Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിക രോഗം സ്ഥിരീകരിച്ചവർ ചികിത്സയെ തുടർന്ന് സുഖം പ്രാപിച്ചു; വിവരങ്ങൾ യഥാസമയം കൈമാറി; നിലവിൽ രോഗികൾ ഇല്ലെന്ന് കിംസ് ആശുപത്രി അധികൃതർ; വൈറസ് ബാധ ആദ്യമായി കണ്ടെത്തിയ ഗർഭിണി സുഖം പ്രാപിച്ചു പെൺകുഞ്ഞിനു ജന്മം നൽകി; കേന്ദ്ര സംഘത്തിന്റെ പരിശോധന ഇന്ന്

സിക രോഗം സ്ഥിരീകരിച്ചവർ ചികിത്സയെ തുടർന്ന് സുഖം പ്രാപിച്ചു; വിവരങ്ങൾ യഥാസമയം കൈമാറി; നിലവിൽ രോഗികൾ ഇല്ലെന്ന് കിംസ് ആശുപത്രി അധികൃതർ; വൈറസ് ബാധ ആദ്യമായി കണ്ടെത്തിയ ഗർഭിണി സുഖം പ്രാപിച്ചു പെൺകുഞ്ഞിനു ജന്മം നൽകി; കേന്ദ്ര സംഘത്തിന്റെ പരിശോധന ഇന്ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് സിക വൈറസ് രോഗം സ്ഥിരീകരിച്ച 15 പേരിൽ കിംസ് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരും. ഇക്കാര്യം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഗർഭിണിയായ യുവതിയിൽ സിക വൈറസ് കണ്ടെത്തിയതിനു പിന്നാലെയാണ് കിംസ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 13 പേരിൽ കൂടി രോഗം സ്ഥിരീകരിച്ചത്. ഇവർ നേരത്തെ തന്നെ രോഗമുക്തരായിരുന്നതായി ആശുപത്രി വൃത്തങ്ങളും വ്യക്തമാക്കി.

വിവിധ പരിശോധനകളിൽ കാരണം കണ്ടെത്താനാവാത്ത പനി ലക്ഷണങ്ങളോടെ ആളുകൾ ചികിത്സ തേടിയെത്തുന്നത് യഥാസമയം ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചിരുന്നതായി തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഇൻഫെക്ഷ്യസ് ഡിസീസസ് വകുപ്പിലെ ഡോക്ടർമാരായ രാജലക്ഷ്മിയും മുഹമ്മദ് നിയാസും ഇന്നലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പാറശ്ശാല സ്വദേശിനിക്ക് സിക്ക വൈറസ് ബാധയാണെന്നു കണ്ടെത്താനായത് കിംസ് ആശുപത്രിയിൽ നടത്തിയ വിവിധ പരിശോധനകളിലൂടെയാണ്. രോഗം സ്ഥിരീകരിച്ചവരെല്ലാം രോഗമുക്തരായി. എന്നാൽ, ലക്ഷണങ്ങളോടെ ദിനംപ്രതി രണ്ടും മൂന്നും രോഗികൾ ആശുപത്രിയിൽ എത്തുന്നുണ്ട്. ഗർഭിണികൾക്കിടയിൽ പരിശോധന വ്യാപകമായി നടത്തണം. കൂടാതെ, രോഗം സ്ഥിരീകരിച്ചവർ താമസിക്കുന്ന പ്രദേശങ്ങളിൽ കൂട്ടപരിശോധന നടത്തേണ്ടതുണ്ടെന്നും ഇരുവരും പറഞ്ഞു.

കൊതുകു പരത്തുന്ന സിക വൈറസ് സംസ്ഥാനത്തു ആദ്യമായി കണ്ടെത്തിയതിനു പിന്നാലെ പുണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ 19 സാംപിളുകൾ പരിശോധിച്ചതിൽ നിന്നാണു കൂടുതൽ പേരിൽ വൈറസ് തിരിച്ചറിഞ്ഞത്. ഇതിനിടെ, വൈറസ് ബാധ ആദ്യമായി കണ്ടെത്തിയ ഗർഭിണി സുഖം പ്രാപിച്ചു പെൺകുഞ്ഞിനു ജന്മം നൽകി. ഇവർ 3 മാസമായി താമസിക്കുന്ന നന്തൻകോടും സ്വദേശമായ പളുകലിലും ഭർത്താവിന്റെ സ്ഥലമായ പാറശാലയിലും നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കി. ഇന്നലെ ഈ പ്രദേശങ്ങളിൽ നിന്നു 17 സാംപിളുകൾ ശേഖരിച്ചു.

പാറശാല സ്വദേശിനിയായ 24 കാരിയിൽ സിക സ്ഥിരീകരിച്ചത് കോയമ്പത്തൂരിലെ മൈക്രോബയോളജിക്കൽ ലാബിൽ സിക്ക വൈറസ് പിസിആർ പരിശോധന ഫലം വന്നപ്പോഴാണ്. ആറ് ദിവസത്തിനുള്ളിൽ അവർ രോഗമുക്തയായി. ആരോഗ്യമുള്ള കുഞ്ഞിനു ജന്മം നൽകുകയും ചെയ്തു. സാംക്രമിക രോഗവിഭാഗത്തിലെ ഡോ.മുഹമ്മദ് നിയാസ്, ഡോ.രാജലക്ഷ്മി അർജുൻ തുടങ്ങിയവർ ചികിത്സയ്ക്കു നേതൃത്വം നൽകിയത്.

ചിക്കുൻ ഗുനിയയും ഡെങ്കിയും പടർത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്കയ്ക്കും കാരണം. പനി, കണ്ണിലെ ചുവപ്പ്, ദേഹത്ത തടിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സന്ധിവേദനയും ഉണ്ടാകാം. സിക്ക പകരില്ലെങ്കിലും ഗർഭിണികൾ അതീവ ജാഗ്രത പുലർത്തണം. ഗർഭച്ഛിദ്രത്തിനുവരെ ഇതു കാരണമാകാറുണ്ട്. ജനിക്കുന്ന കുഞ്ഞിന്റെ തല ചെറുതാകുക തുടങ്ങിയ മറ്റു വൈകല്യങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത ഏറെയാണ്. ഗർഭിണികൾ കൊതുകുകടി എൽക്കാതെ ശ്രദ്ധിക്കണമെന്നുമാണ് മുന്നറിയിപ്പ്.

സിക്ക വൈറസിൽ ഭീതിജനകമായ സാഹചര്യമില്ലെന്ന് തിരുവനന്തപുരം കിംസ് ആശുപത്രി അധികൃതർ അറിയിച്ചു. ഗർഭിണികളായ സ്ത്രീകൾ വൈറസിനെതിരെ അതീവ ജാഗ്രത പാലിക്കണം. ഗർഭസ്ഥ ശിശുവിനെ വൈറസ് ഗുരുതരമായി ബാധിക്കും. ഗർഭകാലത്തിന്റെ ആദ്യത്തെ അഞ്ച് മാസത്തിലാണ് പ്രത്യേക ശ്രദ്ധ വേണ്ടത്. സിക്ക വൈറസ് ബാധിതരായവർ നെഗറ്റീവായ ശേഷമുള്ള മൂന്ന് മാസത്തേക്ക് ഗർഭധാരണം ഒഴിവാക്കണം. രോഗബാധിതരായ പുരുഷന്മാരിൽ നിന്നും മൂന്ന് മാസം ലൈംഗികബന്ധം വഴി രോഗം പടരാൻ സാധ്യതയുണ്ടെന്നും കിംസിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

ഭയപ്പെടേണ്ട ഒരു വൈറസ് അല്ല സിക്ക. എന്നാൽ കരുതൽ ഇല്ലെങ്കിൽ അപകടകരിയാണ്. സിക്ക വൈറസ് ബാധിതരായി ആശുപത്രിയിൽ രോഗികൾ ചികിത്സയിൽ ഉണ്ടായിരുന്നു. ഈ മാസം ആദ്യമാണ് ഒരു ഗർഭിണി രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയത്. പരിശോധനയിൽ മറ്റു പനികൾ അല്ലാത്തതിൽ സംശയം തോന്നിയാണ് സിക്ക വൈറസ് പരിശോധന നടത്തിയത്. ഏഴാം തിയതി റിസൾട്ട് പൊസിറ്റിവ് ആയി. ഉടനെ തന്നെ വിവരം സർക്കാരിനെ അറിയിച്ചു.

തടിപ്പ്, ചൊറിച്ചിൽ, കണ്ണിൽ ചുവപ്പ്. ഇവയെല്ലാം സിക്ക വൈറസിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഇക്കാര്യം ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കണം.
രോഗനിയന്ത്രണം ഉറപ്പാക്കാൻ കൂടുതൽ പേർക്ക് പരിശോധന നടത്തണം. പരിശോധനയ്ക്ക് വേണ്ട സൗകര്യങ്ങൾ കിംസ് ആശുപത്രിയിൽ ഉടനെ ഒരുക്കും.

നിലവിൽ സിക്ക പൊസീറ്റിവായി ഒരാൾ മാത്രമാണ് കിംസിൽ ചികിത്സയിലുള്ളത്. ആറ് പേരെ പരിശോധിച്ചെങ്കിലും ഒരാൾ മാത്രമാണ് പൊസിറ്റീവായി ചികിത്സയിലുള്ളത്. രോഗം വന്നാലും 4-5 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ ഭേദമാകും. രോഗം തടയാൻ നടപടി എടുത്തില്ലെങ്കിൽ പകരാൻ സാധ്യത ഉണ്ട്. ശക്തമായ പ്രതിരോധ നടപടികളിലൂടെ രോഗപ്രതിരോധം ഉറപ്പാക്കണം. മുൻകരുതൽ നടപടികളുടെ ഭാഗമായി മെയ് മാസത്തിൽ അയച്ച സാംപിളുകളിലൊന്നാണ് ഇപ്പോൾ പൊസീറ്റിവായി വന്നിരിക്കുന്നത്. കേരളത്തിൽ നേരത്തെ തന്നെ സിക്ക വൈറസ് കേസുകൾ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP