Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ആ പെനൽറ്റി കിക്ക് തീർത്തും ദയനീയമായിപ്പോയി; അത് വലയിൽ കയറ്റേണ്ട പന്തായിരുന്നു; എന്നിരുന്നാലും എന്റെ സ്വത്വത്തിന്റെ പേരിലോ, എവിടെനിന്ന് വന്നുവെന്നതിന്റെ പേരിലോ മാപ്പു ചോദിക്കാൻ ഒരുക്കമല്ല'; പെനൽറ്റി പാഴാക്കിയതിന് മാപ്പു ചോദിച്ചും വംശീയ അധിക്ഷേപത്തിനെതിരെ പ്രതികരിച്ചും മാർക്കസ് റാഷ്ഫഡ്

'ആ പെനൽറ്റി കിക്ക് തീർത്തും ദയനീയമായിപ്പോയി; അത് വലയിൽ കയറ്റേണ്ട പന്തായിരുന്നു; എന്നിരുന്നാലും എന്റെ സ്വത്വത്തിന്റെ പേരിലോ, എവിടെനിന്ന് വന്നുവെന്നതിന്റെ പേരിലോ മാപ്പു ചോദിക്കാൻ ഒരുക്കമല്ല'; പെനൽറ്റി പാഴാക്കിയതിന് മാപ്പു ചോദിച്ചും വംശീയ അധിക്ഷേപത്തിനെതിരെ പ്രതികരിച്ചും മാർക്കസ് റാഷ്ഫഡ്

സ്പോർട്സ് ഡെസ്ക്

ലണ്ടൻ: യൂറോ കപ്പ് ഫൈനലിൽ ഇറ്റലിക്കെതിരെ പെനൽറ്റി ഷൂട്ടൗട്ടിൽ കിക്ക് പാഴാക്കിയതിന് മാപ്പു ചോദിച്ച് ഇംഗ്ലിഷ് സ്‌ട്രൈക്കർ മാർക്കസ് റാഷ്ഫഡ്. അതേസമയം, ഷൂട്ടൗട്ടിലെ കിക്ക് പാഴാക്കിയതിന്റെ പേരിൽ വംശീയാധിക്ഷേപം ചൊരിഞ്ഞവർക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകാനും റാഷ്ഫഡ് മറന്നില്ല. താൻ എന്തായിരിക്കുന്നുവോ, അതിന്റെ പേരിൽ മാപ്പു ചോദിക്കാനില്ലെന്നും റാഷ്ഫഡ് വ്യക്തമാക്കി.

സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത സാമാന്യം ദൈർഘ്യമുള്ള പോസ്റ്റിലാണ് പെനൽറ്റി കിക്ക് പാഴാക്കി ടീമിന്റെ തോൽവിക്ക് കാരണക്കാരനായതിൽ ഇരുപത്തിമൂന്നുകാരനായ റാഷ്ഫഡ് മാപ്പു ചോദിച്ചത്. യൂറോ കപ്പ് ഫൈനലിൽ ഇറ്റലിക്കെതിരെ പെനാൽറ്റി പാഴാക്കിയ ഇംഗ്ലീഷ് താരങ്ങൾക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നിരുന്നത്. മൂന്ന് പേരിൽ ഒരാൾ മാർകസ് റാഷ്ഫഡായിരുന്നു. വംശീയാധിക്ഷേപവും താരത്തിനെതിരെ ഉണ്ടായിരുന്നു.

'അന്നത്തെ എന്റെ പ്രകടനത്തെക്കുറിച്ചുള്ള എന്ത് വിമർശനവും ഞാൻ സ്വീകരിക്കാം. ആ പെനൽറ്റി കിക്ക് തീർത്തും ദയനീയമായിപ്പോയി. അത് വലയിൽ കയറ്റേണ്ട പന്തായിരുന്നു. എന്നിരുന്നാലും എന്റെ സ്വത്വത്തിന്റെ പേരിലോ, എവിടെനിന്ന് വന്നുവെന്നതിന്റെ പേരിലോ മാപ്പു ചോദിക്കാൻ ഒരുക്കമല്ല.' റാഷ്ഫഡ് കുറിച്ചു.

യൂറോ 2020ൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞാണ് റാഷ്ഫോർഡ് തുടങ്ങിയത്. ''ഇംഗ്ലണ്ടിന്റെ ജേഴ്സിയണിയുമ്പോൾ അഭിമാനം മാത്രമാണ് തോന്നിയിട്ടുള്ളത്. എന്നാൽ ഞാനിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മനപ്രയാസം നിങ്ങൾക്ക് മനസിലാവില്ല. വളരെ ബുദ്ധിമുട്ടേറിയ സീസണായിരുന്നു എനിക്ക്. ഞാൻ പെനാൽറ്റി കിക്കെടുക്കാനെത്തിയത് ആത്മവിശ്വാസത്തോടെ ആയിരുന്നില്ല. അത് കാണുമ്പോൾ നിങ്ങൾക്ക് മനസിലാവും. പെനാൽറ്റി സ്പോട്ടിലെത്തിയപ്പോൾ മുമ്പൊന്നും അനുഭവിക്കാത്ത പ്രയാസം ഞാനനുഭവിച്ചു. മയക്കതത്തിലാണെങ്കിൽ പോലും എനിക്ക് പെനാൽറ്റി ഗോളാക്കാൻ സാധിക്കും.

ഞാൻ ലക്ഷ്യം കണ്ടിരുന്നെങ്കിൽ ഇംഗ്ലണ്ടിന് ജയിക്കാമായിരുന്നു. 55 വർഷങ്ങളുടെ കാത്തിരിപ്പിന് കിരീടത്തിലൂടെ വിരാമമിടാൻ എനിക്കായില്ല. മാപ്പ് എന്ന് മാത്രമേ എനിക്ക് പറയാനാവു. എന്റെ പെനാൽറ്റി മോശമായി. അത് ഗോൾവലയ്ക്കുള്ളിൽ എത്തണമായിരുന്നു. വേദനയിലും ചേർത്തുപിടിച്ച എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. അവരെല്ലാം എനിക്കൊപ്പമുണ്ടാവുമെന്നാണ് വിശ്വാസം. ഞാൻ റാഷ്ഫോർഡ്, തെക്കേ മാഞ്ചസ്റ്ററിൽ നിന്നുള്ള കറുത്തവർഗക്കാരനാണ് ഞാൻ. കൂടുതൽ കരുത്തായി ഞാൻ തിരിച്ചെത്തും. നമ്മൾ തിരിച്ചുവരും.'' റാഷ്ഫോർഡ് വ്യക്തമാക്കി.

ഇറ്റലിക്കെതിരായ കലാശപ്പോരാട്ടത്തിൽ പെനൽറ്റി ഷൂട്ടൗട്ടിൽ 3 - 2നാണ് ഇംഗ്ലണ്ട് കീഴടങ്ങിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ നിർണായക കിക്കുകൾ പാഴാക്കിയ മാർക്കസ് റാഷ്ഫഡ്, ജെയ്ഡൻ സാഞ്ചോ, ബുകായോ സാക എന്നീ യുവതാരങ്ങളെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിൽ വംശീയച്ചുവയുള്ള പോസ്റ്റുകളും ഇമോജികളും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പെനൽറ്റി നഷ്ടമാക്കിയതിന് മാപ്പു ചോദിച്ച അതേ പോസ്റ്റിൽ, വംശീയാധിക്ഷേപത്തിനെതിരെ റാഷ്ഫഡ് കടുത്ത നിലപാട് കൈക്കൊണ്ടത്.

'ഞാൻ മാർക്കസ് റാഷ്ഫഡ്. ദക്ഷിണ മാഞ്ചസ്റ്ററിൽനിന്നുള്ള 23 വയസ്സുകാരനായ കറുത്ത വർഗക്കാരൻ. എനിക്ക് സ്വന്തമായി മറ്റൊന്നുമില്ലെങ്കിലും ഈ വിലാസമുണ്ട്' റാഷ്ഫഡ് കുറിച്ചു.

മത്സരത്തിൽ അധിക സമയത്തും ഇരു ടീമുകൾക്കും സമനിലപ്പൂട്ട് പൊളിക്കാനാകാതെ പോയതോടെ, അവസാന നിമിഷത്തിൽ ഷൂട്ടൗട്ട് മാത്രം മനസ്സിൽ കണ്ടാണ് ഇംഗ്ലണ്ട് പരിശീലകൻ ഗാരത് സൗത്ത്‌ഗേറ്റ് റാഷ്ഫഡിനെയും ജെയ്ഡൻ സാഞ്ചോയേയും കളത്തിലിറക്കിയത്. എന്നാൽ, ഇരുവരും കിക്ക് പാഴാക്കി. പെനൽറ്റി എടുക്കാനായി വരുമ്പോൾ എന്തോ ഒരു പ്രശ്‌നമുണ്ടായിരുന്നതായി റാഷ്ഫഡ് വെളിപ്പെടുത്തി.

'ആ പെനൽറ്റി കിക്കെടുത്തതു മുതൽ എന്റെ തലയിൽ ആകെയൊരു ബഹളമാണ്. എന്റെ ഇപ്പോഴത്തെ അവസ്ഥ വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഫൈനൽ. 55 വർഷത്തെ കാത്തിരിപ്പ്. ഒരു പെനൽറ്റി. ചരിത്രം... എനിക്ക് ആകെ ചെയ്യാനാകുന്നത് മാപ്പു ചോദിക്കുക മാത്രമാണ്. അന്ന് സംഭവിച്ചതെല്ലാം മറ്റൊന്നായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു.'

പെനൽറ്റി കിക്കുകൾ പാഴാക്കിയതിന്റെ പേരിൽ വംശീയാധിക്ഷേപത്തിന് ഇരയായ മൂവർ സംഘത്തിന് ലോകമൊന്നാകെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിരൂക്ഷമായ ഭാഷയിലാണ് ഈ താരങ്ങൾക്കെതിരെ ഒരു വിഭാഗം ആളുകൾ വംശീയാധിക്ഷേപം അഴിച്ചുവിട്ടത്. നൈജീരിയൻ കുടിയേറ്റക്കാരുടെ മകനായ പത്തൊൻപതുകാരൻ സാകയോട് മാതാപിതാക്കളുടെ നാട്ടിലേക്കു തിരികെപ്പോകൂ എന്ന് സമൂഹമാധ്യമങ്ങളിൽ പലരും ആവശ്യപ്പെട്ടു.

നിർധനരായ കുട്ടികളെ പട്ടിണിക്കിടരുതെന്ന ക്യാംപയ്‌നിലൂടെ അടുത്ത കാലത്ത് വാർത്തകളിൽ നിറഞ്ഞ റാഷ്ഫഡിന്റെ ചുവർചിത്രം മാഞ്ചസ്റ്ററിലെ ആരാധകർ യൂറോ ഫൈനലിനു ശേഷം വികൃതമാക്കി. സംഭവത്തെക്കുറിച്ച് ബ്രിട്ടിഷ് പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാദമായ പോസ്റ്റുകളും പ്രതികരണങ്ങളും നീക്കം ചെയ്തതായി സമൂഹമാധ്യമങ്ങൾ അറിയിച്ചു. വംശീയവിദ്വേഷമുയർത്തുന്ന നടപടിയെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, വില്യം രാജകുമാരൻ, തുടങ്ങിയവർ അപലപിച്ചു.

'ഈ ടീമിനെ കൂവി വിളിക്കുന്നതിനു പകരം അഭിനന്ദിക്കുകയാണ് വേണ്ടത്. താരങ്ങളെ അധിക്ഷേപിക്കുന്നവർ സ്വയം നാണം കെടുകയാണ്.' ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP