Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ബ്രണ്ണൻ വീരകഥകൾ' ഞങ്ങളും കേട്ടിരുന്നു; 50 വർഷത്തെ കോൺഗ്രസ് പാരമ്പര്യവും ഒന്നാം നമ്പർ ബഡായി; അന്ന് ഇന്ദിരയെ വിളിച്ചത് ഭാരത യക്ഷിയെന്ന്'; ഒറ്റ വാചകത്തിൽ പറഞ്ഞാൽ 'ബഡായി രാമൻ'; കെ സുധാകരനെ പരിഹസിച്ച് പി ജയരാജൻ

'ബ്രണ്ണൻ വീരകഥകൾ' ഞങ്ങളും കേട്ടിരുന്നു; 50 വർഷത്തെ കോൺഗ്രസ് പാരമ്പര്യവും ഒന്നാം നമ്പർ ബഡായി; അന്ന് ഇന്ദിരയെ വിളിച്ചത് ഭാരത യക്ഷിയെന്ന്'; ഒറ്റ വാചകത്തിൽ പറഞ്ഞാൽ 'ബഡായി രാമൻ'; കെ സുധാകരനെ പരിഹസിച്ച് പി ജയരാജൻ

ന്യൂസ് ഡെസ്‌ക്‌

കണ്ണൂർ: 'ബ്രണ്ണൻ കോളജ്' വിവാദത്തിലടക്കം കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. കോൺഗ്രസിനെതിരെ പ്രസംഗങ്ങൾ നടത്തുകയും സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള ആളാണ് കെ സുധാകരൻ. പക്ഷേ അണികൾക്കിടയിൽ തെറ്റായ അവബോധം സൃഷ്ടിക്കാനായി ഒട്ടേറെ നുണകളാണ് ഇപ്പോൾ പറയുന്നതെന്നും ജയരാജൻ ആരോപിച്ചു.

കെപിസിസി പ്രസിഡന്റായതോടെ അദ്ദേഹം അവകാശപ്പെട്ടത് തനിക്ക് 50 വർഷത്തെ കോൺഗ്രസ് പാരമ്പര്യമുണ്ടെന്നാണ്. അത് ഒന്നാം നമ്പർ ബഡായിയാണ്. കാരണം അദ്ദേഹം 18 വർഷക്കാലം കോൺഗ്രസിന് പുറത്തായിരുന്നു. ഇന്ദിരാ ഗാന്ധിയെ ഭാരത യക്ഷി എന്നു വിളിച്ച് അദ്ദേഹം പ്രസംഗിച്ചത് നല്ല ഓർമയുണ്ടെന്നും ജയരാജൻ പറഞ്ഞു.

സിപിഎമ്മാണ് മുഖ്യശത്രുയെന്ന് സുധാകരൻ പ്രഖ്യാപിച്ചത് ആർഎസ്എസും ബിജെപിയുമായ മുൻകാല ബന്ധം ഊട്ടി ഉറപ്പിക്കാൻ വേണ്ടിയാണ്. കോൺഗ്രസിൽ നെഹ്‌റുവിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്നവർ അത് അംഗീകരിക്കില്ലെന്നും പി ജയരാജൻ പറഞ്ഞു.

സുധാകരന്റെ ഏകാധിപത്യ ശൈലിയും ക്രിമിനൽ സ്വഭാവവും കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലേക്കേ നയിക്കൂയെന്നും സുധാകരൻ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം അപകടകരമായ ഒന്നാണെന്നും പി ജയരാജൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഒറ്റ വാചകത്തിൽ അദ്ദേഹത്തെ വിശേഷിപ്പിക്കാൻ പറഞ്ഞാൽ 'ബഡായി രാമൻ' എന്നാകും താൻ പറയുകയെന്നും ജയരാജൻ പറഞ്ഞു.

പി ജയരാജൻ അഭിമുഖത്തിൽ പറഞ്ഞത്: ''ബ്രണ്ണൻ കോളജിൽ പിണറായി വിജയനെ താൻ ചവിട്ടി വീഴ്‌ത്തിയെന്ന് മുൻപും പല കോൺഗ്രസ് നേതാക്കന്മാരോടും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് വിട്ട് സിപിഐഎമ്മിലേക്കു വന്നവർ പറഞ്ഞ് അദ്ദേഹത്തിന്റെ ഈ വീരവാദങ്ങൾ ഞങ്ങളും കേട്ടിട്ടുണ്ടെന്നായിരുന്നു. ഒറ്റ വാചകത്തിൽ അദ്ദേഹത്തെ വിശേഷിപ്പിക്കാൻ പറഞ്ഞാൽ 'ബഡായി രാമൻ' എന്നാകും ഞാൻ പറയുക.''

കോൺഗ്രസിനെതിരെ നിരവധി പ്രസംഗങ്ങൾ നടത്തുകയും സിപിഐഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്ത ആളാണ് സുധാകരനെന്നും ജയരാജൻ പറഞ്ഞു. ''കെപിസിസി പ്രസിഡന്റായതോടെ അദ്ദേഹം അവകാശപ്പെട്ടത് തനിക്ക് 50 വർഷത്തെ കോൺഗ്രസ് പാരമ്പര്യമുണ്ടെന്നാണ്. അത് ഒന്നാം നമ്പർ ബഡായിയാണ്. കാരണം അദ്ദേഹം 18 വർഷക്കാലം കോൺഗ്രസിന് പുറത്തായിരുന്നു. ഇന്ദിരാ ഗാന്ധിയെ ഭാരത യക്ഷി എന്നു വിളിച്ച് അദ്ദേഹം പ്രസംഗിച്ചത് നല്ല ഓർമയുണ്ട്.

അടിയന്തരാവസ്ഥക്കെതിരെ ജനാധിപത്യ സംരക്ഷണത്തിനായി ഒരു വിദ്യാർത്ഥി സമിതി പ്രവർത്തിച്ചിരുന്നു. അതിന്റെ ഭാഗമായ എൻഎസ്ഒയുടെ നേതാവായിരുന്നു സുധാകരൻ. ആ നിലയിൽ കണ്ണൂരിൽ പാർട്ടിയുടെ അഴീക്കോടൻ മന്ദിരത്തിലെ യോഗത്തിൽ അദ്ദേഹം ഞങ്ങൾക്കൊപ്പം പങ്കെടുത്തിട്ടുണ്ട്.

സിപിഐഎമ്മിനെതിരെ എല്ലാ കാലത്തും പോരാടിയിട്ടുണ്ട് എന്നാണ് അദ്ദേഹം ആവർത്തിച്ച് അവകാശപ്പെടുന്നത്. സിപിഎമ്മിന്റെ പാർട്ടി ഓഫിസിൽ ഞങ്ങൾക്കൊപ്പം ഇരുന്ന കാര്യമാണ് ഞാൻ ഓർമിപ്പിച്ചത്. കോൺഗ്രസിനെതിരെ പ്രസംഗങ്ങൾ നടത്തുകയും സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള ആളാണ് സുധാകരൻ. പക്ഷേ അണികൾക്കിടയിൽ തെറ്റായ അവബോധം സൃഷ്ടിക്കാനായി ഒട്ടേറെ നുണകൾ അദ്ദേഹം പറയുന്നു.''-പി ജയരാജൻ പറയുന്നു. 

'സിപിഎമ്മിന്റെ കൂടെ ലക്ഷക്കണക്കിനു ജനങ്ങളുണ്ട്. അവരിൽ ആരെങ്കിലും നിയമവിരുദ്ധപ്രവർത്തനത്തിൽ ഏർപ്പെട്ടാൽ ഞങ്ങൾക്ക് തടയാൻ കഴിയുമോ? അതേസമയം, സോഷ്യൽ മീഡിയയിൽ ഇക്കൂട്ടർ ഇത്തരം പ്രചാരണം നടത്തുന്നത് നേരത്തേതന്നെ പാർട്ടി പരിശോധിച്ചതാണ്. ഇവരൊക്കെ പാർട്ടിയുടെ വക്താക്കളായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നതിനെതിരെ ജാഗ്രത വേണമെന്നു തീരുമാനിച്ചതാണ്. അതു പരസ്യമായി പറഞ്ഞില്ലെന്നു മാത്രം.

സോഷ്യൽ മീഡിയയിൽ എന്റെ പേര് ഉപയോഗിച്ച് പാർട്ടിക്കെതിരെ കടന്നാക്രമണം നടത്തിയ ഘട്ടത്തിൽതന്നെ പിജെ ആർമിയെ സംബന്ധിച്ച നിലപാട് ഞാൻ വ്യക്തമാക്കിയതാണ്. ഞാനുമായി അവർക്ക് ഒരു ബന്ധവുമില്ല. ഇതുമായി മുന്നോട്ടുപോയാൽ നിയമനടപടി എടുക്കും എന്നും പരസ്യപ്പെടുത്തിയിരുന്നു'. ജയരാജൻ പറയുന്നു.

അതിനുശേഷവും അവർ അതു തുടർന്നു. നിയമനടപടിയുമായി മുന്നോട്ടുപോകുന്ന അവസരത്തിൽ ഇപ്പോൾ പിജെ ആർമിയുടെ പേരുതന്നെ മാറ്റി എന്നു കണ്ടു. വ്യക്തിപരമായി ആളുകളെ പുകഴ്‌ത്തുക, ചില നേതാക്കന്മാരെ ഇകഴ്‌ത്തുക, നേതാക്കളെ രണ്ടു തട്ടിലാക്കുക തുടങ്ങിയ രീതികളെല്ലാം കണ്ടു വരുന്നുണ്ട്. ഇത് 'എന്നെ പുകഴ്‌ത്തൽ അല്ല, മറിച്ച് പാർട്ടിയെ ആക്രമിക്കലാണ്' എന്ന നിലപാടുതന്നെ സ്വീകരിച്ച് സോഷ്യൽ മീഡിയയിൽ എന്റെ നിലപാട് വ്യക്തമാക്കിയിരുന്നു പി ജയരാജൻ പറയുന്നു.

കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരിക്കെ പാർട്ടിയെ വളർത്താനും അടിത്തറ ശക്തമാക്കാനും ആർഎസ്എസുകാരെ അടക്കം ആരെയും സ്വാഗതം ചെയ്യുന്ന സമീപനം പാർട്ടി കൂട്ടായി എടുത്തതാണ്. ബിജെപി മുൻ ജില്ലാ പ്രസിഡന്റ് ഒ.കെ.വാസുവും മറ്റും സിപിഎമ്മിലേക്കു വന്ന പരിപാടി ഉദ്ഘാടനം ചെയ്തത് അന്നു സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്.

മറ്റു പാർട്ടികളിൽനിന്ന് അവരുടെ നയത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി സിപിഎമ്മിന്റെ നയമാണ് ശരി എന്നു പ്രഖ്യാപിച്ചു വരുന്നവരെ മുൻപും സ്വീകരിച്ചിട്ടുണ്ട്, ഇപ്പോഴും സ്വീകരിക്കുന്നുണ്ട്, നാളെയും അതു ചെയ്യും. അതേസമയം അമ്പാടി മുക്കിലെ എല്ലാവരും പാർട്ടിക്ക് ബാധ്യതയാണ് എന്ന വാദത്തോട് യോജിപ്പുമില്ല. അന്നു വന്ന അമ്പാടി മുക്കിലെ കുറേപ്പേർ ഇപ്പോഴും പാർട്ടി സഖാക്കളായി തുടരുന്നുണ്ട്. ഈ തിരഞ്ഞെടുപ്പിലും അവർ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.

സ്വർണക്കടത്ത് കേസിൽ പറയുന്ന അഴീക്കോട് സ്വദേശി ഡിവൈഎഫ്‌ഐ വില്ലേജ് കമ്മിറ്റി അംഗമായിരുന്നു. വഴി തെറ്റുന്നു എന്ന തോന്നൽ ഉയർന്നപ്പോൾതന്നെ ഡിവൈഎഫ്‌ഐ ഒഴിവാക്കി. ഷുഹൈബ് കേസിൽ പ്രതിയായതോടെ താൻ ജില്ലാ സെക്രട്ടറി ആയിരുന്ന വേളയിൽ ആകാശ് തില്ലങ്കേരിയെ പാർട്ടി പുറത്താക്കി. ഇത്തരം പ്രശ്‌നങ്ങൾ ഉയരുമ്പോൾ പരിശോധിച്ച് തീരുമാനമെടുക്കുന്ന പാർട്ടിയാണ് സിപിഎം. കോൺഗ്രസിനും ബിജെപിക്കും ഇതേ നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്ന് ഓർമിക്കണം.

ഐആർപിസിയുടെ പ്രവർത്തനം മറയാക്കി ക്വട്ടേഷൻ സംഘം പ്രവർത്തിച്ചതായി ഞാൻ കരുതുന്നില്ല. സിപിഎമ്മിന്റെ അംഗങ്ങൾതന്നെ ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിൽ അതുമായി പാർട്ടിക്ക് രഞ്ജിപ്പുണ്ടാകില്ലെന്ന് ഞാൻ പറഞ്ഞല്ലോ. അതേപോലെ ഐആർപിസിയുടെ ഭാഗമായി ആരെങ്കിലും ഉണ്ടെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കും. അങ്ങനെ ഉണ്ടായതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല.' പി ജയരാജൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP