Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോഹം തിന്നുന്ന ബാക്ടീരിയകളും സമുദ്രജലപ്രവാഹങ്ങളും; ആഴക്കടലിലെ ടൈറ്റാനിക് വൈകാതെ അപ്രത്യക്ഷമാവും; 30 മീറ്റർ നീളമുള്ള ടൈറ്റാനിക്കിന്റെ പായ്മരം തകർന്നു; കപ്പലിന്റെ സഞ്ചാരപഥം നിരീക്ഷിക്കാൻ ചുമതലപ്പെട്ടിരുന്ന കൊടിമരത്തിലെ കാക്കക്കൂടും അപ്രത്യക്ഷം

ലോഹം തിന്നുന്ന ബാക്ടീരിയകളും സമുദ്രജലപ്രവാഹങ്ങളും; ആഴക്കടലിലെ ടൈറ്റാനിക് വൈകാതെ അപ്രത്യക്ഷമാവും; 30 മീറ്റർ നീളമുള്ള ടൈറ്റാനിക്കിന്റെ പായ്മരം തകർന്നു; കപ്പലിന്റെ സഞ്ചാരപഥം നിരീക്ഷിക്കാൻ ചുമതലപ്പെട്ടിരുന്ന കൊടിമരത്തിലെ കാക്കക്കൂടും അപ്രത്യക്ഷം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലോകത്തെ നടുക്കിയ ടൈറ്റാനിക് ദുരന്തം നടന്നിട്ട് 109 വർഷം പിന്നിട്ടിട്ടുണ്ട്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും അറ്റ്ലാന്റിക്ക് സമുദ്രത്തിൽ മുങ്ങി കിടപ്പുണ്ട്. എന്നാൽ അധികകാലം ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ അവിടെ ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ടൈറ്റാനിക് പതിയെ പൂർണമായും അപ്രത്യക്ഷമാവുകയാണ് എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

ലോഹം തിന്നുന്ന ബാക്ടീരിയകളും സമുദ്രജലപ്രവാഹങ്ങളുമാണ് കടലിനടിയിൽ അന്ത്യവിശ്രമത്തിലുള്ള ടൈറ്റാനിക്കിനെ കാർന്നു തിന്നുന്നത്. കൂട്ടിയിടിക്ക് തൊട്ടുമുൻപ് കൂറ്റൻ മഞ്ഞുമലയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയവർ നിന്നിരുന്ന പായ്മരത്തിലെ 'കാക്കക്കൂട്' ഇതിനകം തന്നെ ഇല്ലാതായിക്കഴിഞ്ഞു. ആഴക്കടലിൽ അലിഞ്ഞില്ലാതാകുന്ന ടൈറ്റാനിക്കിലേക്ക് വിനോദസഞ്ചാരികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയൊരു പര്യവേഷണസംഘം ദിവസങ്ങൾക്കകം പുറപ്പെടുമെന്നാണ് അറിയുന്നത്.

'ടൈറ്റാനിക് തിരിച്ചുവരവില്ലാത്തവിധം സമുദ്രത്തിൽ അലിയുകയാണ്. അത് പൂർണമാവും മുൻപ് പരമാവധി വിവരങ്ങൾ നമുക്ക് ശേഖരിക്കേണ്ടതുണ്ടെന്ന് ഉത്തര അറ്റ്ലാന്റിക്കിൽ ടൈറ്റാനിക്ക് മുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് പര്യവേഷണത്തിന് പോകുന്ന ഓഷ്യൻഗേറ്റ് കമ്പനിയുടെ പ്രസിഡന്റ് സ്റ്റോക്ടൺ റഷ് ദൗത്യത്തിന്റെ ലക്ഷ്യം വിശദീകരിക്കുന്നു.

109 വർഷം പഴക്കമുള്ള ടൈറ്റാനിക്കിന് ബാക്ടീരിയകൾക്കൊപ്പം സമുദ്രജലപ്രവാഹങ്ങളും വെല്ലുവിളിയാവുന്നുണ്ട്. ബാക്ടീരിയകൾ ദിവസവും ടൈറ്റാനിക്കിന്റെ ഭാഗമായ കിലോക്കണക്കിന് ഇരുമ്പാണ് അലിയിപ്പിക്കുന്നത്. ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ തന്നെ ടൈറ്റാനിക്ക് കാര്യമായ അവശേഷിപ്പുകളില്ലാതെ സമുദ്രത്തിൽ അലിഞ്ഞു ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സമുദ്രത്തിനടിയിൽ നിന്നും 1985ൽ ടൈറ്റാനിക് കണ്ടെത്തിയ ശേഷം നിരവധി മാറ്റങ്ങൾ കപ്പലിന്റെ അവശിഷ്ടങ്ങൾക്കുണ്ടായിട്ടുണ്ട്. മുന്നോട്ടു നീണ്ടു നിന്നിരുന്ന 30 മീറ്റർ നീളമുള്ള ടൈറ്റാനിക്കിന്റെ പായ്മരം തകർന്നു. കപ്പലിന്റെ സഞ്ചാരപഥം നിരീക്ഷിക്കാൻ ചുമതലപ്പെട്ടിരുന്നവർ നിന്നിരുന്ന കൊടിമരത്തിലെ കാക്കക്കൂട് എന്ന് വിളിക്കുന്ന ഭാഗം പൂർണമായും അപ്രത്യക്ഷമായി. വളഞ്ഞ ഗോവണിക്കു സമീപത്തെ ജിംനേഷ്യം തകർന്നുവീണു. ക്യാപ്റ്റന്റെ കാബിന്റെ ചുമര് തകർന്നതോടെ ദൃശ്യമായ ബാത്ത്ടബ് അപ്രത്യക്ഷമായെന്ന് 2019ലെ പര്യവേഷണത്തിൽ കണ്ടെത്തിയിരുന്നു.

അത്യാധുനിക എച്ച്ഡി ക്യാമറകളും സോണാർ ഉപകരണങ്ങളും ഉപയോഗിച്ചാണ് ഓഷ്യൻ ഗേറ്റ് കമ്പനി പര്യവേഷണം നടത്തുക. ആഴക്കടൽ ദൗത്യത്തിന്റെ ഭാഗമായി കപ്പലിലെ ഓരോ ഭാഗങ്ങളും അവിടെയുള്ള വസ്തുക്കളും തരം തിരിക്കും. ഇത് ആഴക്കടലിൽ മുങ്ങികിടക്കുന്ന വസ്തുക്കളുടെ ആയുസ്സ് കണക്കുകൂട്ടാൻ ഗവേഷകരെ സഹായിച്ചേക്കും. ടൈറ്റാനിക്കിലെ സമുദ്ര ജീവിതങ്ങളെക്കുറിച്ചുള്ള വിവരശേഖരണവും ഓഷ്യൻഗേറ്റ്സ് ലക്ഷ്യമിടുന്നത്.

പുരാവസ്തു ഗവേഷകർക്കും സമുദ്ര ശാസ്ത്രജ്ഞർക്കുമൊപ്പം നാൽപതോളം വിനോദ സഞ്ചാരികളെ കൂടി ഓഷ്യൻഗേറ്റ് ടൈറ്റാനിക്ക് കാണിക്കാൻ സമുദ്രത്തിന് അടിയിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇവർക്ക് ഊഴം വെച്ച് സോണാർ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള അവസരവും നൽകും. ഏതാണ്ട് ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം ഡോളർ വരെയാണ് സഞ്ചാരികൾ ടൈറ്റാനിക് കാണാൻ പോകാൻ മുടക്കിയിരിക്കുന്നത്.

ടൈറ്റാനിക്കിന്റെ ഭാഗങ്ങളൊന്നും തന്നെ പുറത്തെത്തിക്കാനായി ഓഷ്യൻഗേറ്റ് ദൗത്യത്തിന് ലക്ഷ്യമില്ല. അതുകൊണ്ടുതന്നെ ഈ ദൗത്യവുമായി ബന്ധപ്പെട്ട് കാര്യമായ വിവാദങ്ങൾക്ക് സാധ്യത കുറവാണ്. നേരത്തെ കപ്പലിന്റെ അവശിഷ്ടങ്ങളിൽ ഉടമസ്ഥതയുള്ള ആർഎംഎസ് ടൈറ്റാനിക്ക് ടൈറ്റാനിക്കിൽ നിന്നും റേഡിയോ കണ്ടെടുക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു. ടൈറ്റാനിക്കിൽ നിന്നുള്ള അപായ സന്ദേശം വന്ന റേഡിയോ എന്ന നിലയിൽ ഇതിനെ കണ്ടെടുക്കണമെന്നായിരുന്നു ആർഎംഎസ് ടൈറ്റാനിക്കിന്റെ വാദം. എന്നാൽ ഇതിനെതിരെ അമേരിക്കൻ സർക്കാർ കോടതിയിൽ പോയി. ഒരു ശ്മശാനഭൂമിയെന്ന അർഥത്തിൽ ടൈറ്റാനിക്കിന്റെ ഭാഗങ്ങളെ സമുദ്രത്തിനടിയിൽ മനുഷ്യശല്യമില്ലാതെ സൂക്ഷിക്കുമെന്ന ബ്രിട്ടനുമായുള്ള ഉടമ്പടിക്ക് വിരുദ്ധമാണിതെന്നതായിരുന്നു അമേരിക്കൻ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP