Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇംഗ്ലീഷ് ക്രിക്കറ്റ് ലീഗ് മത്സരത്തിൽ അടിച്ചു തകർക്കുകയാണ് ബാബുവേട്ടൻ; സതേൺ പ്രീമിയർ ലീഗിൽ ആൻഡോവർ ക്ലബിന്റെ ബൗളർ ആയി തിളങ്ങുന്ന മലയാളിക്ക് കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നഷ്ടമായത് ഒരു റൺസ് അകലെ നിൽക്കെ; ഇംഗ്ലീഷ് മാധ്യമങ്ങൾ ബാബുവിന് പിന്നാലെ

ഇംഗ്ലീഷ് ക്രിക്കറ്റ് ലീഗ് മത്സരത്തിൽ അടിച്ചു തകർക്കുകയാണ് ബാബുവേട്ടൻ; സതേൺ പ്രീമിയർ ലീഗിൽ ആൻഡോവർ ക്ലബിന്റെ ബൗളർ ആയി തിളങ്ങുന്ന മലയാളിക്ക് കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നഷ്ടമായത് ഒരു റൺസ് അകലെ നിൽക്കെ; ഇംഗ്ലീഷ് മാധ്യമങ്ങൾ ബാബുവിന് പിന്നാലെ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: യുകെയിൽ മലയാളികൾ എത്താത്ത മേഖലകൾ അധികം എങ്കിലും സ്പോർട്സിൽ ശ്രദ്ധ നേടിയവർ വിരലിൽ ഒതുക്കേണ്ടി വരും. ബാഡ്മിന്റൺ പ്ലെയർ രാജീവ് ഔസേപ്പിനെ പോലെ രാജ്യാന്തര ശ്രദ്ധ നേടിയവരുടെ നിരയിൽ ചൂണ്ടിക്കാട്ടാൻ യുകെ മലയാളികൾക്ക് അധികം പേരില്ലെങ്കിലും കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ബ്രിട്ടനിലെ വിവിധ ക്ലബുകൾക്ക് വേണ്ടി ഒന്നാം നിര ക്രിക്കറ്റ് കളിക്കുന്ന കാസർഗോഡ് നീലേശ്വരം സ്വദേശി ബാബു വീട്ടിൽ എന്ന യുവാവാണ് ഇപ്പോൾ സതേൺ പ്രീമിയർ ലീഗിലെ താരം.

സീസണിൽ ബാബു അംഗമായ അൻഡോവർ ക്രിക്കറ് ക്ലബിന്റെ സ്ഥിതി അൽപം മോശം ആണെങ്കിലും കരിയറിലെ മികച്ച പ്രകടനം തന്നെയാണ് ബാബു നടത്തുന്നത്. കഴിഞ്ഞ ദിവസത്തെ കളിയിൽ സെഞ്ചുറി അടിക്കാൻ ഒരു റൺസ് അകലെ നിൽക്കുമ്പോൾ പുറത്തു പോകേണ്ടി വന്നെങ്കിലും സെഞ്ചുറി തികയാതെ പോയത് അമ്പയറുടെ തീരുമാനത്തിൽ ഉണ്ടായ പിശക് മൂലമാണെന്ന് കളികണ്ട ആരും പറയും. ഫീൽഡർ സികസർ വിളിച്ച പന്ത് അമ്പയർ ഫോറാക്കിയതോടെയാണ് 101 റൺസിൽ നിന്നും ആ കളിയിൽ 99 ൽ പുറത്തേക്കു പോകേണ്ടി വന്നത്.

ബ്രിട്ടനിലെ കൗണ്ടി മത്സരങ്ങളിലും പ്രീമിയർ ലീഗിലും ഒക്കെ വർഷങ്ങളായി സജീവ സാന്നിധ്യമാണ് ബാബു. പലപ്പോഴും കളിക്കുന്ന ക്ലബ്ബിനെ വിജയത്തിൽ എത്തിക്കാൻ ഉള്ള ചുമതല സ്വന്തം ചുമലിൽ ഏൽക്കാൻ മടിയില്ലാത്ത കളിക്കാരനെ വിട്ടുകളയാൻ ക്ലബുകളും തയ്യാറല്ല. ശരീരത്തിന്റെ ഫിറ്റ്നസ് കളയാതിരിക്കാൻ ഭക്ഷണത്തിലും മറ്റും ശ്രദ്ധിക്കുന്ന ബാബു ദിവസം നാലുമണിക്കൂർ നേരത്തിലധികം ജിമ്മിൽ വ്യായാമ പരിശീലനത്തിലാണ്. അൻഡോവർ ക്രിക്കറ്റ് ക്ലബിന്റെ തകർപ്പൻ മത്സരത്തിൽ മലയാളിയായ ബൗളർ ആണ് പ്രധാന ഘടകം എന്നറിഞ്ഞു ബ്രിട്ടീഷ് മലയാളിയിൽ നിന്നും പലവട്ടം വിളിക്കുമ്പോഴും ബാബു ഫോൺ എടുക്കുന്നതൊക്കെ ജിമ്മിൽ നിന്നും തന്നെയാണ്.

ക്രിക്കറ്റിന് വേണ്ടി ചെയ്യാത്ത കാര്യങ്ങളില്ല, പത്രം വിറ്റു പണം നേടി ആദ്യ ബാറ്റും ബോളും
താൻ പിറന്ന് ആറുമാസം കഴിഞ്ഞപ്പോൾ തന്നെ അച്ഛൻ നഷ്ടമായ ബാബു പിന്നെ വളർന്നത് അമ്മാവന്റെ തണലിലാണ്. അമ്മാവന്റെ മകനും യുകെ മലയാളിയും ചലച്ചിത്ര പ്രവർത്തകൻ കൂടിയായ രഞ്ജി വിജയന്റെ വീടായിരുന്നു ബാബുവിനും സഹോദരങ്ങൾക്കും അമ്മയ്ക്കും ആശ്രയം ആയത്. ആ ഒരു സാഹചര്യത്തിൽ തന്റെ സ്വപ്നങ്ങൾ ഒന്നും ആരോടും പറയാൻ അന്നത്തെ കുട്ടിക്ക് കഴിയുമായിരുന്നില്ല. പക്ഷെ പത്ര വിതരണം വരെ ചെയ്തിട്ടുണ്ടെന്നു ബാബു ഇപ്പോൾ ഓർമ്മിക്കുന്നു. അങ്ങനെയാണ് വിലകൂടിയ ബാറ്റും ബോളും ഒക്കെ വാങ്ങുന്നത്. കാസർഗോഡ് ക്രിക്കറ്റിനോട് അൽപം കൂടുതൽ ആരാധകർ ഉള്ളതും പ്രാദേശിക ക്രിക്കറ്റ് ക്ലബ് ആയിരുന്ന തളങ്കര ക്രിക്കറ്റ് ക്ലബിൽ കളിക്കാൻ തുടങ്ങിയതുമൊക്കെയാണ് ഇന്നത്തെ ബാബുവിനെ സൃഷ്ടിച്ചത്.

തലവര മാറ്റിയത് കണ്ണൻ മാഷ്, വഴിത്തിരിവായത് അണ്ടർ 13 സെലക്ഷൻ

സ്‌കൂളിൽ സ്പോർട്സ് അദ്ധ്യാപകൻ ആയിരുന്ന കണ്ണൻ മാഷാണ് തന്നിൽ ഒരു ക്രിക്കറ്റർ ഉണ്ടെന്ന് ആദ്യം കണ്ടെത്തിയതെന്ന് ബാബു ഓർമ്മിക്കുന്നു. അന്ന് കൊച്ചിയിൽ നടന്ന സെലക്ഷനിൽ പങ്കെടുത്തു കനത്ത മഴയിൽ ബോള് എറിഞ്ഞു നിലത്തു വീണു കയ്യൊടിഞ്ഞത് മിച്ചം. സിലക്ഷൻ കിട്ടാതെ പോയി. വീണ്ടും ആ വര്ഷം തന്നെ സ്റ്റേറ്റ് അണ്ടർ 13 സിലക്ഷനിൽ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ടു. സിലക്ഷൻ ദിവസമാണ് ആദ്യമായി ഹാർഡ് ബോള് കൈകൊണ്ടു തൊട്ടത് എന്നും ബാബു ഓർമ്മിക്കുന്നു. പിന്നെ നേരെ ചെപ്പോക് സ്റ്റേഡിയത്തിലേക്ക് പരിശീലനം. തുടർന്ന് എം ആർ എഫ് പീസ് ഫൗണ്ടേഷൻ സിലക്ഷനും മുൻ ആസ്ട്രേലിയൻ താരം ഡെന്നിസ് ലൂയിയുടെ കീഴിൽ ഉള്ള വിദഗ്ധ പരിശീലനവും.

അവിടെ കഴിഞ്ഞ പത്തു വർഷത്തോളം സമയമാണ് തന്നെ യുകെ വരെ എത്തിക്കാൻ സഹായം ആയതെന്നും ബാബു മറക്കുന്നില്ല. അക്കാലത്ത് ഒരുപാട് പ്രാദേശിക മത്സരങ്ങളിൽ തിളങ്ങാനായി. ഇന്ത്യയിൽ പലയിടത്തും കളിക്കാനായി. പൂജ ക്രിക്കറ്റ്, കോർമണ്ഡൽ കപ്, കെം പ്ലാസ്റ്റ് കപ് എന്നിവയിലൊക്കെ മിന്നുന്ന പ്രകടനങ്ങൾ. അങ്ങനെയാണ് മുംബൈ കലാവതി ക്ലബിൽ കളിച്ചിരുന്ന സുഹൃത്ത് വഴി യുകെയിൽ പരിശീലനത്തിനും കളിയാക്കാനും അവസരം ഒരുങ്ങിയത്. വിമാനക്കൂലി മാത്രമാണ് കളിക്കാർ കണ്ടെത്തേണ്ടിയിരുന്നത്. ബാക്കിയൊക്കെ സ്‌പോൺസർഷിപ്. അക്കാലത്തു മീൻ കൂട്ടിയുള്ള ഊണിനു അഞ്ചു രൂപയുള്ളപ്പോൾ തനിക്കു പതിനായിരം രൂപയുടെ വാർഷിക സ്‌പോൺസർഷിപ് കിട്ടിയിരുന്നു എന്നുതൊക്കെ ബാബുവിന്റെ മനസിലെ ക്രീസിൽ പച്ചപിടിച്ചു കിടപ്പുണ്ട്.

മുംബൈയിൽ നിന്നും കളിക്കാനെത്തി, ജീവിതം യുകെയുടെ മണ്ണിലേക്ക്

ഏകദേശം 20 വര്ഷം മുൻപേ മുംബൈയിൽ നിന്നും പ്രാദേശിക ക്ലബ് വഴി ഇന്ഗ്ലാണ്ടിൽ കളിക്കാനെത്തിയ ബാബു കാരോത്തുവീട്ടിൽ അന്നത്തെ ടൂർ കഴിയുമ്പോഴേക്കും ഷെഫീൽഡിൽ റോതെർഹാം പ്രാദേശിക ക്ലബുമായി സഹകരണത്തിൽ എത്തിയിരുന്നു. തുടർന്ന് കുറേക്കാലം അവർക്കു വേണ്ടി കളിച്ചു. ഇതിനിടെയിൽ യുകെയിൽ തുടരുന്നത് സംബന്ധിച്ച ആശയക്കുഴപ്പത്തിനിടയിൽ നാലു വർഷത്തോളം കരിയർ ബ്രേക്ക്.

എന്നിട്ടും ശക്തമായി കളിക്കളത്തിലേക്കു തന്നെ തിരിച്ചു വന്നു. ഇപ്പോൾ പത്തു വർഷത്തോളമായി അൻഡോവർ ക്രിക്കറ്റ് ക്ലബിന്റെ ബൗളിങ് മുഖമാണ് ഈ മലയാളി. ഇതിനിടയിൽ ഹോസ്പിറ്റലിൽ മെഡിക്കൽ ടെക്നിഷ്യൻ ആയി ജോലി ലഭിച്ച ബാബു ആൻഡോവറിൽ തന്നെ താമസമാക്കുകയും ചെയ്തു. ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ബാബു അറിയപ്പെടുന്ന താരം ആണെങ്കിലും കളിക്കും ജീവിതത്തിനും ഇടയിൽ ഉള്ള ഓട്ടത്തിൽ മലയാളി സമൂഹത്തിൽ സികസർ അടിച്ചു കയറാൻ ഈ കളിപ്രേമിക്ക് അധികം അവസരം ലഭിച്ചിട്ടില്ല.

കരിയറിലെ തിളക്കം നാലു വർഷം മുൻപ് ലഭിച്ച 36 വിക്കറ്റുകൾ

നാലുവർഷം മുൻപ് ഒരൊറ്റ സീസണിൽ ആൻഡോവർ ക്രിക്കറ്റ് ക്ലബിന് വേണ്ടി പിഴുതിട്ട 36 വിക്കറ്റുകളാണ് ബാബുവിന് മനസ്സിൽ ചേർത്ത് പിടിക്കാനുള്ള സുവർണ നേട്ടം. വിക്കറ്റുകൾ കൊയ്തിടുമ്പോൾ അതൊന്നും കണക്കെടുത്തു വയ്ക്കാൻ ഇദ്ദേഹം ശ്രമിക്കാറുമില്ല. ശരീരം അനുവദിക്കുന്ന കാലത്തോളം ക്രിക്കറ്റ് കളിക്കണം എന്ന ഒരൊറ്റ ആഗ്രഹം മാത്രമേ ഈ കളിക്കാരനുള്ളൂ.

സാധിച്ചാൽ ഭാവിയിൽ യുകെയിൽ കുട്ടികൾക്കായി കോച്ചിങ് അക്കാദമി പോലെയുള്ള സ്വപ്നങ്ങളും മനസ്സിൽ ഉണ്ടെന്നു ബാബു കൂട്ടിച്ചേർക്കുന്നു. എല്ലാം അതിന്റെ സമയത്തു സംഭവിക്കും എന്ന് കരുതാൻ ആണ് ജീവിതത്തിന്റെ ക്രീസിൽ ബൗൺസറുകളെ പോലും സധൈര്യം നേരിട്ട ഇദ്ദേഹത്തിന് ഇഷ്ടം. കേരള ക്രിക്കറ്റ് അസോസിയേഷന് വേണ്ടിയും ബിസിസിഐക്കു വേണ്ടിയും ഒക്കെ കളിച്ചു വളർന്നാണ് ബാബു യുകെയിൽ എത്തിയത്. അതിനാൽ അനുഭവത്തിന്റെ ക്രീസിലും ഇദ്ദേഹത്തിന് വിക്കറ്റിന് പഞ്ഞമില്ല.

ജീവിതത്തിലേക്ക് സിക്സർ അടിച്ചു കയറിയത് ഇംഗ്ലീഷുകാരി എലനോറ

കളിക്കളത്തിൽ ബാബുവിന്റെ പ്രകടനം നേരിട്ട് കണ്ടാണ് ഇംഗ്ലീഷ് യുവതി എലനോറ ഈ കളിക്കാരന്റെ ജീവിതത്തിലേക്കും സിക്സർ അടിച്ചു കയറിയത്. ഇപ്പോൾ പത്തുവർഷമായി എവിടെയും കൂട്ടിനുണ്ട് എലാനോറയും പത്തുവയസുകാരൻ മകൻ ഓസ്‌കറും. ബ്രിട്ടീഷ് പ്രവിശ്യയായ സെന്റ് ഹെലൻ സ്വദേശിയാണ് എല്ലനോറ. എവിടെ കളിയുണ്ടെങ്കിലും ഇന്നും ഗ്രൗണ്ടിൽ ബാബുവിന് വേണ്ടി കയ്യടിക്കാൻ എല്ലനോറ കൂട്ടിനുണ്ട്. മൈതാനത്തിന്റെ മൂലയിൽ എവിടെയെങ്കിലും ഒരു കസേര വലിച്ചിട്ടിരുന്നു പ്രോത്സാഹിപ്പിക്കാൻ അവർക്കു കഴിയുന്നത് സ്പോർട്സിനെ അത്രമേൽ സ്നേഹിക്കുന്നതുകൊണ്ടായിരിക്കണം എന്നാണ് ബാബു കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP