Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തളിപ്പറമ്പ് അബ്ദുൾ ഖാദറിന്റെ കൊലപാതകം ഭാര്യ കൊടുത്ത ക്വട്ടേഷനോ? ശരീരമാസകലം ഉണ്ടായിരുന്നത് മാരകമുറിവുകൾ; അക്രമികൾ തട്ടിക്കൊണ്ടു പോയത് വീട്ടിൽ നിന്ന്; ഖാദറിനെ റോഡിൽ കൊന്നു തള്ളിയ കേസ് പുനരന്വേഷിക്കണമെന്ന് കോടതി ഉത്തരവ്

തളിപ്പറമ്പ് അബ്ദുൾ ഖാദറിന്റെ കൊലപാതകം ഭാര്യ കൊടുത്ത ക്വട്ടേഷനോ? ശരീരമാസകലം ഉണ്ടായിരുന്നത് മാരകമുറിവുകൾ; അക്രമികൾ തട്ടിക്കൊണ്ടു പോയത് വീട്ടിൽ നിന്ന്; ഖാദറിനെ റോഡിൽ കൊന്നു തള്ളിയ കേസ് പുനരന്വേഷിക്കണമെന്ന് കോടതി ഉത്തരവ്

അനീഷ് കുമാർ

കണ്ണൂർ: എൻ.ഡി.എഫ് പ്രവർത്തകൻ ഫസൽ വധത്തിന് ശേഷം മറ്റൊരു പ്രമാദമായ കേസിൽ കൂടി തുടരന്വേഷണത്തിന് കോടതി ഉത്തരവ് പരിയാരം വായാട്ട് അബ്ദുൽ ഖാദറിനെ കൊലപ്പെടുത്തി റോഡിൽ ഉപേക്ഷിച്ച കേസിൽ ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ തുടരന്വേഷണത്തിനാണ് കോടതി ഉത്തരവിട്ടത്.

പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പത്താം പ്രതിയായ അബ്ദുൽഖാദറിന്റെ ഭാര്യ വായാട് സ്വദേശിനി കെ.ഷെരീഫയ്ക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നു ചൂണ്ടിക്കാട്ടി പരിയാരം സ്റ്റേഷൻ എസ്.എച്ച്.ഒ നൽകിയ പരാതിയിൽ അഡീഷണൽ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് കോടതി വിധി. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ഉത്തരവിറക്കിയത്.

കേസിൽ കുറ്റപത്രം നൽകി വിചാരണ നടക്കാനിരിക്കെയാണ് ഗൂഢാലോചന കൂടി പുറത്തു കൊണ്ടുവരാൻ ഉത്തരവിട്ടിരിക്കുന്നത്. 2017 ജനുവരി 25നാണ് തളിപ്പറമ്പ് ബക്കളം പുന്നക്കുളങ്ങരയിലെ മൊട്ടന്റകത്ത് അബ്ദുൽഖാദർ എന്ന പുതിയപുരയിൽ ഖാദറിനെ (38)പരിയാരം വായാട് റോഡരികിൽ കൊണ്ടുവന്നുതള്ളിയ നിലയിൽ കണ്ടെത്തിയത്. പുലർച്ചെ പള്ളിയിലേക്ക് പോയവരാണ് കൈകൾ ബന്ധിച്ച നിലയിൽ അടിവസ്ത്രം മാത്രം ധരിച്ച് അവശനിലയിൽ അബ്ദുൽഖാദറിനെ കണ്ടത് പിന്നീട് മണിക്കൂറുകൾക്കുള്ളിൽ ഇയാൾ മരിക്കുകയായിരുന്നു.

സംഭവത്തിൽ ഭാര്യയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അബ്ദുൽഖാദറിന്റെ മാതാവും സഹോദരിയും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് കോടതിയെ സമീപിക്കുകയായിരുന്നു. പയ്യന്നൂർ ഡിവൈ.എസ്‌പി കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ പരിയാരം ഇൻസ്‌പെക്ടർ കെ.വി ബാബുവിനാണ് തുടരന്വേഷണ ചുമതല. അബ്ദുൾ ഖാദർ വധത്തിനു പിന്നിൽ ഭാര്യ കൊടുത്ത ക്വട്ടേഷനാണോയെന്ന സംശയത്തിന് ഉത്തരം കണ്ടെത്താനാണ് പൊലീസ് തുടരന്വേഷണത്തിന് വർഷങ്ങൾക്കു ശേഷം കോടതിയെ സമീപിച്ചത്.

അതിഭീകരമായി മർദ്ദനമേറ്റതിന്റെയും ആഴത്തിലുള്ള മുറിവിന്റെയും ലക്ഷണങ്ങളാണ് അബ്ദുൽ ഖാദറിന്റെ ശരീരമാസകലം കാണാനുണ്ടായത്. ജീവനുണ്ടായിട്ടും ആരും ആശുപത്രിയിലെത്തിക്കാൻ മുതിർന്നില്ല. പുലർച്ചെ കണ്ട മൃതദേഹം രാവിലെ പത്തു മണിയോടെ എത്തിയ പൊലീസും ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡുമടക്കം സ്ഥലത്തെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 42ലധികം മാരകമായ മുറിവുകൾ ഖാദറിന്റെ ദേഹത്തുണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപോർട്ട് വെളിപ്പെടുത്തുന്നു.

തുടർന്ന് അന്ന് തളിപ്പറമ്പ് സിഐആയിരുന്ന കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ക്വട്ടേഷൻ കൊലപാതകമാണെന്ന് കണ്ടെത്തിയത്. 25ന് പുലർച്ചെ ബക്കളത്തെ സ്വന്തം വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഖാദറിനെ ഒരു സംഘം ആളുകൾ വീട്ടിൽ നിന്നും വാഹനത്തിൽ തട്ടിക്കൊണ്ടു പോകുകയായിരുന്നു. അഞ്ചുമണിക്കൂറിലേറെ നീണ്ട മർദ്ദനത്തിന് ശേഷമാണ് മൃതപ്രായനായ ഇയാളെ അക്രമി സംഘം വായാട്ടിലെ റോഡരികിലേക്ക് വലിച്ചെറിഞ്ഞത്.

തളിപ്പറമ്പ് ഡിവൈ.എസ്‌പിയായി കെ.വി വേണുഗോപാൽ ചുമതലയേറ്റെടുത്ത ദിവസം തന്നെയായിരുന്നു സംഭവം നടന്നത്. ആൾക്കൂട്ട കൊലപാതകമാണെന്ന് അന്നേ പൊലിസിന് സൂചന ലഭിച്ചിരുന്നു. അബ്ദുൽ ഖാദർ നാട്ടിൽ അല്ലറ ചില്ലറ മോഷണവുമായി കഴിയുന്ന ഒരാളെന്നാണ് പൊലീസ് പറയുന്നത്. അതിന്റെ വൈരാഗ്യമാകാം കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആറു പ്രതികളെ അറസ്റ്റു ചെയ്തിരുന്നു.

പിന്നീട് നവാസ്, ലത്തീഫ്, അവസാന ഘട്ടത്തിൽ ഭാര്യയായ ഷെരീഫയെ പത്താം പ്രതിയുമായി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്. ഷെരീഫക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും കേസിൽ ഗുഢാലോചന കുറ്റം ചുമത്തി പുനരന്വേഷണം നടത്തണമെന്നും അതുവരെ കേസിന്റെ വിചാരണ നിർത്തി വെക്കണമെന്നും പ്രോസിക്യൂഷൻ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. ചില മോഷണവുമായി ബന്ധപ്പെട്ട് പരിയാരം, തളിപ്പറമ്പ്, കണ്ണപുരം, വളപട്ടണം, പഴയങ്ങാടി തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ കേസുകളുണ്ട്. മാനസിക അസ്വാസ്ഥ്യമുള്ള ഖാദർ ഫയർഫോഴ്‌സിനെയും വലച്ചിട്ടുണ്ട്.

പള്ളിക്കമ്മിറ്റി പോലും ഒരു ഘട്ടത്തിൽ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഖാദറിന്റെ ഉപദ്രവത്തിൽ പൊറുതി മുട്ടിയ ഭാര്യ ഷെരീഫയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് പിന്നീട് പൊലിസ് അന്വേഷണത്തിൽ വ്യക്തമാവുകയായിരുന്നു. ഇതിനിടെ കേസന്വേഷണ ചുമതലയുണ്ടായിരുന്ന സിഐ പ്രേമചന്ദ്രനെ സ്ഥലം മാറ്റി. പകരം വന്ന ഉദ്യോഗസ്ഥനാകട്ടെ ഷെരീഫയുടെ ഫോൺ കോളുകൾ പരിശോധിക്കാനൊന്നും ശ്രമിക്കാതെ ഷെരീഫയെയും പ്രതിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയായിരുന്നു. കേസിൽ ദൃക്സാക്ഷികളില്ലാത്തതിനാൽ ശാസ്ത്രീയ പരിശോധനയിലൂടെയുള്ള തെളിവുകളാണ് സഹായകമായത്. പുനരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ കേസന്വേഷണ സംഘം അടുത്ത ദിവസം ഷെരീഫയെ ചോദ്യം ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP