Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഹാനുഭൂതിയുടെ പാഠങ്ങൾ

സഹാനുഭൂതിയുടെ പാഠങ്ങൾ

രു ജനതയോടൊന്നാകെ സ്വപ്നം കാണാൻ ആഹ്വാനം ചെയ്ത ഭാരതത്തിന്റെ എക്കാലത്തേയും ജനകീയരാഷ്ട്രപതി ഓർമകളുടെ അഗ്‌നിച്ചിറകിലേറി. സ്വപ്നം കാണാൻ മാത്രമല്ല അദ്ദേഹം ആഹ്വാനം ചെയ്തത്, അവയുടെ സാക്ഷാത്കാരത്തിനായി പ്രയത്‌നിക്കേണ്ടതെങ്ങനെയെന്നും എഴുത്തിലും സംഭാഷണങ്ങളിലുമായി അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. പ്രയത്‌നത്തിന്റെ പ്രാധാന്യം ഉദ്‌ഘോഷിക്കുന്ന ഒരു വലിയ പാഠപുസ്തകമാണ് അദ്ദേഹത്തിന്റെ ജീവിതം. അന്ത്യനിമിഷം വരെ പ്രവൃത്തിയുടെ മഹത്വമെന്തെന്ന് അദ്ദേഹം കാട്ടിത്തന്നു.

എ.പി.ജെ. അബ്ദുൽകലാമിന്റെ പ്രഭാഷണങ്ങളിൽ പലപ്പോഴും പരാമർശിക്കപ്പെടാറുള്ള വിഷയമാണ് സംരംഭകത്വം. സംരംഭകതക്വം (Etnrepreneurship) ഇന്ത്യൻ സിലബസിന്റെ ഭാഗമാക്കി മാറ്റണമെന്ന് അദ്ദേഹം പല സന്ദർഭങ്ങളിലും ആവശ്യപ്പെട്ടിട്ടുണ്ട്.

സംരംഭകർക്ക് മാതൃകയാക്കാവുന്ന പാഠങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന്.

കലാമിന്റെ ദേഹവിയോഗത്തിനുശേഷം സാമൂഹ്യമാദ്ധ്യമങ്ങളിൽ ഏറ്റവുമധികം ഷെയർ ചെയ്യപ്പെട്ട കുറിപ്പുകളിലൊന്ന് അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്ന ശ്രീജൻ പാൽ സിങ്ങിന്റേതാണ്. അദ്ദേഹത്തിന്റെ അവസാനമണിക്കൂറുകളിൽ നടന്ന സംഭവങ്ങളെ ശ്രീജൻപാൽ സിങ് ഓർത്തെടുത്തതിൽ മുഖ്യമായത് ഒരു പട്ടാളക്കാരനോടുള്ള പെരുമാറ്റമായിരുന്നു.

ഗുവാഹത്തിയിൽ നിന്ന് ഷില്ലോങ്ങിലേക്കുള്ള 2½ മണിക്കൂർ കാർ യാത്രയിൽ മുന്നിലുള്ള പൈലറ്റ് വാഹനത്തിലെ സുരക്ഷാസൈനികരിലൊരാൾ നിൽക്കുന്നത് കാണാനിടയായ ഡോ.കലാം അദ്ദേഹത്തോട് ഇരിക്കാനുള്ള നിർദ്ദേശം കൊടുക്കാനാവശ്യപ്പെട്ടത്രേ. ഇത് സാധ്യമാവാതിരുന്നപ്പോൾ ലക്ഷ്യസ്ഥാനത്തെത്തിയ ഉടനെ ആ സൈനികനെ നേരിട്ടുകാണുകയും അദ്ദേഹത്തോടുള്ള കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

പ്രത്യക്ഷത്തിൽ നിസാരമായി തോന്നാവുന്ന ഒരു സംഭവം, പക്ഷേ തന്നിലെ സഹാനുഭൂതിയുള്ള നേതാവിനേയാണ് ഈ പ്രവൃത്തിയിലൂടെ കലാം തെളിയിച്ചത്. ബിസിനസ് നേതൃത്വത്തിനും അവശ്യം വേണ്ട ഗുണമാണ് സഹാനുഭൂതി. തന്റെ സംരംഭത്തിലെ ഓരോ കടമകളും നിർവഹിക്കുന്നവരെ അറിയാനും പരിഗണിക്കാനുമുള്ള ഹൃദയവിശാലത സംരംഭകനുണ്ടാവണം. സംരംഭത്തിന്റെ വിജയത്തിനായി ഓരോരുത്തരുടേയും സംഭാവനയെ അംഗീകരിക്കാനും വിലമതിക്കാനുമുള്ള സന്നദ്ധത സംരംഭകൻ കാണിക്കേണ്ടതുണ്ട്

ഏതൊരു ബിസിനസ് സംരംഭവും ഒരു കൂട്ടായ്മയാണ്. സങ്കീർണമായ ഒരു യന്ത്രത്തിന്റെ ഭാഗങ്ങൾ പോലെ സംരംഭത്തിനായി പ്രവർത്തിക്കുന്ന ഓരോ ജീവനക്കാരനും അവരവരുടെ ധർമം നിർവഹിക്കാനുണ്ട്. ചെറിയൊരു സ്‌ക്രൂ പോലും യന്ത്രത്തെ സംബന്ധിച്ച് സുപ്രധാനമാണ്.

നന്നായി നടന്നുവന്നിരുന്ന ഒരു ഡിസൈനർ ബുട്ടീക്കിലെ അനുഭവമെടുക്കാം. രാവിലെ ഷോറൂം തുറക്കുന്നതുമുതൽ രാത്രി കടമുഴുവൻ വൃത്തിയാക്കി ഷോറൂം അടക്കുന്നതുവരെ ബുട്ടീക്കിലുണ്ടാവുന്നത് അവിടത്തെ ഓഫീസ് ബോയ് ആയിരുന്നു. സ്ഥാപന ഉടമയ്ക്കാവട്ടെ, ഡിസൈനർമാർക്കും സെയിൽസ് സ്റ്റാഫിനും എന്താവശ്യമുണ്ടെങ്കിലും ഓഫീസ് ബോയ് റെഡി. കാര്യമിങ്ങനെയൊക്കെയാണെങ്കിലും ഓഫീസ് ബോയ് നിർവഹിക്കുന്ന സേവനത്തിന്റെ മൂല്യത്തെക്കുറിച്ച് ആരും ശ്രദ്ധിച്ചിരുന്നില്ല. അവഗണന ഒരു പരിധി കഴിഞ്ഞപ്പോൾ ഒരു സുപ്രഭാതത്തിൽ ഓഫീസ് ബോയ് രാജിവച്ചു പോയി.

ബുട്ടീക്കിന്റെ പ്രവർത്തനം ആകെ താളം തെറ്റി. അടിയന്തിരമായി നടത്തേണ്ട പർച്ചേസുകൾ ഇപ്പോൾ ദിവസങ്ങളോളം വൈകുന്നു. ഉപഭോക്താക്കളോട് പറഞ്ഞ സമയപരിധി പലപ്പോഴും തെറ്റിക്കേണ്ടിവരുന്നു. ആ സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനത്തിൽ ഓഫീസ് ബോയ് നൽകിയിരുന്ന സേവനം അദ്ദേഹത്തിന്റെ അഭാവത്തിലാണ് സ്ഥാപനഉടമയും മറ്റുള്ളവരും തിരിച്ചറിയുന്നത്.

ഒരു ബിസിനസ് സംരംഭം സുഗമമായി നടത്തിക്കൊണ്ടുപോകാൻ സംരംഭകന് അവശ്യം ഉണ്ടായിരിക്കേണ്ട വിവേകങ്ങളിലൊന്നാണ് തന്റെ സ്ഥാപനത്തിനായി പ്രവർത്തിക്കുന്നവരുടെയെല്ലാം അധ്വാനത്തെ മാനിക്കാനുള്ള മനഃസ്ഥിതി. സ്ഥാനങ്ങൾക്കും പദവികൾക്കുമപ്പുറം ഓരോ ജീവനക്കാരന്റെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ബിസിനസ് വിജയം എന്ന് അംഗീകരിക്കാനും അർഹമായ ആദരവ് നൽകാനും സംരംഭകൻ മുന്നോട്ട് വരുമ്പോഴാണ് തങ്ങളുടെ ജോലിയെ വിലമതിക്കാനും ആസ്വദിക്കാനും സാധ്യമാവുന്ന ഒരു തൊഴിൽ സംസ്‌കാരം സ്ഥാപനത്തിൽ രൂപപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP