Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അദ്ദേഹം വളരെ ശക്തമായിട്ട് ഇവിടെ വ്യവസായം വരണമെന്ന് ആഗ്രഹിച്ച ആളാണ്': മുഖ്യമന്ത്രിയെ വാഴ്‌ത്തിയും മന്ത്രി പി.രാജീവിനെ ഇകഴ്‌ത്തിയും സാബു.എം.ജേക്കബ്; കിറ്റക്‌സിനെതിരായ നീക്കങ്ങൾക്കു പിന്നിൽ പി.വി. ശ്രീനിജിൻ എംഎൽഎയെന്നും എംഡി ചാനൽ അഭിമുഖത്തിൽ

'അദ്ദേഹം വളരെ ശക്തമായിട്ട് ഇവിടെ വ്യവസായം വരണമെന്ന് ആഗ്രഹിച്ച ആളാണ്': മുഖ്യമന്ത്രിയെ വാഴ്‌ത്തിയും മന്ത്രി പി.രാജീവിനെ ഇകഴ്‌ത്തിയും സാബു.എം.ജേക്കബ്; കിറ്റക്‌സിനെതിരായ നീക്കങ്ങൾക്കു പിന്നിൽ പി.വി. ശ്രീനിജിൻ എംഎൽഎയെന്നും എംഡി ചാനൽ അഭിമുഖത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുഖ്യമന്ത്രിയെ തലോടിയും, മന്ത്രി പി.രാജീവിനെ വിമർശിച്ചും കിറ്റക്‌സ് എംഡി സാബു.എം.ജേക്കബ്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സർക്കാരിനോട് പിണങ്ങിയെങ്കിലും, പിണറായി വിജയന് ഇതിൽ പങ്കില്ലെന്ന നിലപാട് സ്വീകരിച്ചത്. കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷമില്ല. മാറ്റം വരുത്താനുള്ള മുഖ്യമന്ത്രിയുടെ താൽപര്യം ഉദ്യോഗസ്ഥരിലും പ്രവർത്തകരിലും എത്തുന്നില്ലെന്നും സാബു എം.ജേക്കബ് പറഞ്ഞു. താൻ രാജ്യദ്രോഹം ചെയ്തതു പോലെയാണ് മന്ത്രി പി. രാജീവ് പ്രതികരിച്ചതെന്നും സാബു ജേക്കബ് പറഞ്ഞു.

'അദ്ദേഹം വളരെ ശക്തമായിട്ട് ഇവിടെ വ്യവസായം വരണമെന്ന് ആഗ്രഹിച്ച ആളാണ്. അതിന് വേണ്ടി ഏതുമാറ്റം വരുത്താനും അദ്ദേഹം തയ്യാറായിരുന്നു. പക്ഷേ അത് ആ വ്യക്തിയിൽ മാത്രം നിന്നതല്ലാതെ, അതിന് കീഴിലേക്കുള്ള പാർട്ടി പ്രവർത്തകരിലേക്കോ, ഉദ്യോഗസ്ഥതലത്തിലേക്കോ പോയില്ല, ഒട്ടും അവരത് ആഗ്രഹിച്ചിരുന്നില്ല എന്നുള്ളതാണ്.'

പിണറായിക്ക് വിചാരിക്കുന്നത് പോലെ കാര്യങ്ങൾ നടത്താനുള്ള കഴിവ് ഉണ്ടെന്നല്ലേ പൊതുവെ കരുതപ്പെടുന്നത് എന്ന ചോദ്യത്തിന് സാബു ജേക്കബിന്റെ മറുപടി ഇങ്ങനെ:

'ഒരു 99 ശതമാനം വ്യവസായികളും ഇതുപോലെ പീഡനം അനുഭവിക്കുന്ന ആളുകളാണ്. പക്ഷേ രാഷ്ട്രീയ നേതൃത്വത്തെ ഭയന്ന്, ഉദ്യോഗസ്ഥ നേതൃത്വത്തെ ഭയന്ന് അവർ പുറത്തുപറയാൻ മടിക്കുകയാണ്. കാരണം ആരെങ്കിലും അതേ പറ്റി എതിർത്തുസംസാരിക്കുകയോ പുറത്തു സംസാരിക്കുയോ ചെയ്തു കഴിഞ്ഞാൽ, അവരെ വളഞ്ഞിട്ട് ഇവരെല്ലാം ആക്രമിക്കും.'

കിറ്റെക്‌സിനെതിരായ നീക്കങ്ങൾക്കു പിന്നിൽ പി.വി. ശ്രീനിജിൻ എംഎൽഎയെന്നു കിറ്റെക്‌സ് എംഡി പറഞ്ഞു. ഉദ്യോഗസ്ഥരോട് കിറ്റെക്‌സിനെതിരെ റിപ്പോർട്ട് നൽകാൻ പി.വി. ശ്രീനിജിൻ ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ പ്രാദേശിക, ജില്ലാ നേതാക്കളും ശ്രീനിജിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളത്തിൽ ഉപേക്ഷിച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ കിറ്റെക്സ് ഗ്രൂപ്പ് തെലുങ്കാനയിലേക്ക് പോവുകയാണ്. തെലുങ്കാന സർക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് കിറ്റെക്സ് എം ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം വെള്ളിയാഴ്ച ഹൈദരാബാദിലെത്തും. തെലുങ്കാന സർക്കാർ അയയ്ക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് കിറ്റെക്സ് സംഘം കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പോകുന്നത്. വ്യവസായ മന്ത്രി കെ ടി രാമ റാവുവിന്റെ നേരിട്ടുള്ള ക്ഷണ പ്രകാരമാണ് സംഘം ഹൈദരാബാദിൽ എത്തുന്നത്. ഇതിനായി തെലുങ്കാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി നാളെ (വെള്ളിയാഴ്ച) കൊച്ചിയിലെത്തും.

മാനേജിങ് ഡയറക്ടർ സാബു എം ജേക്കബിനൊപ്പം ഡയറക്ടർമാരായ ബെന്നി ജോസഫ്, കെ എൽ വി നാരായണൻ, വൈസ് പ്രസിഡന്റ് ഓപ്പറേഷൻസ് ഹർകിഷൻ സിങ് സോധി, സി എഫ് ഒ ബോബി മൈക്കിൾ, ജനറൽ മാനേജർ സജി കുര്യൻ എന്നിവരും സംഘത്തിലുണ്ടാകും. നിക്ഷേപം നടത്താൻ മികച്ച സൗകര്യങ്ങളാണ് തെലുങ്കാന സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്.

നേരത്തെ വ്യവസായ മന്ത്രി കെ ടി രാമ റാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും സാബു എം ജേക്കബ് ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൂടിക്കാഴ്‌ച്ചയ്ക്കായി സ്വകാര്യ ജെറ്റ് വിമാനം അയച്ച് കിറ്റെക്സിനെ തെലുങ്കാന സർക്കാർ ക്ഷണിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകനാണ് വ്യവസായ മന്ത്രിയായ കെ ടി രാമ റാവു. കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതികളിൽ നിന്നും പിന്മാറുന്നുവെന്ന് കിറ്റെക്സ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇതുവരെ 9 സംസ്ഥാനങ്ങൾ നിക്ഷേപം നടത്താൻ നിരവധി വാഗ്ദാനങ്ങൾ നൽകി കിറ്റെക്സിനെ ക്ഷണിച്ചിട്ടുണ്ട്.

കിറ്റക്‌സിൽ തുടർച്ചായി സംസ്ഥാന സർക്കാർ വകുപ്പുകൾ നടത്തുന്ന റെയ്ഡുകളിൽ മനംമടുത്താണ് 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതി സാബു ജേക്കബ് ഉപേക്ഷിച്ചത്. കിറ്റക്സിന് തൊഴിൽ വകുപ്പ് നൽകിയ നോട്ടീസിൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ താൻ ചെയ്തെന്നു ആരോപിക്കുന്നതായി കിറ്റെക്സ് ചെയർമാൻ വെളിപ്പെടുത്തിയിരുന്നു. തമിഴ്‌നാട്, യുപി, തെലുങ്കാന അടക്കമുള്ള സംസ്ഥാനങ്ങൾക്കൊപ്പം ബംഗ്ലാദേശും കിറ്റക്സ് പദ്ധതിക്കായി രംഗത്തുണ്ട്. ഇതിനെ എറെ പ്രതീക്ഷയോടെയാണ് കിറ്റക്സും കാണുന്നത്.

തന്റെ ജീവന് ഭീഷണിയുണ്ടെന്നും സാബു ജേക്കബ് ആരോപിച്ചിരുന്നു. സർക്കാർ വികസനത്തിനോട് മുഖം തിരിച്ചു നിൽക്കുകയാണെന്ന ആരോപണവും അദ്ദേഹം ആവർത്തിക്കുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് പിരിവ് നൽകാത്തതിനും ഇഷ്ടക്കാരായ അനർഹർക്ക് ജോലി നൽകാത്തതുമൊക്കെ തന്നെ ഉപദ്രവിക്കാൻ പല സമയങ്ങളിലായി കാരണങ്ങളായെന്നും സാബു എം ജേക്കബ് പറയുന്നു.

ഇന്ത്യയിലെ 76 നിയമങ്ങൾ ലംഘിച്ചെന്നാണു റിപ്പോർട്ടിലുള്ളത്. സംസ്ഥാനത്തു നടപ്പാക്കാൻ തീരുമാനിച്ചിരുന്ന 3500 കോടിയുടെ പദ്ധതിയിൽനിന്നു പിന്മാറുന്നതായി പ്രഖ്യാപിച്ച ശേഷം ജൂൺ 28ന് തയാറാക്കിയതാണ് ഈ നോട്ടിസെന്നും കിറ്റക്സ് ആരോപിക്കുന്നു. അതായത് പ്രതികാര നടപടിയായാണ് ഈ നോട്ടീസിനെ കിറ്റക്സ് കാണുന്നത്. അതുകൊണ്ട് തന്നെ കേരളം വിട്ട് പണം മുടക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് കിറ്റക്സ് എന്നാണ് സൂചന.\

കടപ്പാട്: മനോരമ ന്യൂസ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP