Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാട്ടുകളുടെ വസന്തകാലത്തിന് ആദരവുമായി ഹൃദയം ടീം; ചിത്രത്തിലെ പാട്ടുകൾ ആസ്വാദകർക്കിടയിലേക്ക് എത്തുക ഓഡിയോ കാസറ്റിലുടെ; കേവലം നൊസ്റ്റാൾജിയ അല്ല; ഡിജിറ്റലിലേക്കു മാറുന്ന കാലത്ത് അനലോഗിന്റെ ക്വാളിറ്റി അനുഭവിച്ചറിഞ്ഞവർക്കുള്ള സ്‌നേഹസമ്മാനമെന്ന് വിനീത് ശ്രീനിവാസൻ

പാട്ടുകളുടെ വസന്തകാലത്തിന് ആദരവുമായി ഹൃദയം ടീം; ചിത്രത്തിലെ പാട്ടുകൾ ആസ്വാദകർക്കിടയിലേക്ക് എത്തുക ഓഡിയോ കാസറ്റിലുടെ;  കേവലം നൊസ്റ്റാൾജിയ അല്ല;  ഡിജിറ്റലിലേക്കു മാറുന്ന കാലത്ത് അനലോഗിന്റെ ക്വാളിറ്റി അനുഭവിച്ചറിഞ്ഞവർക്കുള്ള സ്‌നേഹസമ്മാനമെന്ന് വിനീത് ശ്രീനിവാസൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓഡിയോ കാസറ്റുകളെന്നും മലയാളിക്ക് ഗൃഹാതുരതയാണ്. പാട്ടുകളുടെ ഈ വസന്തകാലത്തെ ഒരു ഓർമ്മപ്പെടുത്തലുമായി എത്തുകയാണ് ഹൃദയം ടീം. ഹൃദയം സിനിമയിലെ പാട്ടുകൾ എല്ലാം ഓഡിയോ കാസറ്റായും ഓഡിയോ സിഡി രൂപേണയും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവത്തകർ. മോഹൻലാൽ, പൃഥ്വിരാജ്, വിനീത് ശ്രീനിവാസൻ തുടങ്ങിയവർ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

'ടേപ്പ് റെക്കോർഡറും വാക്മാനുമൊക്കെ പൊന്നു പോലെ സൂക്ഷിച്ച്, പഴയ ഓഡിയോ കാസ്സറ്റ് പ്ലേ ചെയ്തു പാട്ടു കേൾക്കുന്നവർ ഇപ്പോഴും ഇവിടെ ഉണ്ട്. ഇത് കേവലം നൊസ്റ്റാൾജിയയല്ല. എല്ലാം ഡിജിറ്റലിലേക്കു മാറുന്ന ഈ കാലത്ത് നമ്മുടെ ഹൃദയത്തിൽ തൊടാനുള്ള ഒരു ക്വാളിറ്റി അനലോഗിന് ഉണ്ട് എന്ന് അനുഭവിച്ചറിഞ്ഞവരാണിവർ. ഇവർക്കുള്ള ഞങ്ങളുടെ സ്‌നേഹസമ്മാനമാണ്', എന്നാണ് വിനീത് ശ്രീനിവാസൻ കുറിച്ചത്.

പതിമുന്ന് പാട്ടുകളാണ് ചിത്രത്തിലുള്ളത്.ഹിഷാം അബ്ദുൾ വാഹാബ് സംഗീതം ഒരുക്കുന്ന ചിത്രത്തിൽ നിരവധിപേര് പാട്ടെഴുത്തുകാരായും ഗായകരായും അരങ്ങേറുന്നുമുണ്ട്. പ്രിഥ്വിരാജും ചിത്രത്തിൽ ഒരു ഗാനം ആലപിക്കുന്നുണ്ട്,പാട്ടുകൾ രചിച്ചവരുടെയും ആലപിക്കുന്നവരുടെയും വിവരങ്ങൾ ദിവസങ്ങൾക്ക് മുന്നെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.

വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'ഹൃദയം'. ജേക്കബിന്റെ സ്വർഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വർഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനർ ആയിരുന്ന മെറിലാൻഡിന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ.

എഡിറ്റിങ് രഞ്ജൻ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോർജ്. ചമയം ഹസൻ വണ്ടൂർ. ചീഫ് അസോസിയേറ്റ് ഡയറക്റ്റർ അനിൽ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റർ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുൺ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികൾ. മെരിലാൻഡ് സിനിമാസ് ചിത്രം തിയറ്ററുകളിൽ എത്തിക്കും. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രമാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP