൊടകര കുഴൽപ്പണ കേസ് അട്ടിമറിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. കൊടകര കുഴൽപ്പണ കവർച്ചയിൽ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് ഇതു സംബന്ധിച്ച കേരള പൊലീസിന്റെ അന്വേഷണം പ്രഹസനമായതിനാലാണെന്നും ഇത് സിപിഎം ബിജെപി രഹസ്യ ബാന്ധവത്തിന്റെ ഫലമായാണെന്നും കെ. സുധാകരൻ വാർത്താക്കുറിപ്പിൽ ആരോപിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയും ഡൽഹി യാത്രയും ഈ ബന്ധം ഊട്ടിയുറപ്പിക്കാനായിരുന്നു. കേരളത്തിലെ രൂക്ഷമായ കോവിഡ് സാഹചര്യങ്ങളോ അഗാധമായ സാമ്പത്തിക പ്രതിസന്ധികളോ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉന്നയിക്കാതെ ഇരുകൂട്ടർക്കും താൽപര്യമുള്ള കേസുകളാണ് മുഖ്യമന്ത്രി ചർച്ച ചെയ്തതെന്നു സംശയിക്കുന്നു.

കൊടകര കേസിൽ ബിജെപിയും സ്വർണക്കടത്തിൽ സിപിഎമ്മും പ്രതിസ്ഥാനത്ത് വന്നതോടെ ഇരുവരും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിൽ കേസുകൾ ഒതുക്കി തീർക്കാനുള്ള അന്തർധാര അണിയറയിൽ നടക്കുകയാണ്. കേരളീയ സമൂഹത്തിനു മുന്നിൽ ഇരുപാർട്ടികളുടെയും മുഖംമൂടി അഴിഞ്ഞു വീണപ്പോഴാണ് മുഖ്യമന്ത്രി അടിയന്തര ഡൽഹിയാത്ര നടത്തിയത്.

ബിജെപി നേതാക്കളെ രക്ഷിച്ചുകൊണ്ടുള്ള പൊലീസ് അന്വേഷണമാണ് നടക്കുന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഹൈക്കോടതി രൂക്ഷമായ വിമർശനം നടത്തിയ ശേഷം പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ഇനിയും പലതും പുറത്തുവരാനുണ്ടെന്നും പ്രധാന പ്രതികൾ പുറത്താണെന്നും പിടിക്കപ്പെട്ടതിലും വലിയ തുക കണ്ടെത്തേണ്ടതുണ്ടെന്നുമുള്ള ഹൈക്കോടതിയുടെ നിരീക്ഷണം അത്യന്തം ഗൗരവമുള്ളതാണ്.

തെളിവുകൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ അന്വേഷണം പ്രഹസനമാകുന്നെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങളിലൂടെ ബോധ്യപ്പെടുന്നത്. സ്വർണക്കടത്തിൽ സിപിഎം ക്രിമിനൽ സംഘങ്ങളുടെ പങ്കാളിത്തം പകൽപോലെ വ്യക്തമാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ അട്ടിമറിക്കാൻ സാധിക്കുന്ന വിധം കോടികളാണ് സിപിഎം സഹയാത്രികരായ ക്വട്ടേഷൻ സംഘങ്ങളിലൂടെ കേരളത്തിലെത്തുന്നത്. സ്വർണക്കടത്തിലെ മൂന്നിലൊന്ന് തുക പാർട്ടിക്കാണെന്നു വെളിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്തുവന്നു.

രഹസ്യബാന്ധവം ഒരിക്കൽക്കൂടി ഊട്ടിയുറപ്പിച്ചതിന്റെ സന്തോഷമാണ് പ്രധാനമന്ത്രിയെ സന്ദർശിച്ച ശേഷം ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയിൽ പ്രകടമായത്. കേരളത്തിന്റെ സമ്പദ്ഘടനയെ അട്ടിമറിക്കാൻ പര്യാപ്തമായ രണ്ടു കേസുകളും ഇഴഞ്ഞുനീങ്ങുന്നത് കേരളത്തിന്റെ പൊതുമനസ്സാക്ഷി കാണുന്നുണ്ടെന്നതു സിപിഎമ്മും ബിജെപിയും ഓർക്കുന്നത് നല്ലതാണെന്നും സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP