Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അഞ്ച് ദിവസം കൊണ്ട് സാബുവിന്റെ കൈവശമുള്ള കിറ്റെക്‌സ് ഓഹരിയുടെ മൂല്യത്തിലെ വർധന 250 കോടി! തെലുങ്കാനയിലേക്ക് എന്ന പ്രഖ്യാനത്തിൽ ഒരു രൂപ പോലും മുടക്കാതെ വളർച്ച 70 ശതമാനം; രാജ്യാന്തര സാഹചര്യങ്ങളും കിറ്റെക്‌സിന് അനുകൂലം; ഉർവ്വശീ ശാപം സാബുവിന് ഉപകാരമാകുമ്പോൾ

അഞ്ച് ദിവസം കൊണ്ട് സാബുവിന്റെ കൈവശമുള്ള കിറ്റെക്‌സ് ഓഹരിയുടെ മൂല്യത്തിലെ വർധന 250 കോടി! തെലുങ്കാനയിലേക്ക് എന്ന പ്രഖ്യാനത്തിൽ ഒരു രൂപ പോലും മുടക്കാതെ വളർച്ച 70 ശതമാനം; രാജ്യാന്തര സാഹചര്യങ്ങളും കിറ്റെക്‌സിന് അനുകൂലം; ഉർവ്വശീ ശാപം സാബുവിന് ഉപകാരമാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഓഹരി വിപണിയിൽ കിറ്റെക്‌സിന്റെ കുതിപ്പ് തുടരുകയാണ്. ഇന്നലെ 16 രൂപയുടെ വളർച്ച നേടി 185.50ൽ എത്തിയ കിറ്റെക്‌സ് ഓഹരി വില വരും ദിവസങ്ങളിലും കുതിക്കുമെന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്. അഞ്ച് ദിവസം കൊണ്ട് വലിയ വളർച്ച നേടിയ കിറ്റെക്‌സ് ഒരു രൂപ പോലും മുതൽ മുടക്കാതെ കോടികളാണ് പോക്കറ്റിലാക്കിയത്. ഓഹരിയുടെ മൂല്യത്തിൽ മാത്രം 70 ശതമാനത്തിലേറെ വളർച്ചയാണ് കിറ്റെക്‌സ് ഗാർമെന്റ്‌സ് നേടിയത്. കേരള സർക്കാറുമായി വാക്‌പോര് ഫലത്തിൽ സാബുവിന് ഗുണകരമാകുന്നു എന്നു തന്നെ പറയണം. ഉർവ്വശീ ശാപം ഉപകാരമായി എന്നു തന്നെ വേണം കരുതാൻ.

കിറ്റെക്‌സ് കമ്പനിയുടെ 55 ശതമാനം ഓഹരിയാണ് പ്രമോട്ടർ ഹോൾഡിങ്ങായി സാബുവിന്റെ കൈവശമുള്ളത്. ഇതിന്റെ മൂല്യത്തിലുള്ള വർധന മാത്രം 250 കോടി കടക്കും. അതുതന്നെ വലിയ നേട്ടമാണ്. ഇന്നോ നാളെയോ ഓഹരിവിപണിയിൽ കിറ്റെക്‌സ് വില 200 കടക്കുമെന്നാണ് പ്രതീക്ഷ. രാജ്യാന്തര തലത്തിലെ സാമ്പത്തിക സാഹചര്യങ്ങളും കിറ്റെക്‌സിന് അനുകൂലമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അങ്ങനെ വന്നാൽ അധികം വരുംകാലങ്ങളിൽ വലിയ കുതിപ്പാകും സാബുവിനെ കാത്തിരിക്കുന്നത്.

തെലുങ്കാന സർക്കാറുമായുള്ള ഡീൽ എന്തുകൊണ്ടും ഗുണകരമാണെന്നാണ് സാബു ജേക്കബിന്റെ പക്ഷം. തെലങ്കാന സർക്കാർ 99 വർഷത്തെ പാട്ടത്തിന് ഏക്കർ കണക്കിനു സൗജന്യ ഭൂമിയാണ് സാബു ജേക്കബിനു നൽകാൻ ഒരുങ്ങുന്നത്. ഒപ്പം കെട്ടിടങ്ങളും മറ്റ് ബിസിനസ് അനുകൂല സാഹചര്യങ്ങളും. ഇതിനു പകരം കിറ്റെക്‌സ് തെലങ്കാന സർക്കാരിനു നൽകുക പതിനായിരക്കണക്കിനു തൊഴിലില്ലാത്ത സാധാരണക്കാർക്ക് ജോലി, വരുമാനം, ജീവിതം എന്നിവയും.

നികുതി ഇളവുകൾക്കു പുറമേ ജോലിക്കാരുടെ ശമ്പളത്തിൽ നിശ്ചിത ശതമാനം സർക്കാർ നൽകുമെന്നും വാഗ്ദാനമുണ്ട്. ഒരു ദശാബ്ദത്തിനപ്പുറം തെലങ്കാന സർക്കാരിന് നല്ലൊരു വരുമാനമാകും കിറ്റെക്‌സിൽ നിന്നുള്ള നികുതി എന്നതിൽ തർക്കമില്ല. വസ്ത്രനിർമ്മാണ മേഖലയിൽ വിജയികളുടെ പട്ടികയിലാണ് സാബുവിനും കിറ്റെക്‌സിനും ഇടമുള്ളത്. ഒരു ചൈനീസ് കമ്പനി കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്കുള്ള വസ്ത്ര നിർമ്മാണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് കിറ്റെക്‌സ്. അതിനാൽ വ്യവസായ മുന്നേറ്റത്തിന് കേന്ദ്ര സർക്കാരിന്റെയും പിന്തുണയാർജിക്കാൻ കിറ്റക്‌സിനാകും.

ജോക്കി ഉൾപ്പടെയുള്ള വസ്ത്ര നിർമ്മാതാക്കളായ പേജ് ഇൻഡസ്ട്രീസ്, സിയറാം സിൽക്‌സ്, ഡോളർ ഇൻഡസ്ട്രീസ്, ആദിത്യ ബിർല ഫാഷൻ തുടങ്ങിയവയുടെ ശ്രേണിയിലാണ് കിറ്റെക്‌സിനേയും ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ പുതിയ പദ്ധതിക്ക് പ്രോഡക്ട് ലിങ്ക്ഡ് ഇൻസെന്റീവ്‌സ് കേന്ദ്രത്തിൽ നിന്നും ലഭിക്കുമെന്നതിൽ തർക്കമില്ല. ഇനി കേരളത്തിലാണെങ്കിൽ കിറ്റെക്‌സിന് ഇവയൊന്നും ലഭിക്കണമെന്നുമില്ല. ബാങ്കുകൾ സ്വതന്ത്രമായോ കൺസോർഷ്യങ്ങളായോ പണം നൽകുന്നതിന് തടസമുണ്ടാകില്ലെന്നു മാത്രമല്ല, ഇത്തരം കമ്പനികൾക്ക് ആവശ്യത്തിനു പണം നൽകാൻ ബാങ്കുകൾക്കുള്ള കേന്ദ്ര നിർദേശവും കിറ്റക്‌സിനു തുണയാകും.

കുഞ്ഞുങ്ങൾക്കായി കിറ്റെക്‌സ് നിർമ്മിക്കുന്ന വസ്ത്രത്തിൽ 100 ശതമാനവും നിലവിൽ അമേരിക്കയിലേയ്ക്കു കയറ്റുമതി ചെയ്യുകയാണ്. കോവിഡ് പ്രതിസന്ധി ഉയർന്നതോടെ കഴിഞ്ഞ വർഷം കിറ്റെക്‌സിന് കാര്യമായ വരുമാന നഷ്ടം നേരിട്ടിരുന്നു. ഇതോടെയാണ് 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ മാറ്റങ്ങൾ വാന്നതും. അമേരിക്കയിൽ വാക്‌സിനേഷൻ പൂർത്തിയാകുമ്പോൾ വിപണികൾ വീണ്ടും സജീവമാകും. ഇതെല്ലാം കിറ്റെക്‌സിന് ഗുണകരമായി മാറും.

നിലവിൽ അമേരിക്കയിലും മറ്റ് ഇംഗ്ലിഷ് സംസാരിക്കുന്ന രാജ്യങ്ങളിലും ചൈനയോടും ചൈനീസ് ഉൽപന്നങ്ങളോടും ഒരു താൽപര്യക്കുറവ് ഉടലെടുത്തിട്ടുണ്ട്. കോവിഡ് മുതൽ നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ വരെ അതിനു കാരണമാണ്. വാൾമാർട് പോലെയുള്ള വൻകിട സ്റ്റോറുകളിലെത്തുന്ന ഉപഭോക്താവ് ടാഗുകളിൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് പകരം ഇന്ത്യൻ ഉൽപ്പന്നങ്ങളാണ് വാങ്ങുന്നത്. ഇതു നിലവിലുള്ള വിൽപന കുത്തനെ ഉയർത്തുന്നതിനും വരും വർഷങ്ങളിൽ വിറ്റുവരവും ലാഭവും ഉയർത്തുന്നതിനും സാഹചര്യം ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP