Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിറ്റക്സിന് പിന്നാലെ മോഹൻലാലും പൃഥ്വിരാജും തെലുങ്കാനയിലേയ്ക്ക്; ഒപ്പം പോകുന്നത് മറ്റ് ആറു സിനിമകളും; ചെന്നൈയിലേക്കും ഷൂട്ടിങ് മാറ്റുന്നത് ആലോചിച്ച് മലയാള സിനിമാക്കാർ; പ്രതിസന്ധിയിലാകുക കേരളത്തിലെ ജൂനിയർ ആർട്ടിസ്റ്റുകളും സെറ്റിൽ പണിയെടുക്കുന്ന സാധാരണക്കാരും; കോവിഡിനെ മറികടക്കാൻ ബദലുമായി മലയാള സിനിമയും

കിറ്റക്സിന് പിന്നാലെ മോഹൻലാലും പൃഥ്വിരാജും തെലുങ്കാനയിലേയ്ക്ക്; ഒപ്പം പോകുന്നത് മറ്റ് ആറു സിനിമകളും; ചെന്നൈയിലേക്കും ഷൂട്ടിങ് മാറ്റുന്നത് ആലോചിച്ച് മലയാള സിനിമാക്കാർ; പ്രതിസന്ധിയിലാകുക കേരളത്തിലെ ജൂനിയർ ആർട്ടിസ്റ്റുകളും സെറ്റിൽ പണിയെടുക്കുന്ന സാധാരണക്കാരും; കോവിഡിനെ മറികടക്കാൻ ബദലുമായി മലയാള സിനിമയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിനിമാ ഷൂട്ടിങ് അനുമതിക്കായുള്ള കാത്തിരിപ്പ് നീളുന്നു. സിനിമാ ഷൂട്ടിങ്ങുകൾ തെലുങ്കാനയിലേയ്ക്ക് മാറ്റാൻ തീരുമാനം. ഫെഫ്ക ഉൾപ്പെടെയുള്ള സിനിമാ സംഘടനകളുടെ അപേക്ഷ സർക്കാർ പരിഗണിക്കാത്ത സാഹചര്യത്തിലാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹൻലാൽ നായകനാവുന്നതുൾപ്പടെ 7-ഓളം സിനിമകൾ തെലുങ്കാനയിലേയ്ക്കും തമിഴ്‌നാട്ടിലേയ്ക്കും ഷൂട്ടിങ് മാറ്റുന്നത്.

തെലുങ്കാനയിലും തമിഴ്‌നാട്ടിലും കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ടുള്ള ഷൂട്ടിങ്ങിന് അനുമതി നൽകുന്നുണ്ട്. കേരളത്തിൽ സീരിയൽ ഷൂട്ടിങ്ങുകൾക്ക് അനുമതി നൽകുന്നുണ്ടെങ്കിലും സിനിമാ ഷൂട്ടിങിനെ അധികൃതർ പരിഗണിക്കുന്നില്ലെന്ന് സിനിമാ തൊഴിലാളികൾ പരാതിപ്പെടുന്നു. ഷൂട്ടിങ് ലൊക്കേഷനുകൾ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് മാറ്റുമ്പോൾ കേരളത്തിലെ ജൂനിയർ ആർട്ടിസ്റ്റുകളും സൈറ്റിൽ പണിയെടുക്കുന്ന സാധാരണക്കാരും ബുദ്ധിമുട്ടിലാകുമെന്ന ആശങ്കയും ചിലർ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ 2019 ൽ ഷൂട്ടിങ് ആരംഭിച്ച സിനിമകൾ അടക്കം പൂർത്തീകരിക്കേണ്ടതുള്ളതിനാൽ ഇനിയും അത് നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന നിലപാടിലാണ് നിർമ്മാതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും സംഘടനകൾ.

സിനിമാരംഗത്തെ അടിസ്ഥാനവർഗ്ഗ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നു എന്ന് ചൂണ്ടിക്കാണിച്ച് നിയന്ത്രണങ്ങളോടെയുള്ള ഷൂട്ടിങ്ങിനെങ്കിലും അനുമതി നൽകണമെന്ന് സിനിമാ സംഘടനകൾ സർക്കാരിനോട് അപേക്ഷിച്ചിരുന്നു. എന്നാൽ പരിഹാരമുണ്ടാകാത്തതിനാലാണ് മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് മാറാൻ നിർബന്ധിതരാകുന്നതെന്ന് സിനിമാ പ്രവർത്തകർ പറയുന്നു. നിർമ്മാണ മേഖലയുൾപ്പടെവയ്ക്ക് പ്രവർത്തിക്കാൻ തടസമില്ല, സിനിമാ ഷൂട്ടിഗ് പാടില്ല എന്ന അവസ്ഥ സിനിമാ-സാംസ്‌കാരിക പ്രവർത്തകരോടും തൊഴിലാളികളോടും എന്നും കരുതൽ കാണിച്ചിട്ടുള്ള സർക്കാർ നയവുമായി ഒത്തുപോവുന്ന ഒന്നല്ല. മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെട്ടുകൊണ്ട് ഷൂട്ടിങുകൾ പുനരാരംഭിക്കാനുള്ള അനുമതി നൽകണമെന്നൂം അവർ അഭ്യർത്ഥിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സിനിമാ ചിത്രീകരണത്തിന് കേരളത്തിൽ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ ചലച്ചിത്ര സംഘടനകൾ രംഗത്തു എത്തി കഴിഞ്ഞു. കേരളത്തിൽ അനുമതിയില്ലാത്തതിനാൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി അടക്കം ഏഴ് സിനിമകളുടെ ചിത്രീകരണം മറ്റു സംസ്ഥാനങ്ങളിൽ വച്ചാണ് നടക്കുന്നത്. ഈ സാഹചര്യം തുടർന്നാൽ കേരളത്തിൽ ദിവസവേതനത്തിന് ജോലി ചെയ്യുന്ന സിനിമാതൊഴിലാളികൾ പട്ടിണിയിലാകുമെന്ന് സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.

സീരിയൽ മേഖലയിലുള്ളവർക്ക് വാക്സിൻ എടുത്തതിന് ശേഷം പ്രോട്ടോക്കോൾ പ്രകാരം നിശ്ചിത ആളുകളെ വച്ച് ചിത്രീകരണത്തിന് അനുമതി നൽകിയിട്ടുണ്ട്. ഇത് സിനിമയ്ക്കും ബാധകമാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഫെഫ്ക അടക്കമുള്ള സംഘടനകൾ കേരളത്തിൽ ചിത്രീകരണത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അവർ പറയുന്നു. നിർമ്മാതാക്കളും ഇതേ ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്.

ബ്രോ ഡാഡി കേരളത്തിൽ ചിത്രീകരിക്കേണ്ട ചിത്രമായിരുന്നു. കേരളത്തിൽ അനുമതി ലഭിക്കാത്തതിനാലാണ് ഹൈദരാബാദിലേക്ക് പോകുന്നത്. നിശ്ചിതയാളുകളെ വച്ച് ഇൻഡോറിൽ ചിത്രീകരിക്കാനെങ്കിലും അനുമതി ലഭിച്ചിരുന്നുവെങ്കിൽ ഈ സാഹചര്യം ഉണ്ടാകുമായിരുന്നില്ല. മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുമ്പോൾ കേരളത്തിലെ ടെക്നീഷ്യന്മാർക്ക് ജോലി കൊടുക്കാൻ സാധിക്കുകയില്ല. സർക്കാർ ഇടപ്പെട്ടില്ലെങ്കിൽ കേരളത്തിലെ ചലച്ചിത്ര വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക് പോകുമെന്നും ഇവർ പറയുന്നു.

രണ്ട് വർഷമായി കാര്യമായ ഷൂട്ടിങുകളൊന്നും നടക്കാത്തതിനാൽ പുറത്തിറങ്ങുന്ന സിനിമകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. മുമ്പ് പ്രതിമാസം ഇരുപതോളം സിനിമകൾ ഇറങ്ങിയിരുന്നെങ്കിൽ ഇപ്പോൾ ഒന്നോ രണ്ടോ സിനിമകളിറങ്ങിയാലായി എന്ന അവസ്ഥയാണ്. ഇത് ഈ മേഖലയിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഷൂട്ടിങ് വൈകുന്നത് മൂലം പല നിർമ്മാതാക്കളും പ്രതിസന്ധിയിലാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിരവധി സിനിമകൾ സാമ്പത്തിക പ്രതിസന്ധി മൂലം പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടു. ഷൂട്ടിങുകൾ നടക്കാത്തത് മൂലം ലൊക്കേഷൻ സ്റ്റാഫുകളുടെ കുടുംബങ്ങളും പട്ടിണിയിലാണ്. അതുകൊണ്ടുതന്നെ ഷൂട്ടിങുകൾ ഉടൻ പൂർത്തിയാക്കി സിനിമകൾ റിലീസ് ചെയ്യാനാണ് പിന്നണിപ്രവർത്തകർ ഉദ്ദേശിക്കുന്നത്. തീയറ്ററുകൾ ഉടനെയൊന്നും തുറക്കാനുള്ള സാധ്യത അവർ കാണുന്നില്ല. അതുകൊണ്ടുതന്നെ കൂറച്ചുകാലം കൂടി പൂർണമായും ഒടിടി റിലീസുകൾ നടത്തേണ്ടി വരുമെന്ന് അവർ തിരിച്ചറിയുന്നു.

കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുള്ളിൽ നെറ്റ്ഫ്ളിക്സ്, ആമസോൺ തുടങ്ങിയ ഓൺലൈൻ വിഡിയോ പ്ലാറ്റ്‌ഫോമുകൾക്ക് വലിയ പ്രചാരമാണ് കേരളത്തിൽ ലഭിക്കുന്നത്. കോവിഡ് കാലത്ത് തിയറ്ററുകൾ അടഞ്ഞു കിടക്കുമ്പോൾ വമ്പൻ സിനിമകൾ വരെ ഒടിടി റിലീസിലേക്ക് മാറി. അതോടു കൂടി ഓരോ വീടുകളും മിനിതിയറ്ററുകളായി മാറിയിരിക്കുകയാണ്. ഈ അടുത്തകാലത്ത് പുറത്തിറങ്ങിയ വെള്ളം, ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ദൃശ്യം 2, നായാട്ട്, ഓപ്പറേഷൻ ജാവ, ആർക്കറിയാം, സാറാസ് തുടങ്ങിയ നിരവധി മലയാളം ചിത്രങ്ങൾ ഒടിടി റിലീസിങായിരുന്നു. ഇവയെല്ലാം വലിയ അഭിപ്രായം നേടുകയും വലിയ സാമ്പത്തികവിജയം കരസ്ഥമാക്കുകയും ചെയ്തത് കൂടുതൽപേരെ ഒടിടിയിലേയ്ക്ക് ആകർഷിച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് സംസ്ഥാന സർക്കാരുമായി ഇടഞ്ഞ് കിറ്റക്സ് ഗ്രൂപ്പും തെലുങ്കാനയിലേയ്ക്ക് ചുവട് മാറ്റിയത് ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ സിനിമാ ഷൂട്ടിങ്ങുകൾ കേരളം വിട്ട് പോകുന്നതിനെ അതിന് സമാനമായാണ് മാധ്യമങ്ങൾ കാണുന്നത്. കേരളം വിട്ട് വരുന്ന സംരംഭങ്ങളെയൊക്കെ, കിറ്റക്സിനെ പോലുള്ള കോർപ്പറേറ്റുകൾ മുതൽ സിനിമാ ഷൂട്ടിങ് പോലുള്ള താൽക്കാലിക പ്രോജക്ടുകളെ വരെ ഇരുകൈകളും നിരവധി ഓഫറുകളും നൽകിയാണ് തെലുങ്കാന സർക്കാർ സ്വീകരിക്കുന്നത്. കിറ്റക്സിന് അവർ നൽകിയ വാഗ്ദാനങ്ങൾ ഏറെ ചർച്ചയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP