Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്ലസ് വൺ പ്രണയം അവസാനിച്ചത് വിവാഹത്തിൽ; കൂട്ടുകാരൻ സഹോദരിയെ വിവാഹം ചെയ്ത ദുരഭിമാനത്തിൽ സഹോദരൻ പ്രതികാരം ചെയ്തത് കൂട്ടുകാരന്റെ ജീവനെടുത്ത്; രാജസ്ഥാനി മലയാളി വിവാഹത്തിലെ ദുരഭിമാനക്കൊലയിൽ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് സുപ്രീംകോടതി

പ്ലസ് വൺ പ്രണയം അവസാനിച്ചത് വിവാഹത്തിൽ; കൂട്ടുകാരൻ സഹോദരിയെ വിവാഹം ചെയ്ത ദുരഭിമാനത്തിൽ സഹോദരൻ പ്രതികാരം ചെയ്തത് കൂട്ടുകാരന്റെ ജീവനെടുത്ത്; രാജസ്ഥാനി മലയാളി വിവാഹത്തിലെ ദുരഭിമാനക്കൊലയിൽ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് സുപ്രീംകോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജസ്ഥാനിൽ സഹോദരി ജാതി മാറി വിവാഹം കഴിച്ച മലയാളി യുവാവിനെ വെടിവച്ചുകൊന്നയാളുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. മലയാളിയായ അമിത് നായരെ കൊലപ്പെടുത്തിയ കേസിൽ മുകേഷ് ചൗധരിക്ക് ഹൈക്കോടതി നൽകിയ ജാമ്യമാണ് ചീഫ് ജസ്റ്റിസ് എൻവി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കിയത്. സഹോദരിയെ വിവാഹം ചെയ്തതിനു പ്രതികാരമായിട്ടായിരുന്നു കൊല. മുകേഷിന് ജാമ്യം അനുവദിച്ചതിനെതിരെ സഹോദരി മമതയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യം റദ്ദാക്കിയ സുപ്രീം കോടതി പൊലീസിനു മുന്നിൽ കീഴടങ്ങാൻ മുകേഷിനോടു നിർദ്ദേശിച്ചു.

2017ലാണ് കേസിനാസ്പദമായ സംഭവം.കായംകുളം സ്വദേശി ആർ.എസ്. പിള്ളയുടെയും പത്തനംതിട്ട മണ്ണടി സ്വദേശി രമാദേവിയുടെയും മകനായിരുന്നു അമിത് നായർ. അച്ഛന്റെ ജോലിയുടെ ആവശ്യാർത്ഥമാണ് കുടുംബം രാജസ്ഥാനിലെത്തുന്നത്. അമിതും സഹോദരി സ്മിതയും ജനിച്ചതും വളർന്നതുമെല്ലാം ജയ്പുരിലെ കാത്തിപ്പുരയിൽ ആയിരുന്നു. അമിത് പ്ലസ് വണിൽ പഠിക്കുമ്പോഴാണ് കൂടെ പഠിക്കുന്ന മുകേഷ് ചൗധരിയുടെ അനുജത്തിക്ക് അമിത്തിനോട് ഇഷ്ടം തോന്നുന്നത്. കാത്തിപ്പുര പ്രദേശത്തുനിന്നുതന്നെയുള്ള അമിത്തും മുകേഷും ഒന്നിച്ച് എൻജിനീയറിങ് പഠനവും ആരംഭിച്ചതോടെ മംമ്തയ്ക്ക് അമിത്തിനോടുള്ള ഇഷ്ടം വളരുകയും ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. ഒബിസി വിഭാഗത്തിൽപ്പെട്ട ജാട്ട് സമുദായക്കാരിയാണ് മംമ്തയെന്നതും അമിത് മുന്നാക്ക വിഭാഗക്കാരനാണ് എന്നതും ഇരുവരെയും പിന്തിരിപ്പിച്ചില്ല.

മംമ്തയുടെ ഡിഗ്രി പഠനം പൂർത്തിയായതോടെ വീട്ടിൽ വിവാഹക്കാര്യങ്ങൾ ചർച്ചയ്ക്കു വന്നു. ഇതോടെ മംമ്ത തന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ അമിത്തിനോട് ആവശ്യപ്പെട്ടു. ജാതി വ്യത്യാസങ്ങൾക്കു മുൻതൂക്കം നൽകുന്ന മംമ്തയുടെ വീട്ടുകാർ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്ന കാര്യത്തിൽ ഇരുവർക്കും സംശയമേതുമുണ്ടായിരുന്നില്ല. അതിനാൽ വീട്ടുകാർ അറിയാതെ 2011ൽ ആര്യസമാജത്തിൽ ഇരുവരും വിവാഹിതരായി. പതിയെ വീട്ടുകാരുടെ സമ്മതം ലഭിക്കുമെന്നും അതിനുശേഷം പരസ്യമായി വിവാഹം നടത്താമെന്നും ഇരുവരും തീരുമാനിച്ചു.

നിയമ പഠനം 2015ൽ പൂർത്തിയായതോടെ വിവാഹക്കാര്യത്തിൽ തീരുമാനം അറിയിക്കേണ്ടിവന്നു മംമ്തയ്ക്ക്. എൻജിനീയറിങ് പൂർത്തിയാക്കി അമിത് ഇതിനോടകം സ്വന്തമായി ബിസിനസ് തുടങ്ങിക്കഴിഞ്ഞിരുന്നു. അമിത്തിനെയല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന് അവൾ വീട്ടുകാർക്കു മുന്നിൽ വ്യക്തമാക്കി. എന്നാൽ വീട്ടുകാർ നഖശിഖാന്തം എതിർത്തു. മറ്റൊരു വിവാഹത്തിനു തയാറല്ലെന്നു മംമ്ത തീർത്തുപറഞ്ഞതോടെ വീട്ടുകാർ ശാരീരിക പീഡനവും ആരംഭിച്ചു.

എന്നിട്ടും മകൾ വഴങ്ങുന്നില്ലെന്നു വന്നതോടെ, അമിത് മകളെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും വിവാഹത്തിനു നിർബന്ധിക്കുന്നെന്നും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നുമുള്ള പരാതിയുമായി മംമ്തയുടെ വീട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തി. കാര്യങ്ങൾ ചോദിച്ചറിയാൻ വിളിച്ചതിനെ തുടർന്ന് ഇരുകൂട്ടരും പിറ്റേന്ന് അഭിഭാഷകരുമായി സ്റ്റേഷനിലെത്തിയപ്പോഴാണ് മംമ്ത താൻ വിവാഹിതയാണെന്ന വിവരം പുറത്തുവിടുന്നതും രേഖകൾ സ്റ്റേഷനിൽ നൽകുന്നതും. മാത്രവുമല്ല, മാതാപിതാക്കളുടെ കൂടെ മടങ്ങാൻ താൽപര്യമില്ലെന്നും അവൾ അറിയിച്ചു.അങ്ങനെ 2015 ജൂലൈയിൽ മംമ്ത അമിത്തിനൊപ്പം ജീവിതയാത്ര തുടങ്ങി.

ഇരുവരും അമിത്തിന്റെ വീട്ടിലെത്തിയതിനു പിന്നാലെ മംമ്തയുടെ പിതാവ് ജീവൻ റാം ചൗധരിയുടെ അഭിഭാഷകനും അവിടെ എത്തി. കുടുംബ സ്വത്തിൽ ഓഹരി വേണ്ടെന്ന് എഴുതിക്കൊടുക്കണമെന്ന് അയാൾ മംമ്തയോട് ആവശ്യപ്പെട്ടു. തങ്ങളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിച്ചാൽ മതിയെന്ന ഒറ്റ വ്യവസ്ഥയിൽ അമിത്തും മംമ്തയും സ്വത്തുക്കളിൽ ഒരു പൈസ പോലും വേണ്ടെന്ന് എഴുതിനൽകി. ഇതോടെ നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചു മംമ്തയും അമിത്തും വീണ്ടും വിവാഹിതരായി. 2015 ഓഗസ്റ്റ് 30നു കൊട്ടാരക്കര ശിൽപ ഓഡിറ്റോറിയത്തിലായിരുന്നു 'രണ്ടാം' വിവാഹം. ആ വർഷം ഒക്ടോബറിൽ അമിത്തും അമ്മയും മംമ്തയും ജഗദംബവിഹാറിലെ പുതിയ വീട്ടിലേക്കു താമസം മാറ്റുകയും ചെയ്തു.

അടങ്ങാത്ത പകയിൽ രാകിയെടുത്ത നിഷ്ഠൂര പാതകം

്സ്വത്തുക്കൾ എഴുതി നൽകിയ ശേഷവും ഇവരെ വെറുതേ വിടാൻ മംമ്തയുടെ വീട്ടുകാർ ഒരുക്കമല്ലായിരുന്നു. മംമ്തയുടെ സഹോദരൻ മുകേഷ് ചൗധരി അമിത്തിനോടു പ്രതികാരം ചെയ്യുമെന്നു ഫോണിൽ വിളിച്ചു പലതവണ ഭീഷണിപ്പെടുത്തിയതായി മംമ്ത പറയുന്നു. തീരുമാനം തെറ്റായെന്നും തിരിച്ചു ചെല്ലണമെന്നും പിതാവും മാതാവ് ഭഗ്‌വനി ദേവിയും മംമ്തയോട് ആവശ്യപ്പെട്ടുതുടങ്ങി.ഈ ആവശ്യം ഉന്നയിച്ചു സഹോദരനും മാതാപിതാക്കളും ബന്ധുക്കളിൽ ചിലരുമെല്ലാം അമിത്തിന്റെ വീട്ടിൽ നിത്യസന്ദർശകരായി.ഇതു നിരസിക്കപ്പെടുന്നതോടെ ബഹളമുണ്ടാക്കിയും ചീത്ത വിളിച്ചുമൊക്കെ അവർ തിരികെ പോകുകയും ചെയ്യുമായിരുന്നു. വീട്ടിൽ വന്നു ബഹളംവയ്ക്കുന്നതിനു പുറമേ മംമ്തയെയും അമിത്തിനെയും ദേഹോപദ്രവം ഏൽപിക്കുന്നതിലേക്കും കടന്നതോടെ പൊലീസിൽ പരാതി നൽകി. ഇതോടെ വീട്ടിൽ വന്നു പ്രശ്‌നമുണ്ടാക്കുന്നതു കുറഞ്ഞു.

എങ്കിലും അവരുടെ പക അടങ്ങിയിരുന്നില്ല. കൊലപാതകം നടക്കുന്നതിനു മുൻപേ പല തവണ മംമതയുടെ കുടുംബം അമിത്തിനെ വകവരുത്താൻ ശ്രമിച്ചിരുന്നു.മംമ്തയുടെ അച്ഛനും അമ്മയും മകളെ കാണാനെന്ന മട്ടിൽ വീട്ടിൽ ചെന്നു. അമ്മയും അമിത്തും കേരളത്തിലേക്കു പോയ സമയമായിരുന്നു അത്. അമിത്തിനെ കൊല്ലുന്നതിനു വാടകക്കൊലയാളികളുമായാണ് അവർ അന്നവിടെ ചെന്നത്. മംമ്തയുടെ മാതാപിതാക്കൾ ഇതു പിന്നീട് പൊലീസിൽ സമ്മതിച്ചു.

ആദ്യശ്രമം പാളിയതോടെ പിന്നീടെത്തിയത് കൃത്യം നടന്ന മെയ്‌ 17നു രാവിലെ 7.30ന്. അച്ഛനും അമ്മയും എത്തിയപ്പോൾ വാതിൽ തുറന്നുകൊടുത്തതു മംമ്ത തന്നെയാണ്. ഒരമ്മയാകാൻ പോകുന്ന തന്നോടു പിണക്കമെല്ലാം മാറ്റിവച്ചാണ് അവർ എത്തിയതെന്ന് അവൾ പ്രതീക്ഷിച്ചു. അവരോടൊപ്പം ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു. അതാരാണെന്ന് മംമ്ത ചോദിച്ചു. 'വകയിൽ ഒരു കുഞ്ഞമ്മയുടെ മകനാണ്, നീയറിയില്ല' എന്നു ജീവൻ റാം മറുപടി നൽകി. അമിത്ത് എവിടെയെന്ന് ജീവൻ റാം ചോദിച്ചു. മുകൾ നിലയിലെ മുറിയിലായിരുന്ന അമിത്തിനെ മംമ്ത ആഹ്ലാദത്തോടെ താഴേക്കു വിളിച്ചുവരുത്തി.

എന്നാൽ അമിത്തുമായി സംസാരം തുടങ്ങിയതേ മംമ്തയുമായുള്ള ബന്ധം പിരിയണമെന്നും അവളെ അവരുടെ കൂടെ അയയ്ക്കണമെന്നതിലേക്കും വിഷയം തിരിഞ്ഞു. ഇതു സാധ്യമല്ലെന്നു മംമ്തയും അമിത്തും പറഞ്ഞതോടെ മാതാപിതാക്കൾ മംമ്തയെ മുടിയിൽ പിടിച്ചു വലിച്ചിഴച്ചുകൊണ്ടു പോകാൻ ശ്രമിച്ചു. ഇതു തടഞ്ഞ അമിത്തിനെ അതുവരെ നിശ്ശബ്ദനായിരുന്ന കുഞ്ഞമ്മയുടെ മകൻ എന്നു പരിചയപ്പെടുത്തിയ ചെറുപ്പക്കാരൻ വെടിവച്ചു വീഴ്‌ത്തി.

ബഹളവും നിലവിളിയും കേട്ട് അയൽക്കാർ പാഞ്ഞെത്തിയതോടെ അതുവരെ പുറത്തു കാറിലിരിക്കുകയായിരുന്ന മറ്റൊരു വാടകക്കൊലയാളിയും തോക്കുമായി ഇറങ്ങിവന്നു. ബഹളം കേട്ട് മറ്റു ചില അയൽക്കാരും ഗേറ്റിനു പുറത്ത് എത്തിയെന്ന് അറിഞ്ഞതോടെ വീട്ടിലുള്ളവരെ തോക്കിന്മുനയിൽ നിർത്തി മംമ്തയെയും ഉപേക്ഷിച്ച് എല്ലാവരും കാറിൽ കടന്നുകളയുകയും ചെയ്തു. വിനോദ് ഗോറയുടെ സഹായി റാം ദേവ്റാം ആണ് അമിത്തിനെ വെടിവച്ചതെന്നും വിനോദ് കാറിലിരിക്കുകയായിരുന്നുവെന്നും പിന്നീടു വ്യക്തമായി.

രണ്ടുദിവസത്തിനുള്ളിൽ മംമ്തയുടെ സഹോദരൻ മുകേഷ് ചൗധരി പൊലീസ് പിടിയിലായി. പിതാവ് ജീവൻ റാം ഗോഡാരയെ ഹരിയാനയിൽനിന്നും മാതാവ് ഭഗ്‌വനി ദേവിയെ സിക്കറിൽനിന്നും 24നു പിടികൂടി. കൊലപാതകത്തിനു പ്രേരിപ്പിക്കുകയും അത് ആസൂത്രണം ചെയ്യുകയും ചെയ്ത ബന്ധുകൂടിയായ മുൻ പഞ്ചായത്ത് അംഗം ഭഗവാൻ റാം, കൊലപാതകത്തിന് ആദ്യം ക്വട്ടേഷൻ എടുത്ത രവി എന്ന രവീന്ദ്ര ഷെഖാവത്ത് എന്നിവരും അന്നു തന്നെ പിടിയിലായി. ഇ കേസിൽ മമതയുടെ സഹോദരന് ജാമ്യം നൽകിയപ്പോഴാണ് മമത അതിനെതിരെ ഹർജ്ജി സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP