Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏഷ്യാനെറ്റ് ന്യൂസിന്റെ തലവനായി മനോജ് കെ ദാസ് എത്തി; മാനേജ്‌മെന്റ് നൽകിയത് മാനേജിങ് എഡിറ്റർ പദവി; എംജി രാധാകൃഷ്ണൻ രാജി വച്ചത് മാതൃഭൂമി മുൻ എഡിറ്ററെ നിയമിച്ച് ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ തന്നെ; ചാനലിനെ നയിക്കാൻ കേന്ദ്രമന്ത്രിയുടെ വിശ്വസ്തൻ എത്തി

ഏഷ്യാനെറ്റ് ന്യൂസിന്റെ തലവനായി മനോജ് കെ ദാസ് എത്തി; മാനേജ്‌മെന്റ് നൽകിയത് മാനേജിങ് എഡിറ്റർ പദവി; എംജി രാധാകൃഷ്ണൻ രാജി വച്ചത് മാതൃഭൂമി മുൻ എഡിറ്ററെ നിയമിച്ച് ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ തന്നെ; ചാനലിനെ നയിക്കാൻ കേന്ദ്രമന്ത്രിയുടെ വിശ്വസ്തൻ എത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ മേധാവിയായി മനോജ് കെ ദാസ് ചുമതലയേറ്റു. ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ആൻഡ് എന്റർടെയിന്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് എഡിറ്ററായാണ് നിയമനം. നേരോടെ നിർഭയം നിരന്തരം എന്ന സന്ദേശത്തിന് കരുത്ത് പകരാൻ മനോജ് കെ ദാസിന്റെ നിയമനം ഗുണകരമാകുമെന്ന് മാനേജ്‌മെന്റ് വിലയിരുത്തുന്നുണ്ട്. ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടിവ് ചെയർമാൻ രാജേഷ് കലറയുടെതാണ് മനോജ് കെ ദാസിനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ്. രാജീവ് ചന്ദ്രശേഖർ നയിക്കുന്ന ജൂപ്പിറ്റർ മീഡിയാ ഗ്രൂപ്പിന്റെ എഡിറ്റർ കൂടിയാണ് മനോജ് കെ ദാസ്.

എക്‌സിക്യൂട്ടിവ് ചെയർമാനോടാകും മനോജ് കെ ദാസ് റിപ്പോർട്ട് ചെയ്യുകയെന്നും ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട്. ഈ ഉത്തരവ് വന്നതിന് പിന്നാലെയാണ് എംജി രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റർ പദവി ഒഴിഞ്ഞത്. എഡിറ്റർ പദവിക്ക് മുകളിലാണ് മാനേജിങ് എഡിറ്റർ പദവി. ഇതോടെ എംജി രാധാകൃഷ്ണനെ ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കമാണ് നടന്നതെന്നും വ്യക്തമായിട്ടുണ്ട്. മനോജ് കെ ദാസിന് പിന്നിൽ എസ് ബിജുവാണ് ചാനലിലെ രണ്ടാമൻ. സിന്ധു സൂര്യകുമാറാണ് വാർത്ത വിഭാഗത്തിൽ ബിജുവിന് പിന്നിൽ. ബിജുവും സിന്ധുവും എക്‌സിക്യൂട്ടീവ് എഡിറ്റർമാരാണ്.

മനോജ് കെ ദാസിന്റെ പടം സഹിതമാണ് ഇതു സംബന്ധിച്ച ഉത്തരവ് മാനേജ്‌മെന്റ് ഇറക്കിയിരിക്കുന്നത്. മനോജ് കെ ദാസിന്റെ പ്രവർത്തന പരിചയവും എടുത്തു കാണിക്കുന്നുണ്ട്. ഒരാഴ്ച മുമ്പാണ് മനോജ് കെ ദാസ് മാതൃഭൂമി പത്രത്തിന്റെ എഡിറ്റർ സ്ഥാനം രാജിവച്ചത്. അന്ന് തന്നെ മനോജ് കെ ദാസ് ഏഷ്യാനെറ്റിൽ എത്തുമെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിയാകും വിധമാണ് പിന്നീട് നടന്ന ഓരോ നീക്കവും. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനൊപ്പം ഡിജിറ്റൽ പ്ലാറ്റ് ഫോമുകളുടേയും ചുമതല മനോജ് കെ ദാസിനാകും. ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രധാന ഉടമയായ രാജീവ് ചന്ദ്രശേഖർ ഈയിടെ കേന്ദ്രമന്ത്രിയായിരുന്നു. രാജീവ് ചന്ദ്രശേഖറുമായി അടുത്ത ബന്ധമാണ് മനോജ് കെ ദാസിനുള്ളത്.

അനിൽ ആടൂരിന് സീനിയർ അസോസിയേറ്റ് എഡിറ്റർ പദവി നൽകിയിട്ടുണ്ട്. അഭിലാഷ് ജി നായരും ഷാജഹാനും സുരേഷ് കുമാർ പിജിയും വിനു വി ജോണും പ്രശാന്ത് രഘുവംശവും ചീഫ് കോ ഓർഡിനേറ്റിങ് എഡിറ്റർമാരാണ്. ഇതിൽ അഭിലാഷ് മധ്യ കേരളത്തിലും ഷാജഹാൻ വടക്കൻ മേഖലയിലും റെസിഡന്റെ എഡിറ്റർമാരാകും. അജയഘോഷിന് തെക്കൻ കേരളവും. പ്രശാന്ത് രഘുവംശം ഡൽഹിയിൽ തുടരും. എംജിയുടെ രാജിക്കൊപ്പം ഇത്തരം സുപ്രധാന തീരുമാനങ്ങളും ഏഷ്യാനെറ്റ് ന്യൂസ് എടുത്തിരുന്നു.

എംജിക്ക് പകരം മനോജ് കെ ദാസ് എത്തിയാൽ ചാനലിൽ പ്രശ്നമുണ്ടാകുമെന്ന വിലയിരുത്തലുകൾ പുറത്തുണ്ട്. ഇത് മനസ്സിലാക്കിയാണ് മാനേജ്മെന്റ് എല്ലാവർക്കും പ്രമോഷൻ കൊടുക്കുന്നത്. ഇതോടെ എല്ലാവരും ചാനലിനൊപ്പം ചേർന്ന് നിൽക്കുമെന്നാണ് സൂചന. പൊതുവേ നിഷ്പക്ഷ ലൈനിലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ യാത്ര. ഇത് തുടരുമെന്ന് തന്നെയാണ് മാനേജ്മെന്റ് നൽകുന്നത്. എന്നാൽ ഇടത് ലൈൻ വിട്ടുള്ള പരിവാർ പക്ഷം പിടിക്കലിനുള്ള സാധ്യത സൈബർ ചർച്ചകളിൽ നിറയുന്നുമുണ്ട്. അതുകൊണ്ട് തന്നെ മനോജ് കെ ദാസ് എത്തുമ്പോൾ ചാനലിന്റെ നിലപാടുകളിൽ ഉണ്ടാകുന്ന മാറ്റം ശ്രദ്ധിക്കപ്പെടും.

ചാനലിന്റെ ഔട്ട് പുട്ട് എഡിറ്റർ പിജെ സുരേഷ് കുമാറാണ്. ഇൻപുട്ട് എഡിറ്റർ വിനു വി ജോണും. വാർത്താ അവതരണത്തിനൊപ്പം ഇരുവർക്കും നിർണ്ണായക ചുമതലകൾ നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എസ് ബിജുവും സിന്ധു സൂര്യകുമാറും അടങ്ങുന്ന ടീമാകും അടുത്ത എഡിറ്റർ വരും വരെ നയപരമായ തീരുമാനങ്ങൾ എടുക്കുകയെന്നും വ്യക്തമാണ്. പുതിയ എഡിറ്റർ എത്തിയാലും ഈ ടീമിന് വാർത്താ തെരഞ്ഞെടുപ്പിലും മറ്റും നിർണ്ണായക റോൾ കാണും. എന്നാൽ ബിജെപിക്ക് വേണ്ടി എംജിയെ ബലിയാടാക്കുന്നതിലും എതിർപ്പുകൾ ഉയരുന്നുണ്ട്.

ബിജെപിയും ഏഷ്യാനെറ്റ് ന്യൂസും ബഹിഷ്‌കരണത്തിലാണ്. ഏഡിറ്റർ മാറുന്നതോടെ വീണ്ടും സഹകരണത്തിന് സാധ്യത തെളിയും. കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലാണ് ഏഷ്യാനെറ്റ് ന്യൂസ്. മോദി കാബിനറ്റിൽ അംഗമായതോടെ തന്നെ ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്ത് രാജീവ് ചന്ദ്രശേഖർ മാറ്റം കൊണ്ടു വരുമെന്ന സൂചനകളുണ്ടായിരുന്നു. ഇതാണ് സംഭവിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP