Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പോക്‌സോ കേസിൽ ഹാജരാകില്ലെന്നത് പോളിസി; എന്നാൽ കോൺഗ്രസ് പ്രവർത്തകരെ രാഷ്ട്രീയ വേട്ടയാടലിന് വിട്ടുകൊടുക്കില്ല; പരസ്യ സംവാദത്തിൽ നിന്നും ഒഴിഞ്ഞുമാറിയിട്ടാണ് റഹീം ജനകീയ വിചാരണയുമായി എന്റെ നാട്ടിലേയ്ക്ക് വരുന്നത്; മാത്യു കുഴൽനാടൻ എംഎൽഎ മറുനാടനോട് മനസ്സു തുറക്കുന്നു

പോക്‌സോ കേസിൽ ഹാജരാകില്ലെന്നത് പോളിസി; എന്നാൽ കോൺഗ്രസ് പ്രവർത്തകരെ രാഷ്ട്രീയ വേട്ടയാടലിന് വിട്ടുകൊടുക്കില്ല; പരസ്യ സംവാദത്തിൽ നിന്നും ഒഴിഞ്ഞുമാറിയിട്ടാണ് റഹീം ജനകീയ വിചാരണയുമായി എന്റെ നാട്ടിലേയ്ക്ക് വരുന്നത്; മാത്യു കുഴൽനാടൻ എംഎൽഎ മറുനാടനോട് മനസ്സു തുറക്കുന്നു

വിഷ്ണു ജെ ജെ നായർ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ഭാരവാഹിത്വങ്ങൾ ഒഴിഞ്ഞശേഷം അടുത്തകാലം വരെ പാർലമെന്ററി രംഗത്തോ സംഘടനാരംഗത്തോ എടുത്തുപറയത്തക്ക സ്ഥാനങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ബൗദ്ധികോന്നതി കൊണ്ടും സാമൂഹ്യവിഷയങ്ങളിലെ നിരന്തരമായ ഇടപെടലുകൾ കൊണ്ട് കേരള രാഷ്ട്രീയഭൂമികയിൽ സജീവ സാന്നിദ്ധ്യമായിരുന്നു ഡോ. മാത്യു കുഴൽനാടൻ. മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ ജൂനിയറായി സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന മാത്യു കുഴൽനാടനെയാണ് ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയുടെ ആദ്യത്തെ അധ്യക്ഷനായി രാഹുൽ ഗാന്ധി തെരഞ്ഞെടുത്തതും.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളമാകെ ഇടതുതരംഗം ഉണ്ടായപ്പോഴും തന്റെ കന്നിഅങ്കത്തിൽ തന്നെ ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്താണ് കുഴൽനാടൻ നിയമസഭയിലെത്തുന്നത്. എന്നാൽ മൂവാറ്റുപുഴയിലെ ഒരു വിവാദവുമായി ബന്ധപ്പെട്ട് അദ്ദേഹമിന്ന് വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. സ്വന്തം മണ്ഡലത്തിലെ ഒരു പോക്സോ കേസ് പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവിനെ സംരക്ഷിക്കുന്നത് എംഎൽഎ ആണെന്നാണ് രാഷ്ട്രീയ എതിരാളികളുടെ ആരോപണം. എന്താണ് ആ ആരോപണങ്ങളിലെ വസ്തുത? മൂവാറ്റുപുഴ എംഎൽഎയും കെപിസിസി ജന. സെക്രട്ടറിയുമായ ഡോ. മാത്യു  കുഴൽനാടൻ മറുനാടനോട് സംസാരിക്കുന്നു.

സുപ്രീം കോടതിയിൽ അഭിഭാഷകനാണ്, പൊതുപ്രവർത്തകനാണ്. എന്നാൽ ഈ തിരക്കുകൾക്കിടയിലും അക്കാദമിക് രംഗത്ത് യാതൊരു വിട്ടുവീഴ്‌ച്ചകൾക്കും തയ്യാറല്ലാത്തയാളാണ് താങ്കൾ. അഭിഭാഷകരംഗത്ത് താങ്കളുടെ സീനിയറായ കപിൽ സിബലും അത്തരമൊരാളാണ്. അദ്ദേഹത്തിൽ നിന്നും ലഭിച്ച ഗുണമാണോ? അതോ മുൻപെ ഇത്തരത്തിലായിരുന്നോ? അതുമല്ലെങ്കിൽ സുപ്രിംകോടതി അഭിഭാഷകരൊക്കെ പൊതുവെ ഈ ഇനമാണോ?

തിരുവനന്തപുരം ലോ കോളേജിൽ എൽഎൽബി പഠിക്കുമ്പോൾ ഞാൻ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. അക്കാലത്ത് തന്നെ ഞാൻ ഉയർത്തിയ മുദ്രാവാക്യമായിരുന്നു ആദ്യം വിദ്യാർത്ഥി പിന്നെ നേതാവ് എന്നത്. എന്റെ മുൻഗാമികളായിരുന്ന പലരും കെ.എസ്.യു കാരണം എന്റെ ജീവിതം പോയി, കെ.എസ്.യു കാരണം എന്റെ പഠനം പോയി എന്നൊക്കെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അവിടെ യൂണിറ്റ് പ്രസിഡന്റായിരിക്കുമ്പോൾ ഞാനവിടത്തെ കെ.എസ്.യുക്കാരോടെല്ലാം പറഞ്ഞത് ഞാൻ ഇവിടെ സംഘടനയെ നയിക്കുന്ന കാലത്ത് കെ.എസ്.യു കാരണം നിങ്ങളുടെ പഠനം മുടങ്ങിയെന്ന് പറയാൻ ഇടവരരുത്. പഠനം കഴിഞ്ഞിട്ടുള്ള സമയത്ത് മതി രാഷ്ട്രീയപ്രവർത്തനം. അന്നുമുതൽ തന്നെ രാഷ്ട്രീയവും പഠനവും ഒരുമിച്ചുകൊണ്ടുപോകുന്ന ശൈലിയായിരുന്നു ഞാൻ സ്വീകരിച്ചിരുന്നത്. അതിന് ശേഷം പ്രധാനമായും മൂന്ന് കാര്യങ്ങളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നു. എൽഎൽബിക്ക് ശേഷം എംഫില്ലും പിഎച്ചഡിയും എടുക്കാനായുള്ള ശ്രമം ആരംഭിച്ചിരുന്നു. അതിനിടയിൽ അഭിഭാഷക വൃത്തിയും മുന്നോട്ടുകൊണ്ടുപോയി. ഇവയ്ക്കിടയിലൂടെയാണ് പൊതുപ്രവർത്തനവും നടത്തിയിരുന്നത്. മൂന്ന് കാര്യങ്ങൾ ഒരേസമയം കൊണ്ടുപോകുന്നതിൽ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ആ ബുദ്ധിമുട്ട് ഏഴെട്ട് വർഷം നീണ്ടുനിന്നു.

പിഎച്ച്ഡി പ്രബന്ധം സമർപ്പിച്ചതോടെ അക്കാദമിക് രംഗത്തെ തിരക്ക് കുറഞ്ഞു. പിന്നെ പ്രൊഫഷനും പൊതുപ്രവർത്തനവും തമ്മിൽ ഒരു ബാലൻസിങ് ആയി. പ്രഫഷനിൽ തിരക്കുകൾ കൂടി, ഒരുപാട് ഉത്തരവാദിത്തങ്ങൾ ഉണ്ടായി. അപ്പോഴും അതുവരെ ശീലിച്ചുവന്ന അക്കാദമിക്സ് പൂർണമായും കൈവിട്ടില്ല. പ്രൊഫഷനും പൊതുപ്രവർത്തനത്തിനുമിടയിൽ ഒരു വിശ്രമസമയം പോലെ വായനയും പഠനവും മുന്നോട്ടുകൊണ്ടുപോയി. ഞാനിപ്പോൾ അക്കാദമിക്സ് രംഗത്തെ ആസ്വദിച്ചുകൊണ്ടുപോകുകയാണ്. അതുകൊണ്ടുതന്നെ അതത്ര പ്രയാസമുള്ള കാര്യമല്ല.

'വരുമാനത്തിന് തൊഴിൽ, രാഷ്ട്രീയം സേവനം' എന്നതാണല്ലോ താങ്കൾ മുന്നോട്ടുവച്ച മുദ്രാവാക്യം. എംഎൽഎ ആയ ശേഷം പ്രൊഫഷനിൽ ശ്രദ്ധിക്കാൻ കഴിയുന്നുണ്ടോ?

ജീവിതത്തിന് മുന്നിലുള്ള വലിയൊരു ചോദ്യമാണ് താങ്കളിപ്പോൾ ചോദിച്ചത്. 'വരുമാനത്തിന് തൊഴിൽ, രാഷ്ട്രീയം സേവനം' എന്നതാകണം ഒരു യുവജനപ്രവർത്തകന്റെ കാഴ്‌ച്ചപ്പാടെന്ന് അടൂരിലെ യൂത്ത് കോൺഗ്രസ് ക്യാമ്പിലാണ് ഞാനാദ്യമായി പ്രസംഗിച്ചത്. അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഞാൻ പരിശ്രമിച്ചിട്ടുണ്ട്. എന്നാൽ എംഎൽഎ ആയ ശേഷം അതൊരു വലിയ വെല്ലുവിളിയായി മുന്നിൽ നിൽക്കുകയാണ്. ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല. പ്രൊഫഷൻ ഉപേക്ഷിക്കാനുള്ള ബുദ്ധിമുട്ടുണ്ട്. എന്നാൽ ജനസേവനത്തിന് മണ്ഡലത്തിലും പുറത്തും തലസ്ഥാനത്തുമൊക്കെയുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടത്ര സമയം കിട്ടാത്തതിന്റെ ബുദ്ധിമുട്ടുണ്ട്. ഒരുപക്ഷെ ഞാനൊരു പുതിയ ആളായതുകൊണ്ടാണോ എന്നറിയില്ല. എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം പ്രൊഫഷനിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ലെന്നത് വാസ്തവമാണ്.

ഇപ്പോൾ മൂവാറ്റുപുഴയിലെ ഒരു വിവാദവുമായി ബന്ധപ്പെട്ട് താങ്കളുടെ പേര് ഉയർന്നുകേൾക്കുന്നുണ്ട്. ഒരു പോക്സോ കേസ് പ്രതിയെ താങ്കൾ സംരക്ഷിക്കുന്നു എന്നാണ് സാമൂഹ്യമാധ്യമങ്ങളിലും മറ്റും ഉയരുന്ന വിമർശനം. ഒരു ജനപ്രതിനിധി പോക്സോ കേസ് പ്രതിയുടെ ജാമ്യാപേക്ഷ മൂവ് ചെയ്യുന്നത് ധാർമികമായി ശരിയാണോ?

മൂവാറ്റുപുഴയിൽ ഒരു പോക്സോ കേസ് ഉണ്ടായി. 15 വയസ് പ്രായമുള്ള ഒരു പെൺകുട്ടിയും ഒരു ചെറുപ്പക്കാരനുമായി പ്രേമത്തിലായിരുന്നു. അവർ തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും പെൺകുട്ടി ഗർഭിണി ആകുകയും പിന്നീട് അത് വേണ്ടെന്ന് വയ്ക്കുകയും ചെയ്ത സംഭവങ്ങളുണ്ടായി. പിന്നീടവർ തമ്മിൽ പിണങ്ങുകയും പിരിയുകയും ചെയ്യുന്ന സ്ഥിതി ഉണ്ടായപ്പോൾ നാട്ടിലെ ചിലർ ആ വിഷയത്തിൽ ഇടപെട്ടിരുന്നു. അങ്ങനെ പെൺകുട്ടി പോക്സോ നിയമപ്രകാരം പരാതി നൽകിയപ്പോൾ പെൺകുട്ടിയെ ചൂഷണം ചെയ്തെന്ന് പറയപ്പെടുന്ന ചെറുപ്പക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അതിന് ശേഷം ഈ പെൺകുട്ടിയെ അമ്മായിയെന്ന് പറയപ്പെടുന്ന ഒരു സ്ത്രീ കൂട്ടികൊണ്ട് പേകുന്നു. സിപിഎം ലോക്കൽ സെക്രട്ടറിയുടെ മകൾ കൂടിയാണ് ഈ അമ്മായി. രണ്ട് ദിവസത്തിന് ശേഷം കുട്ടിക്ക് അധിക മൊഴി നൽകാനുണ്ടെന്ന് പൊലീസിനോട് പറയുകയും അതിന്റെ അടിസ്ഥാനത്തിൽ 164 അനുസരിച്ച് മൊഴി രേഖപ്പെടുത്താൻ പൊലീസ് ഈ പെൺകുട്ടിയെ മജിസ്ട്രേറ്റിന്റെയടുത്ത് എത്തിക്കുകയും ചെയ്തു. അപ്പോഴാണ് യൂത്ത് കോൺഗ്രസ് നേതാവായ രണ്ടാംപ്രതിയുടെ പേര് ആ പെൺകുട്ടി പറയുന്നത്. എന്നാൽ മൊഴി വിശ്വസനീയമല്ലാത്തതിനാൽ ഇദ്ദേഹത്തെ പ്രതിചേർക്കാൻ തുടക്കത്തിൽ പൊലീസ് തയ്യാറായിരുന്നില്ല. എന്നാൽ ആ സമയം മുതൽ വലിയ രാഷ്ട്രീയ സമ്മർദ്ദമുണ്ടാകുകയാണ്. അങ്ങനെ യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായി. ആദ്യഘട്ടത്തിൽ അദ്ദേഹത്തെ പ്രതി ചേർത്തിരുന്നത് പോക്സോ 19ഉം 21ഉം വകുപ്പുകൾ പ്രകാരമാണ്. അതായത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞിട്ടും പൊലീസിനെ വിവരം അറിയിച്ചില്ല എന്നതാണ് കുറ്റം. എന്നാൽ പിന്നീട് രാഷ്ട്രീയ ഉദ്ദേശത്തോടെ സാഹചര്യങ്ങളെ മാറ്റിയെടുക്കുകയായിരുന്നു. പിന്നീടാണ് രണ്ടാം പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത്.

ഞാനൊരു ജനപ്രതിനിധിയാണ്. അതുപോലെ കെപിസിസി ജന. സെക്രട്ടറിയുമാണ്. പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടതനുസരിച്ച് ഞാൻ കേസിന്റെ മെരിറ്റ് അന്വേഷിച്ചപ്പോൾ ഇയാളുടെ ഭാഗത്തുള്ള കുറ്റം ഈ വിവരം അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ല എന്നതാണ്. പൊതുപ്രവർത്തകരുടെ മുന്നിൽ ഇത്തരത്തിൽ ഒരുപാട് പ്രശ്നങ്ങൾ വരുന്നുണ്ട്. അതൊക്കെ പൊലീസിൽ അറിയിക്കാത്തത് കുറ്റകരമാണെന്ന കാര്യം അവർ അറിയണമെന്ന് പോലുമില്ല. പക്ഷെ നിയമത്തെ പറ്റിയുള്ള അജ്ഞത ഇളവിന് കാരണമല്ല എന്നതും അഭിഭാഷകനായ എനിക്കറിയാം. ഒരുപക്ഷെ അങ്ങനെ സംഭവിച്ചിട്ടുണ്ടാകാം എന്ന് മനസിലാക്കിക്കൊണ്ടുതന്നെ അദ്ദേഹത്തെ രാഷ്ട്രീയപരമായ ഒരു വേട്ടയാടലിന് വിട്ടുകൊടുക്കുന്നത് ശരിയല്ല എന്നതാണ് അഭിപ്രായം.

ഈ വിഷയത്തിൽ സമരം ചെയ്ത ഞങ്ങളുടെ വനിതാ ജനപ്രതിനിധികൾക്കെതിരെ വളരെ മ്ലേച്ഛമായ പ്രചരണം ഒരുവശത്ത് നിന്നും നടന്നു. എനിക്കൊപ്പമുള്ള ചിത്രങ്ങളൊക്കെ ഷെയർ ചെയ്ത് ഞാൻ അദ്ദേഹത്തെ സംരക്ഷിക്കുന്നുവെന്നൊക്കെ വരുത്തിതീർക്കാനാണ് അവർ ശ്രമിക്കുന്നത്. അപ്പോൾ എന്നിലേക്ക് എത്താനാണ് അവർ ശ്രമിക്കുന്നതെന്ന് എനിക്ക് മനസിലായി. അങ്ങനെയാണെങ്കിൽ ഞാൻ തന്നെ മുന്നിൽനിൽക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. രാഷ്ട്രീയ വേട്ടയാടലിന് അനുവദിക്കില്ലെന്ന് പരസ്യമായി പറഞ്ഞുകൊണ്ടുതന്നെ ഞാൻ ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ആ നിലപാടിൽ നിന്നും ഞാൻ ഇന്നും പിന്നോട്ട് പോയിട്ടില്ല. രാഷ്ട്രീയ വേട്ടയാടലിന് കോൺഗ്രസുകാരെ വിട്ടുകൊടുക്കാൻ കഴിയില്ല. കാരണം രണ്ടാം പിണറായി സർക്കാരിന്റെ ശരിയായ രൂപവും ഭാവവും നമ്മൾ പുറത്തുകാണാൻ പോകുന്നതെ ഉള്ളു. ഈ സംഭവം നടന്ന പ്രദേശത്തിന്റെ ചുറ്റുപാടുമുള്ള 1001 പേർ ഒപ്പിട്ട ഒരു നിവേദനം ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കപം നൽകിയിട്ടുണ്ട്. ഇത് രാഷ്ട്രീയ വിരോധം മൂലമുള്ള വേട്ടയാടലാണെന്നും ഇത് അനുവദിക്കരുതെന്നുമാണ് ആ പ്രദേശത്തെ ആളുകൾ ഒന്നടങ്കം രാഷ്ട്രീയഭേദമന്യേ ആവശ്യപ്പെടുന്നത്. ആ നാട്ടിലുള്ളവർ ഇത്തരത്തിൽ പറയുമ്പോൾ ഒരു ജനപ്രതിനിധി എന്ന നിലിയിൽ ഞാൻ അവരെ കേൾക്കണ്ടെ.

അദ്ദേഹം കോടതിയെ സമീപിക്കാൻ തീരുമാനിക്കുമ്പോൾ എന്റെ അഭിഭാഷക സ്ഥാപനത്തെയാണ് സമീപിച്ചത്. മുമ്പും മറ്റ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യങ്ങൾക്കും അദ്ദേഹം ഞങ്ങളെയാണ് സമീപിച്ചിട്ടുള്ളത്. യൂത്ത് കോൺഗ്രസ് നേതാവ് എന്ന നിലയിൽ അദ്ദേഹവുമായി നല്ല ബന്ധമാണ് ഉള്ളത്. സമാനമായി അദ്ദേഹത്തിന്റെ ഈ ഹർജിയും ഞങ്ങളുടെ സ്ഥാപനമാണ് ഫയൽ ചെയ്തത്. കാള പെറ്റെന്ന് കേട്ട് കയറെടുക്കുന്നത് പോലെ എന്റെ അഭിഭാഷക സ്ഥാപനത്തിൽ നിന്നാണ് ഫയൽ ചെയ്തതെന്ന് അറിഞ്ഞപ്പോൾ തന്നെ ചില ഡിവൈഎഫ്ഐ നേതാക്കൾ ഞാൻ കേസിൽ ഹാജരായെന്ന് മട്ടിൽ വിമർശനങ്ങളുമായി വന്നു. ഞാൻ അതിനൊന്നും മറുപടി പറയാൻ നിന്നില്ല. അവർക്ക് പറ്റിയ തെറ്റ് അവർ തിരുത്തുമെന്നാണ് കരുതിയത്. ഞാനെന്റെ ജീവിതത്തിൽ ഇന്നുവരെ ഒരു പോക്സോ കേസിലും ഹാജരായിട്ടില്ല. അതെന്റെ നയമാണ്. പക്ഷെ ഇവർ ഇത്രയും ബഹളം വച്ചപ്പോൾ ഹാജരായാലോ എന്ന് ഒരുവേള എനിക്ക് തോന്നി. ഡിവൈഎഫ്ഐക്കാരെ ഭയന്ന് മാറിനിൽക്കുന്നു എന്ന് ചിലരെങ്കിലും കരുതിയാലോ. ഒരു അഭിഭാഷകൻ ഏത് കേസിലും ഹാജരാകുന്നത് തെറ്റാണെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ഗാന്ധിജിയെ വധിച്ച ഗോഡ്സേയ്ക്ക് കോടതി തന്നെ ഒരു അഭിഭാഷകനെ വച്ചുകൊടുത്ത രാജ്യമാണ് നമ്മുടേത്. എത്ര വലിയ പാതകം ചെയ്യുന്നവനും സ്വന്തം ഭാഗം വ്യക്തമാക്കാനുള്ള അവകാശമുണ്ട്. അതാണ് നമ്മുടെ നിയമത്തിന്റെ ഒരു രീതി. പക്ഷെ അത്തരം കേസുകൾ ഞാൻ ഏറ്റെടുക്കാറില്ലാത്തതുകൊണ്ട് ഞാൻ പോയില്ല. എന്നിട്ടും വീണിടത്ത് കിടന്ന് ഉരുളുംപോലെ അവർ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു. തെറ്റിദ്ധാരണ കൊണ്ടാണ് അവർ പറഞ്ഞതെങ്കിൽ അവർ തന്നെ സ്വയം തിരുത്തുമെന്ന് കരുതിയാണ് ആദ്യത്തെ കുറേദിവസം ഞാൻ മിണ്ടാതിരുന്നത്. എന്നാൽ അവരതിന് തയ്യാറായില്ല. അപ്പോഴാണ് എനിക്ക് മറുപടി പറയേണ്ടി വന്നത്.

ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറി എഎ റഹീമിനെ താങ്കൾ ഇക്കാര്യത്തിൽ പരസ്യസംവാദത്തിന് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയാണുണ്ടായത്. പോക്സോ കേസ് തെരുവിലല്ല കോടതിയിലാണ് തെളിയിക്കപ്പെടേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ അനുയായികളുടെ ന്യായീകരണം. എന്തുകൊണ്ടാണ് ഇത്തരമൊരു വിഷയത്തിൽ പരസ്യ സംവാദമാകാമെന്ന നിലപാട് താങ്കൾ സ്വീകരിച്ചത്?

ഞാൻ സംവാദത്തിന് വെല്ലുവിളിച്ചതൊന്നുമല്ല. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എന്ന പദവിക്കും ആ കസേരയ്ക്കും എന്തൊക്കെ പറഞ്ഞാലും കേരളസമൂഹത്തിന് മുന്നിലൊരു പ്രാധാന്യമുണ്ടല്ലോ. ആ കസേരയിലിരുന്നുകൊണ്ട് സംസ്ഥാനത്തെ ഒരു എംഎൽഎയ്ക്ക് എതിരെ റഹീമൊരു ആരോപണം ഉന്നയിക്കുന്നു. ഞാൻ എനിക്ക് പറയാൻ കഴിയുന്ന രീതിയിൽ അതിന് മറുപടി നൽകുന്നു. എന്നാൽ അത് അദ്ദേഹത്തിന് ബോധ്യമാകുന്നില്ല. റഹീം സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്നു, ഞാൻ എന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു. അപ്പോൾ പുറത്തുനിൽക്കുന്ന ജനങ്ങൾക്ക് ഇതിന്റെ വസ്തുത അറിയുന്നതിന് താൽപര്യമുണ്ടാകും. അതിന് ഏറ്റവും നല്ല മാർഗം ഇതുപോലൊരു തുറന്ന സംവാദമാണ്. അദ്ദേഹത്തിന് എന്നെ വിചാരണ ചെയ്യാനുള്ള അവസരമാണ് ഞാൻ നൽകിയത്. അദ്ദേഹത്തിന് എന്നോട് ചോദിക്കാനുള്ള എന്ത് ചോദ്യവും ചോദിക്കാം, ഞാൻ മറുപടി പറയും. എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ള ചോദ്യങ്ങൾ ഞാനും ചോദിക്കാം, അദ്ദേഹം ഉത്തരം പറയട്ടെ. തർക്കങ്ങളെന്ന് പറയുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. നമ്മുടെ ഇതിഹാസങ്ങളിൽ പോലും അതുണ്ട്. ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും മികച്ചൊരു സംസ്‌കാരമാണ് തുറന്ന സംവാദങ്ങൾ. ആ രീതിയിലാണ് ഞാൻ അദ്ദേഹത്തെ സംവാദത്തിന് ക്ഷണിച്ചത്. അത് കഴിയുമ്പോൾ അദ്ദേഹത്തിന് എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ മാറും. ഇനി അതല്ല, എനിക്കാണ് തെറ്റ് പറ്റിയതെങ്കിൽ അത് തുറന്ന് സമ്മതിക്കുന്നതിനോ തിരുത്താനോ എനിക്ക് മടിയില്ല. പക്ഷെ നിർഭാഗ്യവശാൽ അദ്ദേഹം അതിൽ നിന്നും പിന്മാറുകയാണ് ചെയ്തത്. എന്നിട്ട് അദ്ദേഹം ജനകീയവിചാരണയുമായി എന്റെ നാട്ടിലേയ്ക്ക് വരുന്നു എന്ന് പറയുന്നു. ഇനി എല്ലാം അദ്ദേഹത്തിന്റെ യുക്തിക്ക് വിടുക എന്നതേ എനിക്ക് ചെയ്യാൻ കഴിയു.

ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചുവന്നാൽ ചരിത്രത്തിലില്ലാത്തവിധം കോൺഗ്രസിലെ യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരം ലഭിച്ച ഒരു തെരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. എന്നാൽ സ്ഥിരംമുഖങ്ങൾ മാറിയിട്ടും പാർട്ടിക്ക് ജയിക്കാൻ സാധിച്ചില്ലെന്ന് സീറ്റ് ലഭിക്കാത്തവർ പറയുന്നു. എന്തുകൊണ്ടാകാം അങ്ങനെ സംഭവിച്ചത്?

ഞാൻ ഉ്ത്തരം പറയാനാഗ്രഹിക്കുന്ന ഒരു ചോദ്യം കൂടിയാണ് താങ്കൾ ചോദിച്ചത്. പാർട്ടിയിലൊരു തലമുറ മാറ്റത്തിന് വേണ്ടി ഏറ്റവുമധികം മുന്നിൽ നിന്ന് വാദിച്ചിട്ടുള്ളവരാണ് ഞാനടക്കമുള്ളവർ. ഇത്തവണത്തെ സ്ഥാനാർത്ഥിപട്ടിക ഒരുപാട് സന്തോഷമുണ്ടാക്കിയതാണ്. ചിത്രത്തിലേറ്റവും കൂടുതൽ ചെറുപ്പക്കാർക്ക് അവസരം നൽകിയ സ്ഥാനാർത്ഥി പട്ടികയായിരുന്നു. പക്ഷെ ഞങ്ങളാരും പ്രതീക്ഷിക്കാത്ത വലിയൊരു തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലുണ്ടായത്. അതിനെപറ്റി ഞാനൊരു പരിശോധന നടത്തിയിട്ടുണ്ട്. അത് ചുരുക്കിപ്പറഞ്ഞാൽ പ്രധാനമായും രണ്ട് കാര്യങ്ങളാണ് പരാജയകാരണങ്ങളായത്. ഒന്ന് ഇത്തവണ പല കാരണങ്ങൾ കൊണ്ടും ഇടതുമുന്നണിക്ക് അനുകൂലമായ ഒരു തരംഗം ഉണ്ടായിട്ടുണ്ട്. അതായത് കോൺഗ്രസിന് പരമ്പരാഗതമായി വോട്ട് ചെയ്തിരുന്ന ചില സമൂഹങ്ങൾ ഇത്തവണ ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്ന അവസ്ഥയുണ്ടായി. മറ്റൊന്ന് പാർട്ടിക്കുണ്ടായ സംഘടനാ ദൗർബല്യമാണ്. മികച്ച സ്ഥാനാർത്ഥി ആണെങ്കിൽ കൂടി തെരഞ്ഞെടുപ്പ് ജയിപ്പിക്കാൻ കഴിയാത്ത നിലയിൽ സംഘടനാ ശേഷിക്ക് താഴെതട്ടിൽ അപചയം സംഭവിച്ചുപോയി. ഈ രണ്ട് കാര്യങ്ങളാണ് പ്രധാനമായും പുതുമുഖങ്ങളുടെ സ്വാധീനം തെരഞ്ഞെടുപ്പിൽ ഉണ്ടാകാതെ പോയതിന് പ്രധാന കാരണം.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പായി ഒരുപാട് ഘടകക്ഷികൾ യുഡിഎഫിൽ നിന്നും എൽഡിഎഫിലേയ്ക്ക് ചുവടുമാറ്റിയിരുന്നു. കേരളാ കോൺഗ്രസ് (എം) ന് സ്വാധീനമുള്ള ഒരു മണ്ഡലത്തിൽ നിന്നും വിജയിച്ചുവന്ന ആളാണ് താങ്കൾ. കേരളാ കോൺഗ്രസ് മുന്നണി വിട്ടത് യുഡിഎഫിന്റെ വിജയസാധ്യത ഇല്ലാതാക്കിയിട്ടുണ്ടോ? കെഎം മാണി അഴിമതിക്കാരനാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞ വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ അവർ തിരിച്ചുവരണമെന്ന് താങ്കൾ ആവശ്യപ്പെടുന്നുണ്ടോ?

കേരളാ കോൺഗ്രസ് പോലൊരു പാർട്ടി മുന്നണി വിട്ടുപോയതിൽ അതിന്റേതായ ക്ഷീണം യുഡിഎഫിന് ഉണ്ടായിട്ടുണ്ട്. പക്ഷെ പരാജയകാരണം അതാണന്ന് ഞാൻ കരുതുന്നില്ല. കാരണം കേരളാ കോൺഗ്രസ് പോകുമ്പോൾ യുഡിഎഫിന് പരാജയം സംഭവിക്കേണ്ടത് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായിരുന്നു. എറണാകുളത്ത് ഞാനടക്കം വിജയിച്ച സീറ്റുകൾ കേരള കോൺഗ്രസ് ഇംപാക്ട് ഉണ്ടായിരുന്നെങ്കിൽ തോൽക്കേണ്ടതാണ്. അതുണ്ടായില്ല. ഇടുക്കി ഒഴികെ മറ്റ് രണ്ട് ജില്ലകളിലും മോശമല്ലാത്ത വിജയം നേടാൻ യുഡിഎഫിന് കഴിഞ്ഞു. ഇടുക്കിയിലും പത്തനംതിട്ടയിലും കേരളാ കോൺഗ്രസ് മുന്നണി വിട്ടത് ഒരു പരിധിവരെ ബാധിച്ചു. പക്ഷെ ഇടതുമുന്നണിയിൽ കേരളാ കോൺഗ്രസിന് ഒരു ദീർഘായുസ് ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇത്തവണ ഭരണം നേടണമെന്നതിനപ്പുറം മറ്റൊരു ലക്ഷ്യവും ഇടതുമുന്നണിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ കേരളാ കോൺഗ്രസ് ഐഡിയോളജിയോട് താദാത്മ്യപ്പെടാൻ ഇടതുമുന്നണിക്ക് ഒരിക്കലും കഴിയില്ല. ആ മുന്നണിയോട് ചേർന്ന പോകാൻ അവർക്കും സാധിക്കില്ല. അവർ കെഎം മാണിയെ പറ്റി സുപ്രീംകോടതിയിൽ പറഞ്ഞത് അവരുടെ മനോഭാവം മാറിയിട്ടില്ല എന്നതിന് ഉദാഹരണമാണ്. ഇടതുമുന്നണി ആ രീതിയിലെ കേരളാ കോൺഗ്രസിനെ ട്രീറ്റ് ചെയ്യുകയുള്ളു. അത് കാലം തെളിയിക്കും. ജോസ് കെ മാണിക്ക് ഒരു പുനഃചിന്തനം ഉണ്ടാകുന്നത് എല്ലാവർക്കും നല്ലതാണ്.

കോൺഗ്രസിന്റെ സംഘടനാരംഗത്ത് പാർലമെന്ററി രംഗത്തും പുതിയൊരു നേതൃത്വം വന്നിരിക്കുകയാണ്. എന്തൊക്കെയാണ് പുതിയ നേതൃത്വത്തിലുള്ള പ്രതീക്ഷകൾ?

വലിയ പ്രതിസന്ധികളിലൂടെ കോൺഗ്രസ് പാർട്ടി കടന്നുപോകുന്ന ഒരു സാഹചര്യത്തിലാണ് പുതിയൊരു നേതൃത്വം ഹൈക്കമാൻഡിന്റെ കൂടി ഇടപെടലിൽ വന്നിട്ടുള്ളത്. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് വലിയ പ്രതീക്ഷയാണ് ഈ നേതൃത്വത്തിലുള്ളത്. എന്നാൽ വലിയ വെല്ലുവിളികളും അവർക്ക് മുന്നിലുണ്ട്. നിയമസഭയ്ക്കുള്ളിൽ അംഗങ്ങളുടെ എണ്ണം വളരെ കുറവാണ്. അതിനനുസരിച്ച് സഭയ്ക്കുള്ളിലെ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടുകൊണ്ടുപോകുവാൻ വലിയ അധ്വാനം വേണ്ടിവരും. സംഘടനാപരമായും ഞാൻ നേരത്തെ സൂചിപ്പിച്ച ദൗർബല്യങ്ങൾ പാർട്ടിക്കുണ്ട്. സംഘടനയെ കെട്ടിപ്പടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്തവും വെല്ലുവിളിയും സംഘടനാ നേതൃത്വത്തിനും ഉണ്ട്.

ഈ അടുത്തകാലത്ത് ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒരു വിഷയം മുകേഷിന്റെ ഫോൺസംഭാഷണമായിരുന്നു. മുമ്പ് വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈൻ ഫോണിലൂടെ ഒറു പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയതും വിവാദമായിരുന്നു. പൊതുപ്രവർത്തകർ, പ്രത്യേകിച്ച് അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർ കുറച്ചുകൂടി ഉത്തരവാദിത്തവും സംയമനവും ഇക്കാര്യങ്ങളിൽ കാണിക്കേണ്ടതല്ലേ?

തീർച്ചയായും. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ കുറച്ചുകൂടി സംയമനം പാലിക്കേണ്ടതുണ്ട്. കാരണം അവർ ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ചുവന്നവരാണ്. എന്നാൽ എല്ലാ പൊതുപ്രവർത്തകരും പ്രത്യേകിച്ച് ജനപ്രതിനിധികൾ കടുത്ത സമ്മർദ്ദത്തെ നേരിടേണ്ടി വരുന്നുണ്ട്. സമ്മർദ്ദമെന്ന് ഞാൻ ഉദ്ദേശിച്ചത് നിരന്തരമായ ഫോൺ വിളികൾ, ലോജിക്കലായും ഇൽലോജിക്കലായും റീസണബിളായും അൺ റീസണബിളായുമുള്ള ഒരുപാട് ആവശ്യങ്ങളും തർക്കങ്ങളുമൊക്കെ കേൾക്കേണ്ടി വരും. ഒരു പൊതുപ്രവർത്തകന് അതിനുള്ള ക്ഷമ ഉണ്ടാകണം. ക്ഷമ എന്നത് ഒരു പൊതുപ്രവർത്തകന് കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്. അതില്ലാതെ വരുമ്പോൾ പലരും ഇത്തരത്തിലൊക്കെ പെരുമാറും. എന്നാൽ ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ ജനങ്ങളോട് വിധേയപ്പെടുന്ന ഒരു മനസുണ്ടാകുക എന്നതാണ് പ്രധാനം. ഇതൊക്കെ പറയുമ്പോഴും ഞങ്ങൾക്കൊക്കെ ഇത്തരത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ടായിരിക്കാം. എല്ലാം തികഞ്ഞവരാണെന്ന അവകാശവാദമൊന്നുമില്ല. മനുഷ്യനാണ്, തെറ്റു പറ്റാം. പക്ഷെ ജനപ്രതിനിധി ക്ഷമയുള്ളവരും ജനങ്ങളോട് വിധേയപ്പെടുന്ന മനസുള്ളവരും ആയിരിക്കണമെന്നാണ് ഈ ഘട്ടത്തിൽ പറയാനുള്ളത്.

മൂവാറ്റുപുഴ താലൂക്കിൽ ഉൾപ്പെട്ട മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയും ഒമ്പത് പഞ്ചായത്തുകളും കോതമംഗലം താലൂക്കിൽ ഉൾപ്പെടുന്ന രണ്ട് പഞ്ചായത്തുകളും ഉൾപ്പെടുന്ന ബൃഹത്തായ ഭൂപ്രദേശമാണ് മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലുള്ളത്. വികസനം എത്തിനോക്കിയിട്ടില്ലാത്ത നിരവധി ഗ്രാമപ്രദേശങ്ങൾ ഇവിടെയുണ്ട്. താങ്കൾ എംഎൽഎ ആയിട്ട് വെറും 41 ദിവസങ്ങളെ ആയിട്ടുള്ളുവെങ്കിലും ഇതിനകം തന്നെ മൂവാറ്റുപുഴയെ അർബൻ ടൂറിസം ഹബ്ബും വാട്ടർ സ്പോർട്സ് ഹബ്ബുമൊക്കെ ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായാണ് അറിയുന്നത്. മണ്ഡലത്തിലെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് എത്തരത്തിലുള്ള വളർച്ചയാണ് താങ്കളുടെ ലക്ഷ്യം?

ഞാൻ തെരഞ്ഞടുപ്പിൽ സ്ഥാനാർത്ഥിയായി വന്ന ആദ്യ പ്രസംഗം മുതൽ കഴിഞ്ഞ ദിവസം മണ്ഡലത്തിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരുന്നതിന് തൊട്ടുമുമ്പുള്ള പരിപാടിയിൽ വരെ ഞാൻ തന്നെ ജനങ്ങളെ നിരന്തരം ഓർമിപ്പിക്കുന്ന എന്റെ മൂന്ന് വാഗ്ദാനങ്ങളുണ്ട്. ഞാനൊരു കർഷകകുടുംബത്തിൽ ജനിച്ച് വളർന്നയാളാണ്. കർഷകന്റെ ജീൻ എന്റെ രക്തത്തിൽ ഉള്ളതാണ്. മൂവാറ്റുപുഴ ഒരു കാർഷികമേഖല കൂടി ആയതിനാൽ എന്റെ ആദ്യത്തെ പ്രയോരിറ്റി കർഷകർക്കായിരിക്കും. ഞാൻ രാഷ്ട്രീയത്തിൽ യുവസമൂഹത്തിന്റെ പ്രതിനിധിയാണ്. മണ്ഡലത്തിലെ യുവാക്കളെയും വിദ്യാർത്ഥികളെയും യുവതലമുറയേയും കൈപിടിച്ചുയർത്തുക എന്നതിനായിരിക്കും എന്റെ രണ്ടാമത്തെ പ്രയോരിറ്റി. എന്റെ മൂന്നാമത്തെ പ്രയോരിറ്റി പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കായിരിക്കുമെന്നും ഞാൻ എന്റെ ആദ്യത്തെ പ്രസംഗത്തിൽ നിന്നും പറയുന്നതാണ്. അത്തരത്തിലൊരു ലക്ഷ്യം മുന്നിൽ വച്ചുകൊണ്ട് പ്രവർത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മൂവാറ്റുപുഴയുടെ സാധ്യതകളെ പൂർണമായും വിനിയോഗിക്കാൻ കഴിയുന്ന വിധമുള്ള പ്രവർത്തനങ്ങൾ ഓരോന്നായി ഞാൻ ആരംഭിച്ചിട്ടുണ്ട്. ആ പ്രവർത്തനങ്ങൾക്ക് മികച്ച പ്രതികരണമാണ് മണ്ഡലത്തിൽ നിന്നും ലഭിക്കുന്നത്. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ നിന്ന്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയപ്പോൾ ആ സഹകരണം ഞാൻ അറിഞ്ഞതാണ്. രാഷ്ട്രീയത്തിനതീതമായി എല്ലാവരെയും ഏകോപിപ്പിച്ച് മൂവാറ്റുപുഴയിൽ വികസനം കൊണ്ടുവരാനാണ് ഞാൻ ശ്രമിക്കുന്നത്.

മൂവാറ്റുപുഴ ജില്ല എന്ന ആവശ്യം വളരെകാലമായി ഉയർന്നുകേൾക്കുന്ന ആവശ്യമാണ്. അതിനോട് എംഎൽഎയുടെ നിലപാട് എന്താണ്?

മൂവാറ്റുപുഴ ജില്ല എന്നത് ആ പ്രദേശത്തെ ജനങ്ങളുടെ വലിയൊരു വികാരമാണ്. വളരെകാലമായി ഉയരുന്ന ആവശ്യമാണ്. അക്കാര്യത്തിന് സർക്കാരിന്റെ തന്നെ ഒരു നയതീരുമാനം വേണ്ടിവരും. പുതിയ ജില്ലകൾക്ക് വേണ്ടിയുള്ള ആലോചനകൾ വന്നാൽ മൂവാറ്റുപുഴ ജില്ലയ്ക്ക് വേണ്ടിയുള്ള കഠിനാധ്വനവും രാഷ്ട്രീയ പരിശ്രമവും എന്റെ ഭാഗത്ത് നിന്നും ഉണ്ടാകും.

ദേശീയരാഷ്ട്രീയത്തിലേയ്ക്ക് വന്നാൽ, ഇപ്പോഴത്തെ ചർച്ചകൾ പോലെ ഡോ. ശശി തരൂർ കോൺഗ്രസിന്റെ ലോകസഭാ പാർലമെന്ററി പാർട്ടി നേതാവായി വരുന്നത് കോൺഗ്രസിന് ഗുണം ചെയ്യുമോ?

ദേശീയതലത്തിൽ കോൺഗ്രസ് തിരിച്ചുവരവിനുള്ള എല്ലാ പരിശ്രമവും തയ്യാറെടുപ്പും നടത്തുന്ന സന്ദർഭമാണിത്. ആ സമയത്ത് ഒരു സാധ്യതയും ഞങ്ങൾ പാഴാക്കില്ല. എല്ലാ സാധ്യതകളും വിനിയോഗിക്കും. പിന്നെ ശശി തരൂർ നമുക്കെല്ലാവർക്കും അറിയുന്നത് പോലെ വലിയ പൊട്ടൻഷ്യലുള്ള, അഗ്രസീവ് ആയിട്ടുള്ള, ബിജെപിയുടെ വർഗീയ അജണ്ടകളെ ഏറ്റവും ഫലപ്രദമായി നേരിടാൻ കഴിയുന്ന നേതാക്കളിലൊരാളാണ്. ലോകസഭയിൽ അദ്ദേഹമിപ്പോൾ മൂന്നാമത്തെ ടേമാണ്. എന്തുകൊണ്ടും ലോകസഭയിൽ ഉത്തരവാദിത്തപ്പെട്ട പദവികളിലേയ്ക്ക് വരാൻ അദ്ദേഹം യോഗ്യനാണ് എന്നതിൽ എനിക്ക് അഭിപ്രായവ്യത്യാസമൊന്നുമില്ല.

എഐസിസിക്ക് ഒരു ഫുൾടൈം പ്രസിഡന്റ് ഇല്ലാത്തത് പ്രതിപക്ഷപ്രവർത്തനങ്ങളെയാകെ ബാധിച്ചിട്ടില്ലേ?

എഐസിസിക്ക് ഒരു ഫുൾടൈം പ്രസിഡന്റ് ഇല്ലാത്തത് ഒരു കുറവാണ് എന്നത് അംഗീകരിച്ചുകൊണ്ടു പറയട്ടെ, ഇപ്പോൾ ഉയരുന്ന ഈ ചർച്ചകൾക്ക് ഒരു മറുപടി ലഭിക്കുന്നത് പാർട്ടി തെരഞ്ഞെടുപ്പുകളിൽ ജയിക്കുമ്പോഴാണ്. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ എഐസിസി പ്രസിഡന്റ് എന്നതൊരു ചർച്ച ആകുക പോലുമില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ ജയിക്കാനാണ് പാർട്ടി ഇപ്പോൾ ശ്രമിക്കുന്നത്.

പ്രൊഫഷണൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ നിന്നും പൂർണമായും പിന്മാറിയോ? എന്തായിരിക്കും പ്രൊഫഷണൽ കോൺഗ്രസിന്റെ ഭാവി?

എനിക്ക് വളരെ വൈകാരിക ബന്ധമുള്ള സംഘടനയാണ് പ്രൊഫഷണൽ കോൺഗ്രസ്. കാരണം കേരളത്തിലെ പ്രൊഫഷണൽ കോൺഗ്രസ് എന്റെ ബേബി ആണെന്ന് വേണമെങ്കിൽ പറയാം. രാഹുൽ ഗാന്ധി പ്രൊഫഷണൽ കോൺഗ്രസ് എന്ന സംഘടനയ്ക്ക് രൂപം നൽകി ഡോ. ശശി തരൂരിനെ ചെയർമാനായി നിയോഗിച്ച ശേഷം കേരളത്തിൽ പ്രൊഫഷണൽ കോൺഗ്രസിനെ കെട്ടിപ്പടുക്കാൻ എന്നെയാണ് തെരഞ്ഞെടുത്തത്. ഞാൻ അങ്ങേയറ്റം ആത്മാർത്ഥമായും ആകാംഷയോടെയും ഓരോ കല്ല് അടുക്കിവയ്ക്കുംപോലെ ഒന്ന് എന്ന് തുടങ്ങിവച്ച സംഘടനയാണ്. എല്ലാമായി, ഞങ്ങൾ വലിയ ശക്തിയായി എന്നൊന്നും അവകാശപ്പെടാൻ ഞാൻ തയ്യാറല്ല. എന്നാൽ കുറഞ്ഞകാലം കൊണ്ട് ഒരു റെസ്പെക്ടബിൾ പൊസിഷനിലേയ്ക്ക് പ്രൊഫഷണൽ കോൺഗ്രസിനെ എത്തിക്കാൻ എനിക്ക് സാധിച്ചു. അപ്പോഴാണ് എന്നെ കെപിസിസി ജന. സെക്രട്ടറിയായി നിയോഗിക്കുന്നത്. പ്രൊഫഷണൽ കോൺഗ്രസിൽ നിന്നും ഒഴിയരുതെന്ന് ശശി തരൂർ വളരെ നിർബന്ധപൂർവം പറഞ്ഞതാണ്. എന്നാൽ ഒരാൾക്ക് ഒരു പദവി എന്ന തത്വത്തിന് വേണ്ടി വാദിച്ച ഒരാളാണ് ഞാൻ. അങ്ങനെയാണ് മനസില്ലാ മനസോടെയാണെങ്കിലും പ്രൊഫഷണൽ കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. ഒഴിഞ്ഞെങ്കിലും നാളിതുവരെ സംഘടനയുമായുള്ള പൊക്കിൾക്കൊടി ബന്ധം ഇപ്പോഴും തുടരുന്നുണ്ട്. ഏതുകാര്യത്തിനും ഞാൻ ഏറ്റവുമധികം ഉപയോഗിക്കുന്നതും എന്നെ സഹായിക്കുന്നതും പ്രൊഫഷണൽ കോൺഗ്രസ് തന്നെയാണ്. സ്ഥാനമൊഴിഞ്ഞെങ്കിലും ബന്ധത്തിന് കുറവൊന്നുമുണ്ടായിട്ടില്ല.

ഞാൻ സ്ഥാനമൊഴിഞ്ഞപ്പോൾ സംഘടനയുടെ അധ്യക്ഷനായത് രാജ്യത്തെ തന്നെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന പൊതുജനാരോഗ്യവിദഗ്ധനായിട്ടുള്ള ഡോ. എസ്എസ് ലാലാണ്. സംഘടന ഇപ്പോൾ ഭദ്രമായ കൈകളിലാണ്. അദ്ദേഹമിപ്പോൾ അതിനെ വളരെ ശക്തമായി മുന്നോട്ടുനയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP