Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സീരിയൽ ഷൂട്ടിംഗിന് അനുമതി; കോവിഡിൽ ഇരട്ട നീതി ചൂണ്ടിക്കാട്ടി പ്രതിഷേധം അറിയിച്ച് ഫെഫ്ക; സീരിയൽ ചിത്രീകരണത്തിനുള്ള അതേ മാനദണ്ഡത്തിൽ സിനിമാ ഷൂട്ടിംഗിന് അനുമതി വേണമെന്ന ആവശ്യവുമായി സിനിമാ സംഘടന; ബയോബബിൾ മോഡൽ ചിത്രീകരണത്തിന് സമ്മതമെന്ന് മറുനാടനോട് വിശദീകരിച്ച് ബി ഉണ്ണിക്കൃഷ്ണൻ

സീരിയൽ ഷൂട്ടിംഗിന് അനുമതി; കോവിഡിൽ ഇരട്ട നീതി ചൂണ്ടിക്കാട്ടി പ്രതിഷേധം അറിയിച്ച് ഫെഫ്ക; സീരിയൽ ചിത്രീകരണത്തിനുള്ള അതേ മാനദണ്ഡത്തിൽ സിനിമാ ഷൂട്ടിംഗിന് അനുമതി വേണമെന്ന ആവശ്യവുമായി സിനിമാ സംഘടന; ബയോബബിൾ മോഡൽ ചിത്രീകരണത്തിന് സമ്മതമെന്ന് മറുനാടനോട് വിശദീകരിച്ച് ബി ഉണ്ണിക്കൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ വ്യാപാരി വ്യവാസികൾ മാത്രല്ല സിനിമാക്കാർക്കും അതൃപ്തി. സീരിയലുകൾക്ക് ഷൂട്ടിംഗിന് അനുമതി കൊടുത്തിട്ടുണ്ട്. എന്നാൽ സിനിമകൾക്കില്ല ഈ നയത്തെയാണ് സിനിമാ സംഘടനകൾ എതിർക്കുന്നത്. പൃഥ്വി രാജിന്റെ മോഹൻലാൽ ചിത്രമടക്കം ഏഴു സിനിമകൾ ഷൂട്ടിംഗിനായി തെലുങ്കാനയിലേക്ക് മാറുന്നുണ്ട്. ചെന്നയിലേക്കും സിനിമകൾ പോകുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലെ സാധാരണക്കാരായ സിനിമാ തൊഴിലാളികൾക്ക് അന്നം മുട്ടും. ഈ സാഹചര്യമാണ് ഫെഫ്ക അടക്കം ചർച്ചയാക്കുന്നത്.

സീരിയലുകൾക്ക് ഷൂട്ടിങ് അനുമതി നൽകിയ അതേ മാനദണ്ഡത്തിൽ സിനിമയ്ക്കും ചിത്രീകരണമെന്ന ആവശ്യമാണ് മുന്നോട്ട് വയ്ക്കുന്നതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞു. നമ്മുടെ അയൽസംസ്ഥാനങ്ങളിൽ സിനിമ എന്ന തൊഴിൽ മേഖല പിന്നേയും സജീവമായിരിക്കുന്നു. യാതൊരു കാർക്കശ്യവുമില്ലാതെ, നിബന്ധനകളില്ലാതെ അവിടങ്ങളിൽ ഷൂട്ടിങ് ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽ, നിബന്ധനകളോടെ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, ഷൂട്ടിഗ് നടത്താൻ റ്റെലിവിഷൻ സീരിയലുകൾക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായി. സിനിമയ്ക് മാത്രം അനുവാദമില്ല-ഇതാണ് ഫെഫ്കയുടെ പരാതി. മുഖ്യമന്ത്രിക്ക് കത്തും നൽകി കഴിഞ്ഞു.

മലയാള സിനിമ ഒരു തൊഴിൽ മേഖല എന്ന നിലയിലും, ഒരു വ്യവസായമെന്ന നിലയിലും അഭിമുഖീകരിക്കുന്നത് വമ്പൻ പ്രതിസന്ധിയാണ്. ഒന്നാം ലോക്ഡൗണിനെ അതിജീവിച്ചു എന്ന തോന്നലുണ്ടായി തുടങ്ങിയപ്പോഴാണ് രണ്ടാം ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. ഒന്നാം അടച്ചിടൽ സമയത്ത്, സർക്കാർ ചലച്ചിത്ര തൊഴിലാളികൾക്ക് സഹായമായി തന്നത് ആളൊന്നുക്ക് 2000 രൂപയാണ്. അതിനു പുറമേ, ഞങ്ങളുടെ സംഘടനാസംവിധാനവും, സംഘടിതശക്തിയും, സഹപ്രവർത്തകരുടെ സ്‌നേഹപൂർവ്വമുള്ള കൈത്താങ്ങും, ബിസിനസ് ഗ്രൂപ്പുകളുടെ സി എസ് ആർ ഫണ്ടുകൾ ലഭ്യമാക്കുന്ന ആസൂത്രണവുമൊക്കെ ചേർന്നപ്പോൾ, സഹായമഭ്യർത്ഥിച്ച ഒരോ ചലച്ചിത്ര പ്രവർത്തകനും 5000 രൂപ അക്കൗണ്ടിൽ എത്തിച്ചു കൊടുക്കുവാൻ ഞങ്ങൾക്ക് സാധിച്ചു-ഉണ്ണിക്കൃഷ്ണൻ പറയുന്നു.

കൂടാതെ സ്ഥിരമായി ജീവൻരക്ഷാ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് ഒരു മാസത്തെ മരുന്ന്, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള എല്ലാവർക്കും ഭഷ്യകിറ്റ്, ചികിത്സാ സഹായം, ആശ്രിതർക്ക് മരണാനതര സഹായം എന്നിങ്ങനെ വിവിധ ക്ഷേമപ്രവർത്തനങ്ങളിലൂടെ തൊഴിലാളികൾക്ക് ആത്മവിശ്വാസം പകരാനായി. ഏതാണ്ട് 2, 25,00,000 രൂപ സംഘടന കണ്ടെത്തി ചെലവിട്ടു. രണ്ടാം അടച്ചിടൽ ഘട്ടത്തിൽ, സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് ആളൊന്നിന് 1000 രൂപസഹായമാണ്. ഫെഫ്ക അതിന്റെ ഏറെ പരിമിതമായ സാമ്പത്തിക സ്രോതസുകൾ ഉപയോഗിച്ചുകൊണ്ടാണ് ഇതെല്ലാം ചെയ്യുന്നതെന്ന് ഉണ്ണിക്കൃഷ്ണൻ പറയുന്നു.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സ്വകാര്യ ആശുപത്രികളിലൂടെ വാക്‌സിനേഷൻ, കോവിഡ് ബാധിതർക്ക് ചികിത്സാ സഹായം, കുടുംബങ്ങൾക്ക് മരണാനന്തര സഹായം, ഒരു മാസത്തെ ജീവൻ രക്ഷാ മരുന്നുകളുടെ വിതരണം, കുട്ടികൾക്ക് പഠനസഹായം എന്നിങ്ങനെയുള്ള പദ്ധതികൾ നടപ്പിലാക്കി വരുന്നു. കൂടാതെ, ഓണക്കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാനുള്ള സംവിധാനം ആവിഷ്‌ക്കരിച്ച് വരികയുമാണ്. ദീർഘകാല അടിസ്ഥാനത്തിൽ, ഞങ്ങളെപോലുള്ള ഒരു തൊഴിലാളി സംഘടനയ്ക്ക് ഇവ്വിധം മുന്നോട്ട് പോകാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് സർക്കാരിനെ അറിയിക്കുകയാണ് ഫെഫ്ക ജനറൽ സെക്രട്ടറി.

നമ്മുടെ അയൽസംസ്ഥാനങ്ങളിൽ സിനിമ എന്ന തൊഴിൽ മേഖല പിന്നേയും സജീവമായിരിക്കുന്നു. യാതൊരു കാർക്കശ്യവുമില്ലാതെ, നിബന്ധനകളില്ലാതെ അവിടങ്ങളിൽ ഷൂട്ടിങ് ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽ, നിബന്ധനകളോടെ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, ഷൂട്ടിഗ് നടത്താൻ ടെലിവിഷൻ സീരിയലുകൾക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായി. സിനിമയ്ക് മാത്രം അനുവാദമില്ല. മലയാള ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്നവരിൽ മഹാഭൂരിപക്ഷവും ഇതിനകം ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരാണ്. ഷൂട്ടിഗിനുമുമ്പ് പിസിആആർ ടെസ്റ്റ് എടുത്ത്, കൃത്യമായി ഒരു ബയൊബബിൾ സൃഷ്ടിച്ചുകൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിഗ് ആരംഭിക്കാനുള്ള അനുമതി തരണം-ഉണ്ണിക്കൃഷ്ണൻ പറയുന്നു.

ഞങ്ങൾ മാത്രമല്ല നിർമ്മാതാക്കളും സർക്കാരിനോട് പലതവണ അഭ്യർത്ഥിച്ചിട്ടുണ്ട്. സീരിയൽ മേഖലയോടുള്ള അനുകൂല സമീപനം ഞങ്ങൾക്ക് നിഷേധിക്കപ്പെടുന്നതിന്റെ പൊരുൾ മനസിലാവുന്നില്ലെന്നും ഫെഫ്ക പറയുന്നു. ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹൻലാൽ നായകനാവുന്നതുൾപ്പടെ 7-ഓളം സിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. ഞങ്ങളുടെ അടിസ്ഥാനവർഗ്ഗ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നതെന്നും ഫെഫ്ക വിശദീകരിക്കുന്നു.

നിർമ്മാണ മേഖലയുൾപ്പടെവയ്ക്ക് പ്രവർത്തിക്കാൻ തടസമില്ല, സിനിമാ ഷൂട്ടിഗ് പാടില്ല എന്ന അവസ്ഥ സിനിമാ-സാംസ്‌കാരിക പ്രവർത്തകരോടും തൊഴിലാളികളോടും എന്നും കരുതൽ കാണിച്ചിട്ടുള്ള സർക്കാർ നയവുമായി ഒത്തുപോവുന്ന ഒന്നല്ല. അതിനാൽ മുഖ്യമന്ത്രി സത്വരമായി ഇടപെട്ടുകൊണ്ട് എത്രയും പെട്ടെന്ന് ഷൂട്ടിഗുകൾ പുനരാരംഭിക്കാനുള്ള അനുമതി നൽകുമെന്നാണ് സിനിമാക്കരുടെ പ്രതീക്ഷയെന്നും ഉണ്ണിക്കൃഷ്ണൻ വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP