Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെൽബൺ സീറോ മലബാർ രൂപതക്ക് അഭിമാന നിമിഷം; ഫാദർ ഫ്രാൻസിസ് കോലഞ്ചേരിക്ക് മോൺസിഞ്ഞോർ പദവി

മെൽബൺ സീറോ മലബാർ രൂപതക്ക് അഭിമാന നിമിഷം; ഫാദർ ഫ്രാൻസിസ് കോലഞ്ചേരിക്ക് മോൺസിഞ്ഞോർ പദവി

പോൾ സെബാസ്റ്റ്യൻ

മെൽബൺ: സെന്റ് തോമസ് സീറോ മലബാർ രൂപത വികാരി ജനറാൾ ഫാദർ ഫ്രാൻസിസ് കോലഞ്ചേരിക്ക് മോൺസിഞ്ഞോർ പദവി നല്കി പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപ്പാപ്പ ആദരിച്ചു. സഭക്ക് നല്കിയ സമഗ്രമായ സേവനങ്ങളെ മുൻനിർത്തിയാണ് ഫാദർ ഫ്രാൻസിസ് കോലഞ്ചേരിക്ക് ചാപ്ലിയൻ ഓഫ് ഹിസ് ഹോളിനെസ് എന്ന വിഭാഗത്തിലെ മോൺസിഞ്ഞോർ പദവി നല്കിയിരിക്കുന്നത്. സഭക്കും പ്രത്യേകിച്ച് മെൽബൺ സീറോ മലബാർ രൂപതക്കും വേണ്ടി അച്ചൻ ചെയ്തുകൊണ്ടിരിക്കുന്ന സ്തുത്യർഹമായ സേവനങ്ങളുടെ പശ്ചാത്തലത്തിൽ, മെൽബൺ സീറോ മലബാർ രൂപതാധ്യക്ഷൻ അഭിവന്ദ്യ ബോസ്‌കോ പുത്തൂർ പിതാവിന്റെ അഭ്യർത്ഥനപ്രകാരമാണ് പരിശുദ്ധ പിതാവ്, ഫ്രാൻസിസ് കോലഞ്ചേരി അച്ചന് മോൺസിഞ്ഞോർ പദവി നല്കിയിരിക്കുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ മാണിക്യമംഗലം ഇടവകാഗംമായ ഫാദർ ഫ്രാൻസിസ് പരേതരായ കോലഞ്ചേരി വറിയതിന്റെയും മേരിയുടെയും ഇളയമകനാണ്. തൃക്കാക്കര സേക്രട്ട് ഹാർട്ട് മൈനർ സെമിനാരിയിലും വടവാതൂർ സെന്റ് തോമസ് മേജർ സെമിനാരിയിലും വൈദിക പഠനം പൂർത്തിയാക്കിയ അച്ചൻ 1979 ഡിസംബർ 22നാണ് കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ നിന്ന് വൈദിക പട്ടം സ്വീകരിക്കുന്നത്. ഞാറയ്ക്കൽ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായും തിരുഹൃദയക്കുന്ന് ഇടവകയിൽ വികാരിയായും തുടർന്ന് അതിരൂപതയിലെ സോഷ്യൽ സർവ്വീസ് വിഭാഗത്തിന്റെ ഡയറക്ടർ ആയും സേവനം അനുഷ്ഠിച്ചു. അസോസിയേഷൻ ഫോർ ഓർഫനേജസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റിയുഷൻസ് കേരളയുടെ സ്ഥാപക പ്രസിഡന്റ്, കേരള കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും അച്ചൻ വഹിച്ചിട്ടുണ്ട്. ഇന്റർനാഷണൽ ചാരിറ്റി ഓർഗനൈസേഷനായ സേവ് എ ഫാമിലി പ്ലാൻ ഇന്ത്യ ഘടകത്തിന്റെ എക്സിക്യുട്ടിവ് ഡയറക്ടറായി നാലു വർഷവും അച്ചൻ സേവനം ചെയ്തു. അഞ്ചു വർഷത്തോളം അമേരിക്കയിൽ അജപാലന ശുശ്രൂഷ നിർവ്വഹിച്ച ഫാദർ ഫ്രാൻസിസ് 2006 മുതൽ കാൻബറ രൂപതയുടെ കത്തീഡ്രലായ സെന്റ് ക്രിസ്റ്റഫർ പാരീഷിന്റെ അഡ്‌മിനിസ്ട്രേറ്റർ ആയി ഓസ്ട്രേലിയയിൽ സേവനം ആരംഭിച്ചു.

2010 ലാണ് ഫാദർ ഫ്രാൻസിസ് കോലഞ്ചേരിയെ ഓസ്ട്രേലിയയിലെ സീറോ മലബാർ സമൂഹത്തിന്റെ നാഷണൽ കോർഡിനേറ്ററായി സീറോ മലബാർ സിനഡ് നിയമിക്കുന്നത്. 2013 ഡിസംബർ 23 ന് ഇന്ത്യക്ക് പുറത്ത് രണ്ടാമതായി മെൽബൺ സീറോ മലബാർ രൂപത പ്രഖ്യാപിച്ചപ്പോൾ അച്ചനെ രൂപതയുടെ പ്രഥമ വികാരി ജനറാളായും നിയമിച്ചു. ഒരു വർഷത്തോളം ഫാദർ ഫ്രാൻസിസ് കത്തീഡ്രൽ ഇടവക വികാരിയായും സേവനം അനുഷ്ഠിച്ചു. ഓസ്ട്രേലിയയിലെ സീറോ മലബാർ സമൂഹത്തിന്റെ നാഷണൽ കോർഡിനേറ്റർ ആയിരിക്കുമ്പോൾ ഓസ്ട്രേലിയയിലെ വിവിധ സീറോ മലബാർ സമൂഹങ്ങൾ സന്ദർശിച്ച് അവർക്ക് അജപാലന ശുശ്രൂഷ ലഭ്യമാക്കുന്നതിന് അച്ചൻ അക്ഷീണം പ്രയത്നിച്ചു. ഓസ്ട്രേലിയയിൽ സീറോ മലബാർ രൂപത രൂപീകരിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളിൽ അച്ചൻ നിർണ്ണായകമായ പങ്കുവഹിച്ചു. ഓസ്ട്രേലിയയിലെ വിവിധ ഗ്രാമങ്ങളിലും നഗരങ്ങളിലും കുടിയേറി പാർത്തിരിക്കുന്ന സീറോ മലബാർ വിശ്വാസികളെ ഒരുമിപ്പിച്ച് മിഷനുകൾക്കും ഇടവകകൾക്കും രൂപം കൊടുക്കാൻ മെൽബൺ രൂപതാധ്യക്ഷൻ ബോസ്‌കോ പുത്തൂർ പിതാവിനോട് ചേർന്ന് നിന്നുകൊണ്ട് ബഹുമാനപ്പെട്ട ഫ്രാൻസിസ് അച്ചൻ നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.

മെൽബൺ സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയിലെ ദുക്റാന തിരുന്നാളിന്റെ തിരുക്കർമ്മങ്ങൾക്കും റാസ കുർബാനക്കും ശേഷം നടന്ന ലളിതമായ ചടങ്ങിൽ കത്തീഡ്രൽ വികാരിയും രൂപത കൺസൽറ്റേഴ്സ് മെമ്പറും എപ്പിസ്‌കോപ്പൽ വികാരിയുമായ ഫാദർ വർഗ്ഗീസ് വാവോലിൽ സ്വാഗതം ആശംസിച്ചു. മെൽബൺ സീറോ മലബാർ രൂപതാധ്യക്ഷൻ ബിഷപ്പ് ബോസ്‌കോ പുത്തൂർ ഫാദർ ഫ്രാൻസിസ് കോലഞ്ചേരിയെ മോൺസിഞ്ഞോർ പദവിയുടെ ചിഹ്നമായ ചുവപ്പു നിറത്തിലുള്ള അരപ്പട്ട അണിയിക്കുകയും നിയമനപത്രം നല്കുകയും ചെയ്തു. കഴിഞ്ഞ ഏഴു വർഷം വികാരി ജനറാൾ എന്ന നിലയിൽ ശ്രദ്ധാർഹമായ സേവനങ്ങളായിരുന്ന് ബഹുമാനപ്പെട്ട ഫ്രാൻസിസ് അച്ചൻ രൂപതക്ക് നല്കിയത് എന്ന് അച്ചനെ അഭിനന്ദിച്ചുകൊണ്ട് പിതാവ് പറഞ്ഞു. ഹ്യൂം കൗൺസിൽ മേയറും മെൽബൺ അസ്സിറിയൻ ചർച്ച് ഓഫ് ദ് ഈസ്റ്റ് സഭാംഗവുമായ മേയർ ജോസഫ് ഹവീൽ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കഴിഞ്ഞ 41 വർഷം ഈശോയോട് ചേർന്ന് നിന്നുകൊണ്ടുള്ള ഒരു വൈദിക ജീവിതം നയിക്കാൻ തന്നെ അനുഗ്രഹിച്ച ദൈവത്തോടും മോൺസിഞ്ഞോർ പദവിക്കായി പരിശുദ്ധ പിതാവിനോട് അഭ്യർത്ഥിച്ച ബോസ്‌കോ പിതാവിനോടും നന്ദി പറയുന്നുവെന്ന് ആശംസകൾക്ക് കൃതഞ്ജത രേഖപ്പെടുത്തികൊണ്ട് ഫ്രാൻസിസ് അച്ചൻ പറഞ്ഞു. മെൽബൺ രൂപതയിൽ തന്നോടൊപ്പം ഒരുമിച്ച് പ്രവർത്തിക്കുന്ന എല്ലാ വൈദികരെയും, രൂപതയിലെ വിശ്വാസി സമൂഹത്തെയും, എറണാകുളം-അങ്കമാലി അതിരൂപതയിലെ ബഹുമാനപ്പെട്ട പിതാക്കന്മാരെയും വൈദികരെയും, നന്ദിയോടെ ഓർക്കുന്നുവെന്നും ഈ പദവി മെൽബൺ സീറോ മലബാർ രൂപതക്ക് ലഭിച്ച അംഗീകാരമാണെന്നും അച്ചൻ കൂട്ടിച്ചേർത്തു. വിശ്വാസജീവിതത്തിൽ തന്നെ ഒത്തിരി സഹായിച്ചിട്ടുള്ളപരേതരായ തന്റെമാതാപിതാക്കൾക്കും നാട്ടിലുള്ള സഹോദരങ്ങൾക്കും അച്ചൻ നന്ദി അറിയിച്ചു. കത്തീഡ്രൽ ഇടവക എസ്.എം.വൈ.എം കോർഡിനേറ്റർ മെറിൻ എബ്രഹാം ഫ്രാൻസിസ് അച്ചനെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം വായിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോബി ഫിലിപ്പ്, കത്തീഡ്രൽ ഇടവക കൈക്കാരാന്മാരായ ക്ലീറ്റസ് ചാക്കോ, ആന്റോ തോമസ് എന്നിവർ ചേർന്ന് അച്ചന് ബൊക്കെ നല്കി ആദരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP