Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗുജറാത്തിൽ കോൺഗ്രസിനെ നിലംപരിശാക്കിയത് സഹകരണ മേഖലയെ പിടിച്ചെടുത്ത 90ലെ തന്ത്രം; ധവള വിപ്ലവത്തിന്റെ പിതാവ് വർഗീസ് കുര്യനെ പാൽ സഹകരണ മേഖലയിൽ നിന്ന് പുകച്ച് പുറത്തു ചാടിച്ച കുബുദ്ധി; അധികാര തുടർച്ച ഉറപ്പാക്കാൻ വീണ്ടും പഴയ മോഡൽ; രാജ്യത്തിന്റെ സഹകരണത്തിൽ അമിത് ഷാ കണ്ണുവയ്ക്കുമ്പോൾ

ഗുജറാത്തിൽ കോൺഗ്രസിനെ നിലംപരിശാക്കിയത് സഹകരണ മേഖലയെ പിടിച്ചെടുത്ത 90ലെ തന്ത്രം; ധവള വിപ്ലവത്തിന്റെ പിതാവ് വർഗീസ് കുര്യനെ പാൽ സഹകരണ മേഖലയിൽ നിന്ന് പുകച്ച് പുറത്തു ചാടിച്ച കുബുദ്ധി; അധികാര തുടർച്ച ഉറപ്പാക്കാൻ വീണ്ടും പഴയ മോഡൽ; രാജ്യത്തിന്റെ സഹകരണത്തിൽ അമിത് ഷാ കണ്ണുവയ്ക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയം സംസ്ഥാനങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന ആക്ഷേപം ശക്തമാകുകയാണ്. എന്നും സഹകരണ പ്രസ്ഥാനത്തോട് പ്രത്യേക താൽപ്പര്യം ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുണ്ടായിരുന്നു. ഗുജറാത്തിനെ ബിജെപിയുടെ കോട്ടയാക്കിയതും സഹകരണ പ്രസ്ഥാനത്തിലൂടെയാണ്. ഈ സഹകരണ മേഖലയിലേക്കാണ് അമിത് ഷാ കടന്നു വരുന്നത്. വ്യക്തമായ പദ്ധതികൾ ഇതിന് പിന്നിലുണ്ട്. അതുകൊണ്ട് തന്നെയാണ് പ്രതിപക്ഷം സംശയത്തോടെ ഇതിനെ കാണുന്നത്.

ഭരണഘടന പ്രകാരം സഹകരണ പ്രസ്ഥാനങ്ങൾ സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്നവയാണ്. സഹകരണ മേഖലയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടാണു മന്ത്രാലയം രൂപീകരിച്ചതെന്നു ചൂണ്ടിക്കാട്ടിയ കേന്ദ്രം പക്ഷേ, മന്ത്രാലയത്തിന്റെ പ്രവർത്തനരീതിയും അധികാരങ്ങളും വ്യക്തമാക്കിയിട്ടില്ല. ഇതിന്റെ ചുമതലയിൽ അമിത് ഷാ എത്തിയതോടെയാണ് പ്രതിപക്ഷത്തിന് സംശയങ്ങൾ തുടങ്ങുന്നത്. ഗുജറാത്ത് മോഡൽ കടന്നു കയറ്റം ഉണ്ടാകുമോ എന്നതാണ് സംശയം.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിദ്യാർത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ നേതാവായാണ് അമിത് ഷാ, തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1986 ൽ ഭാരതീയ ജനതാ പാർട്ടി അംഗമായി. ഭാരതീയ ജനതാ പാർട്ടിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവ മോർച്ചയുടെ സജീവ പ്രവർത്തകനായിരുന്നു ഷാ. പാർട്ടിയിലെ നേതൃത്വപടവുകൾ ഷാ, അതിവേഗം കീഴടക്കി. 1991 ലെ പൊതു തിരഞ്ഞെടുപ്പിൽ അദ്വാനിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാൻ പിടിച്ചത് ഷാ ആയിരുന്നു. മോദിക്കും അന്ന് ഗുജറാത്തിൽ പാർട്ടി ചുമതലയുണ്ടായിരുന്നു. മോദിയുടെ അതിവിശ്വസ്തനായിരുന്നു അന്നും അമിത് ഷാ.

അന്ന് ഗുജറാത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു, അവിടത്തെ സഹകരണപ്രസ്ഥാനങ്ങൾ. ഈ സഹകരണസംഘങ്ങളിലെല്ലാം കോൺഗ്രസ്സിനായിരുന്നു സ്വാധീനം. മോദിയും, ഷായും സഹകരണ പ്രസ്ഥാനങ്ങൾ പിടിച്ചെടുക്കൽ തന്ത്രമുപയോഗിച്ചു തന്നെ, ഇവിടങ്ങളിൽ കോൺഗ്രസ്സിന്റെ സ്വാധീനം കുറച്ചു. 1999 ൽ ഇന്ത്യയിലെ തന്നെ വലിയ സഹകരണസ്ഥാപനങ്ങളിലൊന്നായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റായി ഷാ തിരഞ്ഞെടുക്കപ്പെട്ടു. 1990 കളിൽ നരേന്ദ്ര മോദി പാർട്ടിയുടെ ജനറൽ സെക്രട്ടറിയായതോടെ, ഷായുടെ ഉയർച്ചകൾ തുടങ്ങി. അതിൽ ഏറ്റവും പ്രധാനം സഹകരണ മേഖലയിലെ ഇടപെടലായിരുന്നു. അതാണ് 1999ലെ നേട്ടത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

ഇതുകൊണ്ടാണ് കേന്ദ്ര സർക്കാരിന്റെ സഹകരണ മന്ത്രാലയത്തിൽ സംശയങ്ങളും ഏറുന്നത്. സഹകരണ മേഖലയുടെ പ്രവർത്തനത്തിൽ പോരായ്മകളേറെയുണ്ടെന്നു വിലയിരുത്തിയാണു പുതിയ മന്ത്രാലയം രൂപീകരിച്ചത്. പല സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണ പ്രസ്ഥാനങ്ങൾ സ്ഥാപിക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു. ഇതിലൂടെ ഇന്ത്യയിൽ ഉടനീളം ബിജെപിയുടെ വേരുകൾ ശക്തമാക്കുകയാണ് അമിത് ഷായുടെ ലക്ഷ്യം. കോൺഗ്രസ് മുക്ത ഭാരതത്തിലേക്കും അതിനൊപ്പം പ്രതിപക്ഷത്തെ ദുർബലപ്പെടുത്തുന്ന സഹകരണ ഇടപെടലുമാണ് അമിത് ഷായുടെ നീക്കം.

സഹകരണ മേഖലയുമായി ബന്ധപ്പെട്ട പൊതുചട്ടങ്ങൾക്കു രൂപം നൽകാനുള്ള മന്ത്രാലയത്തിന്റെ നീക്കം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകും. പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചേക്കും. മറ്റു കക്ഷികളുമായി സിപിഎം ഇതേക്കുറിച്ചു ചർച്ച തുടങ്ങി. സംസ്ഥാനങ്ങളുടെ അവകാശം കവർന്നെടുക്കാനുള്ള ശ്രമമാണു കേന്ദ്രത്തിന്റേതെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി കുറ്റപ്പെടുത്തി.

സഹകരണ മന്ത്രാലയ രൂപീകരണത്തിലൂടെ മോദിസർക്കാർ ലക്ഷ്യമിടുന്നത് കേരളത്തെ എന്ന ആശങ്ക സിപിഎം പങ്കുവച്ചിട്ടുണ്ട്. സംസ്ഥാനത്തെ രണ്ടര ലക്ഷം കോടി രൂപയുടെ സഹകരണ നിക്ഷേപമാണ് ഉന്നം. ഇത് കൈയടക്കുന്നതിന് കുത്തകകൾക്ക് അവസരമൊരുക്കാനാണ് ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്തത്. രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിന്റെ ഭരണ-നിയമ-നിയന്ത്രണ കാര്യത്തിലെല്ലാം മന്ത്രാലയം ഇടപെടുമെന്നാണ് സൂചന. സഹകരണം സംസ്ഥാന വിഷയമാണ്. ജനാധിപത്യ തത്വത്തെ മറികടന്നാണ് സംസ്ഥാനങ്ങളുടെ അവകാശത്തിലേക്കും കടന്നുകയറുന്നത് എന്ന് സിപിഎം വിലയിരുത്തുന്നു.

മന്ത്രാലയ രൂപീകരണത്തിൽ കൂടിയാലോചനപോലും കേന്ദ്രം നടത്തിയിട്ടില്ല. പുതിയ മന്ത്രാലയം 'സഹകരണത്തിലൂടെ സമൃദ്ധി' കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നുവെന്നാണ് കേന്ദ്രവാദം. മന്ത്രാലയം കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ നാശത്തിന് ഇടയാക്കുമെന്ന് സഹകാരികൾ ആശങ്കപ്പെടുന്നു. വികസനവും നിർധനരുടെ ഉന്നമനവും ഉറപ്പാക്കാൻ സഹകരണ പ്രസ്ഥാനത്തിന് കഴിയുമെന്ന് കേരളം തെളിയിച്ചു. ഭരണഘടനയുടെ ഏഴാംപട്ടികയിലെ 'സംസ്ഥാന പട്ടിക'യിൽ 32-ാമതായിവരുന്ന സഹകരണ സംഘങ്ങളുടെ രൂപീകരണവും നിയന്ത്രണവും സംസ്ഥാന അധികാരമാണ്. ഇതിനെ ദുർബലപ്പെടുത്തുന്ന നടപടിയാണ് മോദി സർക്കാർ സ്വീകരിക്കുന്നത് എന്നാണ് വിമർശനം.

ഗുജറാത്തിലെ അമൂലും മഹാരാഷ്ട്രയിലെ പഞ്ചസാര ഫാക്ടറികളും, ഇഫ്കോയും, ഉത്തരപൂർവ ഇന്ത്യയിലെ വൻകിട വ്യവസായ സഹകരണ സംഘങ്ങളുമാണ് ഇന്ത്യൻ സഹകരണ മേഖലയുടെ ശക്തി. കേരളത്തിന്റെ വായ്പാ മേഖലയാണ് മറ്റൊരു മാതൃക. 76 മേഖലയിലായി 15,892 സംഘം കേരളത്തിലുണ്ട്. ഈ സമാന്തര സമ്പദ്ഘടനയുടെ അടിത്തറയിലാണ് കേരളം നിലനിൽക്കുന്നത്. ഇതിനെ തകർക്കുക ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യമാണ്. ഇതിനൊപ്പമാണ് കുത്തകകളുടെ സമ്മർദ്ദവും. പൊതുമേഖലാ ബാങ്കുകളുടെ കൊള്ളയ്ക്കുശേഷമാണ് സഹകരണ നിക്ഷേപങ്ങളിലേക്ക് കുത്തകകളുടെ കണ്ണെത്തുന്നത്. ഇതോടെ വായ്പാ മേഖലയിൽ പിടിമുറുക്കാൻ മോദി സർക്കാർ ശ്രമം തുടങ്ങി. ഇതിന്റെ തുടർച്ചയാണ് മന്ത്രാലയമെന്ന് കേരളത്തിലെ ഇടതുപക്ഷം വിലയിരുത്തുന്നു.

ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കേന്ദ്ര സഹകരണമന്ത്രിപദം നൽകിയത് യാദൃച്ഛികമല്ലെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് പറഞ്ഞു. ഗുജറാത്തിലെ സഹകരണ ബാങ്കുകൾ കോൺഗ്രസിൽനിന്ന് ബിജെപി പിടിച്ചെടുത്തത് അമിത് ഷായുടെ നേതൃത്വത്തിലായിരുന്നു. ധവള വിപ്ലവത്തിന്റെ പിതാവ് വർഗീസ് കുര്യനെ പാൽ സഹകരണമേഖലയിൽനിന്ന് പുകച്ച് പുറത്തുചാടിച്ചതും ബിജെപിയാണ്. അർബൻ ബാങ്കുകളിൽ സംസ്ഥാന സഹകരണ രജിസ്ട്രാർക്ക് ഉണ്ടായിരുന്ന അവകാശങ്ങൾ റിസർവ് ബാങ്കിന് കൈമാറി കേന്ദ്ര നിയമം പാസാക്കിയിട്ടുണ്ട്. അത് പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ബാധകമാക്കുന്നതിന് പ്രത്യേക വിജ്ഞാപനം മതിയാകും. വൈദ്യനാഥൻ കമ്മിറ്റി നിർദ്ദേശിച്ചതും കേരളം തിരസ്‌കരിച്ചതുമായ കാര്യങ്ങൾ ഇതുവഴി അടിച്ചേൽപ്പിക്കാനുമാകും.

ഇതോടെ ബാങ്ക് എന്ന വിശേഷണ ഉപയോഗം തടയപ്പെടും. വോട്ടവകാശമുള്ള എ വിഭാഗം അംഗങ്ങളിൽനിന്നുമാത്രമേ നിക്ഷേപം സ്വീകരിക്കാനാകൂ. അല്ലാതെയുള്ള നിക്ഷേപം തിരിച്ചുകൊടുക്കേണ്ടിവരും. ചെക്ക് പാടില്ല. പണം പിൻവലിക്കൽ സ്ലിപ്പേ ഉപയോഗിക്കാനാകൂ. കേരള ബാങ്കിൽ മിറർ അക്കൗണ്ട് സൃഷ്ടിച്ച് പ്രാഥമിക സഹകരണ ബാങ്കിങ് സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള ലക്ഷ്യം ഉപേക്ഷിക്കേണ്ടിവരും. ഈയൊരു സന്ദർഭത്തിലാണ് അമിത് ഷാ കേന്ദ്രസഹകരണമന്ത്രിയായി സ്ഥാനമേറ്റിരിക്കുന്നതെന്ന് തോമസ് ഐസക് ഫേസ്‌ബുക്കിൽ കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP