Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളാ കോൺഗ്രസിൽ ഭിന്നത രൂക്ഷം; സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് വിമതവിഭാഗം; ചടങ്ങ് ബഹിഷ്‌കരിച്ചത്, ഫ്രാൻസിസ് ജോർജ്ജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നീ നേതാക്കൾ; പാർട്ടി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പിളർപ്പിന് വഴിയൊരുക്കുമെന്ന് സൂചന

കേരളാ കോൺഗ്രസിൽ ഭിന്നത രൂക്ഷം; സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് വിമതവിഭാഗം; ചടങ്ങ് ബഹിഷ്‌കരിച്ചത്, ഫ്രാൻസിസ് ജോർജ്ജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നീ നേതാക്കൾ; പാർട്ടി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പിളർപ്പിന് വഴിയൊരുക്കുമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പാർട്ടി സ്ഥാനത്തെച്ചൊല്ലി ഉണ്ടായ തർക്കം രൂക്ഷം. കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് വിമത നേതാക്കൾ വിട്ടുനിന്നു.

ഫ്രാൻസിസ് ജോർജ് വിഭാഗമാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. .ഫ്രാൻസിസ് ജോർജ്ജിനൊപ്പം ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നീ നേതാക്കളും ചടങ്ങിൽ പങ്കെടുത്തില്ല. അനാരോഗ്യം കാരണമാണ് ചടങ്ങിലെത്താത്തതെന്നാണ് ഫ്രാൻസിസ് ജോർജ്ജ് വിശദീകരിച്ചതെങ്കിലും പാർട്ടി സ്ഥാനം സംബന്ധിച്ച് ഉയർന്ന തർക്കങ്ങളാണ് തീരുമാനത്തിന് കാരണമെന്നാണ് സൂചന.

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും പാർട്ടി സ്ഥാനം സംബന്ധിച്ച തർക്കം ഉയർന്ന് വന്നിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് ഇക്കാര്യം ചർച്ചയായില്ല. അതിന് ശേഷം മോൻസ് ജോസഫ് അടക്കമുള്ള നേതാക്കൾക്ക് ഉയർന്ന സ്ഥാനം കൊടുത്തതാണ് ഫ്രാൻസിസ് ജോർജ് വിഭാഗത്തെ ചൊടിപ്പിച്ചത്. മുതിർന്ന നേതാവായ ഫ്രാൻസിസ് ജോർജിനെ പരിഗണിച്ചില്ലെന്നാണ് വിമത നേതാക്കൾ ഉയർത്തുന്ന പ്രശ്‌നം.

പാർട്ടിയിൽ പദവി നിശ്ചയിച്ചപ്പോൾ ചെയർമാൻ പിജെ ജോസഫിനും പിസി തോമസിനും തൊട്ട് താഴെ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് മോൻസ് ജോസഫാണ്. പാർട്ടിയിൽ സീനിയറായ ഫ്രാൻസിസ് ജോർജ്ജിന് ഡെപ്യൂട്ടി ചെയർമാൻ സ്ഥാനമാണ് നൽകിയത്. സീനീയറായ തന്നെ താഴ്ന്ന പദവിയിൽ ഒതുക്കിയതിൽ ഫ്രാൻസിസ് ജോർജ്ജിനും ഒപ്പം നിൽക്കുന്നവർക്കും കടുത്ത അതൃപ്തിയായി.

പിജെ ജോസഫിനെപ്പോലും മറി കടന്ന് പാർട്ടിയിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് മോൻസ് ജോസഫിന്റെ നേതൃത്വത്തിലെ മൂന്നംഗം സംഘമാണെന്നും വിമത നേതാക്കൾ ആക്ഷേപിക്കുന്നു. വിമത നേതാക്കളെ അനുനയിപ്പിക്കാൻ പിജെ ജോസഫ് തൊടുപുഴയിലെ വീട്ടിൽ യോഗം വിളിച്ചെങ്കിലും ഫലം കണ്ടില്ല. അതേ സമയം പാർട്ടിയിൽ നിലവിൽ പ്രശ്‌നങ്ങളില്ലെന്നും തെരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്നുമാണ് അധ്യക്ഷൻ പിജെ ജോസഫ് വിശദീകരിച്ചത്.

കഴിഞ്ഞ ദിവസം പിജെ ജോസഫിന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ മോൻസ് ജോസഫിന്റെയും ഫ്രാൻസിസ് ജോർജിന്റെയും നേതൃത്വത്തിൽ നേതാക്കൾ ഇരുവിഭാഗങ്ങളായി ചേരിതിരിഞ്ഞതോടെ പ്രശ്‌നം വഷളായിരുന്നു.

കേരളാ കോൺഗ്രസ് എമ്മിൽ നിന്ന് പിളർന്നതിന് പിന്നാലെ പി സി തോമസ് വിഭാഗവുമായി ലയിച്ചായിരുന്നു പി ജെ ജോസഫും പാർട്ടിയും കേരളാ കോൺഗ്രസ് എന്ന പേര് സ്വന്തമാക്കിയത്. എന്നാൽ ലയനത്തിന് പിന്നാലെ തന്നെ പാർട്ടിയിൽ പദവികളുടെ പേരിൽ നേതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ആരംഭിക്കുകയായിരുന്നു. ഫ്രാൻസിസ് ജോർജ്, മോൻസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നതോടെ കേരളാ കോൺഗ്രസ് മറ്റൊരു പിളർപ്പിന്റെ വക്കിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

കേരളാ കോൺഗ്രസിലെ നേതാക്കളുടെ അഭിപ്രായ വ്യത്യാസം പാർട്ടിയെ വീണ്ടുമൊരു പിളർപ്പിലേക്ക് നയിക്കുകയാണെന്ന വാർത്തകൾക്കിടെയാണ് പ്രശ്‌ന പരിഹാരത്തിനെന്നോണം സംഘടന തെരഞ്ഞെടുപ്പ് നടത്താൻ പോകുന്നെന്ന നിർണായക തീരുമാനം വന്നിരിക്കുന്നത്. വാർഡ് കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി വരെ പുനഃസംഘടിപ്പിക്കുമെന്നു പി ജെ ജോസഫ് അറിയിച്ചിരുന്നു. നേതാക്കളുടെ അതൃപ്തി പരിഹരിക്കുക എന്നതാണ് സംഘടനാ തെരഞ്ഞെടുപ്പിലൂടെ പിജെ ജോസഫ് ലക്ഷ്യമിടുന്നത്.

വാർഡ് തലം മുതൽ സംസ്ഥാന തലം വരെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയാലും കേരള കോൺഗ്രസ് നേതാക്കളുടെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കപ്പെടുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. നിലവിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി താൽക്കാലികമാണെന്നും പാർട്ടി നിർദ്ദേശിക്കുന്ന ഏത് സ്ഥാനവും ഏറ്റെടുക്കുമെന്നുമാണ് ഫ്രാൻസിസ് ജോർജ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP