Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രിക്കറ്റ് കളിക്കാനെത്തി യൂറോ കപ്പും വിംബിൾഡനും കാണാൻ പോയി; ഒടുവിൽ കോവിഡ് ബാധ; 'പന്ത് വീട്ടിലേക്കു വരുന്നു'; ഋഷഭ് പന്തിന് 'ട്രോളി' ആരാധകർ

ക്രിക്കറ്റ് കളിക്കാനെത്തി യൂറോ കപ്പും വിംബിൾഡനും കാണാൻ പോയി; ഒടുവിൽ കോവിഡ് ബാധ; 'പന്ത് വീട്ടിലേക്കു വരുന്നു'; ഋഷഭ് പന്തിന് 'ട്രോളി' ആരാധകർ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനിടെ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ പരിഹസിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാപക ട്രോൾ. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി എത്തിയ ഋഷഭ് പന്തിന്, ശ്രദ്ധക്കുറവു നിമിത്തമാണ് കോവിഡ് ബാധിച്ചതെന്നാണ് പരിഹാസങ്ങളിലെ മുന.

'യൂറോ കപ്പ് വീട്ടിലേക്കു വരുന്നു' എന്ന ഇംഗ്ലിഷുകാരുടെ വാചകം പരിഷ്‌കരിച്ച്, 'പന്ത് വീട്ടിലേക്കു വരുന്നു' എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലെ പരിഹാസം.

പന്ത് ഐസൊലേഷനിൽ പ്രവേശിച്ചു. താരത്തിന് ആദ്യ മത്സരം നഷ്ടമാവാൻ സാധ്യതയുണ്ട്. എട്ടുദിവസം മുൻപാണ് പന്ത് ഐസൊലേഷനിൽ പ്രവേശിച്ചത്. നിലവിൽ ഇന്ത്യൻ ടീമിനൊപ്പമല്ല താരമുള്ളത്. ഒരു സുഹൃത്തിന്റെ വീട്ടിൽ കഴിയുകയാണ് പന്ത്. രോഗം പൂർണമായും ഭേദമായ ശേഷം താരം ടീമിനൊപ്പം ചേരും.

 

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനു ശേഷമുള്ള ഇടവേളയിൽ ഋഷഭ് പന്ത് ഉൾപ്പെടെയുള്ള താരങ്ങൾ യൂറോ കപ്പും വിമ്പിൾഡൻ മത്സരങ്ങളും കാണാൻ പോയിരുന്നു. ഗാലറിയിൽനിന്നുള്ള ചിത്രങ്ങൾ ഇവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റും ചെയ്തു. ഇതിൽ യൂറോ കപ്പ് വേദിയിൽനിന്ന് സുഹൃത്തുക്കൾക്കൊപ്പം ഋഷഭ് പന്ത് പോസ്റ്റ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിൽ മാസ്‌ക് ധരിക്കാതെ നിൽക്കുന്ന ഋഷഭ് പന്തിന്റെ ചിത്രത്തിനു താഴെ ആരാധകർ മുന്നറിയിപ്പും നൽകി.

ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പോകുന്നത് തടഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ ഇംഗ്ലണ്ടിലുള്ള ടീമംഗങ്ങൾക്ക് കത്ത് അയയ്ക്കുകയും ചെയ്തു. താരങ്ങൾ യൂറോ കപ്പും വിമ്പിൾഡനും കാണാൻ പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു ഇത്. ഋഷഭ് പന്തിനു പുറമെ പേസ് ബോളർ ജസ്പ്രീത് ബുമ്രയും ഭാര്യ സഞ്ജനയ്ക്കൊപ്പം യൂറോ കപ്പ് വേദിയിലെത്തിയിരുന്നു. പരിശീലകൻ രവി ശാസ്ത്രി, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയവർ വിംബിൾഡൻ മത്സരങ്ങൾ കാണാനും പോയി.

ഈ സാഹചര്യത്തിലാണ് കോവിഡ് ബാധിതനായതിനു പിന്നാലെ ഋഷഭ് പന്തിനെ 'ട്രോളി' സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ പ്രതികരണം. അതേസമയം, ഋഷഭ് പന്തിന് രോഗസൗഖ്യം നേർന്ന് ഹർഭജൻ സിങ്, സുരേഷ് റെയ്‌ന തുടങ്ങിയവരും രംഗത്തെത്തി.

ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിനെയും കോവിഡ് ബാധിച്ചിട്ടിട്ടുണ്ട്. ഏഴ് താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചതോടെ രണ്ടാം നിര ടീമിനെ വച്ചാണ് ഇംഗ്ലണ്ട് പാക്കിസ്ഥാനെതിരായ പരമ്പരയിൽ പങ്കെടുത്തത്. ഓഗസ്റ്റ് നാലിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരം നടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP