Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ആദ്യം മണിക്കുട്ടനോട് പ്രേമമൊന്നും ഉണ്ടായിരുന്നില്ല; പെൺകുട്ടികളോട് പെരുമാറുന്ന രീതിയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ശൈലിയുമൊക്കെ കണ്ടപ്പോഴാണ് ആരാധന തോന്നിയത്; അതൊരു ഗെയിം സട്രാറ്റർജിയായിരുന്നില്ല; റിയൽ ലൗ; ബിഗ് ബോസിന് മുമ്പും ശേഷവും ഹാപ്പി; സൂര്യ ജെ മേനോൻ മനസ്സു തുറക്കുമ്പോൾ

ആദ്യം മണിക്കുട്ടനോട് പ്രേമമൊന്നും ഉണ്ടായിരുന്നില്ല; പെൺകുട്ടികളോട് പെരുമാറുന്ന രീതിയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ശൈലിയുമൊക്കെ കണ്ടപ്പോഴാണ് ആരാധന തോന്നിയത്; അതൊരു ഗെയിം സട്രാറ്റർജിയായിരുന്നില്ല; റിയൽ ലൗ; ബിഗ് ബോസിന് മുമ്പും ശേഷവും ഹാപ്പി; സൂര്യ ജെ മേനോൻ മനസ്സു തുറക്കുമ്പോൾ

ന്യൂസ് ഡെസ്‌ക്‌

ബിഗ്‌ബോസിലൂടെ മലയാളികൾക്കെല്ലാം പരിചിതയായ മൽസരാർത്ഥിയാണ് സൂര്യ ജെ മേനോൻ. 91 ദിവസങ്ങൾ ബിഗ് ബോസ് വീട്ടിനുള്ളിൽ താമസിച്ച്, ഒടുവിൽ എലിമിനേഷനിലൂടെ
പുറത്തുപോകേണ്ടി വന്ന സൂര്യ നിരവധി വിവാദങ്ങളിലൂടെയും മണിക്കുട്ടനോട് പ്രണയാഭ്യർത്ഥന നടത്തിയതിലൂടെയുമൊക്കെ ശ്രദ്ധിക്കപ്പെട്ട താരമാണ്.

ജീവിതത്തിൽ ഏത് പ്രതിസന്ധിയേയും അതിജീവിക്കാൻ കഴിയുംവിധം കയ്‌പേറിയ അനുഭവങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്ന് സൂര്യ പറയുന്നു. പുറത്ത് തന്റെ ഹേറ്റേഴ്‌സിന് ആഘോഷിക്കാനായി തനിക്കെതിരെയുള്ള സന്ദർഭങ്ങൾ മൽസരാർത്ഥികളിൽ ചിലർ സൃഷ്ടിച്ചെടുക്കുകയായിരുന്നു. പ്രേമരോഗി, ബാലാമണി, കുന്നംകുളം ഓവിയ എന്നിങ്ങനെ നിരവധി പേരുകളിട്ട് തന്നെ അവഹേളിച്ചു. ആദ്യമൊക്കെ അവരെ പറഞ്ഞുതിരുത്താനാണ് ഞാൻ ശ്രമിച്ചത്. ഒടുവിൽ ഗതികെട്ടിട്ടാണ് പൊട്ടിത്തെറിച്ചത്. ബിഗ് ബോസ് വീട്ടിനുള്ളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളൊക്കെ പത്ത് മിനിട്ട് കഴിയുമ്പോൾ കഴിയും. എന്നാൽ ഒന്നരമണിക്കൂർ മാത്രം കാണുന്ന പ്രേക്ഷകർ അതറിയുന്നില്ലെന്നും ഇഷ്ടമൽസരാർത്ഥിയോട് വഴക്കുണ്ടാക്കുന്നവരെയൊക്കെ ഡീഗ്രേഡ് ചെയ്യാൻ ശ്രമിക്കുകയാണെന്നും സൂര്യ പറയുന്നു. തന്നെ പിന്തുണയ്ക്കുന്നവരെ പോലും വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നാണ് സൂര്യയുടെ പരാതി.

ജീവിക്കാനായി അവതാരക, മോഡൽ, ഡിജെ ആർട്ടിസ്റ്റ്, മാർക്കറ്റിങ് സ്റ്റാഫ്, റേഡിയോ ജോക്കി എന്നിങ്ങനെ നിരവധി ജോലികൾ ചെയ്തു. അതിന് വേണ്ടി തന്റെ കാലാമോഹങ്ങൾ ഉപേക്ഷിക്കേണ്ടി വന്നുവെന്നും അവർ പറയുന്നു. ടെലിവിഷൻ അവതാരകയായും മോഡലായുമൊക്കെ തിളങ്ങിയിട്ടുള്ള സൂര്യ ബിഗ് ബോസ് ഹൗസിലെ അനുഭവങ്ങളും പുറത്തുവന്ന ശേഷമുള്ള ജീവിതവുമൊക്കെ മറുനാടനോട് പങ്കുവയ്ക്കുന്നു.

തൊണ്ണൂറ്റിയൊന്ന് ദിവസങ്ങൾ പുറംലോകം കാണാതെ ജീവിച്ചിട്ട് ഒടുവിൽ പുറത്തെത്തിയപ്പോൾ എന്തുതോന്നി?

തൊണ്ണൂറ്റിയൊന്ന് ദിവസം അകത്ത് ലോക്ക്ഡ് ആയിരുന്നു. പുറത്തെത്തിയപ്പോഴും അതുതന്നെയാണല്ലോ അവസ്ഥ. പ്രത്യേകിച്ച് മാറ്റമൊന്നും തോന്നിയില്ല. അച്ഛനും അമ്മയ്ക്കുമൊപ്പം വീട്ടിൽ തന്നെയാണ്.

ബിഗ് ബോസിലേയ്ക്ക് എത്തിയതെങ്ങനെയാണ്?

ബിഗ് ബോസിൽ എത്തണമെന്ന് വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് ഓഡിഷന് അപേക്ഷിച്ചത്. ഞാൻ മുമ്പ് ഏഷ്യാനെറ്റിന്റെ വാൽക്കണ്ണാടി എന്ന പരിപാടി അവതരിപ്പിച്ചിരുന്നു. അതുകൊണ്ട് അഭിമുഖം എനിക്ക് സിമ്പിളായി തോന്നി. രണ്ട് ഘട്ടമായിരുന്നു ഓഡിഷൻ.

എങ്ങനെയായിരുന്നു ഓഡിഷന്റെ രണ്ട് ഘട്ടങ്ങൾ?

സൂം മീറ്റിങ് വഴിയാണ് ഓഡിഷൻ നടന്നത്. അവർ ചോദ്യങ്ങൾ ചോദിച്ചു, ഞാൻ മറുപടി പറഞ്ഞു. അങ്ങനെയാണ് സെലക്ട് ചെയ്തത്. കഴിഞ്ഞ വർഷം മുതലായിരുന്നു ഓഡിഷൻ ആരംഭിച്ചത്. ഗ്യാപ്പ് ഇട്ടായിരുന്നു ഓഡിഷൻ.

ബിഗ് ബോസിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ എന്താണ് തോന്നിയത്?

അവസാന നിമിഷത്തിലാണ് എന്നെ ഉറപ്പിച്ചത്. ആ സമയത്ത് ഞാൻ അമ്പലങ്ങളിൽ പോയി പ്രാർത്ഥിക്കുമായിരുന്നു. കാടാമ്പുഴ അമ്പലത്തിൽ നിൽക്കുമ്പോളായിരുന്നു ഞാൻ തെരഞ്ഞെടുക്കപ്പെട്ടെന്ന് ഫോൺകോൾ വരുന്നത്. അപ്പോഴും ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. എന്നെ ഉറപ്പിച്ചു എന്ന് വിളിച്ചുപറയുമ്പോൾ ഞാൻ ചോറ്റാനിക്കരയിലായിരുന്നു. എനിക്ക് കിട്ടിയ ഭാഗ്യം ദൈവത്തിന്റെ അനുഗ്രഹമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഏറ്റവുമധികം സപ്പോർട്ട് ചെയ്തതാരാണ്?

അമ്മ തന്നെ.

ഒരുപാട് വിഷമങ്ങളിലൂടെ കടന്നുവന്നയാളാണ് സൂര്യ. ഏഷ്യാനെറ്റിലെ ഈ പ്ലാറ്റ്‌ഫോം എത്രത്തോളം സഹായിച്ചിട്ടുണ്ട്?

എനിക്ക് ആദ്യമായി ഒരു ആങ്കർ പ്ലാറ്റ്‌ഫോം തന്നത് ഏഷ്യാനെറ്റായിരുന്നു, വാൽക്കണ്ണാടി എന്ന ഗെയിം ഷോയിലൂടെ. അതിന് ശേഷം വീണ്ടുമൊരു ഏഷ്യാനെറ്റ് പ്രോഗ്രാമിലേയ്ക്ക് മൽസരാർത്ഥിയായി എത്തിയത് കുടുംബത്തേയ്ക്ക് തിരിച്ചുവരുംപോലയായിരുന്നു. കോടികൾ കാണുന്ന ഒരു ഷോ ആണിത്. ഇത്രയും വലിയൊരു ഷോയിൽ അവസരം തന്നതിന് ഏഷ്യാനെറ്റിനോട് നന്ദിയുണ്ട്.

ഡിജെ മേഖല ആണുങ്ങൾക്ക് ആധിപത്യമുള്ള ഒരു മേഖലയാണ്. അവിടേയ്ക്കാണ് സൂര്യ കടന്നു
വരുന്നത്. ഇന്ന് വിരലിലെണ്ണാവുന്ന ഡിജെമാരിലൊരാളാണ് സൂര്യ. എന്തുകൊണ്ടണ് ഈ മേഖല തെരഞ്ഞെടുത്തത്?

എന്റെ കൂട്ടുകാരായ അഞ്ചുവും ജിതിനുമാണ് എന്നെ ഡിജെ രംഗത്ത് പരിചയപ്പെടുത്തിയത്. എന്തെങ്കിലും മീഡിയാ റിലേറ്റഡ് ജോലി വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇപ്പോഴും പല ആളുകളും ചിന്തിക്കുന്നത് ഡിജെ എന്നത് എന്തോ മോശം കാര്യമാണെന്നാണ്. എന്നാൽ അത്തരം പരിപാടികളിൽ നമുക്ക് ഭയങ്കര സെക്യുരിറ്റി ആണ്. നമ്മൾ പരിപാടി അവതരിപ്പിക്കുമ്പോൾ നല്ല ജിമ്മന്മാരായ ചേട്ടന്മാര് ചുറ്റും നിന്ന് നമുക്ക് സെക്യുരിറ്റി തരും.

എവിടെയൊക്കെയാണ് ഡിജെ ആയി ജോലി ചെയ്തിരുന്നത്?

താജ് കോവളം, താജ് വഴുതക്കാട് എന്നിവിടങ്ങളിൽ റസിഡന്റ് ഡിജെ ആയിരുന്നു. പിന്നെ പ്രൈവറ്റ് ഷോകളും ചെയ്തിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പാണ്. ആ സമയത്ത് നല്ല സാമ്പത്തികപ്രശ്‌നങ്ങളുമുണ്ടായിരുന്നു. അതുകൊണ്ട് ഡിജെയ്‌ക്കൊപ്പം ചാനലിലെ ആങ്കർ പണിയും ഒരുമിച്ചു കൊണ്ടുപോകുകയായിരുന്നു.

ഒരുപാട് കഷ്ടപ്പെട്ട് കയറിവന്നയാളാണ് സൂര്യ. കുടുംബം മുഴുവൻ കഷ്ടപ്പെട്ട കാലമുണ്ടായിരുന്നു. അതൊന്ന് പ്രേക്ഷകരോട് പറയാമോ?

അച്ഛൻ കേന്ദ്ര സർക്കാർ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. അക്കാലത്ത് വലിയ സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ അച്ഛന് പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരനാണ്. അങ്ങനെ അച്ഛന്റെ ജോലി പോയി. പിന്നെ അച്ഛൻ സൗദിയിൽ പോയെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ കൊണ്ട് പെട്ടെന്ന് തിരിച്ചുവരേണ്ടി വന്നു. പിന്നെ ഇടയ്ക്ക് ബിസിനസ് രംഗത്തേയ്ക്ക് തിരിഞ്ഞെങ്കിലും അതും പൊട്ടി. അങ്ങനെയൊക്കെയാണ് വീട്ടിലെ കാര്യങ്ങൾ കഷ്ടത്തിലാകുന്നത്. അച്ഛന് ആരോഗ്യപ്രശ്‌നങ്ങൾ കാരണം ഒരു ജോലിക്കും പോകാനാകാത്ത അവസ്ഥയിലായിരുന്നു. ഞങ്ങൾ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. വീടുകൾ മാറി മാറി താമസിക്കേണ്ടി വന്നു. വയ്‌ക്കോൽ കൂന പോലെയുള്ള, പാമ്പുകളൊക്കെയുള്ള ഒരു സ്ഥാലത്ത് ചെറുപ്പത്തിൽ താമസിച്ചിരുന്ന ഒരു ഓർമയുണ്ട്. ഒരിക്കൽ താമസിച്ച വീട്ടിലെ ചുമരിൽ ചിത്രം വരച്ചതിന് വീട്ടുടമസ്ഥയായ ചേച്ചി എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. കൊച്ചുകുട്ടിയായിരുന്ന എന്നെകൊണ്ട് അത് മായ്‌പ്പിച്ചു. അതൊക്കെ എന്നെ ഭയങ്കരമായി വിഷമിപ്പിച്ച സംഗതികളാണ്. പിന്നെ അച്ഛന്റെ അച്ഛൻ തന്ന സ്ഥലത്ത് ചെറിയൊരു വീട് തട്ടിക്കൂട്ടി. പിന്നെ അതിൽ ഓരോ കാലത്ത് ഒരോ മുറിയായി ഉണ്ടാക്കിയാണ് ഇന്നുകാണുന്ന ചെറിയൊരു വീട് ഉണ്ടാക്കിയത്.

ബിഗ്‌ബോസ് വീട്ടിനുള്ളിൽ സൂര്യയ്ക്ക് ഒരുപാട് പേരുകൾ ലഭിച്ചു. അതിൽ ഓരോരോ പേരുകളായി പരിശോധിച്ചാൽ, ബാലാമണി എന്ന പേര് വീഴാനുള്ള പ്രധാനകാരണം എന്തായിരുന്നു?

അവിടത്തെ ഒരു വീക്ക്‌ലി ടാസ്‌ക്കിൽ എനിക്ക് കിട്ടിയ ഒരു കഥാപാത്രമാണ് ബാലാമണി. ഞാൻ വളരെ സൈലന്റാണ്. വലിയ ബഹളങ്ങൾക്കൊന്നും പോകാറില്ല. അതുകൊണ്ട് കൂടെയുള്ളവർ കളിയാക്കി വിളിച്ച പേരാണ് ബാലാമണി. നമ്മുടെ ഹേറ്റേഴ്‌സ് എന്താണ് കിട്ടുന്നതെന്നറിയാൻ നോക്കിക്കൊണ്ടിരിക്കുകയാണ്. ബാലാമണി ഹേറ്റേഴ്‌സ് എന്നൊരു ഫേസ്‌ബുക്ക് പേജ് വരെയുണ്ട്.

ബിഗ് ബോസിൽ ഞാൻ മാത്രമല്ല പട്ടുപ്പാവടയും ഹാഫ്‌സാരിയുമൊക്കെ ധരിക്കുന്നത്. പക്ഷെ ഞാനിടുന്ന പാവാട മാത്രമാണ് ആളുകൾക്ക് പ്രശ്‌നം. ഞാൻ ഒരു ദിവസം പാവാട ഇട്ടാൽ അടുത്ത ദിവസം ജീൻസ് ധരിക്കുന്നുണ്ട്, അടുത്ത ദിവസം സ്‌കർട്ട് ധരിക്കുന്നുണ്ട്. എന്റെ വസ്ത്രം എന്റെ ഇഷ്ടമാണ്. ബിഗ് ബോസിൽ എത്തുമ്പോൾ ഇഷ്ടങ്ങളൊന്നും മാറ്റാൻ പറ്റില്ല. എന്റെ പ്രൊഫഷനിൽ സംഘാടകരുടെ ഡിമാൻഡുകൾക്കനുസരിച്ച് ഡ്രസിങ് സ്റ്റൈൽ മാറ്റിയേക്കാം. എന്നാൽ റിയൽ ലൈഫിൽ മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് ഡ്രസ് ധരിക്കാനാവില്ല. എന്റെ ഇഷ്ടത്തിനനുസരിച്ചാണ് ഞാൻ ജീവിക്കുന്നത്. അതിനി ആര് എന്ത് പറഞ്ഞാലും ഞാൻ മാറ്റാൻ പോകുന്നില്ല.

ബിഗ് ബോസിൽ ഒരു മൽസരാർത്ഥി സൂര്യയെ പറ്റി മുമ്പ് ഒരുപാട് മോഡേൺ ഡ്രസൊക്കെ ഇട്ട് എനിക്കൊപ്പം പെർഫോം ചെയ്തിട്ടുള്ള ആളാണ് എന്നൊക്കെ പറയുമ്പോൾ സൂര്യ ആദ്യമൊന്നും പ്രതികരിക്കുന്നില്ല. എന്നാൽ അവസാനമാണ് പൊട്ടിത്തെറിക്കുന്നത്? അതെന്തുകൊണ്ടാണ്?

ഫിറോസിക്കയോട് എനിക്ക് പേഴ്‌സണലി ഒരിഷ്ടവും ബഹുമാനവുമൊക്കെ ഉണ്ട്. അദ്ദേഹം ബിഗ് ബോസിൽ വന്നപ്പോൾ സ്വന്തം ചേട്ടൻ വന്നതുപോലെയാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തോട് അടി ഉണ്ടാക്കാൻ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. ഞാൻ പരമാവധി അദ്ദേഹത്തെ പറഞ്ഞുമനസിലാക്കാനാണ് ശ്രമിച്ചിരുന്നത്. പക്ഷെ ഞാൻ പറഞ്ഞതൊന്നും അദ്ദേഹത്തിന് വ്യക്തമായില്ല. ഒരുപക്ഷെ അദ്ദേഹം അതൊക്കെ പോസിറ്റീവായി പറഞ്ഞതാകാം. എന്നാൽ നമ്മുടെ ഹേറ്റേഴ്‌സ് ഒരു കാരണം കിട്ടാൻ കാത്തിരിക്കുമ്പോഴാണ് നമ്മുടെ സഹമൽസരാർത്ഥികളാണ് ഓരോന്നോരോന്നായി അവർക്ക് ഇട്ടുകൊടുക്കുന്നത്. ഡ്രാമാ ക്യൂൻ, ഫേക്ക്, പ്രേമരോഗി എന്നിങ്ങനെ അവർ ഇട്ടുകൊടുത്ത പേരുകളാണ് ഹേറ്റേഴ്‌സ് ഏറ്റെടുത്തതും. തീരെ സഹിക്കാൻ പറ്റാതെ വന്നപ്പോഴാണ് ഒടുവിൽ ഞാൻ പ്രതികരിച്ചത്.

ബിഗ്‌ബോസിനുള്ളിൽ എപ്പോഴും മറ്റുള്ളവർ സൂര്യയുടെ പേഴ്‌സണൽ വിഷയങ്ങൾ മാത്രം സംസാരിക്കുന്നത് പ്രക്ഷകർക്ക് അരോചകമായി തോന്നിയിട്ടുണ്ട്. ശരിക്കും ബിഗ്‌ബോസ് ഹൗസിനുള്ളിൽ സൂര്യ റിയൽ ആയിരുന്നോ ഫേക്ക് ആയിരുന്നോ?

ഞാൻ റിയൽ തന്നെയായിരുന്നു. ശരിക്കും എന്താണ് ഫേക്ക്? എന്നെ അറിയുന്ന ആളുകൾ കേരളത്തിൽ വളരെ കുറവാണ്. പിന്നെ എന്തർത്ഥത്തിലാണ് ഞാൻ ഫേക്കാണെന്ന് പറയുന്നത്. വർഷങ്ങൾക്ക് മുമ്പുള്ള ഞാനുമായിട്ടാണ് ഇപ്പോഴത്തെ എന്ന താരതമ്യം ചെയ്യുന്നത്. ഞാനിപ്പോൾ ഒരു 30 പ്ലസ് പെൺകുട്ടിയാണ്. അല്ലെങ്കിൽ സ്ത്രീയാണ്. 30 പ്ലസ് ആയവരെ പെൺകുട്ടികൾ എന്ന് വിളിക്കാൻ പാടില്ലെന്നാണ് ചിലർ പറയുന്നത്. കിളവി എന്നാണ് അവർ വിളിക്കുന്നത്. അവർക്കൊന്നും പ്രായമാവില്ലെ.

ബിഗ്‌ബോസിലെ ഒരു മൽസരാർത്ഥിയുടെ എൻഗേജ്‌മെന്റ് ഫോട്ടോയ്ക്ക് താഴെ എന്തൊക്കെ വൃത്തികേടുകളാണ് അവർ എഴുതിയിരിക്കുന്നത്. ആ പെൺകുട്ടി അൽപ്പം ബബ്ലി ആണ്. അവരെ ബബ്ലി ക്യുട്ടീ എന്നാണ് വിളിക്കേണ്ടത്. എത്രയ്ക്ക് സുന്ദരിയാണവൾ. എന്നാൽ അവൾക്കിത്തിരി തടിയുണ്ടെന്ന പേരിൽ വലിയ ബോഡി ഷെയിമിങാണ് നടന്നത്. അതിൽ കമന്റിട്ടവരിൽ പലർക്കും മുഖമുണ്ടായിരുന്നില്ല. അത്തരം ഫേക്ക് അക്കൗണ്ടുകളെ ജീവിച്ചിരിക്കുന്ന മനുഷ്യരായി ഞാൻ കാണുന്നില്ല.

അവർക്ക് വീട്ടിലെന്തെങ്കിലും ഫ്രഡ്‌സ്‌ട്രേഷനുണ്ടെങ്കിൽ അത് വീട്ടിൽ പറഞ്ഞുതീർക്കുക. അല്ലാതെ മറ്റുള്ളവരുടെ ജീവിതത്തിൽ കയറി അനാവശ്യം പറയുകയല്ല വേണ്ടത്.

താങ്കൾക്ക് നേരെ നിരവധി സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ടല്ലോ. അതിന് കാരണമെന്താണ്?

അതിന് നിരവധി കാരണങ്ങളുണ്ട്. അവരുടെ ഇഷ്ടപ്പെട്ട മൽസരാർത്ഥിയുമായി ഞാൻ വഴക്കിട്ടാൽ ഞാനവർക്ക് വെറുക്കപ്പെട്ടവളായി. ഒരു ദിവസത്തിൽ വെറും ഒന്നര മണിക്കൂർ മാത്രമാണ് അവർ കാണുന്നത്. വഴക്കുണ്ടായി പത്ത് മിനിട്ട് കഴിഞ്ഞ് ഞങ്ങൾ പിണക്കമൊക്കെ മറന്ന് ഒന്നായിട്ടുണ്ടാകും. അത്രയേ ഉള്ളു ഞങ്ങൾ തമ്മിലുള്ള പിണക്കം. എന്നാൽ അതവർ കാണുന്നില്ല. അവർക്ക് വെറുക്കപ്പെട്ടവരായാൽ പിന്നെ ഞങ്ങളെ ഡീഗ്രേഡ് ചെയ്യാൻ തുടങ്ങും. ഞങ്ങൾ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിക്കഴിഞ്ഞാണ് ഇത്രയും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്ന് മനസിലായത്.

പുറത്തിറങ്ങിയ ശേഷം ഇത്രയും ആക്രമണങ്ങൾ സൂര്യയ്ക്ക് നേരെ ഉണ്ടായപ്പോൾ ബാലാമണിയെ പോലെ പോയിരുന്ന് കരയുകയാണോ ചെയ്തത്, വളരെ ബോൾഡായി പ്രതികരിക്കുകയാണോ ചെയ്തത്?

ഞാൻ പുറത്തിറങ്ങിയപ്പോൾ ഫെയ്‌സ് ബുക്കും ഇൻസ്റ്റയുമൊന്നും നോക്കരുതെന്ന് അമ്മ എന്നോട് പറഞ്ഞു. ഞാൻ കൂട്ടുകാരോടൊക്കെ സംസാരിച്ചപ്പോഴാണ് ചില പ്രശ്‌നങ്ങളുണ്ടെന്ന് അവർ പറഞ്ഞത്. ആദ്യം ഞാൻ കരുതിയത് ചെറിയ പ്രശ്‌നങ്ങളെന്തെങ്കിലുമായിരിക്കുമെന്നാണ്. പിന്നെയാണ് വൻ റെയ്ഞ്ച് പ്രശ്‌നങ്ങളാണെന്ന് മനസിലായത്.

ഹേറ്റേഴ്‌സ് അച്ഛനേയും അമ്മയേയും വരെ മോശം പറഞ്ഞു. ഞാൻ ചെയ്യാൻ പോകുന്ന പടത്തിന്റെ ആൾക്കാരെയും എന്റെ ഫോട്ടോഷൂട്ട് ചെയ്തവരുടെയുമൊക്കെ അക്കൗണ്ട് തപ്പിപ്പിടിച്ചാണ് ചീത്ത വിളിച്ചത്. അവർക്കതിൽ നിന്നും എന്ത് സുഖമാണ് കിട്ടുന്നതെന്ന് എനിക്കറിയില്ല. ആദ്യമൊക്കെ ഞാൻ ഭയങ്കരമായി ഡൗണായി. എന്നാൽ എന്റെ അമ്മയാണ് എന്ന മോട്ടിവേറ്റ് ചെയ്തത്. ഇപ്പോൾ ആരെന്ത് പറഞ്ഞാലും അതെന്നെ ബാധിക്കില്ല എന്ന നിലയിലാണ് ഞാൻ നിൽക്കുന്നത്.

മണിക്കുട്ടനോട് ഇഷ്ടം പറഞ്ഞത് ഗെയിം സ്ട്രാറ്റജി ആയിരുന്നോ? അത്തരത്തിൽ നിരവധി വിമർശനങ്ങൾ ഉണ്ടായിരുന്നല്ലോ?

ഞാൻ ബിഗ്‌ബോസിനെ വരെ വളച്ചുവച്ചിരിക്കുകയാണെന്ന് ട്രോളുകൾ ഇറങ്ങിയിട്ടുണ്ട്. മണിക്കുട്ടനോടുള്ള എന്റെ സ്‌നേഹം ഒരു സ്ട്രാറ്റജി ആയിരുന്നില്ല. അത് അന്നും ഇന്നും എന്നും എവിടെവേണെമെങ്കിലും പറയാൻ ഞാൻ തയ്യാറാണ്. ഞാനത് വളരെ മാന്യമായാണ് മണിക്കുട്ടനെ അറിയിച്ചത്. അല്ലാതെ മോശമായി ഒന്നും ചെയ്യാൻ പോയില്ല. പിന്നെ കാണുന്നവർക്ക് എന്താണ് പ്രശ്‌നമെന്ന് എനിക്ക് മനസിലാകുന്നില്ല.

പെൺകുട്ടികൾ എന്തുണ്ടെങ്കിലും അത് എക്സ്‌പ്രസ് ചെയ്യാൻ ഭയമാണ്. കാരണം എക്സ്‌പ്രസ് ചെയ്യുന്നവരെ അവർ പോക്കുകേസെന്ന് വിളിക്കും അതേസമയം ആൺകുട്ടികൾ അത് ചെയ്താൽ അത് തന്റേടമാവും, ഈ സിസ്റ്റമാണ് വിസ്മയ അടക്കമുള്ള പെൺകുട്ടികളുടെ ആത്മഹത്യകൾക്ക് കാരണവും.

എന്റെ അച്ഛനും അമ്മയും എനിക്ക് സ്വാതന്ത്ര്യം തന്നുതന്നെയാണ് വളർത്തിയത്. അവർക്കറിയാം ഞാനത് ദുരുപയോഗം ചെയ്യില്ലെന്ന്. ഞാനവിടെ എന്തെങ്കിലും മോഷ്ടിക്കാനോ ആരെയെങ്കിലും വേദനിപ്പിക്കാനോ ശ്രമിച്ചില്ലല്ലോ. ഞാനെന്റെ സ്‌നേഹം മാന്യമായി തുറന്നുപറയാനല്ലെ ശ്രമിച്ചത്. അതിൽ വിമർശിക്കാനെന്താണുള്ളത്?

മണിക്കുട്ടനോടുള്ള എന്റെ സ്‌നേഹം വെറും സ്ട്രാറ്റജി ആയിരുന്നില്ല. ആയിരുന്നെങ്കിൽ അത് പിന്നെ നോക്കാമെന്ന് മണിക്കുട്ടൻ ആദ്യം പറഞ്ഞപ്പോൾ തന്നെ ഞാൻ നിർത്തുമായിരുന്നു. പക്ഷെ ഞാനപ്പോഴും അതിൽ ഉറച്ചുനിൽക്കാൻ കാരണം എന്റെ സ്‌നേഹം സത്യമായിരുന്നതുകൊണ്ടാണ്.

ചിലർ ചോദിക്കുന്നത് 15 വർഷമായി പരിചയമുള്ള മണിക്കുട്ടനോട് ഇപ്പോഴാണോ പ്രണയം പറയുന്നത് എന്നാണ്. ബോയ്ഫ്രണ്ട് സിനിമ കണ്ടപ്പോൾ തന്നെ കഥാപാത്രം ഇഷ്ടപ്പെട്ടെന്ന് പറഞ്ഞ് മെസേജ് അയച്ചിരുന്നു. അതിന് ശേഷം ഹാർട്ട് ബീറ്റ്‌സ് സിനിമ ചെയ്യുമ്പോൾ ഒപ്പം ഒരുപാട് ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്നു, എന്നോടൊപ്പം അമ്മയുമുണ്ടായിരുന്നു. അതുകഴിഞ്ഞ് തിരുവനന്തപുരത്ത് വച്ച് കണ്ടപ്പോഴും പറയാനൊരു സാഹചര്യമുണ്ടായിരുന്നില്ല. ബിഗ്‌ബോസിൽ വച്ചാണ് ഇത്രയധികം സമയം ഒരുമിച്ച് ചെലവഴിക്കുന്നത്. എനിക്ക് മണിക്കുട്ടന്റെ കാരക്ടറിനോട് ഒരി ബഹുാനവം ആരാധനയുമൊക്കെ തോന്നി. അതാണ് സ്‌നേഹത്തിന് വഴിമാറിയത്.

ബിഗ്‌ബോസിൽ ചെന്നപ്പോൾ അവിടെ മണിക്കുട്ടനുമുണ്ടെന്ന് ആദ്യമായി അറിഞ്ഞപ്പോൾ എന്താണ് തോന്നിയത്?

ചില കാര്യങ്ങൾ എനിക്ക് മുൻകൂട്ടി തോന്നുന്നത് ശരിയാവാറുണ്ട്. അത് എന്റെ ഹേറ്റേഴ്‌സ് വരെ സമ്മതിക്കുന്ന കാര്യമാണ്. ഞാൻ ബിഗ് ബോസിലേയ്ക്ക് പോകുമ്പോൾ അമ്മയോട് പറഞ്ഞിരുന്നു മണിക്കുട്ടനും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്. ഞാൻ അവിടെ കയറുമ്പോൾ ആദ്യം കാണുന്നത് മണിക്കുട്ടനെയാണ്. ഏറ്റവുമൊടുവിൽ മണിക്കുട്ടന്റെ കൈകൊണ്ടാണ് ഞാൻ പുറത്താകുന്നതും.

മണിക്കുട്ടനെ ബിഗ് ബോസിൽ ആദ്യമായി കണ്ടപ്പോൾ എന്താണ് തോന്നിയത്?

അന്ന് മണിക്കുട്ടനോട് പ്രേമമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ അയാളുടെ കാരക്ടറിനെ അടുത്തറിഞ്ഞപ്പോഴാണ്, അയാൾ പെൺകുട്ടികളോട് പെരുമാറുന്ന രീതിയും പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന ശൈലിയുമൊക്കെ കണ്ടപ്പോഴാണ് എനിക്ക് ഒരു ആരാധന തോന്നിയത്. അതുപിന്നെ പ്രണയമാകുകയായിരുന്നു.

മണിക്കുട്ടൻ ക്യാപ്റ്റൻ ആയിരുന്ന സമയത്ത് സൂര്യയ്ക്ക് എന്തെങ്കിലും പരിഗണനകൾ തന്നിരുന്നോ, അതോ സ്ട്രിക്റ്റ് ആയിരുന്നോ?

സ്ട്രിക്റ്റ് ഒന്നും ആയിരുന്നില്ല. ആ സമയത്ത് എനിക്ക് എന്തെങ്കിലും ആവശ്യങ്ങളോ അഭിപ്രായങ്ങളോ ഉണ്ടായാൽ ക്യാപ്റ്റനെന്ന നിലയിൽ മണിക്കുട്ടനോടാണ് പറഞ്ഞിരുന്നത്. ഞാൻ ക്യാപ്റ്റൻ ആയിരുന്നപ്പോഴും എന്തെങ്കിലും കൺഫ്യൂഷൻ ഉണ്ടായാൽ മണിക്കുട്ടനോട് ചോദിക്കാനായിരുന്നു തോന്നിയിരുന്നത്. അവനതിന് കറക്ട് സൊലൂഷൻ പറഞ്ഞുതരുമായിരുന്നു, പിന്നെ ആ ദിവസത്തെ കാര്യങ്ങളൊക്കെ ചർച്ച ചെയ്യും. അങ്ങനെ കൂടുതൽ സമയം ഒരുമിച്ച് ചെലവഴിച്ചപ്പോഴാണ് എന്റെ ഉള്ളിലെ ആരാധന ഇഷ്ടമായി മാറിയത്.

ഇടയ്ക്ക് നിങ്ങൾ രണ്ടുപേരുടേയും എന്ന പേരിൽ രണ്ട് പാസ്‌പോർട്ടുകൾ വലിയ ചർച്ചയാകുകയുണ്ടായി. എന്താണ് അതിനുപിന്നിലെ വസ്തുത?

മണിക്കുട്ടന്റെ പാസ്‌പോർട്ട് പ്രചരിക്കുന്നതിന് മുമ്പ് എന്റെ പാസ്‌പോർട്ട് എന്ന പേരിൽ ഒരു പേപ്പർ പ്രചരിച്ചിട്ടുണ്ടായിരുന്നു. അപ്പോഴെന്താ എനിക്കത ന്നും പ്രശ്‌നമല്ലെ. എല്ലാവരും ചർച്ച ചെയ്തിരുന്നത് മണിക്കുട്ടന്റെ പാസ്‌പോർട്ടിന്റെ കാര്യം മാത്രമാണ്. അതിന് മുമ്പ് എന്റെ പേരിൽ ഒരു പാസ്പാർട്ട് പ്രചരിച്ചത് ആർക്കും ചർച്ച ചെയ്യണ്ട. കാരണം ഞാൻ വെറുക്കപ്പെട്ടവളാണ്. എന്റെ അച്ഛനെയും അമ്മയെയും ആവശ്യമില്ലാതെ ഇതിലേയ്ക്ക് വലിച്ചിഴച്ചു. ഞാൻ മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു, വേണമെങ്കിൽ കേസെടുത്ത് അന്വേഷിക്കു. മണിക്കുട്ടന്റെ അച്ഛനും അമ്മയ്ക്കും മറ്രുള്‌ലവർ പറഞ്ഞുള്ള അറിവല്ലേ ഉണ്ടാകു. അവർക്ക് വിഷമമുണ്ടാകും. സ്വാഭാവികം.

രണ്ട് വർഷത്തോളം സൂര്യ ഗൾഫിൽ ജോലി ചെയ്തിരുന്നില്ലേ? എന്ത് ജോലിയാണ് ചെയ്തിരുന്നത്?

പല തവണയായി രണ്ട് വർഷത്തിൽ കൂടുതൽ ഞാൻ ഗൾഫിൽ ജോലി ചെയ്തിരുന്നു. ആദ്യം ദുബായിയിൽ റേഡിയോ ജോക്കി ആയിരുന്നു. അഥുകഴിഞ്ഞ് അച്ഛനും അമ്മയ്ക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടായപ്പോൾ തിരിച്ചുവന്നു. പിന്നെ ടൂർ ഓപ്പറേറ്ററായി ജോലി ചെയ്തു. പിന്നെ ഒരു ഇൻഷുറൻസ് കമ്പനിയിൽ മാർക്കറ്റിങ് സ്റ്റാഫായും ജോലി ചെയ്തു.

കുന്നംകുളം ഓവിയ എന്നൊരു പേരും ബിഗ്‌ബോസിൽ ലഭിച്ചിരുന്നല്ലോ?

തമിഴ് ബിഗ് ബോസിലെ മൽസരാർത്ഥിയായിരുന്നു ഓവിയ. നല്ല മൽസരാർത്ഥി ആയിരുന്നു. അവരും ഇതുപോലെ ബിഗ് ബോസിൽ ഒരാളെ സ്‌നേഹിത്തു. പക്ഷെ അയാളത് അംഗീകരിച്ചില്ല. എന്റെ നിഷ്‌ക്കളങ്കത കൊണ്ട് ഞാനത് അവിടെ പറഞ്ഞു. പിന്നെ ഞാനവിടെ ഓവിയ കളിക്കുന്നു എന്നായി ആക്ഷേപം. ഓവിയയെ അനുകരിക്കാനാണെങ്കിൽ ഞാനത് അവിടെ പറയുമായിരുന്നോ.

ഭക്ഷണത്തിന്റെ കാര്യത്തിലേയ്ക്ക് വന്നാൽ ഒരുപാട് പ്രതീക്ഷകളോടെയായിരിക്കും നിങ്ങളൊക്കെ ബിഗ്‌ബോസ് വീട്ടിൽ എത്തിയിട്ടുണ്ടാവുക. എന്നാൽ എങ്ങനെയായിരുന്നു അവിടത്തെ അനുഭവം?

ഓരോരുത്തർക്കും ഓരോ ആഴ്‌ച്ചയിലും ഓരോ വർക്ക് ഷെഡ്യൂൾ ആയിരിക്കുമല്ലോ. ഭക്ഷണത്തിന്റെ ചുമതലയും മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് ഓരോ ആഴ്‌ച്ചയിലും ഓരോ ടൈപ്പ് ഭക്ഷണം കഴിക്കാം. ഭാഗ്യചേച്ചി നാടൻ ഭക്ഷണമാണ് ഉണ്ടാക്കുക, ഡിംപിൾ ഉത്തരേന്ത്യൻ ഭക്ഷണവും ഞാൻ മറ്റൊരു ടൈപ്പ് ഭക്ഷണവും. ആഹാരത്തിന്റെ കാര്യത്തിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.

ബിഗ് ബോസിൽ ഒരു ആശ്വാസമുണ്ടായിരുന്നത് നോബി ചേട്ടനായിരുന്നെന്ന് തോന്നുന്നു. പുള്ളി കോമഡി ഒക്കെ പറഞ്ഞ് എല്ലാവരുെയും ഹാപ്പിയാക്കിയാക്കി കൊണ്ടുപോകുമായിരുന്നു. അദ്ദേഹം ദേഷ്യപ്പെട്ടത് ഒരിക്കൽ മാത്രമാണെന്ന് തോന്നുന്നു. പക്ഷെ ഒരു വിഷയത്തിലും അദ്ദേഹം പ്രതികരിക്കുന്നില്ല എന്ന് തോന്നിയിരുന്നോ?

നോബി ചേട്ടൻ പുള്ളിയെ കൊണ്ട് കഴിയുംവിധമൊക്കെ ബിഗ് ബോസിൽ ആക്ടീവ് ആയിരുന്നു. അദ്ദേഹത്തിന്റെ ഒരു കാലിൽ സ്റ്റീൽ ഇട്ടിട്ടുണ്ട്. അതുകൊണ്ട് ഫിസിക്കൽ ടാസ്‌കിൽ മാത്രമാണ് ബുദ്ധിമുട്ട് ഉണ്ടായിരുന്നത്. മറ്റെല്ലാ ടാസ്‌കുകളിലും അദ്ദേഹം മുന്നിൽ തന്നെ ഉണ്ടായിരുന്നു. ഒരുപാട് കോമഡി ഒക്കെ പറഞ്ഞ് എല്ലാവരെയും സപ്പോർട്ട് ചെയ്ത് നിൽക്കുന്ന വ്യക്തിയായിരുന്നു. പക്ഷെ എന്നിട്ടുപോലും പുറത്തുള്ള പലരും സാമൂഹ്യമാധ്യമങ്ങളിലൂടെയൊക്കെ ഒരുപാട് ആക്രമിച്ചിട്ടുണ്ട്.

ഒരു ടാസ്‌കായിരുന്ന മൗത്ത് ഫുട്ബാളിൽ ജയിച്ചത് മണിക്കുട്ടനായിരുന്നു. എന്നിട്ട് മണിക്കുട്ടൻ എല്ലാവരുടെയും അടുത്ത് വന്ന് ഹൈഫൈ തരുന്നുണ്ട്. സൂര്യയ്ക്ക് ഹൈഫൈ തന്നിട്ട് സൂര്യ ആലിംഗനം ചെയ്യാൻ പോകുമ്പോൾ മണിക്കുട്ടൻ അവിടെന്ന് മാറിപ്പോയെന്ന് ഒരു സംസാരമുണ്ടല്ലോ?

അത് ശരിയല്ല. ഞങ്ങൾ പുറത്തുവന്നപ്പോഴാണ് ആളുകൾ ഇങ്ങനെയൊക്കെ ചിന്തിച്ചുകൂട്ടുന്നുവെന്ന് മനസിലായത്. മണിക്കുട്ടൻ വന്ന് ഹൈഫൈ തന്നിട്ട് അടുത്ത ആളിലേയ്ക്ക് പോയി. അതിനപ്പുറ ഒന്നും നടന്നിട്ടില്ല. അവിടെ നടക്കുന്നത് പ്രണയ സിനിമ ഒന്നുമല്ലല്ലോ. ആരെയും കെട്ടിപ്പിടിക്കാൻ കഴിയാതെ വിഷമിച്ചുനടക്കുന്ന ഒരാളല്ല ഞാൻ.

ഒരു തമിഴ്‌സിനിമയ്ക്ക് വേണ്ടി സൂര്യ കഥ എഴുതിയിരിക്കുകയാണല്ലോ. എന്തൊക്കെയാണ് അതിന്റെ പുരോഗതി?

അതിന്റെ സംവിധായകൻ ജസ്പാൽ സാറാണ്. ഞാനാണ് അതിന്റെ തിരക്കഥയും നായികാ കഥാപാത്രവും. ഷീല എന്ന ചേച്ചിയാണ് നിർമ്മാതാവ്. പ്രീപ്രൊഡക്ഷൻ വർക്കുകൾ തുടങ്ങി. ചിങ്ങത്തിൽ ഷൂട്ടിങ് തുടങ്ങും. പൂർണമായും ഒരു പ്രണയചിത്രമാണ് അത്. കുറച്ച് സെൻസേഷണൽ സബ്ജക്ടാണ്. തമിഴ് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന സബ്ജക്ടാണ്. മലയാളികൾക്ക് എങ്ങനെയാണെന്ന് അറിയില്ല. ചിലപ്പോൾ ചില ബിഗ്‌ബോസ് താരങ്ങളും ചിത്രത്തിൽ ഉണ്ടായേക്കാം.

മണിക്കുട്ടനോട് പ്രണയാഭ്യാർത്ഥന നടത്തിയതിനെ പറ്റി അച്ഛന്റെയും അമ്മയുടെയും പ്രതികരണം എന്തായിരുന്നു?

'നിനക്കൊരാളോട് താൽപര്യം തോന്നി, നീയത് പറഞ്ഞു. അയാളത് നിരാകരിച്ചു. അതങ്ങ് വിട്ടേക്കൂ' എന്നാണ് അമ്മ പറഞ്ഞത്.

സൂര്യ മണിക്കുട്ടനോട് പ്രണയാഭ്യർത്ഥന നടത്തിയപ്പോൾ മണിക്കുട്ടന്റെ ശരിക്കുമുള്ള പ്രതികരണം എന്തായിരുന്നു?

മണിക്കുട്ടൻ കുറച്ച് പടങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും സാമ്പത്തികമായി സുരക്ഷിതാവസ്ഥയിലല്ല. സഹോദരിമാരെ പഠിപ്പിച്ച്, കല്യാണം കഴിപ്പിച്ച് വിട്ടത് പുള്ളിക്കാരൻ തന്നെയാണ്. ഇപ്പോൾ അച്ഛനും അമ്മയും പ്രായമായി. അവരെ നോക്കണം, നന്നായി ജീവിക്കണം. അതിനൊക്കെ സാമ്പത്തികമായി രക്ഷപ്പെടണം. ബിഗ്‌ബോസിൽ എന്തെങ്കിലും വിവാദങ്ങൾ ഉണ്ടായാൽ, ഇമേജ് തകർന്നാൽ ഇനി സിനിമ കിട്ടാതെ പോകുമോ എന്നൊക്കെ ഭയം ഉണ്ടായേക്കാം. ഞാനതിനെ ബഹുമാനിക്കുന്നു. ഇപ്പോൾ ഗെയിമിൽ ശ്രദ്ധിക്കൂ, എന്നാണ് മണിക്കുട്ടൻ അന്ന് എന്നോട് പറഞ്ഞത്.

ഒരുപാട് വിമർശനങ്ങൾ ബിഗ്‌ബോസിനുള്ളിൽ സൂര്യയ്‌ക്കെതിരെ ഉയർന്നിരുന്നു. അതിൽ സൂര്യയെ ഏറ്റവും വിഷമിപ്പിച്ചതെന്താണ്?

എന്റെ പ്രേമം ഗെയിം സ്ട്രാറ്റജി ആണെന്ന് ഒരുപാട്‌പേർ പറഞ്ഞു. അതങ്ങനെയല്ലെന്ന് ഞാൻ എല്ലാവരെയും ബോധ്യപ്പെടുത്താൻ ശ്രമിച്ചു. കുറേപേർക്ക് മനസിലായി. കുറേപേർക്ക് മനസിലായില്ല. അപ്പോൾ എനിക്ക് വിഷമമായി. പിന്നെ ഒരു പാവയ്ക്ക് മണിക്കുട്ടന്റെ പേരിട്ട വിഷയത്തിലും ഭയങ്കര പ്രശ്‌നങ്ങളുണ്ടായി. അന്നത്തെ വിഷയത്തിലും ഞാൻ ഒരുപാട് കരഞ്ഞു.

ടാസ്‌ക്കുകളിൽ ഏറ്റവും റിസ്‌ക്കി ടാസ്‌ക്ക് ഏതായിരുന്നു?

റിസ്‌ക്കി എന്നല്ല, എനിക്ക് ഏറ്റവും ഇഷ്ടമല്ലാത്ത ടാസ്‌ക് നാട്ടുകൂട്ടമായിരുന്നു. ഒരാളുടെ മുഖത്ത് നോക്കി അയാളുടെ കുറ്റം പറയുന്നത് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്. അതിന്റെ പേരിൽ എന്റെ ചില പ്രിയപ്പെട്ടവരുമായി പിണങ്ങേണ്ടി വന്നു. അന്നാണ് എനിക്ക് പ്രേമരോഗിയെന്ന പേര് വന്നതും.

സൂര്യ ഫേക്ക് ആണെന്ന് ചിലർ പറഞ്ഞിരുന്നല്ലോ. എന്താണതിന് കാരണം?

സജ്‌നയാണ് അങ്ങനെ പറഞ്ഞത്. ഞാനവിടെ അഭിനയിക്കുകയാണെന്നൊക്കെയാണ് അവർ പറഞ്ഞത്. എന്നെ രണ്ട് തവണ ജയിലിലേയ്ക്ക് അയച്ചത് എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞാണ്. എന്റെ സംസാരവും ഡ്രസിങ് രീതികളുമൊക്കെ ഇങ്ങനെയാണ്. എന്റെ പഴയ ഇന്റർവ്യൂകളും വീഡിയോകളുമൊക്കെ എടുത്തുനോക്കിയാൽ അറിയാം. എന്നിട്ടും ഞാൻ ഫേക്ക് ആണെന്ന് അവർ ആവർത്തിച്ചു പറഞ്ഞു. അത് കേട്ട് ഞാൻ പൊട്ടിക്കരഞ്ഞു. മണിക്കുട്ടനും കിടിലം ഫിറോസിക്കയുമൊക്കെയാണ് അന്നെന്നെ സമാധാനിപ്പിച്ചത്.

ബിഗ് ബോസിലെ ഓരോ ദിവസത്തേയും ചിട്ടവട്ടങ്ങൾ എങ്ങനെയായിരുന്നു?

അവിടെ നമുക്ക് സമയം അറിയാൻ ഒരു വഴിയുമില്ലല്ലോ. അതുകൊണ്ട് തന്നെ അതിരാവിലെ എഴുന്നേൽക്കും. അതിരാവിലെ തന്നെ കുളിച്ചിട്ടാണ് അടുക്കളയിൽ കയറുന്നത്. മോണിങ് ടാസ്‌ക് കഴിഞ്ഞ് വരുന്നവർക്ക് ഭക്ഷണം നൽകണമല്ലോ. കിച്ചൺ ഡ്യൂട്ടി അല്ലെങ്കിൽ രാവിലെ പ്രാർത്ഥിച്ചിട്ടാകും ടാസ്‌ക്കിലേയ്ക്ക് കടക്കുന്നത്. രാവിലെയും വൈകിട്ടും ഉറപ്പായും പ്രാർത്ഥിക്കും. അതാണ് എന്റെ കോൺഫിഡന്റ്.

സൂര്യയുടെ ഒരു ഡ്രോബാക്കായി പലരും പറയുന്നത്, സൂര്യ പരിചയമില്ലാത്ത നമ്പരിൽ നിന്നും വരുന്ന ഫോൺകോളുകൾ എടുക്കാറില്ലെന്നതാണ്. പല ഫാൻസും ഫോൺ വിളിച്ചിട്ട് സൂര്യ എടുത്തില്ല. സൈബർ അറ്റാക്ക് പേടിച്ചിട്ടാണോ പരിചയമില്ലാത്ത കോളുകൾ എടുക്കാത്തത്?

ഫാൻസ് എന്നല്ല, ഫാമിലി എന്നാണ് ഞാൻ പറയാറ്. എന്നെ എത്രത്തോളം മോശം പറഞ്ഞോ, അത്രത്തോളം അവരും ഹർട്ട് ആയിട്ടുണ്ട്. അവരുടെ പ്രൊഫൈലിൽ പോയി ചീത്ത വിളിക്കുക വരെ ചെയ്തിട്ടുണ്ട് ചിലർ. എന്നിട്ടും ഞങ്ങൾ സൂര്യയ്‌ക്കൊപ്പമെ നിൽക്കു എന്ന് പറഞ്ഞ് നിൽക്കുന്നവരാണ് അവർ. അവർ അവരുടെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തിയാണ് എന്നെ മനസിലാക്കുന്നത്. അപ്പോൾ അവർ വിളിക്കുന്നത് എനിക്ക് സന്തോഷമാണ്. എന്നാൽ ഇപ്പോൾ എന്റെ നമ്പർ ലീക്കായിട്ടുണ്ട്. അപ്പോൾ അനാവശ്യ കോളുകൾ വരാൻ തുടങ്ങുകയും ഞാൻ പറയുന്നതൊക്കെ റെക്കോർഡ് ചെയ്ത് മറ്റ് ഗ്രൂപ്പിൽ ഷെയർ ചെയ്യാൻ തുടങ്ങിയപ്പോഴാണ് പരിചയമില്ലാത്ത കോളുകൾ എടുക്കണ്ട എന്ന തീരുമാനത്തിലെത്തിയത്.

മണിക്കുട്ടനെ കാണുന്നതിന് മുമ്പ് മറ്റാരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ?

ഉണ്ടായിരുന്നല്ലോ, ഞാനത് ലവ് ടാസ്‌കിൽ പറഞ്ഞിരുന്നു. പക്ഷെ അതെന്റെ സ്ഥിരം ജോലിയൊന്നുമല്ല. മറ്റു ചിലരോടും ക്രഷ് തോന്നിയിട്ടുണ്ട്. പക്ഷെ സീരിയസായി പ്രണയം തോന്നിയത് മണിക്കുട്ടനോടായിരുന്നു.

സൂര്യ ഇടയ്ക്കിടെ ക്യാമറയ്ക്ക് മുന്നിൽ ചെന്ന് പരാതികൾ പറയാറുണ്ടായിരുന്നു.  അതൊരു ആശ്വാസമായി തോന്നിയിട്ടുണ്ടോ?

നമുക്ക് ബിഗ് ബോസ് ഹൗസിനുള്ളിൽ ഒരുപാട് അഭിപ്രായവ്യത്യാസങ്ങളും വിഷമങ്ങളുമൊക്കെ ഉണ്ടാകും. അത് മറ്റൊരാളോട് പരദൂഷണം പറയുന്നതിനെക്കാൾ നല്ലതാണല്ലോ ക്യാമറയോട് പറയുന്നത്. ബിഗ് ബോസിൽ കയറുമ്പോൾ തന്നെ അവർ പറഞ്ഞിട്ടുണ്ടായിരുന്നു എന്ത് വിഷമം ഉണ്ടെങ്കിലും ക്യാമറയുടെ മുന്നിൽ പറയാമെന്ന് അറിയിച്ചിരുന്നു. പലരും ക്യാമറയുടെ മുന്നിൽ സംസാരിക്കാറുണ്ടായിരുന്നു. പക്ഷെ അതൊന്നും പുറത്തുപോയില്ല. എല്ലാവരും ടിവിയിൽ കണ്ടത് ഞാൻ ക്യാമറയിൽ സംസാരിക്കുന്നത് മാത്രമാണ്. അതുകൊണ്ട് ഞാൻ മാത്രമാണ് സംസാരിക്കുന്നതെന്ന് പ്രേക്ഷകർ കരുതി.

ബിഗ് ബോസിൽ നിന്നും പുറത്തുപോയവരിൽ കപ്പടിക്കും അല്ലെങ്കിൽ ഫൈനലിൽ വരുമെന്ന് സൂര്യ കരുതിയ ആരൊക്കെയുണ്ടായിരുന്നു?

പൊളി ഫിറോസിക്കയുടെ കാര്യത്തിൽ ഫിനാലെ വരെ പോകുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ചില കാര്യങ്ങളിൽ ഇക്കയുടെ റൂട്ട് കറക്ടായിരുന്നു. പക്ഷെ ചിലപ്പോഴൊക്കെ അദ്ദേഹത്തിൻഖെ കൈവിട്ടുപോയി. ദേഷ്യം കൂടുതലായതുകൊണ്ടാണെന്ന് തോന്നുന്നു. അല്ലെങ്കിൽ പൊളി ഫിറോസിക്ക ഫെനലിൽ എത്തിയേനെ. പിന്നെ അഡോണി ഞാൻ പ്രതീക്ഷിച്ച ഒരു മൽസരാർത്ഥി ആയിരുന്നു. അവൻ ഭയങ്കര ഇന്റലിജന്റ് ആണ്.

ബിഗ്‌ബോസിലേയ്ക്ക് വരുമ്പോൾ എവിടെയെങ്കിലും ജോലി ചെയ്യുന്നുണ്ടായിരുന്നോ?

ഞാൻ നേരത്തെ പറഞ്ഞ ഇൻഷുറൻസ് കമ്പനിയിൽ മാർക്കറ്റിങ് സ്റ്റാഫായി ജോലി ചെയ്യുന്നുണ്ടായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് തിരിച്ചത്തിയത്.

ആ സമയത്തൊന്നും സിനിമയിൽ നിന്നും ഓഫറുകൾ വന്നിരുന്നില്ലേ?

സിനിമയിൽ നിന്നും സീരിയലിൽ നിന്നും ഓഫറുകൾ വന്നിരുന്നു. എന്നാൽ അന്ന് എനിക്കൊരു സ്ഥിരവരുമാനമുള്ള ജോലി വേണമായിരുന്നു. സിനിമയ്ക്ക് വേണ്ടി ജോലി കളഞ്ഞാൽ ഒടുവിൽ സിനിമയും ജോലിയും ഇല്ലാത്ത അവസ്ഥ ഉണ്ടാകും. ചെറിയൊരു വരുമാനമാണെങ്കിലും അച്ഛനും അമ്മയ്ക്കും അയച്ചുകൊടുക്കുമ്പോൾ അതവർക്കൊരു സപ്പോർട്ടാകും. അതിന് വേണ്ടി ഞാനെന്റെ കല എന്ന സ്വപ്‌നം വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നിട്ടുണ്ട്.

വീണ്ടും ഏഷ്യാനെറ്റ് ഇത്രയും വലിയൊരു പ്ലാറ്റ്‌ഫോം തന്നിരിക്കുകയാണ്. എന്താണ് പറയാനുള്ളത്?

ഞാൻ നേരത്തെ പറഞ്ഞിരുന്നു, ഏഷ്യാനെറ്റ് എന്റെ ഫാമിലിയാണ്. ഏഷ്യാനെറ്റിലൂടെയാണ് ആങ്കർ എന്ന നിലയിൽ ഞാൻ അറിയപ്പെട്ടത്. വർഷങ്ങൾക്ക് ശേഷം ഒന്നുമല്ലാതിരുന്ന എന്നെ വീണ്ടും കൈപിടിച്ചുയർത്തി ബിഗ് ബോസ് എന്ന ഇത്രയും വലിയ പ്ലാറ്റ്‌ഫോം തന്നു. ഇനി എത്രകാലം കഴിഞ്ഞാലും ഈ 91 ദിവസങ്ങൾ ഞാൻ മറക്കില്ല. അതിനെന്തായാലും വലിയ നന്ദിയുണ്ട് ഏഷ്യാനെറ്റിനോട് എൻഡമോൾ ഗ്രൂപ്പിനോടും.

നിങ്ങൾക്ക് ബിഗ്‌ബോസിൽ ഒരുദിവസം കിട്ടുന്ന ശമ്പളം എന്ന പേരിൽ പലകണക്കുകളും യൂട്യൂബ് ചാനലുകളിൽ പ്രചരിക്കുന്നുണ്ട്. അതിലെന്താണ് പ്രതികരണം?

എനിക്ക് എന്റെ പേമെന്റിനെ പറ്റി പറയാൻ പറ്റില്ല. പക്ഷെ ഇതിനെ പറ്റി യൂട്യൂബിൽ വരുന്ന വാർത്തകളൊക്കെ പക്ക ഫേക്കാണ്.

ബിഗ് ബോസ് ജീവിതം കഴിഞ്ഞുനിൽക്കുമ്പോൾ, ഇപ്പോൾ ഹാപ്പിയല്ലേ?

ഹാപ്പിയാണ്. ഇനി ജീവിതത്തിലെ ഏത് ഘട്ടവും നേരിടാൻ എനിക്ക് കഴിയും. അത്രത്തോളം മോശം അനുഭവങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. ഞാനൊരു പാവം കൊച്ചായിരുന്നു. പക്ഷെ ഇനി എന്തുണ്ടായാലും ഒരു പ്രശ്‌നവുമില്ല എന്നാണ് എന്റെ ഇപ്പോഴത്തെ മനോഭാവം.

പിന്നെ ഒരുകാര്യം കൂടി പറയാനുണ്ട്. വീക്കെൻഡ് ഡ്രസുമായി ബന്ധപ്പെട്ട് എനിക്കെതിരെ പല ഗോസിപ്പുകളും പ്രചരിച്ചിരുന്നു. സൂര്യയ്ക്ക് ഡ്രസുകളില്ലെന്ന് പറഞ്ഞിട്ട് വീക്കെൻഡ് ഡ്രസിൽ ഏറ്റവും നല്ല ഡ്രസുകൾ അവളുടെതാണല്ലോ എന്ന് മൽസരാർത്ഥികളിൽ തന്നെ പലരും പരസ്പരം സംസാരിച്ചതായി ഞാനറിഞ്ഞു. അവർ എന്നോട് ചോദിച്ചിരുന്നെങ്കിൽ ഞാൻ മറുപടി നൽകിയേനെ. ഞാൻ മോഡലിങ് രംഗത്ത് വർക്ക് ചെയ്തിരുന്നയാളാണ്. എന്നെ സപ്പോർട്ട് ചെയ്യുന്ന രണ്ട് ഫാഷൻ ഡിസൈനേഴ്‌സ് ഉണ്ട്. സാത്മികോ എന്ന പെരുമ്പാവൂരിലെ ഒരു ടീമും അസ്മിൻ കളക്ഷൻസ് എന്ന പാലക്കാടുള്ള ബൂട്ടിക്കുമാണ് എനിക്കുള്ള വീക്കെൻഡ് ഡ്രസുകൾ സ്‌പോൺസർ ചെയ്തിരുന്നത്. അതുകൊണ്ടാണ് എനിക്ക് ലാൽ സാറിന്റെ എപ്പിസോഡുകളിൽ നല്ല ഡ്രസുകളിട്ട് നിൽക്കാൻ പറ്റിയത്.

അവസാനമായി പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?

പ്രോഗ്രാം ഇഷ്ടപ്പെടുന്നവരിൽ എന്നെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ടാകാം. എല്ലാവർക്കും നന്ദി. ഇപ്പോൾ ബിഗ് ബോസ് ഫിനാലെയിൽ നിൽക്കുന്നവരും പുറത്തായവരുമൊക്കെ ഉണ്ട്. ഒരാളെ ഇഷ്ടമാണെന്ന് കരുതി മറ്റുള്ളവരെ ഡീഗ്രേഡ് ചെയ്യരുത്. അവർക്കും ജീവിതവും തുടുംബവും ഉണ്ടെന്ന് ഓർക്കുക. അവരെ അവരുടെ വഴിക്ക് വിടുക. ഗെയിമിനെ ഗെയിമായി എടുക്കുക. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP