Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'പ്രതീക്ഷയുടെ ഭാരത്താൽ തളർന്നു പോകരുത്; വർഷങ്ങളായുള്ള കഠിനപ്രയത്‌നത്തിന്റെ ഫലം ഏതാനും സെക്കൻഡുകളിലാണ് നിർണയിക്കപ്പെടുക'; ടോക്കിയോ ഒളിംപിക്‌സിനുള്ള കായികതാരങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി

'പ്രതീക്ഷയുടെ ഭാരത്താൽ തളർന്നു പോകരുത്; വർഷങ്ങളായുള്ള കഠിനപ്രയത്‌നത്തിന്റെ ഫലം ഏതാനും സെക്കൻഡുകളിലാണ് നിർണയിക്കപ്പെടുക'; ടോക്കിയോ ഒളിംപിക്‌സിനുള്ള കായികതാരങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടിയ ഇന്ത്യൻ കായികതാരങ്ങളോട് വീഡിയോ കോൺഫറൻസിൽ സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതീക്ഷയുടെ ഭാരത്താൽ തളർന്നുപോകരുതെന്ന് കായികതാരങ്ങളോട് പ്രധാനമന്ത്രി പറഞ്ഞു. വർഷങ്ങളായുള്ള കഠിനപ്രയത്‌നത്തിന്റെ ഫലം ഏതാനും സെക്കൻഡുകളിലാണ് നിർണയിക്കപ്പെടുകയെന്നും ഓർമപ്പെടുത്തി.

മേരി കോമിൽ നിന്ന് രാജ്യത്തെ മുഴുവൻ കായികതാരങ്ങളും പ്രചോദനം ഉൾക്കൊള്ളുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മേരി കോം ജി, രാജ്യം മുഴവൻ പ്രചോദനം ഉൾക്കൊള്ളുന്ന കായികതാരമാണ് താങ്കൾ. രാജ്യത്തെ ഒട്ടേറെ കായികതാരങ്ങൾ താങ്കളെയാണ് ഉറ്റുനോക്കുന്നത്. മിക്കവാറും എല്ലാ മത്സരങ്ങളും താങ്കൾ വിജയിച്ചിട്ടുണ്ട്. ഒളിംപിക് സ്വർണമാണ് താങ്കളുടെ ലക്ഷ്യമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ.

അത് താങ്കളുടെ മാത്രം സ്വപ്നമല്ല, രാജ്യത്തിന്റെയാകെ സ്വപ്നമാണ്. താങ്കളത് നേടുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഇപ്പോൾ എനിക്ക് ചോദിക്കാനുള്ളത് ആരാണ് താങ്കളുടെ ഇഷ്ടപ്പെട്ട കായികതാരം എന്നാണ്- പ്രധാനമന്ത്രി ചോദിച്ചു. ഇതിഹാസ ബോക്‌സിങ് താരം മുഹമ്മദ് അലിയാണ് തന്റെ പ്രചോദനമെന്ന് മേരി കോം പറഞ്ഞു.

എന്റെ അവസാനത്തെ മൻ കീ ബാത്തിൽ മറ്റ് കായികതാരങ്ങൾക്കൊപ്പം ഞാൻ അമ്പെയ്ത്ത് താരം ദീപികാ കുമാരിയുടെ പേര് എടുത്ത് പറഞ്ഞിരുന്നു. ലോക റാങ്കിംഗിൽ ഒന്നാമതാണ് താങ്കളിപ്പോൾ. താങ്കളുടെ ജീവിതകഥ അറിയാൻ ലോകത്തിന് ആഗ്രഹമുണ്ട്. കുട്ടിക്കാലത്ത് മാങ്ങയായിരുന്നു നിങ്ങളുടെ ലക്ഷ്യം. അവിടെ നിന്ന് നിങ്ങൾ ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരിയാവുമ്പോൾ സ്വാഭാവികമായും പ്രതീക്ഷകളും അതിനൊപ്പം ഉയരും. ടോക്കിയോയിൽ താങ്കൾ രാജ്യത്തിന്റെ അഭിമാനമാവുമെന്ന് എനിക്ക് ആത്മവിശ്വസമുണ്ട്-പ്രധാനമന്ത്രി പറഞ്ഞു.

പരിക്കു പറ്റിയിട്ടും റെക്കോർഡ് പ്രകടനം പുറത്തെടുത്ത ജാവലിൻ താരം നീരജ് ചോപ്രയെയും പ്രധാനമന്ത്രി പേരെടുത്ത് പരാമർശിച്ചു. പരിക്കു പറ്റിയിട്ടും താങ്കൾ പുതിയ റെക്കോർഡിട്ടു. അതുകൊണ്ടുതന്നെ പ്രതീക്ഷകളുടെ അമിതഭാരം നിങ്ങളുടെ ചുമലിലുണ്ടാവും. എങ്കിലും അതിൽ തളർന്നുപോകരുത്-പ്രധാനമന്ത്രി വ്യക്തമാക്കി.

താൻ സ്വന്തം പ്രകടനത്തിലാണ് ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നും മറ്റെല്ലാ സഹായങ്ങളും സർക്കാരിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്നുണ്ടെന്നും നീരജ് ചോപ്ര പറഞ്ഞു. പരിക്കു മൂലം കുറച്ചു സമയം നഷ്ടമായി. എങ്കിലും ഒളിംപിക്‌സിലാണ് ഇനി തന്റെ പൂർണ ശ്രദ്ധയെന്നും നീരജ് വ്യക്തമാക്കി.

സ്പ്രിന്റർ ദ്യുതി ചന്ദിന്റെ പോരാട്ടവീര്യത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു. ദ്യുതീ ജി, വർഷങ്ങളായുള്ള താങ്കളുടെ കഠിനപ്രയത്‌നത്തിന്റെ ഫലം ഏതാനും സെക്കൻഡുകളിലാണ് നിർണയിക്കപ്പെടുക-പ്രധാനമന്ത്രി പറഞ്ഞു.

ടോക്കിയോ ഒളിംപിക്‌സിനുശേഷം തിരിച്ചെത്തിയാലുടൻ ഒപ്പമിരുന്ന് ഐസ്‌ക്രീം കഴിക്കാമെന്ന് ഇന്ത്യയുടെ ബാഡ്മിന്റൺ താരം പി വി സിന്ധുവിന് പ്രധാനമന്ത്രി ഉറപ്പ് നൽകി. 2016ലെ റിയോ ഒളിംപിക്‌സിൽ പങ്കെടുക്കുമ്പോൾ കോച്ച് പി ഗോപീചന്ദ് മൊബൈൽ ഫോൺ എടുത്തുകൊണ്ടുപോകുകയും ഐസ്‌ക്രീം കഴിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്ത കാര്യം സിന്ധു അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി സിന്ധുവിനൊപ്പം ഐസ്‌ക്രീം കഴിക്കാമെന്ന വാഗ്ദാനം നൽകിയത്.

സിന്ധു ജി, നിങ്ങളെ ഇപ്പോഴത്തെ നിലയിലെത്തിക്കാൻ നിങ്ങളുടെ മാതാപിതാക്കൾ ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. അവർ അവരുടെ കർമം ചെയ്തു. ഇനി നിങ്ങളുടെ ഊഴമാണ്. കഠിനമായി പ്രയത്‌നിക്കൂ, എനിക്കുറപ്പുണ്ട് ടോക്കിയോയിൽ നിന്ന് താങ്കൾ വിജിയായി തിരിച്ചുവരുമെന്ന്. ടോക്കിയോയിൽ നിന്ന് എല്ലാവരും തിരിച്ചെത്തി കഴിയുമ്പോൾ താങ്കൾക്കൊപ്പം ഞാൻ ഐസ്‌ക്രീം കഴിക്കാം എന്ന് പറഞ്ഞ് പ്രധാനമന്ത്രി പൊട്ടിച്ചിരിച്ചു.

കായിക മന്ത്രി അനുരാഗ് ഠാക്കൂറിന്റെ ആമുഖത്തോടെയാണ് കായികതാരങ്ങളുമായുള്ള പ്രധാനമന്ത്രിയുടെ സംവാദം ആരംഭിച്ചത്. കായികതാരങ്ങളായ സാനിയ മിർസ, മണിക ബത്ര, ദ്യുതീ ചന്ദ്, ദീപികാ കുമാരി, മലയാളി നീന്തൽ താരം സജൻ പ്രകാശ് എന്നിവർക്കൊപ്പം കേന്ദ്ര സഹ മന്ത്രി നിതീഷ് പ്രമാണിക്, മുൻ കായിക മന്ത്രിയും ഇപ്പോഴത്തെ നിയമമന്ത്രിയുമായ കിരൺ റിജിജു, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്ര എന്നിവരും യോഗത്തിൽ പങ്കെടുത്തു.

126 കായികതാരങ്ങളടങ്ങുന്ന ഇന്ത്യൻ സംഘമാണ് ഇത്തവണ ടോക്കിയോ ഒളിംപിക്‌സിൽ പങ്കെടുക്കുന്നത്. 18 ഇനങ്ങളിലായി 69 മത്സരങ്ങളിലാണ് ഇന്ത്യൻ താരങ്ങൾക്ക് ഇത്തവണ പങ്കെടുക്കുക. ഒളിംപിക്‌സ് ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും മത്സരയിനങ്ങളിൽ ഇന്ത്യൻ താരങ്ങൾ മാറ്റുരക്കുന്നത്. ഫെൻസിങ് (ഭവാനി ദേവി), വനിതാ സെയിലിങ്(നേത്രകുമാരി), നീന്തൽ(സജൻ പ്രകാശ്, ശ്രീഹരി നടരാജ്) എന്നീ ഇനങ്ങളിലെല്ലാം ഇന്ത്യ ആദ്യമായാണ് മത്സരിക്കുന്നത്.

കോവിഡ് മഹാമാരിയെത്തുടർന്ന് കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഒളിംപിക്‌സ് ഈ വർഷത്തേക്ക് മാറ്റുകയായിരുന്നു. ഈ മാസം 23 മുതൽ ഓഗസ്റ്റ് എട്ടുവരെയാണ് ഒളിംപിക്‌സ്. കോവിഡ് ഭീതിയെത്തുടർന്ന് കാണികൾക്ക് പ്രവേശനമില്ലാതെയാണ് ഇത്തവണ മത്സരങ്ങൾ നടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP