Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാന്ദ്ര ഗവേഷണ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് 'നെൽകൃഷി' പരീക്ഷിച്ച് ചൈന; വിളവെടുത്തത് കോസ്മിക് വികിരണങ്ങൾക്ക് വിധേയമായി വളർത്തിയെടുത്ത ഹൈബ്രിഡ് നെല്ല്; ബഹിരാകാശ പ്രജനന സാങ്കേതികവിദ്യ ഉയർന്ന വിളവിന് വഴിവയ്ക്കുമെന്ന് പ്രതീക്ഷ; 'സ്വർഗത്തിൽ നിന്നുള്ള അരി' ചൂടേറിയ ചർച്ച വിഷയമാകുമ്പോൾ

ചാന്ദ്ര ഗവേഷണ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് 'നെൽകൃഷി' പരീക്ഷിച്ച് ചൈന; വിളവെടുത്തത് കോസ്മിക് വികിരണങ്ങൾക്ക് വിധേയമായി വളർത്തിയെടുത്ത ഹൈബ്രിഡ് നെല്ല്; ബഹിരാകാശ പ്രജനന സാങ്കേതികവിദ്യ ഉയർന്ന വിളവിന് വഴിവയ്ക്കുമെന്ന് പ്രതീക്ഷ; 'സ്വർഗത്തിൽ നിന്നുള്ള അരി' ചൂടേറിയ ചർച്ച വിഷയമാകുമ്പോൾ

ന്യൂസ് ഡെസ്‌ക്‌

ബീജിങ്: ചാന്ദ്ര ഗവേഷണ ദൗത്യമായ ചാങ്-5 നിടെ ബഹിരാകാശത്ത് പരീക്ഷിച്ച 'നെൽകൃഷി'യിൽ വിളവെടുക്കാനൊരുങ്ങി ചൈന. 2020 നവംബറിൽ 23 ദിവസമാണ് ഉയർന്ന വിളവ് നൽകുന്ന, ഹൈബ്രിഡ് നെല്ല് വിത്തുകൾ എത്തിച്ച് പരീക്ഷണത്തിന് തുടക്കമിട്ടത്. നാലുമാസത്തിലധികം നീണ്ട വളർച്ചയ്ക്ക് ശേഷമാണ് വിളവെടുത്തത്. മനുഷ്യന്റെ ബഹിരാകാശ പര്യവേഷണങ്ങൾക്ക് പുതിയ മാനങ്ങൾ നൽകുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് പുതിയ പരീക്ഷണങ്ങൾ മുതൽക്കൂട്ടാകുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.

40 ഗ്രാം വിത്തുകളാണ് ചാന്ദ്ര ഗവേഷണത്തോടൊപ്പം ചൈന അയച്ചത്. സൗത്ത് ചൈന കാർഷിക സർവകലാശാലയിൽ വച്ച് വിളവെടുത്ത വിത്തുകൾ ബഹിരാകാശത്തെ ഗുരുത്വാകർഷണമില്ലാത്ത കോസ്മിക് വികിരണങ്ങൾക്ക് വിധേയമായ അസാധാരണമായ സാഹചര്യത്തിൽ വളർത്തിയെടുത്തവയാണ്. ചൈന മീഡിയ ഗ്രൂപ്പാണ് ഞായറാഴ്ച ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്.

മൂന്ന് വലിയ ബാഗുകളിലായി ഒരു സെന്റിമീറ്റർ വളർന്ന വിത്തുകളാണ് ശേഖരിച്ചിരിക്കുന്നത്. ഇവയിൽ നല്ല വിത്തുകൾ ഗവേഷണശാലകളിൽ നന്നായി വളർത്തി പിന്നീട് കൃഷിസ്ഥലങ്ങളിൽ നട്ട് വിളവെടുക്കാനാണ് ചൈനയുടെ ലക്ഷ്യം. ഇത്തരത്തിൽ കണ്ടെത്തുന്ന പുതിയ അരി ചൈനയുടെ ഭക്ഷ്യമേഖലയിൽ തുണയാകുമെന്നാണ് ചൈന കരുതുന്നത്. ഇവ മൂന്ന് മുതൽ നാല് വർഷത്തിനകമേ വിൽപനയ്‌ക്കെത്തൂ. ഇത്തരത്തിൽ വളർത്തിയെടുത്ത അരി കൂടുതൽ പരീക്ഷണങ്ങൾക്ക് വിധേയമായ ശേഷമേ വിൽപനയ്‌ക്കെത്തിക്കൂ എന്ന് ഗവേഷകർ അറിയിച്ചു.

'ഇതിന് കുറച്ച് തലമുറകൾ കൂടി എടുക്കും, പ്രവിശ്യാ, സംസ്ഥാനതല അവലോകനങ്ങൾ കൈമാറുന്നതിനുമുമ്പ് നിരവധി പരീക്ഷണങ്ങൾ, താരതമ്യങ്ങൾ, പ്രാദേശിക പരീക്ഷണങ്ങൾ എന്നിവയിലൂടെ കടന്നുപോകും,'' ചൈനയിലെ പ്രധാന നെൽപാദന മേഖലകളിലൊന്നായ പാൻജിനിലെ നെല്ല് വളർത്തൽ വിദഗ്ദ്ധനായ സൂ ലീ, നോർത്ത് ഈസ്റ്റ് ചൈനയുടെ ലിയോണിങ് പ്രവിശ്യയിലെ ഗ്ലോബൽ ടൈംസിനോട് പ്രതികരിച്ചു.



മികച്ച വിത്തുകൾ ലബോറട്ടറികളിൽ വളർത്തുകയും പിന്നീട് വയലുകളിൽ നടുകയും ചെയ്യും. ഇത് ചൈനയുടെ ധാന്യ വിളവെടുപ്പ് വർദ്ധിപ്പിക്കുന്നതിനൊപ്പം കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന പുതിയ ഇനം നെല്ലുകൾ വാഗ്ദാനം ചെയ്യുമെന്നാണ് ഗവേഷണ കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ഗുവോ ടാവോ പറയുന്നത്.

ബഹിരാകാശ വിത്തുകൾ ചൈനയുടെ ഹൈബ്രിഡ് നെല്ല് പ്രജനനത്തിനും കാരണമാകുമെന്ന് ഗുവോ പറഞ്ഞു. സൂപ്പർ ഹൈബ്രിഡ് അരിയിൽ ബഹിരാകാശ പ്രജനന സാങ്കേതികവിദ്യ പ്രയോഗിക്കുന്നതിലൂടെ, വിത്ത് ബാങ്ക് വിപുലീകരിക്കുന്നതിന് കൂടുതൽ മികച്ച ജനിതക സ്രോതസ്സുകൾ നൽകാൻ ഇത്തരം വിത്തുകൾക്ക് കഴിയും.

ബഹിരാകാശ പ്രജനനം ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർക്ക് കോസ്മിക് രശ്മികളുടെ സ്വാധീനത്തെക്കുറിച്ച് പഠിക്കാനുള്ള അഭിനിവേശമാണ് നൽകുന്നതെന്ന് ബഹിരാകാശ വിശകലന വിദഗ്ധനും ബീജിങ് ആസ്ഥാനമായുള്ള എയ്റോസ്പെയ്സിന്റെ ഉദ്യോഗസ്ഥനുമായ വാങ് യാനാൻ ഗ്ലോബൽ ടൈംസിനോട് പറഞ്ഞു.

റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ വിഷയം ചൂടേറിയ ചർച്ചയ്ക്ക് വഴിവച്ചു. 'സ്വർഗത്തിൽ നിന്നുള്ള അരി' അത്താഴ മേശകളിൽ എപ്പോൾ ഇറങ്ങുമെന്നായിരുന്നു മാധ്യമ പ്രവർത്തകർ അടക്കം അഭിപ്രായപ്പെട്ടത്. അരി വിപണിയിൽ പ്രവേശിക്കുന്നതിന് മൂന്ന് മുതൽ നാല് വർഷം വരെ എടുക്കുമെന്നാണ് ഗുവോ പറയുന്നത്.



ഇത് ആദ്യമായല്ല ബഹിരാകാശത്തേക്ക് ചൈന വിത്തുകൾ അയക്കുന്നത്. 1987ലും പരുത്തി, തക്കാളി എന്നിവയുടെ വിത്തുകൾ ചൈന ബഹിരാകാശത്ത് പരീക്ഷണത്തിനയച്ചു. ബഹിരാകാശത്ത് പരിവർത്തനത്തിന് വിധേയമാകുന്ന നെല്ലുകൾ ഭൂമിയിലെ അന്തരീക്ഷത്തിൽ കൂടുതൽ വിളവ് നൽകുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ. 2018ൽ ഇവ നടാനായി ചൈന 2.4 മില്യൺ ഹെക്ടർ സ്ഥലമാണ് മാറ്റിവച്ചിരുന്നത്.

ബഹിരാകാശ നിലയത്തിൽ മനുഷ്യൻ ദീർഘകാലം ഗവേഷണങ്ങൾക്കായി താമസിക്കുന്നതിനാൽ, ബഹിരാകാശത്ത് സ്വയം പുനരുപയോഗം ചെയ്യുന്ന ഒരു ആവാസവ്യവസ്ഥ രൂപപ്പെടുത്താനാകുമോ എന്നതാണ് പരീക്ഷണങ്ങൾക്ക് പിന്നിലെ പ്രേരണ. ഇത് ചെലവ് വളരെയധികം കുറയ്ക്കുകയും ഭാവിയിൽ മനുഷ്യർക്ക് ബഹിരാകാശ യാത്രയ്ക്ക് ആവശ്യമായി കൈവശം കരുതേണ്ട വിഭവങ്ങൾ കുറയ്ക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. ചന്ദ്ര ഗവേഷണ കേന്ദ്രത്തിലേക്കും ചൊവ്വയിലേക്കുള്ള മനുഷ്യസഹായ ദൗത്യങ്ങൾ എന്നിവയ്ക്ക് ഭാവിയിൽ വലിയ മുതൽക്കൂട്ടാകുന്നതാണ് ഇത്തരം പരീക്ഷണങ്ങളെന്ന് ചൈന അവകാശപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP