Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

താലിബാൻ റോക്കറ്റുകളുടെ മുനയിൽ നിന്നും ഡാനിഷ് സിദ്ദിഖി കഴിഞ്ഞ ദിവസം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; പിന്മാറിയെന്ന് കരുതിയ താലിബാൻ വീണ്ടും ആഞ്ഞടിച്ചത് ഡാനിഷ്, മാർക്കറ്റിലെ കടക്കാരോട് സംസാരിക്കവേ; വിടവാങ്ങിയത് പുലിറ്റ്സർ ജേതാവായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ്

താലിബാൻ റോക്കറ്റുകളുടെ മുനയിൽ നിന്നും ഡാനിഷ് സിദ്ദിഖി കഴിഞ്ഞ ദിവസം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; പിന്മാറിയെന്ന് കരുതിയ താലിബാൻ വീണ്ടും ആഞ്ഞടിച്ചത് ഡാനിഷ്, മാർക്കറ്റിലെ കടക്കാരോട് സംസാരിക്കവേ; വിടവാങ്ങിയത് പുലിറ്റ്സർ ജേതാവായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കാര്യങ്ങൾ കൈവിട്ടുപോയിരിക്കുന്നു. താലിബാൻ വർദ്ധിത വീര്യത്തോടെ ആഞ്ഞടിക്കുന്നു. വ്യാഴാഴ്ച രാത്രി അഫ്ഗാൻ സേനയ്‌ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി ആ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെടുമ്പോൾ ലോകം തിരിച്ചറിയുന്നു ഒരിക്കൽ കൂടി കാര്യങ്ങൾ ഒട്ടും പന്തിയല്ല അവിടെയെന്ന്.

സ്പിൻ ബോൾദക്കിലെ പ്രധാന മാർക്കറ്റ് സ്ഥിതി ചെയ്യുന്ന പ്രദേശം തിരിച്ചുപിടിക്കാൻ അഫ്ഗാൻ പ്രത്യേക സേന പൊരുതുന്നതിനിടെയാണ് താലിബാന്റെ വെടിയേറ്റ് സിദ്ദിഖിയും ഒരുമുതിർന്ന അഫ്ഗാൻ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടത്. പുലിറ്റ്‌സർ പുരസ്‌കാര ജേതാവായ സിദ്ദിഖി റോയിട്ടേഴ്‌സിന് വേണ്ടി റിപ്പോർട്ട് ചെയ്യുന്നതിനിടെ, കഴിഞ്ഞ ദിവസം തനിക്ക് പരിക്കേറ്റതായി ട്വീറ്റ് ചെയ്തിരുന്നു. സ്പിൻ ബോൽദക്കിൽ നിന്ന് താലിബാൻ പിന്മാറുന്ന വേളയിൽ സുഖം പ്രാപിച്ചുവരികയായിരുന്നു അദ്ദേഹം. മാർക്കറ്റിലെ കടക്കാരോട് സിദ്ദിഖി സംസാരിക്കുന്ന സമയത്താണ് വീണ്ടും താലിബാൻ ആക്രമണം ഉണ്ടായത്.

'ഡാനിഷ് ഒരു മിടുമിടുക്കനായ മാധ്യമപ്രവർത്തകനായിരുന്നു. ഒരു നല്ല ഭർത്താവും അച്ഛനും, മികച്ച സഹപ്രവർത്തകനും ആയിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമാണ് ഈ സങ്കടകരമായ സമയത്ത് ഞങ്ങൾ', റോയിട്ടേഴ്‌സ് പ്രസിഡന്റ് മൈക്കിൾ ഫ്രീഡൻബർഗും, എഡിറ്റർ ഇൻ ചീഫ് അലസാഡ്ര ഗല്ലോനിയും പറഞ്ഞു.

റോഹിങ്യൻ അഭയാർത്ഥികളുടെ ജീവിതം പകർത്തി പുലിറ്റ്‌സർ ജേതാവ്

റോഹിൻഗ്യൻ അഭയാർത്ഥികളുടെ ദുരിതജീവിതം പകർത്തിയതിനാണ് സിദ്ദിഖിക്ക് പുലിറ്റ്‌സർ പുരസ്‌കാരം ലഭിച്ചത്. അഫ്ഗാൻ സേനയുടെ വാഹനങ്ങളെ താലിബാൻ റോക്കറ്റുകൾ ലക്ഷ്യം വയ്ക്കുന്നതിന്റെ ഗ്രാഫിക് ചിത്രങ്ങൾ അടങ്ങിയ അദ്ദേഹത്തിന്റെ റിപ്പോർട്ട് മൂന്നു ദിവസം മുൻപാണ് പുറത്തുവന്നത്. 'ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു' എന്ന അടിക്കുറിപ്പോടെയാണ് ഇതിന്റ വീഡിയോ അദ്ദേഹം പങ്കുവെച്ചത്.

2015-ലെ നേപ്പാൾ ഭൂകമ്പം, റോഹിൻഗ്യൻ അഭയാർഥികളുടെ ദുരിതം, ഡൽഹിയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം, ഇന്ത്യയിലെ കോവിഡ് ദുരന്തം എന്നിവയുമായി ബന്ധപ്പെട്ട് സിദ്ദിഖ് പകർത്തിയ ചിത്രങ്ങൾ ശ്രദ്ധേയമാണ്.കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഡൽഹിയിലെ ശ്മശാനങ്ങളിൽ കൂട്ടത്തോടെ കത്തിക്കുന്ന സിദ്ദിഖിയുടെ ഡ്രോൺ ചിത്രവും അടുത്തിടെ ഏറെ ചർച്ചയായിരുന്നു.

ടെലിവിഷനിൽ നിന്ന് ഫോട്ടോ ജേണലിസത്തിലേക്ക്

ഇന്ത്യയിലെ റോയിട്ടേഴ്‌സിന്റെ മൾട്ടിമീഡിയ സംഘത്തെ നയിച്ചിരുന്നത് ഡാനിഷ് സിദ്ദിഖിയായിരുന്നു. ഡൽഹി ജാമിയ മിലിയ ഇസ്ലാമിയയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം. ജാമിയയിലെ എജെകെ മാസ് കമ്യൂണിക്കേഷൻ റിസർച്ച് സെന്ററിൽ നിന്ന് മാസ് കമ്യൂണിക്കേഷനിലും ബിരുദം. ടെലിവിഷൻ ന്യൂസ് കറസ്‌പോണ്ടന്റ് ആയാണ് കരിയർ തുടങ്ങിയത്. പിന്നീട ഫോട്ടോ ജേണലിസത്തിലേക്ക് മാറി. റോയിട്ടേഴ്‌സിൽ 2010 ൽ ഇന്റേണായാണ് ചേർന്നത്.

ഏഷ്യയിലും പശ്ചിമേഷ്യയിലും, യൂറോപ്പിലുമുള്ള പല സുപ്രധാന സംഭവങ്ങളും ഡാനിഷ് സിദ്ദിഖി കവർ ചെയ്തു. റോഹിങ്യൻ പ്രശ്‌നം കൂടാതെ ഹോങ്കോങ്ങിലെ പ്രിതഷേധവും, സ്വിറ്റസർലണ്ടിലെ അഭയാർത്ഥികളുടെ ജീവിത ദുരിതങ്ങളും ഒക്കെ ആ ക്യാമറയിൽ പതിഞ്ഞു. ന്യൂയോർക്ക് ടൈംസ്, ടൈംസ് മാഗസിൻ, ഫോർബസ്, ദി ഗാർഡിയൻ, സിഎൻഎൻ, അൽ ജസീറ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വന്നിട്ടുണ്ട്.

അവസാന നാളുകൾ കാണ്ഡഹാറിൽ

കഴിഞ്ഞ ദിവസങ്ങളിലായി അഫ്ഗാൻ സേനയോടൊപ്പം കാണ്ഡഹാറിലെ സാഹചര്യങ്ങൾ കവർ ചെയ്യുകയായിരുന്നു ഇദ്ദേഹം.1990 കളിൽ താലിബാന്റെ പ്രധാന കേന്ദ്രമായിരുന്നു കാണ്ഡഹാർ. മേഖലയിൽ നിന്നും വിദേശ സൈന്യം പിൻവാങ്ങുന്നതിനിടെ ഇവിടെ വീണ്ടും വേരുറപ്പിക്കുകയാണ് താലിബാൻ. പ്രവിശ്യയിലെ പ്രധാന പ്രദേശങ്ങൾ ഇതിനകം താലിബാൻ കൈക്കലാക്കിയിട്ടുണ്ട്.

മേഖലയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് കഴിഞ്ഞയാഴ്ച കാണ്ഡഹാറിലെ കോൺസുലേറ്റ് ഇന്ത്യ താൽക്കാലികമായി അടച്ചിടുകയും കോൺസുലേറ്റിലെ 50 ജീവനക്കാരെയും ഇന്തോടിബറ്റൻ ബോർഡർ പൊലീസ് സേനാംഗങ്ങളെയും ഇന്ത്യയിലെത്തിക്കുകയും ചെയ്തിരുന്നു. വ്യോമസേനയുടെ പ്രത്യേക വിമാനമയച്ചാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്.

അഫ്ഗാനിസ്താനിൽ നിന്നും അമേരിക്കൻ സൈന്യമുൾപ്പെടയുള്ള വിദേശസൈന്യം പിൻവാങ്ങിക്കൊണ്ടിരിക്കുന്നതിനിടെയാണ് താലിബാൻ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ വീണ്ടും വേരുറപ്പിക്കുന്നത്.

താലിബാനെ പ്രതിരോധിക്കാനായി 20 വർഷത്തിലേറെയായി അഫ്ഗാനിസ്താനിലുള്ള അമേരിക്ക, ജർമ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളുടെ സേനകൾ രാജ്യത്ത് നിന്നും ഘട്ടം ഘട്ടമായി പിൻവാങ്ങുകയാണ്.

സെപ്റ്റംബർ മാസത്തോടെ അഫ്ഗാനിസ്താനിൽ നിന്നും പൂർണമായും വിദേശ സൈന്യം പിന്മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP