Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏനാദിമംഗലം കിൻഫ്ര പാർക്കിൽ ടാർ മിക്സിങ് പ്ലാന്റ് സ്ഥാപിക്കാൻ ധനമന്ത്രിയുടെ സഹോദരന്റെ കമ്പനി; ജില്ലാ സെക്രട്ടറിയുടെ നാടെങ്കിലും അഴകൊഴമ്പൻ നിലപാടുമായി സിപിഎം; എതിർത്ത് ഡിവൈഎഫ്ഐ; ഉപകരണങ്ങളുമായി വന്ന ലോറി തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

ഏനാദിമംഗലം കിൻഫ്ര പാർക്കിൽ ടാർ മിക്സിങ് പ്ലാന്റ് സ്ഥാപിക്കാൻ ധനമന്ത്രിയുടെ സഹോദരന്റെ കമ്പനി; ജില്ലാ സെക്രട്ടറിയുടെ നാടെങ്കിലും അഴകൊഴമ്പൻ നിലപാടുമായി സിപിഎം; എതിർത്ത് ഡിവൈഎഫ്ഐ; ഉപകരണങ്ങളുമായി വന്ന ലോറി തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

ശ്രീലാൽ വാസുദേവൻ

അടൂർ: ചെറുകിട വ്യവസായശാലകളും ഭക്ഷ്യസംസ്‌കരണ യൂണിറ്റുകളും പ്രവർത്തിക്കുന്ന ഏനാദിമംഗലം പഞ്ചായത്ത് 14-ാം വാർഡിലെ ഇളമണ്ണൂർ കിൻഫ്ര പാർക്കിൽ ടാർ മിക്സിങ് പ്ലാന്റു സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ ജാതിമത രാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ ഒറ്റക്കെട്ടായി രംഗത്ത്.

പ്ലാന്റ് നിർമ്മാണത്തിന് കൊണ്ടു വന്ന സാമഗ്രികൾ നാട്ടുകാർ തടഞ്ഞ് തിരിച്ചയച്ചു. പാർക്കിൽ നിന്ന് ലോറികൾ മടങ്ങിയെങ്കിലും വഴിയോരത്ത് പാർക്ക് ചെയ്തിരിക്കുന്നത് കാരണം നാട്ടുകാർ ജാഗ്രതയിൽ. സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ സഹോദരനും സർക്കാർ കരാറുകാരനുമായ കലഞ്ഞൂർ മധുവിന്റെ കമ്പനിയാണ് മാനദണ്ഡം മറികടന്ന കിൻഫ്ര പാർക്കിൽ പരിസ്ഥിതിക്ക് ഹാനികരമാകുന്ന ടാർ മിക്സിങ് പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്.

വെള്ളിയാഴ്ച രാവിലെയാണ് ഇവിടേക്ക് പ്ലാന്റിനുള്ള സാധനങ്ങളുമായി രാജസ്ഥാനിലും മധ്യപ്രദേശിൽ നിന്നും കൂറ്റൻ ട്രെയിലറുകൾ എത്തിയത്. പ്ലാന്റിനെതിരേ സമരം നടത്തുന്ന നാട്ടുകാർ ഇത് തടഞ്ഞു. പൊലീസ് എത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സ്ത്രീകൾ അടക്കമുള്ളവർ ശക്തമായി പ്രതിഷേധിച്ചതോടെ ട്രെയിലറുകൾ തിരിച്ചു പോയി. എന്നാൽ ഇത് അടുത്തുള്ള റോഡിൽ തന്നെ പാർക്ക് ചെയ്തിരിക്കുന്നത് നാട്ടുകാർ സംശയത്തോടെ വീക്ഷിക്കുന്നു.

മലിനീകരണം ണ്ടാകാത്ത തരത്തിലുള്ള ഏറ്റവും ആധുനികമായ രീതിയിലുള്ള പ്ലാന്റ് ആണ് ഇവിടെ സ്ഥാപിക്കുന്നത് എന്നാണ് ഉടമയുടെ വിശദീകരണം. എന്തു വന്നാലും പ്ലാന്റ് സ്ഥാപിക്കുമെന്ന് നിർബന്ധം പിടിക്കുകയും ചെയ്യുന്നു. മലിനീകരണം ഉണ്ടാക്കാത്ത പ്ലാന്റ് സ്വന്തം പറമ്പിലോട്ട് സ്ഥാപിച്ചോളൂവെന്നാണ് നാട്ടുകാരുടെ നിലപാട്. റെഡി മിക്സ്, ബിറ്റുമിൻ മിക്സ് യൂണിറ്റുകളാണ് സ്ഥാപിക്കാൻ നീക്കം നടക്കുന്നത്. ഇതിനുള്ള പേപ്പർ ജോലികൾ കിൻഫ്ര തിരുവനന്തപുരം ഓഫീസിൽ പൂർത്തിയായി.

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് സിപിഎമ്മാണ്. സിപിഎം ജില്ലാ സെക്രട്ടറിയുടെ സ്വന്തം നാടുകൂടിയാണിത്. പക്ഷേ, പ്ലാന്റിനെതിരേ പരസ്യമായി രംഗത്ത് ഇറങ്ങാൻ ഇവർക്ക് കഴിയുന്നില്ല. പഞ്ചായത്തിലെ ആരോഗ്യസ്റ്റാൻഡിങ് കമ്മറ്റി അംഗവും സിപിഎം നേതാവുമായ ശങ്കർ മാരൂർ പക്ഷേ, പ്ലാന്റിനെതിരേ നിലപാട് കടുപ്പിച്ച് രംഗത്തുണ്ട്. അദ്ദേഹം കലക്ടർക്ക് പരാതി നൽകി. പ്ലാന്റിനെതിരേ ഡിവൈഎഫ്ഐ പോസ്റ്ററും പതിപ്പിച്ചു. മറ്റു പാർട്ടിക്കാരും തണുപ്പൻ സമീപനമാണ് സ്വീകരിച്ചു വരുന്നത്. പക്ഷേ, സേവ് ഏനാദിമംഗലം എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ച് നാട്ടുകാർ സമരത്തിലാണ്. സാമൂഹിക മാധ്യമങ്ങളും ഫലപ്രദമായി വിനിയോഗിക്കുന്നു.

എനാദിമംഗലത്തെ ജനതയെ കാർന്നു തിന്നുവാൻ പോകുന്ന തരത്തിലുള്ള ഈ വൈറസിനെതിരെ ശക്തമായ പ്രതിരോധം തീർത്തില്ലെങ്കിൽ അത് ഈ നാടിനെ ആകെ നാമാവശേഷം ആകാൻ കാരണമാകുമെന്നും ഇതിൽ കക്ഷിരാഷ്ട്രീയത്തിനും ജാതി-മത ചിന്തകൾക്കും അതീതമായി ശബ്ദമുയർത്തണമെന്നും വാട്സാപ്പ് സന്ദേശത്തിൽ ആഹ്വാനം ചെയ്യുന്നു. ജനകീയ സമിതി രൂപവൽകരിച്ച് ശക്തമായ സമരം നടത്താനാണ് തീരുമാനം. ജനവാസമില്ലാത്ത നിരവധി പ്രദേശങ്ങൾ ഉണ്ടായിട്ടും ജനസാന്ദ്രതയേറിയ ഏനാദിമംഗലം ഗ്രാമപഞ്ചായത്തിൽ മാത്രം ഇത്തരത്തിലുള്ള പ്രവണതകൾ ആവർത്തിക്കുകയാണ്.

കിൻഫ്ര ഓഫീസിൽ വിവരാവകാശ നിയമപ്രകാരം സംഘടനകൾ സമീപിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ ഭാഗത്തു നിന്നും അനുമതികളൊന്നും ഇതുവരെ നൽകിയിട്ടില്ല എന്നാണ് അറിയുന്നത്. പഞ്ചായത്തിന്റെ അനുമതി ഇതിന് വേണ്ട താനും. മിനി മൂന്നാർ എന്നറിയപ്പെടുന്ന സ്‌കിന്നർ പുരം കുന്നിൻ നെറുകയിലെ 86 ഏക്കറിലാണ് കിൻഫ്ര പാർക്ക്. ഇവിടെയുള്ള റബർ തോട്ടം വെട്ടി തെളിച്ചാണ് പാർക്കിന് നിലമൊരുക്കിയത്. പ്രകൃതി ഭംഗിയാൽ മനോഹരമായ ഇവിടെ വിവിധ തരം പക്ഷിമൃഗാദികളുടെയും കേന്ദ്രമാണ്.

മയിൽ, വേഴാമ്പൽ, കുരങ്ങൻ, മലയണ്ണാൻ തുടങ്ങിയവയെ കാണാൻ വേണ്ടി പോലും ആളുകൾ എത്താറുണ്ട്. ജനവാസ മേഖലയുമാണ്. തരിശുകിടക്കുന്ന 10 ഏക്കർ സ്ഥലത്ത് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷിനടത്താൻ പ്രവാസി സംരംഭകൻ താൽപര്യമറിയിച്ചെങ്കിലും വ്യക്തികൾക്ക് കൃഷിയിടം ഒരുക്കാൻ നിയമം അനുവദിക്കുന്നില്ലെന്ന് മറുപടി പറഞ്ഞ അധികൃതർ തന്നെയാണ് പ്ലാന്റിന് അനുമതി നൽകാൻ തയ്യാറെടുക്കുന്നത്.

കിൻഫ്ര പാർക്കിൽ ഭക്ഷ്യസംസ്‌കരണ വിഭാഗത്തിൽ പാൽ, ബേക്കിങ്, ചിപ്‌സ് യൂണിറ്റ്, ഭക്ഷ്യധാന്യ പൊടി ഉൽപാദന യൂണിറ്റ് തുടങ്ങിയവയും അലൂമിനിയം പാത്ര നിർമ്മാണം, പോളിമർ, പ്ലാസ്റ്റിക് നിർമ്മാണ യൂണിറ്റുകൾ, സോളാർ പാനൽ നിർമ്മാണ കേന്ദ്രം, ആയുർവേദ ഉൽപന്ന നിർമ്മാണം തുടങ്ങിയ സംരംഭങ്ങളുമുണ്ട്. നാലര ഏക്കറിൽ കെട്ടിടം ഉയർത്തി സർക്കാർ സഹകരണത്തോടെ കയർ കോർപറേഷൻ കയർ കോംപ്ലക്‌സും പ്രവർത്തിക്കുന്നുണ്ട്. വിവിധ സംരംഭങ്ങളിലായി നൂറിലധികം സംസ്ഥാന, അന്തർ സംസ്ഥാന തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP