Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഹകരണമേഖല സംസ്ഥാന സർക്കാരിന്റെ പരിധിയിൽപ്പെടുന്ന വിഷയം; മന്ത്രാലയം രൂപീകരിച്ച കേന്ദ്രസർക്കാർ നീക്കം ദുരുദ്ദേശപരമെന്ന് മന്ത്രി വാസവൻ; സഹകരണ പ്രസ്ഥാനത്തെ വർഗീയ വത്കരിക്കാനുള്ള നീക്കമെന്ന് ചെന്നിത്തല; അമിത് ഷായുടെ 'കടന്നുവരവിനെ' ഒന്നിച്ച് എതിർത്ത് ഭരണ പ്രതിപക്ഷ നേതാക്കൾ; തുടർനടപടി തീരുമാനിക്കാൻ സർവകക്ഷിയോഗം

സഹകരണമേഖല സംസ്ഥാന സർക്കാരിന്റെ പരിധിയിൽപ്പെടുന്ന വിഷയം; മന്ത്രാലയം രൂപീകരിച്ച കേന്ദ്രസർക്കാർ നീക്കം ദുരുദ്ദേശപരമെന്ന് മന്ത്രി വാസവൻ; സഹകരണ പ്രസ്ഥാനത്തെ വർഗീയ വത്കരിക്കാനുള്ള നീക്കമെന്ന് ചെന്നിത്തല; അമിത് ഷായുടെ 'കടന്നുവരവിനെ' ഒന്നിച്ച് എതിർത്ത് ഭരണ പ്രതിപക്ഷ നേതാക്കൾ; തുടർനടപടി തീരുമാനിക്കാൻ സർവകക്ഷിയോഗം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ടാം മോദി സർക്കാരിന്റെ ആദ്യ പുനഃസംഘടനയിൽ സഹകരണ വകുപ്പ് രൂപീകരിച്ച് വകുപ്പിന്റെ ചുമതല അമിത് ഷാക്ക് നൽകിയ തീരുമാനത്തിൽ കടുത്ത വിമർശനങ്ങളുമായി കേരളത്തിലെ ഭരണ പ്രതിപക്ഷ നേതാക്കൾ. സംസ്ഥാനങ്ങളുടെ അധികാര പരിധിയിലേക്ക് കടന്നുകയാറാൻ ശ്രമം നടത്തുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിൽക്കുമെന്ന് സഹകരണ വകുപ്പ് മന്തി വിഎൻ വാസവൻ ആവശ്യപ്പെട്ടു.

കേന്ദ്ര നീക്കത്തിനെതിര സംസ്ഥാന സർക്കാർ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സഹകരണ പ്രസ്ഥാനത്തെ വർഗീയ വത്കരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് അമിത് ഷായുടെ കടന്ന് വരവ് എന്നും അദ്ദേഹം ചുമതലയേൽപ്പിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ വിമർശനം. സഹകരണ പ്രസ്ഥാനത്തെ തകർക്കാനും ചൊൽപ്പടിക്ക് നിർത്താനുമാണ് ഇത്തരം ഒരു നീക്കത്തിന് പിന്നിലെ ലക്ഷ്യം. ഇതിനെ സംസ്ഥാന സർക്കാർ നിയമപരമായി നേരിടണം. താനും നിയമ നടപടികൾ സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതിപക്ഷവുമായി യോജിച്ചു നീങ്ങുമെന്നും സർവകക്ഷി യോഗം ചേർന്ന് തുടർനടപടികൾ ചർച്ച ചെയ്യുമെന്നും വി എൻ വാസവൻ അറിയിച്ചത്. ഭരണഘടന പ്രകാരം സഹകരണമേഖല സംസ്ഥാന സർക്കാരിന്റെ പരിധിയിൽപ്പെടുന്ന വിഷയമാണെന്നിരിക്കെ മന്ത്രാലയം രൂപീകരിച്ച കേന്ദ്രസർക്കാർ നീക്കം ദുരുദ്ദേശപരമാണെന്നും ഇതിനെതിരെ സർക്കാർ നിയമപരമായി മുന്നോട്ടുപോകുമെന്നും മന്ത്രി അറിയിച്ചു.

കേന്ദ്രമന്ത്രിസഭയുടെ ആദ്യ പുനഃസംഘടനയിലാണ് സഹകരണ മന്ത്രാലയം രൂപീകരിച്ച് വകുപ്പിന്റെ ചുമതല അമിത് ഷാക്ക് നൽകിയ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്. പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനങ്ങളുടെ അധികാര പരിധിയിലേക്ക് കടന്നുകയറാനുള്ള കേന്ദ്രത്തിന്റെ ആസൂത്രിത നീക്കമാണ് കേന്ദ്രത്തിന്റേതെന്ന് ആരോപണമുയർന്നിരുന്നു. സഹകരണ പ്രസ്ഥാനങ്ങൾ ഏറ്റവും കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ലക്ഷ്യം വച്ചാണ് നീക്കമെന്നായിരുന്നു വിമർശനം.

കഴിഞ്ഞ ദിവസം വിഷയത്തിൽ പ്രതികരിച്ച മുൻ ധനമന്ത്രി തോമസ് ഐസക്ക് അമിത് ഷായെ തന്നെ രാജ്യത്തെ ആദ്യത്തെ കേന്ദ്ര സഹകരണ മന്ത്രിയാക്കിയത് യാദൃശ്ചികമല്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോൺഗ്രസിൽ നിന്നും അടർത്തി ബിജെപിയുടെ പിടിയിലാക്കുകയും ഇന്ന് ബിജെപിയുടെ ഒരു പ്രധാന അടിത്തറയായി ഗുജറാത്തിലെ സഹകരണ മേഖല മാറ്റിയതിന്റേയും സൂത്രധാരൻ അമിത് ഷായാണെന്ന് തോമസ് ഐസക്ക് തന്റെ പ്രതികരണത്തിൽ പറഞ്ഞു. ഈ പശ്ചാത്തലത്തിൽ സഹകരണ മേഖലയെ സംരക്ഷിക്കുന്നതിന് അതിശക്തമായ ജനകീയ പ്രതിരോധം ഉയരണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടിരുന്നു.

തോമസ് ഐസക്ക് പറഞ്ഞത്: 'അമിത് ഷായെ തന്നെ രാജ്യത്തെ ആദ്യത്തെ കേന്ദ്ര സഹകരണ മന്ത്രിയാക്കിയത് യാദൃശ്ചികമല്ല. അമിത് ഷായായിരുന്നു ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോൺഗ്രസിൽ നിന്നും അടർത്തി ബിജെപിയുടെ പിടിയിലാക്കിയതിന്റെ സൂത്രധാരൻ. അമൂൽ കുര്യനെ പാൽ സഹകരണ മേഖലയിൽ നിന്നും പുകച്ചുപുറത്തു ചാടിച്ചതിന്റെയും പിന്നിൽ ബിജെപിയുടെ കരങ്ങളുണ്ടായിരുന്നു.

നിരീശ്വരവാദിയായ അദ്ദേഹത്തെ മതപരിവർത്തനത്തിന് ഒത്താശ ചെയ്യുന്നയാളെന്ന് ആക്ഷേപിക്കാനും മടിയുണ്ടായില്ല. ഗുജറാത്തിലെയും രാജ്യത്തെയും ധവളവിപ്ലവത്തിന്റെ നായകന് മരണത്തിനുശേഷംപോലും ആദരാഞ്ജലികൾ അർപ്പിക്കാൻ തൊട്ടടുത്തൊരു പട്ടണത്തിൽ ഉണ്ടായിട്ടുപോലും മോദി തയ്യാറായില്ല എന്നതിൽ നിന്നും എത്രമാത്രമായിരുന്നു വൈരാഗ്യമെന്ന് ഊഹിക്കാം. ഗുജറാത്തിലെ സഹകരണ മേഖല ഇന്ന് ബിജെപിയുടെ ഒരു പ്രധാന അടിത്തറയാണ്.'

'പാർട്ടി ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി സഹകരണം സംസ്ഥാന വിഷയമാണെന്നും അവിടെ പുതിയൊരു കേന്ദ്രമന്ത്രാലയത്തിനു പ്രസക്തിയില്ലെന്നും ഫെഡറൽ സംവിധാനത്തെ ഹനിക്കുന്നതാണെന്നും പ്രസ്താവിച്ചിട്ടുണ്ട്. ഇത് പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ഫേസ്‌ബുക്ക് പേജിൽ നൽകിയിരുന്നു. ഇതിനു കീഴിൽ ഒരു സംഘി എഴുതിയത് വായിക്കുക

'ഇ.ഡി മാതൃകയിൽ പുതിയ ഏജൻസി... സഹകരണ സ്ഥാപനങ്ങളിലെ കള്ളപ്പണം കണ്ടെത്തുക ലക്ഷ്യം... പുതിയ ഏജൻസി വരുന്നത് സഹകരണ വകുപ്പിന് കീഴിൽ. ഇന്ത്യയിലെ ആദ്യത്തെ സഹകരണമന്ത്രിയായി അമിത് ഷാ... സിപിഎമ്മിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ സമരത്തിന് അവർ പെട്ടെന്ന് തന്നെ നേതൃത്വം നൽകും...! കാരണമെന്താണെന്ന് അറിയേണ്ടേ...? കേന്ദ്രം സഹകരണ മന്ത്രാലയം രൂപീകരിച്ചു. അതിന്റെ തലൈവർ അമിത് ഷായും... അണ്ണന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ ആദ്യ പരീക്ഷണ ശാല അഹമ്മദാബാദിലെ സഹകരണ ബാങ്കുകളായിരുന്നു... ചുമ്മാ പറഞ്ഞന്നെ ഉള്ളു...'

'മന്ത്രിസഭാ വിപുലീകരണത്തിനു രണ്ടുദിവസം മുമ്പാണ് പുതിയ മന്ത്രാലയം രൂപീകരിച്ചുകൊണ്ട് ഉത്തരവിറക്കിയത്. അതിൽ അമിത് ഷായെ പ്രതിഷ്ഠിക്കുകയും ചെയ്തു. അർബൻ ബാങ്കുകളുടെ കാര്യത്തിൽ സംസ്ഥാന സഹകരണ രജിസ്ട്രാർക്ക് ഉണ്ടായിരുന്ന അവകാശങ്ങൾ റിസർവ്വ് ബാങ്കിനു കൈമാറിക്കൊണ്ട് 2020 സെപ്റ്റംബറിൽ പാർലമെന്റ് നിയമം പാസ്സാക്കി. അതു പ്രാഥമിക സഹകരണ ബാങ്കുകൾക്കു ബാധകമാക്കുന്നതിന് ഒരു പ്രത്യേക നോട്ടിഫിക്കേഷൻ മതിയാകും. അതിലൂടെ വൈദ്യനാഥൻ കമ്മിറ്റി നിർദ്ദേശിച്ചതും നമ്മൾ തിരസ്‌കരിച്ചതുമായ കാര്യങ്ങൾ അടിച്ചേൽപ്പിക്കാനാകും. '

'ബാങ്ക് എന്ന വിശേഷണം ഉപയോഗിക്കാനാവില്ല. ഡെപ്പോസിറ്റുകൾ വോട്ട് അവകാശമുള്ള എ ക്ലാസ് അംഗങ്ങളിൽ നിന്നു മാത്രമേ സ്വീകരിക്കാനാവൂ. അല്ലാതെയുള്ള 60,000 കോടി രൂപയുടെ ഡെപ്പോസിറ്റ് തിരിച്ചു കൊടുക്കേണ്ടിവരും. ചെക്ക് പാടില്ല. വിത്ഡ്രോവൽ സ്ലിപ്പേ പാടുള്ളൂ. കേരള ബാങ്കിൽ മിറർ അക്കൗണ്ട് സൃഷ്ടിച്ച് പ്രാഥമിക സഹകരണ ബാങ്കിങ് സേവനങ്ങൾ മെച്ചപ്പെടുത്താനാണല്ലോ നാം ആലോചിക്കുന്നത്. അതു നിരോധിക്കപ്പെടും. പ്രാഥമിക സഹകരണ ബാങ്കുകൾ സംബന്ധിച്ച ഈ പറഞ്ഞ നിർദ്ദേശങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല.

എന്നാൽ പുതിയ ബാങ്കിങ് റെഗുലേഷന്റെ പശ്ചാത്തലത്തിൽ ഒരു നോട്ടിഫിക്കേഷനിലൂടെ ഇവ നടപ്പാക്കാനാവും. ഡെമോക്ലസിന്റെ വാളുപോലെ ഈ അപകടം നമ്മുടെ സഹകരണ മേഖലയുടെ തലയ്ക്കു മുകളിൽ തൂങ്ങുകയാണ്. ഈയൊരു സന്ദർഭത്തിലാണ് അമിത് ഷാ കേന്ദ്രസഹകരണ മന്ത്രിയായി സ്ഥാനമേറ്റിരിക്കുന്നത്. അമിത് ഷാ എന്ത് ചെയ്യുമെന്നതിനെക്കുറിച്ചു കേരളത്തിലെ സംഘികളുടെ സ്വപ്നങ്ങൾ ഞാൻ ഉദ്ദരിച്ച കമന്റിലുണ്ട്. സഹകരണ മേഖലയെ സംരക്ഷിക്കുന്നതിന് അതിശക്തമായ ജനകീയ പ്രതിരോധം ഉയരണം.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP