Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവഞ്ചൂരിന് വധഭീഷണി കത്തു കിട്ടുമ്പോൾ ടിപി കേസിലെ പ്രതികളിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും സ്വതന്ത്രർ; ആയങ്കിയെ അകത്താക്കിയ കടത്തിലെ മാസ്റ്റർ ബ്രയിനും ശിക്ഷ അനുഭവിക്കുന്നവർ; അകത്തുള്ളത് വിയ്യൂരിലുള്ള കൊടി സുനി മാത്രം; അനധികൃത പരോളിൽ ഹണിമൂണും കടത്തും പൊടിപൊടിക്കുമ്പോൾ

തിരുവഞ്ചൂരിന് വധഭീഷണി കത്തു കിട്ടുമ്പോൾ ടിപി കേസിലെ പ്രതികളിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും സ്വതന്ത്രർ; ആയങ്കിയെ അകത്താക്കിയ കടത്തിലെ മാസ്റ്റർ ബ്രയിനും ശിക്ഷ അനുഭവിക്കുന്നവർ; അകത്തുള്ളത് വിയ്യൂരിലുള്ള കൊടി സുനി മാത്രം; അനധികൃത പരോളിൽ ഹണിമൂണും കടത്തും പൊടിപൊടിക്കുമ്പോൾ

ആർ പീയൂഷ്

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് ടിപി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടിക്കൊന്നവർ. ഹണിമൂണും കടത്തുമായി ജയിലിന് പുറത്ത് അടിച്ചു പൊളിക്കുകയാണ് ഇവരെല്ലം. ക്വട്ടേഷൻ പ്രവർത്തനങ്ങൽ ജയിലിൽ നടത്തിയ ഇവരെ പല സംഘങ്ങളായി മാറ്റി പല ജയിലിലക്കി. കൊടി സുനിയും അണ്ണൻ സിജിത്തും അടക്കമുള്ളവർ തിരുവനന്തപുരം ജയിലിലായിരുന്നു. ജയിൽ ഡിജിപിയുടെ കണ്ണെത്താനായിരുന്നു നീക്കം. എന്നാൽ സമ്മർദ്ദങ്ങളിൽ പെട്ട് ഇവരെയെല്ലാം ജയിൽ മാറ്റേണ്ടി വന്നു ജയിൽ ഡിജിപിക്ക്. തിരുവനന്തപുരത്ത് നിന്ന് കൊടി സുനി ഇഷ്ട ജയിലായ വിയ്യൂരിൽ എത്തി. അണ്ണൻ സജിത്ത് കണ്ണൂരിലും. ടിപി കേസിലെ പ്രതികളിൽ അധികവും ഇപ്പോൾ കണ്ണൂരിലെ തടവുകരാണ്. എല്ലാവരും ഇപ്പോൾ പരോളിലും.

കണ്ണൂർ ജയിലിലും ഇവർ സർവ്വതന്ത്ര സ്വതന്ത്രരാണ്. ചോദിക്കാനും പറയാനും ആരും ഇല്ല. എല്ലാം ഇഷ്ടം പോലെ. തിരുവനന്തപുരം ജയിലിൽ മദ്യം എത്തിയതിന് പിന്നിൽ ടിപി കേസിലെ പ്രതികളാണെന്ന സംശയം ഉയർന്നിരുന്നു. നിയന്ത്രണങ്ങൾ ശക്തമാക്കുകയും ചെയ്തു. വിയ്യൂരിലും കണ്ണൂരിലും ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ല. എന്തും ഏതും ഇവർക്ക് ഇവിടെ കിട്ടും. പോരാത്തതിന് സൂപ്രണ്ടിന്റെ വക പരോളും. ഈ പരോൾ പിന്നീട് നീട്ടി എടുക്കുകയും ചെയ്യും. കണ്ണൂരിൽ നിന്ന് അണ്ണൻ സിജിത്ത് പരോളിൽ ഇറങ്ങിയത് മെയ്‌ മാസത്തിലാണ്. ജൂലൈ ആയിട്ടും അണ്ണൻ സിജിത്ത് പുറത്താണ്. ഇതിനിടെ കല്യാണം കഴിച്ച് ഹണിമൂണും. അങ്ങനെ അണ്ണൻ സിജിത്തും കുടുംബസ്ഥനായി.

ഗൾഫിൽ ജോലിക്ക് പോയാലും വർഷത്തിൽ രണ്ട് മാസത്തിൽ കൂടുതൽ അവധിക്ക് നാട്ടിലെത്താൻ കഴിയില്ല. എന്നാൽ ടിപി കേസിലെ പ്രതികൾക്ക് എത്രകാലം വേണമെങ്കിലും പരോൾ കിട്ടും. പുറത്ത് കറങ്ങാം. ഇതാണ് സ്വർണ്ണ കടത്ത് ഗൂഢാലോചനയിലും കസ്റ്റംസ് കണ്ടെത്തുന്നത്. അർജുൻ ആയങ്കിയുടെ നേതൃത്വത്തിലെ കള്ളക്കടത്തിനെ നിയന്ത്രിക്കുന്നത് ടിപി കേസിലെ പ്രതികളാണ്. ജയിലിൽ നിന്ന് പോലും ആശയ വിനിമയങ്ങൾ ആയങ്കിയുമായി നടത്തുന്നു. ഇതെല്ലാം ആയങ്കിയുടെ ഫോണിലുണ്ട്. അതുകൊണ്ടാണ് ആ ഫോൺ നശിപ്പിച്ചു കളഞ്ഞത്. കൊടി സുനിയും ഷാഫിയും കിർമാനി മനോജും അടക്കമുള്ളവർക്ക് ഈ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പുറത്തു വരുന്ന സൂചന.

കോൺഗ്രസ് നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണന് എതിരെ വധഭീഷണിയിൽ കത്തു കിട്ടിയിരുന്നു. ടിപി കേസ് പ്രതികളെ പൊലീസ് പടിക്കുന്നത് തിരുവഞ്ചൂർ ആഭ്യന്തര മന്ത്രിയായപ്പോഴാണ്. അതിന്റെ പകയിലാണ് വധ ഭീഷണിയെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിനെ കളിയാക്കുകയാണ് പല സിപിഎം നേതാക്കളും ചെയ്തത്. എന്നാൽ ഈ കത്ത് തിരുവഞ്ചൂരിന് ലഭിക്കുമ്പോൾ ടിപി കേസിലെ പ്രതികളിൽ ഒരാളൊഴികെ എല്ലാവരും പുറത്താണെന്ന നിർണ്ണായക വിവരമാണ് മറുനാടന് ലഭിക്കുന്നത്. ഒരു കൊലക്കേസിലെ ഇത്രയധികം പ്രതികൾക്ക് ഒരുമിച്ച് പരോൾ നൽകുന്നത് അസാധാരണമാണ്. അങ്ങനെ ഈ പ്രതികൾക്ക് ക്വട്ടേഷൻ പ്രവർത്തികൾ ചെയ്യാൻ സർക്കാർ തന്നെ അവസരമൊരുക്കുകയാണ്.

രാമനാട്ടുകര അപകടത്തോടെ ചർച്ചകളിൽ എത്തിയ സ്വർണ്ണ കടത്തിന് പിന്നിൽ നടക്കാതെ പോയ മോഷണത്തിന് പദ്ധതിയൊരുക്കിയതു കൊടി സുനി നേരിട്ടു തന്നെ എന്ന സൂചനയാണ് പുറത്തു വരുന്നത്. വിയ്യൂർ ജയിലിൽ ഇത്തരം ക്വട്ടേഷൻ പ്രവർത്തനങ്ങൾ കൊടി സുനി നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനൊപ്പം ചില ഭീഷണികളും. ഇതോടെയാണ് വിയ്യൂരിൽ നിന്ന് കൊടി സുനിയെ തിരുവനന്തപുരത്തേക്ക മാറ്റിയത്. ഇതോടെ ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായി കാര്യങ്ങൾ. എന്നാൽ ഭരണ തുടർച്ചയുണ്ടായതിന് പിന്നാലെ കൊടി സുനിക്ക് വിയ്യൂരിലേക്ക് മാറാനുമായി. ഇതോടെയാണ് സ്വർണ്ണ കടത്തിൽ കൊടുവള്ളി-കണ്ണൂർ ലോബികൾ തമ്മിലെ പോര് പുതിയ തലത്തിലെത്തിയത്. ഇതിന് സമാനായി ബാക്കിയുള്ള പ്രതികളിൽ ഏറെ പേരേയും കണ്ണൂരിലേക്കും മാറ്റി.

കൊടുവള്ളിയിലെ നേതാക്കൾക്ക് ഇടതു ഭരണത്തിൽ സ്വാധീനവും മുമ്പുണ്ടായിരുന്നു. എന്നാൽ ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ ഇതു കുറഞ്ഞു. കണ്ണൂരിൽ അടക്കം കൊടി സുനിയുടേയും ആകാശ് തില്ലങ്കേരിയുടേയും ഗ്യാങ്ങ് സിപിഎമ്മിനെ പിന്തുണയ്ക്കുകയും ചെയ്തു. ഈ വർഷം തുടക്കത്തിൽ കണ്ണൂർ എയർപോർട്ടിലെ ചില പ്രശ്‌നങ്ങളുടെ പേരിൽ സിപിഎമ്മും തില്ലങ്കേരിയും ഉരസലിലായിരുന്നു. എന്നാൽ തുടർഭരണമെന്ന വിശാലാശയത്തിന് വേണ്ടി എല്ലാം മറന്ന് തില്ലങ്കേരിയും പ്രവർത്തിച്ചു. അഴിക്കോട്ടെ സിപിഎം വിജയത്തിൽ ഇത് പ്രകടവുമായി. ഇതിന് പിന്നാലെയാണ് കൊടി സുനിക്ക് വിയ്യൂരിലേക്ക് മടക്കം കിട്ടുന്നത്. ജൂൺ രണ്ട് ബുധനാഴ്ചയാണ് തിരുവനന്തപുരത്ത് നിന്ന് വിയ്യൂരിലേക്ക് കൊടി സുനിക്ക് വിടുതൽ ലഭിക്കുന്നത്. മെയ് 20നായിരുന്നു പിണറായിയുടെ രണ്ടാം സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തിയത്.

തന്നെ വിയ്യൂരിലേക്ക് മാറ്റണമെന്ന അപേക്ഷ ജയിൽ വകുപ്പിന് കൊടി സുനി നൽകുകയായിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ ഏറിയതിന് പിന്നാലെ ഈ വിഷയത്തിൽ തീരുമാനവും എടുത്തു. ജൂൺ ആദ്യവാരത്തിൽ കൊടി സുനി വിയ്യൂരിൽ തിരിച്ചെത്തി. വിയ്യൂർ ജയിലിൽ ഇരുന്ന് കാക്ക രഞ്ജിത്തിനെ കൊണ്ട് ക്വട്ടേഷൻ ചെയ്യിച്ചുവെന്ന പഴയ ഇന്റലിജൻസ് റിപ്പോർട്ടെല്ലാം സർക്കാർ മറന്നു. വിയ്യൂരിൽ എത്തിയതോടെ ഋഷിരാജ് സിംഗിന്റെ കണ്ണിൽ നിന്ന് കൊടി സുനി വഴുതി മാറി. വീണ്ടും ഭരണം കിട്ടിയ ആവേശത്തിൽ സ്വർണ്ണ കടത്തിൽ കൊടി സുനി വീണ്ടും ഇടപെടലുകൾ തുടങ്ങിയെന്നാണ് കേന്ദ്ര ഏജൻസികളുടെ അനുമാനം.

വിയ്യൂർ ജയിലിൽ കൊടി സുനിക്ക് ആരെങ്കിലും ഫോൺ കൊടുത്തിട്ടുണ്ടാകമെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ അർജുൻ ആയങ്കിയുടെ ഫോണിലേക്ക് വന്ന എല്ലാ കോളുകളും പരിശോധിക്കും. സംശയമുള്ള നമ്പരുകൾ തേടി അന്വേഷണവും നടത്തും. കൊടി സുനിയുടെ പിൻബലത്തിലാണ് അർജുൻ ആയങ്കി കരിപ്പൂർ വിമാനത്താവളത്തിലെ ഓപ്പറേഷന് തെല്ലും ഭയമില്ലാതെ എത്തിയതെന്നും വിലയിരുത്തലുണ്ട്. ആകാശ് തില്ലങ്കേരിയും കൊടി സുനിയും തമ്മിൽ വിയ്യൂരിൽ എത്തിയ ശേഷം ആശയ വിനിമയമുണ്ടോ എന്നും പരിശോധിക്കും. എങ്ങനെയാണ് തിരുവനന്തപുരത്ത് നിന്ന് വിയ്യൂരിലേക്ക് കൊടി സുനി എത്തിയത് എന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്താൻ ശ്രമിക്കും.

കൊടി സുനി ഉൾപ്പടെ ടി.പി കേസ് പ്രതികളുടെ സ്വർണക്കടത്ത് ക്വട്ടേഷനുകൾ അവസാനിപ്പിക്കാൻ സിപിഎം നേരിട്ട് ഇടപെട്ട കാലമുണ്ടായിരുന്നു. ഇതുകൂടി ലക്ഷ്യമിട്ടാണ് ജയിലുകളുടെ ഭരണച്ചുമതല ഡിജിപി ഋഷിരാജ് സിങിന്റെ നിയന്ത്രണത്തിലാക്കിയത്. കൊടി സുനിയുടെയും കൂട്ടരുടെയും സ്വന്തം നിലയ്ക്കുള്ള ക്വട്ടേഷനുകൾ പാർട്ടിക്കും സർക്കാരിനും വിനയായി മാറിയതോടെയാണ് ഈ ഇടപെടൽ 2019ൽ ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് ജയിലിലെ റെയ്ഡ് ഉൾപ്പടെയുള്ള നടപടികൾ കർക്കശമാക്കിയത്. കൊടി സുനിയെപ്പോലെയുള്ളവർക്ക് പരോൾ നൽകുന്നത് തന്നെ അറിയിച്ചുവേണമെന്ന് ഋഷിരാജ് സിങ് ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഇതോടെ ക്വട്ടേഷനുകൾ തിരുവനന്തപുരത്ത് ഇരുന്ന് ഏറ്റെടുക്കാൻ കൊടിസുനിക്ക് കഴിയാതെയായി.

കൂത്തുപറമ്പിൽ കൈതേരിൽ റഫ്ഷാൻ എന്നയാളെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ കൊടി സുനിയുമായി ബന്ധപ്പെട്ട സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജയിലിലുള്ള സിപിഎം പ്രവർത്തകരെ കൊടി സുനി ഇത്തരം ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെടുത്തുന്നുവെന്ന കണ്ടെത്തലും ചർച്ചയായി. ഇതെല്ലാം കൂടി കണക്കിലെടുത്താണ് കൊടി സുനിക്ക് പൂട്ടിടാൻ സിപിഎം അന്ന് തീരുമാനിച്ചത്. കൊടി സുനിയുടെയും കൂട്ടരുടെയും ഹവാല ഇടപാടുകളും സ്വർണക്കടത്തും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി അന്ന് തന്നെ മനസിലാക്കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് സർക്കാർ നിലപാട് കർക്കശമാക്കിയതും തിരുവനന്തപുരത്തേക്ക് മാറ്റിയതും.

2019ൽ കണ്ണൂർ, വിയ്യൂർ ജയിലുകളിൽ നടത്തിയ റെയ്ഡിൽ മൊബൈൽ ഫോൺ, മെമ്മറി കാർഡ്, കഞ്ചാവ് എന്നിവ പിടിച്ചെടുത്തിരുന്നു. ഋഷിരാജ് സിങ് നേരിട്ടാണ് റെയ്ഡ് നടത്തിയത്. വിയ്യൂർ ജയിലിൽനിന്ന് കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരിൽനിന്ന് മൊബൈൽ പിടിച്ചെടുത്തിരുന്നു. ഇവരെ പിന്നീട് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. അന്ന് കൊടി സുനി ഭീഷണിപ്പെടുത്തുന്നുവെന്ന് വ്യാപാരിയുടെ പരാതിയും ചർച്ചകളിൽ എത്തിയിരുന്നു. ഖത്തറിലെ സ്വർണ വ്യാപാരി മജീദ് കൊഴിശേരിയായിരുന്നു പരാതിക്കാരൻ. ഇതെല്ലാം അറിഞ്ഞു വച്ചു കൊണ്ടാണ് പ്രതികളെ അവർക്കിഷ്ടമുള്ളിടത്തേക്ക് ജയിൽ വകുപ്പ് മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP