Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് തവണ ലോക്‌സഭാംഗം; കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ തോറ്റപ്പോൾ കേരളത്തിലെ ലെയ്സൺ ഓഫീസറായി ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിൽ; കോവിഡ് കാലത്ത് നാട്ടിലേക്ക് 'മുങ്ങിയ'സമ്പത്തിന് പുതിയ പദവി നൽകി സിപിഎം; മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി

മൂന്ന് തവണ ലോക്‌സഭാംഗം; കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ തോറ്റപ്പോൾ കേരളത്തിലെ ലെയ്സൺ ഓഫീസറായി ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിൽ; കോവിഡ് കാലത്ത് നാട്ടിലേക്ക് 'മുങ്ങിയ'സമ്പത്തിന് പുതിയ പദവി നൽകി സിപിഎം; മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ എം പി അഡ്വ. എ സമ്പത്തിന് പുതിയ പദവി നൽകി സി പി എം. മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് സമ്പത്തിനെ നിയമിച്ചത്. വെള്ളിയാഴ്ച ചേർന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. 59കാരനായ സമ്പത്ത് മൂന്നു തവണ ലോക്‌സഭാംഗമായിരുന്നിട്ടുണ്ട്. 1996, 2009,2014 കാലഘട്ടങ്ങളിലാണ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനോട് പരാജയപ്പെട്ട സമ്പത്തിനെ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ ലെയ്സൺ ഓഫീസറായി നിയമിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഡൽഹി കേരള ഹൗസിലായിരുന്നു പ്രത്യേക പ്രതിനിധിയായി സമ്പത്ത് ചുമതല വഹിച്ചിരുനത്. ക്യാബിനറ്റ് റാങ്കോടെയായിരുന്നു നിയമനം.

കേന്ദ്രസർക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തിൽ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ക്യാബിനറ്റ് റാങ്കോടെ പ്രത്യേക ലെയ്സൺ ഓഫീസറായി സമ്പത്തിനെ നിയമിച്ചതെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വിശദീകരണം. എന്നാൽ പ്രളയത്തെ തുടർന്ന് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ക്യാബിനറ്റ് റാങ്കോടെയുള്ള സമ്പത്തിന്റെ നിയമനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.നിയമനത്തിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. സമ്പത്ത് പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്‌ക്കരിക്കുമെന്നായിരുന്നു യുഡിഎഫ് എംപിമാരുടെ ആഹ്വാനം.

2019 ഓഗസ്റ്റ് 13 നായിരുന്നു സമ്പത്ത് ചുമതലയേറ്റത്. ഡൽഹി കേരള ഹൗസിൽ 2019 ഓഗസ്റ്റിൽ ചുമതലയേറ്റെടുത്ത സമ്പത്ത് ഒന്നര വർഷം കൊണ്ട കൈപ്പറ്റിയ ശമ്പളം 20 ലക്ഷത്തിലധികമാണെന്ന് കണക്കുകളും പുറത്തുവന്നു. 

കേന്ദ്ര സർക്കാർ പദ്ധതികളും ധനസഹായവും വേഗം നേടിയെടുക്കാനും സംസ്ഥാന സർക്കാരിന്റെ മറ്റ് ആവശ്യങ്ങൾ നിറവേറ്റാനുമാണ് അദ്ദേഹം നിയമിക്കപ്പെട്ടതെങ്കിലും ഇക്കാര്യങ്ങളിൽ എന്ത് ഇടപെടലാണ് സമ്പത്ത് നടത്തിയതെന്ന് കേരള ഹൗസിന് വിവരമില്ല. പതിനാല് ലക്ഷത്തി ഇരുപതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാല് രൂപയാണ് സമ്പത്ത് ശമ്പളവും മറ്റ് അലവൻസുകളുമായി കൈപ്പറ്റിയത്. അഞ്ച് ലക്ഷത്തി എൺപത്തി അയ്യായിരത്തി എണ്ണൂറ് രൂപയാണ് സമ്പത്ത് കൈപ്പറ്റിയ യാത്രാബത്ത. ഫോൺ ചാർജ് ഇനത്തിൽ ഇരുപത്തി നാലായിരത്തി എഴുനൂറ്റി തൊണ്ണൂറ്റി രണ്ട് രൂപയും സ്റ്റേഷനറി സാധനം വാങ്ങിയ ഇനത്തിൽ നാലായിരത്തി ഒരുനൂറ്റി അമ്പത് രൂപയും സമ്പത്ത് വാങ്ങിയിട്ടുണ്ട്. ഇതിനുപുറമെ താമസ സൗകര്യത്തിനൊപ്പം സഹായിക്കാനായി ഉദ്യോഗസ്ഥരേയും അദ്ദേഹത്തിന് സർക്കാർ നൽകിയിരുന്നു

കോവിഡ് വ്യാപന സമയത്ത് ഡൽഹി മലയാളികളെ സഹായിക്കാതെ തലസ്ഥാന നഗരിയിൽ നിന്നും മുങ്ങി നാട്ടിൽ തിരിച്ചെത്തിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. നാട്ടിലേക്ക് മലയാളികൾ മടങ്ങിയെത്തുന്നതടക്കം ഒട്ടേറെ വിഷയങ്ങൾ നിലനിൽക്കെ ഒന്നിലും ഇടപെടാതെ കേരളത്തിൽ തുടർന്നതായും സമ്പത്തിനെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു.

ലോക്ക്ഡൗണിനെ തുടർന്ന് ഡൽഹിയുൾപ്പെടെ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മലയാളികൾ നാട്ടിലെത്താനാകാതെ കുഴങ്ങിയപ്പോൾ സഹായപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക പ്രതിനിധിയില്ലാത്തത് ചർച്ചയായിരുന്നു. ലോക്ക്ഡൗണിന്റെ ഭാഗമായി വിമാന, റെയിൽ സർവീസുകൾ നിർത്തിവച്ചതോടെ നാട്ടിൽ കുടുങ്ങിപ്പോയതാണെന്നായിരുന്ന് അന്ന് നൽകിയ വിശദീകരണം.

എന്നാൽ ആഭ്യന്തര വിമാന സർവീസുകളും ട്രെയിൻ സർവീസുകളും ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സമ്പത്ത് വീട്ടിൽ തുർന്നുവെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. ഈ ലോക്ക് ഡൗണിനിടെ അഞ്ചുമാസം വീട്ടിലിരുന്ന് പ്രത്യേക അലവൻസ് സഹിതവും സമ്പത്ത് ശമ്പളം കൈപ്പറ്റിയത്. എൻ എസ് യു നേതാവ് വിനീത് തോമസ് നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കേരളഹൗസിലെ പബ്ലിക്ക് റിലേഷൻ ഓഫീസർ ഇക്കാര്യം വ്യക്തമാക്കുന്നത്. സമ്പത്തിനെതിരെ നടപടിയാവശ്യപ്പെട്ട് അഡ്വക്കറ്റ് കോശി ജേക്കബ് നൽകിയ പരാതി ഗവർണർ സർക്കാരിന് കൈമാറിയിരുന്നു.

എ. സമ്പത്തിന്റെ വീടിനുമുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ 'വിളിച്ചുണർത്തൽ' പ്രതിഷേധം നടത്തിയിരുന്നു. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളുടെ പ്രശ്‌നങ്ങൾ സമ്പത്ത് കണ്ടില്ലെന്നു നടിക്കുകയാണെന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ ആരോപണം. തോറ്റ എംപിക്ക് ലക്ഷങ്ങൾ ശമ്പളം നൽകി പ്രത്യേക പ്രതിനിധി ആക്കിയതിൽ കേരളത്തിന് ഒരു നേട്ടവും ഇല്ലെന്നും അദ്ദേഹം സ്ഥാനം രാജിവയ്ക്കണമെന്നും പ്രതിപക്ഷവും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു എ. സമ്പത്ത് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവെച്ചത്. നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് രാജിവച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് ചുമതലയെ തുടർന്നാണ് രാജി വച്ചതെന്ന് എ. സമ്പത്ത് പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിയും വരെ ഡൽഹിയിൽ നിന്നും മാറി നിൽക്കേണ്ടിവരും. കോവിഡ് വ്യാപനത്തിനിടെയുള്ള യാത്രകളും പ്രചാരണ പ്രവർത്തനങ്ങളെ ബാധിക്കും. സ്ഥാനാർത്ഥിയാകുന്നത് സംബന്ധിച്ച് പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും എ സമ്പത്ത് പ്രതികരിച്ചിരുന്നു.

എന്നാൽ തുടർച്ചയായി മത്സര രംഗത്തുള്ളവരെ മാറ്റിനിർത്തി 'പുതുമുഖ'ങ്ങളെ പരീക്ഷിക്കാൻ നേതൃത്വം തീരുമാനിച്ചതോടെ സമ്പത്തിന് സ്ഥാനാർത്ഥിയാകാൻ സാധിച്ചിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവർത്തനങ്ങളിൽ സജീവമായതിന് പിന്നാലെയാണ് വീണ്ടും സുപ്രധാന ചുമതലയിലേക്ക് എ സമ്പത്തിനെ പാർട്ടി നിയോഗിക്കുന്നത്.

പട്ടികജാതി ഫണ്ട് തിരിമറിയിൽ ഡിവൈഎഫ്‌ഐ നേതാക്കൾ അടക്കം പ്രതിസ്ഥാനത്ത് എത്തുകയും പാർട്ടി നേതൃത്വം പ്രതിരോധത്തിലാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് എ സമ്പത്ത് പുതിയ ചുമതല ഏൽക്കുന്നത്. ഡിവൈഎഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ നടന്ന പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാൻ നടപടി എടുത്തതോടെയാണ് മന്ത്രി കെ രാധാകൃഷ്ണന് വധഭീഷണി ഉയർന്നിരുന്നു.

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പട്ടികജാതിക്കാർക്കുള്ള കോടികളുടെ ഫണ്ടുകൾ അനർഹർ കൈക്കലാക്കുന്നതായി തെളിഞ്ഞിരുന്നു.തദ്ദേശസ്ഥാപനങ്ങളിൽ പാർട്ടി നിയമിക്കുന്ന എസ് സി പ്രൊമോട്ടർമാരെ ഉപയോഗിച്ച് പട്ടികജാതിക്കാർക്കുള്ള ആനുകൂല്യങ്ങൾ പാർട്ടി സഖാക്കളുടെയും കുടുംബങ്ങളുടെയും ബന്ധുക്കളുടെയും പേരിലാക്കി മാറ്റുന്നതായാണ് വ്യക്തമായത്. തിരുവനന്തപുരം നഗരസഭയിൽ തട്ടിപ്പിന് നേതൃത്വം നൽകിയത് ഡിവൈഎഫ്ഐ സംസ്ഥാന നേതാവായിരുന്നു. തട്ടിപ്പിന്റെ വിശദവിവരങ്ങൾ പണം തട്ടിയെടുത്ത ബാങ്ക് അക്കൗണ്ട് സഹിതം പരാതിയായി സിപിഎം പാർട്ടി സെക്രട്ടറിക്കും ഉന്നത നേതാക്കൾക്കും കൈമാറിയിട്ടും സിപിഎം നേതൃത്വം കണ്ണടച്ചിരുന്നു.

പാർട്ടിയുടെ മൗനാനുവാദത്തോടെ കേരളത്തിലങ്ങോളമിങ്ങോളം ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപമുയരുന്നു. പട്ടികജാതിക്കാർക്ക് വിവാഹധനസഹായം, വിദ്യാർത്ഥികൾക്ക് പഠനമുറി തുടങ്ങി വിവിധ പദ്ധതികൾക്കായി ലക്ഷങ്ങളുടെ സഹായം നിലവിലുണ്ട്. ഇതിനായി പട്ടികജാതി വികസന ഡയറക്ട്രേറ്റിൽ നേരിട്ടോ തദ്ദേശസ്ഥാപനങ്ങൾ വഴിയോ അപേക്ഷിക്കാം. തദ്ദേശസ്ഥാപനങ്ങളിൽ പാർട്ടി നിയമിക്കുന്ന എസ്സി പ്രൊമോട്ടർമാർ വഴി തദ്ദേശസ്ഥാപനങ്ങളിലെ പട്ടികജാതി ഫണ്ട് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ഗുണഭോക്താക്കളുടെ ഫണ്ടിൽ തിരിമറി നടത്തുകയാണ് ചെയ്യുന്നത്.

ഗുണഭോക്താക്കളുടെ അപേക്ഷയിൽ തുക അനുവദിച്ചശേഷം തുക കൈമാറുന്ന അക്കൗണ്ട് നമ്പർ പാർട്ടിക്കാരുടേത് നൽകി ആ അക്കൗണ്ടിലേക്ക് തുക പാസാക്കി നൽകിയായിരുന്നു തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം നഗരസഭയിൽ മുൻ എസ്എഫ്ഐ കേന്ദ്രകമ്മറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന സമിതിയംഗവുമായ പ്രതിൻസാജ് കൃഷ്ണയാണ് ഈ തട്ടിപ്പിന് നേതൃത്വം നൽകിയതെന്നും ബിജെപി നേതൃത്വം ആരോപിച്ചിരുന്നു.

2016 മുതൽ നടത്തിയ തട്ടിപ്പിൽ ഗുണഭോക്താക്കളുടെ പേരിൽ ഒരു കോടിയോളം രൂപയുടെ തിരിമറി നടന്നതായാണ് സൂചന. പ്രതിൻസാജ് കൃഷ്ണ പട്ടികജാതിക്കാർക്കുള്ള സ്വന്തം അച്ഛന്റെയും അമ്മയുടെയും അക്കൗണ്ടിലേക്കു വരെ കൈമാറ്റം ചെയ്തിട്ടുണ്ട്. പ്രതിൻ സാജ് കൃഷ്ണ നടത്തിയ തട്ടിപ്പുകൾ വിശദീകരിച്ച് പാർട്ടി പ്രവർത്തകനായ എസ്സി പ്രൊമോട്ടർ പാർട്ടിക്ക് പരാതി നൽകിയിട്ടും പാർട്ടി പരാതി മുക്കി. ചില ഗുണഭോക്താക്കളുടെ പരാതിയെതുടർന്ന് നഗരസഭയിലെ എസ്സി ഡെവലപ്പ്മെന്റ് ഓഫീസർ നൽകിയ പരാതിയിൽ എസ്സി ഡെവലപ്പ്മെന്റ് ഓഫീസിലെ സീനിയർ ക്ലർക്ക് രാഹുൽ ആർ.യു. വിനെ ഒന്നാം പ്രതിയാക്കി പത്തുപേരുടെ പേരിൽ കേസെടുത്തുവെങ്കിലും തട്ടിപ്പിന് നേതൃത്വം നൽകിയ പ്രതിൻസാജ് കൃഷ്ണയടക്കമുള്ളവരെ ഒഴിവാക്കി. ഇതടക്കമുള്ള ആരോപണങ്ങളിൽ കേസ് അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ ചുമതലയിലേക്ക് എ സമ്പത്ത് എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP