Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാജീവ് ചന്ദ്രശേഖറിനെ മന്ത്രിയാക്കിയത് കേരള ഘടകത്തോട് മോദിക്കുള്ള താൽപ്പര്യക്കുറവിന് തെളിവ്; ശോഭയുടെ അനുമോദന പോസ്റ്റിന് താഴെ വന്ന പരിവാർ വിമർശകർക്ക് പണി കിട്ടും; മുരളീധരനെ പോലെ പുതിയ മന്ത്രിയേയും അംഗീകരിക്കേണ്ടി വരും; ഏഷ്യാനെറ്റ് ഉടമയ്ക്ക് ബിജെപിയിൽ റോൾ കൂടും

രാജീവ് ചന്ദ്രശേഖറിനെ മന്ത്രിയാക്കിയത് കേരള ഘടകത്തോട് മോദിക്കുള്ള താൽപ്പര്യക്കുറവിന് തെളിവ്; ശോഭയുടെ അനുമോദന പോസ്റ്റിന് താഴെ വന്ന പരിവാർ വിമർശകർക്ക് പണി കിട്ടും; മുരളീധരനെ പോലെ പുതിയ മന്ത്രിയേയും അംഗീകരിക്കേണ്ടി വരും; ഏഷ്യാനെറ്റ് ഉടമയ്ക്ക് ബിജെപിയിൽ റോൾ കൂടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിനെ കേന്ദ്രമന്ത്രിയാക്കിയതിലൂടെ കേരളത്തിലെ ബിജെപി ഘടകത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്നത് സമ്പൂർണ്ണ പൊളിച്ചെഴുത്തിന്റെ സന്ദേശം. ഏഷ്യാനെറ്റിലേക്ക് ചുരുക്കപ്പെടേണ്ടതല്ല രാജീവ് ചന്ദ്രശേഖർ എന്ന സന്ദേശം ബിജെപിയിലെ നേതാക്കൾക്ക് കേന്ദ്ര നേതൃത്വും നൽകിയിട്ടുണ്ട്. അതിനിടെ വി മുരളീധരനെ കേന്ദ്രമന്ത്രിസഭയിൽ നിന്നും മാറ്റി ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയാക്കുമെന്ന അഭ്യൂഹവും ഉയരുന്നുണ്ട്. വിദേശകാര്യത്തിൽ സഹമന്ത്രിയായി മീനാക്ഷിലേഖിയെ നിയോഗിച്ചത് മുരളീധരനെ മാറ്റുന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ. എന്നാൽ ആർഎസ്എസ് ദേശീയ നേതൃത്വത്തിൽ സ്വാധീനമുള്ള മുരളീധരനെ മന്ത്രിസഭയിൽ നിന്ന് മാറ്റില്ലെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന.

കേന്ദ്രമന്ത്രിസഭയിലേക്ക് മറ്റൊരു മലയാളി കൂടി കടന്നു വന്നിരിക്കുകയാണ്. പക്ഷേ അതിന്റെ സന്തോഷം മലയാളികളിൽ കാണാനുമില്ല. പ്രധാന കാരണം കേരളത്തിലെ ബിജെപി വിരുദ്ധ ചേരിയിലുള്ളവർ ആ വിഷയം തൊടില്ല. പക്ഷേ ബിജെപിക്കാർ പോലും അദ്ദേഹത്തിന് ഒരു അനുമോദനം പറയാൻ പോലും ഭയക്കുകയാണ്. പ്രധാന കാരണം ഏഷ്യാനെറ്റ് ന്യൂസുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. എന്നാൽ രാജീവ് ചന്ദ്രശേഖറിനെ അങ്ങനെ മാറ്റി നിർത്താൻ കഴിയില്ലെന്നാണ് കേന്ദ്ര നേതൃത്വവുമായി അടുത്തു നിൽക്കുന്ന നേതാവ് മറുനാടനോട് പ്രതികരിച്ചത്. കേരള രാഷ്ട്രീയത്തിലും രാജീവ് ചന്ദ്രശേഖർ കൂടുതൽ ഇടപെടൽ നടത്തും. ഇ ശ്രീധരൻ, ജേക്കബ് തോമസ് എന്നിവരെ എല്ലാം കൂടുതൽ സജീവമാക്കി പാർട്ടിയിൽ പൊളിച്ചെഴുത്താണ് കേന്ദ്രത്തിന്റെ പദ്ധതിയിലുള്ളത്.

തമിഴ്‌നാട് ബിജെപി അധ്യക്ഷന് മുരുകനെ കേന്ദ്രമന്ത്രിയാക്കിയിരുന്നു. ഇതിന് പകരം ഐപിഎസുകാരനായിരുന്ന അണ്ണാമലയെ പാർട്ടി സംസ്ഥാന പ്രസിഡന്റുമാക്കി. ഇതേ മാതൃകയിൽ കേരളത്തിലും മാറ്റം പരിഗണനയിലുണ്ട്. എന്നാൽ ആർഎസ്എസ് നേതൃത്വം തമിഴ്‌നാട്ടിനേക്കാൾ കേരളത്തിൽ കരുത്തരാണ്. അതുകൊണ്ട് തന്നെ ആർ എസ് എസിന്റെ നിർദ്ദേശം ഇക്കാര്യത്തിൽ പരിഗണിക്കേണ്ടി വരും. ഇതാണ് അടിമുടി മാറ്റത്തിന് ബിജെപി ദേശീയ നേതൃത്വത്തിന് മുന്നിലുള്ള തടസ്സം.

രാജീവ് ചന്ദ്രശേഖറിനെ ആശംസ അറിയിച്ച് രംഗത്തു വന്നത് ശോഭാ സുരേന്ദ്രൻ മാത്രമാണ്. രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് കേരളാ ബിജെപിയുടെ പേജിൽ പോലും ഔദ്യോഗിക നേതൃത്വം പോസ്റ്റിട്ടിട്ടില്ല. ഇതിനൊപ്പമാണ് അനുമോദിച്ച ശോഭാ സുരേന്ദ്രനെ പരിവാറുകാർ തന്നെ കളിയാക്കുന്നത്. ഒരു പ്രമുഖ സംസ്ഥാന നേതാവ് പറഞ്ഞത് ഇപ്പോൾ ഓൺലൈൻ അണികളെ പേടിച്ച് സമുദായ നേതാക്കളെ കാണാൻ പോലും ഭയമാണ് എന്നതാണ്. ആരെയെങ്കിലും കണ്ട ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇട്ടാൽ അതിന് താഴെ പോലും സ്വന്തം അണികളുടെ തെറിവിളികളാണ് എന്നാണ്. ഓരോരുത്തർ അവരവരുടെ രാഷ്ട്രീയ പരിജ്ഞാനം മാത്രം വച്ച സകലതിനും മാർക്കിടുകയാണ്-ബിജെപി നേതാവ് പറഞ്ഞു.

ശോഭാ സുരേന്ദ്രന്റെ പോസ്റ്റിന് താഴെ പലരും ഇട്ടത് പാർട്ടി വിരുദ്ധ കമന്റാണ്. പുതുച്ചേരിയിൽ ബിജെപിക്ക് ഭരണം നേടിക്കൊടുത്ത വ്യക്തിയെ ഇകഴ്‌ത്തുന്നത് ശരിയല്ലെന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ബിജെപിക്ക് വേണ്ടി രാജീവ് ചന്ദ്രശേഖർ എന്തു ചെയ്തുവെന്ന ചോദ്യം തന്നെ പ്രസക്തിയല്ല. ഈ കഷ്ടപ്പാടുകൾ തിരിച്ചറിഞ്ഞാണ് അദ്ദേഹത്തെ പ്രധാനമന്ത്രി മന്ത്രിസഭയിൽ എടുത്തത്. കേരളത്തിൽ പാർട്ടിയെ വളർത്താൻ സജീവ ഇടപെടലുകൾ രാജീവ് ചന്ദ്രശേഖർ നടത്തും. കേരളത്തിലെ പാർട്ടിയിൽ പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് കേന്ദ്ര നേതൃത്വം തിരിച്ചറിയുന്നുണ്ട്.

ഏഷ്യാനെറ്റ് ഉടമയെ കേന്ദ്ര മന്ത്രിയാക്കാതിരിക്കാനുള്ള സമ്മർദ്ദം കേരളത്തിൽ നിന്നും ശക്തമായിരുന്നു. എന്നാൽ ഇതൊന്നും പ്രധാനമന്ത്രി മോദി ഗൗരവത്തോടെ എടുത്തില്ല. അങ്ങനെയാണ് ചന്ദ്രശേഖർ മന്ത്രിസഭയിൽ എത്തുന്നത്. പ്രധാന വകുപ്പും നൽകി. വിദേശകാര്യത്തിന് പ്രോട്ടോകോൾ പ്രകാരം ഉയർന്ന റാങ്കുണ്ടെങ്കിലും മന്ത്രിമാരുടെ പട്ടികയിൽ രാജീവ് ചന്ദ്രശേഖറിന് പിന്നിലായിരുന്നു വി മുരളീധരന്റെ സ്ഥാനം. ഇതും പ്രധാനമന്ത്രി നൽകുന്ന വ്യക്തമായ സൂചനയാണ്. ഐടിയും നൈപുണ്യ വികസനവും രാജീവ് ചന്ദ്രശേഖറിന് കേരളത്തിൽ ജനകീയ അടിത്തറയുണ്ടാക്കാനും അവസരമൊരുക്കും.

അങ്ങനെ മാർക്കിടാനാകുന്ന വ്യക്തിയല്ല രാജീവ് ചന്ദ്രശേഖർ എന്നതാണ് യാഥാർത്ഥ്യം. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്‌മിഷൻ കിട്ടാൻ പോലും പ്രയാസമാണ്. അവിടെ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം സമ്പാദിച്ച വ്യക്തി, മാസ്റ്റേഴ്‌സ് ചെയ്യുന്നത് അമേരിക്കയിലെ ഇല്ല്യനോയ്‌സ് സർവകലാശാലയിൽ നിന്നാണ്. പെൻഡിയം ചിപ്പുകളുടെ പിതാവ് എന്ന് അറിയപ്പെടുന്ന ലോക പ്രശസ്തനായ വിനോദ് ദാം നേരിട്ട് ഇന്റൽ എന്ന ലോക പ്രശസ്ത കംപനിയിലേക്ക് റിക്രൂട്ട് ചെയ്ത തലയാണ് രാജീവ് ചന്ദ്രശേഖർ. അങ്ങനൊരു വ്യക്തിയെയാണ് ഏഷ്യാനെറ്റ് എന്ന് പറയുന്ന ഒരൊറ്റ നുകത്തിൽ കെട്ടി ചാപ്പയടിക്കാൻ കേരളത്തിലെ നേതാക്കൾ ശ്രമിക്കുന്നതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ഇത് അംഗീകരിക്കുകയുമില്ല.

ഇന്ന് നമ്മൾ കാണുന്ന വി നെറ്റ്‌വർക്ക് വോഡാഫോണും ഹച്ചും ആകുന്നതിന് മുമ്പ് രാജീവ് ചന്ദ്രശേഖറിന്റേതായിരുന്നു. ഏഷ്യാനെറ്റ് അയാളെ സംബന്ധിച്ച് പ്രൊഫൈലിൽ വെക്കപ്പെടേണ്ട ഒന്നു പോലുമല്ല. പക്ഷേ കേരളത്തിലേക്ക് എത്തപ്പെടുമ്പോൾ ചർച്ചയാകുന്നത് അത് മാത്രമാണ്. അല്ലെങ്കിൽ അത് മാത്രം ചർച്ച ചെയ്യാനാണ് പലർക്കും സൗകര്യവും താത്പര്യവു. പുതുച്ചേരിയിലെ ബിജെപിയിലെ മിന്നും പ്രകടനത്തെ കുറിച്ചോ, കർണ്ണാടകയിൽ യദ്ദ്യൂരിയപ്പയെ മുഖ്യമന്ത്രി ആക്കാൻ നടത്തിയ നീക്കങ്ങളെ കുറിച്ചോ ആർക്കും ചെയ്യണ്ട. അതിനെ കുറിച്ചുള്ള ചർച്ചകളെ പോലും കേരളത്തിൽ പലരും ഭയക്കുന്നുണ്ട്-നേതാവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP