Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കഴിഞ്ഞ ആഴ്‌ച്ചയിലാണ് കോവാക്സിൻ രണ്ടാം ഡോസ് എടുത്തത്... അതുവരെ പിടിച്ച് നിൽക്കാനായത് ഹോമിയോ പ്രതിരോധ മരുന്നാണെന്നാണ് എന്റെ ധാരണ; സത്യം തുറന്നു പറയാൻ മടികാട്ടാത്തെ പ്രശാന്ത് ബ്രോ; വട്ടിയൂർക്കാവ് എംഎൽഎ കോവിഡ് ബാധിതൻ; ഹോമിയോ വീണ്ടും വാർത്തകളിലേക്ക്

കഴിഞ്ഞ ആഴ്‌ച്ചയിലാണ് കോവാക്സിൻ രണ്ടാം ഡോസ് എടുത്തത്... അതുവരെ പിടിച്ച് നിൽക്കാനായത് ഹോമിയോ പ്രതിരോധ മരുന്നാണെന്നാണ് എന്റെ ധാരണ; സത്യം തുറന്നു പറയാൻ മടികാട്ടാത്തെ പ്രശാന്ത് ബ്രോ; വട്ടിയൂർക്കാവ് എംഎൽഎ കോവിഡ് ബാധിതൻ; ഹോമിയോ വീണ്ടും വാർത്തകളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് ആദ്യകേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് മുതൽ തുടങ്ങിയ ചർച്ചയാണ് ഹോമിയോപ്പതിയിൽ കോവിഡിനെ പ്രതിരോധിക്കുന്നു മരുന്നുകൾ ഉണ്ടോ എന്നത്. കോവിഡിന്റെ ഒന്നാം വേവിൽ ഹോമിയോ ആശുപത്രികളിൽ നിന്ന് പ്രതിരോധ ഗുളികകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു.നല്ലൊരു ശതമാനം പേരും ഈ ഗുളിക ഉപയോഗിച്ചിരുന്നു എന്നു പറഞ്ഞാലും അതിശയോക്തിയാവില്ല.എന്നാൽ ഹോമിയോപ്പതി വിഭാഗത്തിന് തന്നെ ശാസ്ത്രിയ അടിത്തറ ഇല്ല എന്നും അതിനാൽ ഹോമിയോ വിശ്വസിച്ച് ജനങ്ങൾ പ്രതിരോധ മരുന്ന് സ്വീകരിക്കാതിരിക്കുകയും ചെയ്താൽ അപകടമാണെന്ന മുന്നറിയിപ്പോടെ അലോപ്പതി വിഭാഗം എത്തിയരുന്നെങ്കിലും തങ്ങളുടെ നിലപാടിലുറച്ച് ഹോമിയോപ്പതി രംഗം മുന്നോട്ട് പോവുകയായിരുന്നു.

ആക്ഷേപങ്ങൾ ശക്തമാകുമ്പോഴും കോവിഡിന്റെ രണ്ടാം ഘട്ടത്തിലും നിരവധി പ്രതിരോധ പ്രവർത്തനങ്ങളാണ് ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്. ഹോമിയോപ്പതിയുടെ ഈ നിലപാടിനുള്ള അംഗീകാരം കൂടിയാണ് കോവിഡിനെ പ്രതിരോധിക്കാൻ ഹോമിയോപ്പതിക്ക് കഴിയുമോ എന്ന തരത്തിൽ വീണ്ടും ചർച്ചകൾ സജീവമാകുന്നത്.വട്ടിയുർക്കാവ് എംഎൽഎ വികെ പ്രശാന്തിന്റെ ഫേസ്‌ബുക്ക് കുറിപ്പാണ് സോഷ്യൽമീഡിയയിൽ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.

'പ്രിയമുള്ളവരെ ഇന്നലെ നടത്തിയ ആർടിപിസിആറി ൽ പോസിറ്റീവ് ആയി. അടുത്ത ദിവസങ്ങളിൽ ഇടപഴകിയവർ ശ്രദ്ധിക്കുക.കോവിഡ് തുടക്കം മുതൽ ഇന്നുവരെ പൊതു സമൂഹത്തിൽ തന്നെ ആയിരുന്നു. 15 തവണയിലധികം ആന്റിജൻ, ആർടിപിസിആർ ടെസ്റ്റുകൾ നടത്തി.കഴിഞ്ഞ ആഴ്‌ച്ചയിലാണ് കോവാക്‌സിൻ രണ്ടാം ഡോസ് എടുത്തത്.അതുവരെ പിടിച്ച് നിൽക്കാനായത് ഹോമിയോ പ്രതിരോധ മരുന്നാണെന്നാണ് എന്റെ ധാരണ.' എന്നാണ് എംഎൽഎ കുറിച്ചിരിക്കുന്നത്.

എന്നാൽ എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വ്യാപകവിമർശനത്തിനാണ് ഇടയാക്കുന്നത്. എംഎൽഎയെപ്പോലെ ഉത്തരവാദമുള്ള സ്ഥാനത്ത് ഇരിക്കുന്നവർ ഇത്തരത്തിൽ ഒരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് കുടുതൽ പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഹോമിയോ മരുന്ന് കൊണ്ട് പ്രതിരോധം കിട്ടി' എന്നൊക്കെ ഉത്തരവാദിത്തപ്പെട്ട പൊസിഷനിലുള്ള ഒരാൾ പറയുന്നത് വലിയ കഷ്ടമാണ്.തീർത്തും അശാസ്ത്രീയമായ, മറ്റെവിടെയും വിതരണത്തില്ലാത്ത 'എന്തിനും ഏതിനും മാമച്ചൻ' ലൈനിൽ നാട്ടിൽ എന്തസുഖം വന്നാലും ഹോമിയോ പ്രതിരോധം എന്ന് പറഞ്ഞിറങ്ങുന്ന പഞ്ചാരമിഠായി ഹോമിയോ മരുന്നിന് ക്രെഡിറ്റ് കൊടുക്കുമ്പോൾ അതിന് വല്ല അടിസ്ഥാനവുമുണ്ടോ എന്ന് കൂടി ആലോചിക്കുമല്ലോ... പ്രത്യേകിച്ച് നിങ്ങളെപ്പോലൊരാൾ...- എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.

എത്രയും പെട്ടെന്ന് രോഗമുക്തി നേടട്ടെ എന്ന് ആശംസിക്കുന്നു.ഹോമിയോ കോവിഡിനെ പ്രതിരോധിക്കും എന്നത്അശാസ്ത്രീയമാണ്. ഇതുവരെ തെളിയിക്കപ്പെടാത്ത അവകാശവാദം മാത്രമാണ്. ചൈനയിൽ കോവിഡ് റിപ്പോർട്ട് ചെയ്ത കാലത്ത്, അതായത് ഇന്ത്യയിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത കാലത്ത്, ഈ വൈറസിനെ കുറിച്ച് കൂടുതലായി ഒന്നും അറിയാത്ത കാലത്ത്, ഈ അവകാശവാദമുന്നയിച്ചതാണ് ആയുഷ് വകുപ്പ്. എന്നിട്ടും ഇതുവരെ തെളിയിക്കാൻ സാധിച്ചിട്ടില്ല.കോവിഡിന് എതിരെ ഇതുവരെ ലഭ്യമായ ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗ്ഗം വാക്‌സിൻ തന്നെയാണ്. പിന്നെയുള്ളത് മാസ്‌കും ശാരീരിക അകലവും ഹാൻഡ് സാനിറ്റൈസറും. ഒരു വ്യക്തിയുടെ ധാരണ എങ്ങനെ വേണമെങ്കിലും ആവാം. അത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. പക്ഷേ, ജനപ്രതിനിധിയായ, നിരവധി വ്യക്തികളെ സ്വാധീനിക്കാൻ സാധിക്കുന്ന താങ്കളെ പോലെ ഒരാൾ ഇങ്ങനെ പറയുന്നത് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കും എന്ന് പറയാതെ വയ്യ.താങ്കൾക്ക് സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എങ്കിലും താങ്കളുടെ അഭിപ്രായത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു. തികഞ്ഞ അശാസ്ത്രീയമായ നിലപാടാണിതെന്നും മറ്റൊരു കമന്റിൽ പറയുന്നു.

എന്നാൽ എംഎൽഎ യുടെ വാദത്തെ അനുകൂലിക്കുന്നവരും ഉണ്ട്.ഹോമിയോ പ്രതിരോധിക്കുമെന്ന് തെളിയിച്ചിട്ടുണ്ടോ ഇല്ലയോ എന്നറിയില്ല. പക്ഷേ ഞാനും കുടുംബവും സ്ഥിരമായി കഴിക്കുന്നുണ്ട്, കാരണം തിരക്കുകളിലൂടെ കടന്നുപോകുന്ന ജോലിയും പ്രവർത്തനങ്ങളുമാണ് എന്റേത്. ഇതുവരെ പ്രശ്‌നങ്ങൾ ഇല്ല. കോവിഡ് വരില്ല എന്നല്ല, വന്നാലും വല്ലാതെ ബാധിക്കില്ല എന്ന വിശ്വാസം ഹോമിയോ കഴിക്കുന്ന പലരുടെയും കോവിഡ് ബാധ തെളിയിച്ചു. (സർക്കാരിന്റെ കോവിഡ് നിർദ്ദേശങ്ങൾ പാലിക്കുക) സഖാവ് വേഗത്തിൽ സുഖം പ്രാപിച്ചു പ്രവർത്തനങ്ങളിലേക്ക് വരൂ എന്നും എംഎൽഎ ആശംസിക്കുന്നവരും ഉണ്ട്.

ആക്ഷേപങ്ങൾ ശക്തമാകുമ്പോഴും ഹോമിയോപ്പതി വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ പരിഗണന കിട്ടിത്തുടങ്ങുന്നുവെന്നാണ് സമീപകാല അനുഭവങ്ങൾ വ്യക്തമാക്കുന്നത്.കോവിഡ് കാലത്ത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ ഗണ്യമായ പങ്ക് വഹിക്കാനാകുന്ന വൈദ്യശാസ്ത്ര വിഭാഗമാണ് ഹോമിയോപ്പതിയെന്നും അതിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ സാദ്ധ്യമായതെല്ലാം ചെയ്യുന്നതാണെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി  വീണാ ജോർജ് ഉറപ്പ് നൽകിയതും വകുപ്പിന്റെ ഇടപെടലിന് ലഭിക്കുന്ന അംഗീകാരം തന്നെയാണ്.

കോവിഡ് രണ്ടാം തരംഗത്തിൽ ആരോഗ്യ മേഖലയിൽ പ്രതിരോധത്തിന്റെ മികച്ച മാതൃകകൾ തീർത്താണ് ഹോമിയോപ്പതി വകുപ്പും മുന്നേറുന്നത്. കോവിഡ് പ്രതിരോധ മരുന്ന് കോവിഡിനെതിരായ പോരാട്ടത്തിൽ ഏറെ സ്വീകരിക്കപ്പെട്ടു. കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിച്ച മാതൃകയിൽ അടുത്ത ഘട്ടത്തേയും ഫലപ്രദമായി നേരിടാനാണ് ഹോമിയോ വകുപ്പ് ഒരുങ്ങുന്നത്. കോവിഡനന്തര ചികിത്സയ്ക്കും പ്രത്യേക ക്ലിനിക്കുകൾ തുടങ്ങി സമഗ്ര പദ്ധതികളാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

നിരവധി രോഗികളാണ് ഇപ്പോൾ ഹോമിയോ ചികിത്സ തേടിയെത്തുന്നത്. ഡിസ്പെൻസറികളിൽ നിന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടറുമായി ടെലി കൺസൽട്ടൻസി നടത്തി ചികിത്സ തേടാനുള്ള സൗകര്യവും വകുപ്പ് ഒരുക്കുന്നുണ്ട്. ഡോക്ടറോടു സംസാരിച്ച ശേഷം നിർദ്ദേശിക്കുന്ന മരുന്നുകൾ ഡിസ്പെൻസറിയിൽ നിന്നു വാങ്ങാം. യാത്ര നടത്താതെ തന്നെ ജില്ലയുടെ ഏതു ഭാഗത്തും ആളുകൾക്കു പ്രയോജനപ്പെടുത്താവുന്ന പദ്ധതിയാണ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറയുന്നു.

കോവിഡിനു ശേഷമുള്ള ചികിത്സയ്ക്കും വകുപ്പ് പ്രാധാന്യം നൽകുന്നുണ്ട്. ഇതിനായി ഹോമിയോ വകുപ്പ് പുതിയ ക്ലിനിക്കുകൾ തുടങ്ങുന്നുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇത്തരത്തിൽ നടപടികൽ ആരംഭിച്ചുകഴിഞ്ഞു. കോവിഡ്മുക്തിക്കു ശേഷം പലരും ക്ഷീണം, ശരീരവേദന, ഉറക്കമില്ലായ്മ, ചുമ തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.ഇത്തരം പ്രശ്‌നങ്ങൾക്കൊക്കെയും പ്രതിനിവിധി നൽകാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

രക്തപരിശോധനയും ഇ.സി.ജി.യും അടക്കമുള്ള ടെസ്റ്റുകൾക്കായി മികച്ച ലാബും ജില്ലാ അടിസ്ഥാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. മഞ്ഞ വിഭാഗം റേഷൻ കാർഡുള്ളവർക്ക് എല്ലാ പരിശോധനകളും സൗജന്യമാണ്. പിങ്ക് കാർഡിൽ ഉൾപ്പെട്ടവർക്കു പകുതി നിരക്ക് മതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP