Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഈ മാസം ഒന്നാംഘട്ടം പൂർത്തിയാകും; 26 മേഖലകളിൽ വെള്ളപ്പൊക്ക നിവാരണ പ്രവൃത്തികൾ; കൊച്ചി വിമാനത്താവളത്തിൽ സംയോജിത വെള്ളപ്പൊക്ക നിവാരണ പദ്ധതി

ഈ മാസം ഒന്നാംഘട്ടം പൂർത്തിയാകും; 26 മേഖലകളിൽ വെള്ളപ്പൊക്ക നിവാരണ പ്രവൃത്തികൾ; കൊച്ചി വിമാനത്താവളത്തിൽ സംയോജിത വെള്ളപ്പൊക്ക നിവാരണ പദ്ധതി

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: തീവ്രമഴക്കാലം അടുത്തുവരാനിരിക്കെ, കൊച്ചി വിമാനത്താവളത്തിൽ സംയോജിത വെള്ളപ്പൊക്ക നിവാരണ പദ്ധതി ' ഓപ്പറേഷൻ പ്രവാഹ് ' നടപ്പിലാക്കുന്നു. സിയാലിന്റെ നിലവിലെ പദ്ധതികളെ, ജില്ലാ ഭരണകൂടത്തിന്റേയും തദ്ദേശ സ്ഥാപനങ്ങളുടേയും പദ്ധതികളുമായി സംയോജിപ്പിച്ചാണ് ഓപ്പറേഷൻ പ്രവാഹ് നടപ്പിലാക്കുന്നതെന്ന് ഇതുസംബന്ധിച്ച അവലോകന യോഗത്തിന് ശേഷം സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ് അറിയിച്ചു. ഓപ്പറേഷൻ പ്രവാഹിന്റെ ഒന്നാംഘട്ടം ജൂലായ് 31 ന് പൂർത്തിയാകും.

പ്രതിവർഷം ഒരുകോടി യാത്രക്കാരെ കൈകാര്യം ചെയ്യുന്ന, കൊച്ചി വിമാനത്താവളത്തിൽ സിയാൽ 130 കോടി രൂപ ചെലവിട്ടാണ് വെള്ളപ്പൊക്ക നിവാരണ പദ്ധതി നടപ്പിലാക്കുന്നത്. വിമാനത്താവളത്തിന്റെ പരിസരമേഖലയിൽ 26 ഇടങ്ങളിലാണ് സിയാൽ പദ്ധതികൾ നടത്തുന്നത്. പെരിയാറിൽ നിന്ന് ചെങ്ങൽതോടിലൂടെ ഒഴുകുന്ന പ്രളയജലം വിമാനത്താവളത്തേയും പരിസരപ്രദേശങ്ങളും മുക്കാതിരിക്കാൻ പണികഴിപ്പിച്ച ഡൈവേർഷൻ കനാലിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്.

അഞ്ച് ഭാഗങ്ങളായി തിരിച്ചാണ്, വിമാനത്താവളത്തിന്റെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഡൈവേർഷൻ കനാൽ പുനരുദ്ധരിക്കുന്നത്. ഓഗസ്റ്റിന് മുമ്പ് വെള്ളപ്പൊക്ക നിവാരണപദ്ധതി പൂർത്തിയാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് ജില്ലാ കളക്ടർ കൂടിയായ മാനേജിങ് ഡയറക്ടർ പ്രത്യേക അവലോകന യോഗം വിളിച്ചുചേർത്തു. ജില്ലാ ഭരണകൂടവും തദ്ദേശസ്ഥാപനങ്ങളും ചെയ്യുന്ന വെള്ളപ്പൊക്ക നിവാരണ പദ്ധതികളുമായി സംയോജിപ്പിച്ച് സിയാലിന്റെ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനമായി. ' ഓപ്പറേഷൻ പ്രവാഹ് ' എന്ന പേരിലാവും ഈ സംയോജിത വെള്ളപ്പൊക്ക പദ്ധതി നടപ്പിലാക്കുക. ഒന്നാംഘട്ടം ഈ മാസംതന്നെ പൂർത്തിയാക്കും. റൺവെയുടെ തെക്ക്, വടക്ക് ഭാഗങ്ങളിലുള്ള കാനകളെ യോജിപ്പിച്ചുകൊണ്ടുള്ള പമ്പിങ് സംവിധാനവും പ്രവർത്തന സജ്ജമായിട്ടുണ്ട്.

സാധാരണമഴക്കാലത്ത് പെയ്ത്ത് വെള്ളം വിമാനത്താവള പരിസരമേഖലകളിൽ നിന്ന് ചെങ്ങൽതോടുവഴി പെരിയാറിലേയ്ക്ക് ഒഴുകുന്നവിധമാണ് ഇവിടുത്തെ ഭൗമഘടന. വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ഒഴുക്ക് തിരിച്ചാകുന്നു. വിമാനത്താവളം വരുന്നതിന് മുമ്പും ഇതുതന്നെയാണ് സ്ഥിതി. എന്നാൽ അതിതീവ്രമഴ പെയ്യുന്നതോടെ പെരിയാറിൽ നിന്ന് തിരിച്ചൊഴുകുന്ന വെള്ളത്തെ ഈ പ്രദേശങ്ങൾക്ക് ഉൾക്കൊള്ളാനാവില്ല. വെള്ളപ്പൊക്കമാവും ഫലം. ഇതൊഴിവാക്കാനാണ് സിയാൽ, വിമാനത്താവളത്തിന്റെ തെക്കുവശത്തുകൂടി ഡൈവേർഷൻ കനാൽ പണികഴിപ്പിച്ചത്. മുൻവർഷങ്ങളിൽ പെയ്ത അതിതീവ്രമഴയുടെ സാഹചര്യം നേരിടാൻ ഈ പുനരുദ്ധാരണ പ്രവൃത്തികൾക്ക് കഴിയും. അതിലും ശക്തമായ ജലപ്രവാഹമുണ്ടായാൽ നേരിടാനാണ് ഓപ്പറേഷൻ പ്രവാഹിന്റെ രണ്ടാം ഘട്ടം നിശ്ചയിച്ചിട്ടുള്ളത്.

ഓപ്പറേഷൻ പ്രവാഹിന്റെ രണ്ടാംഘട്ടത്തിൽ, ചെങ്ങൽതോട് തുടങ്ങുന്ന ഭാഗത്ത് റെഗുലേറ്റർ കം ബ്രിഡ്ജ് പണികഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 20.40 കോടി രൂപ ചെലവുവരും. ഓപ്പറേഷൻ പ്രവാഹ് ഒന്നാംഘട്ടം, നിശ്ചിതസമയത്ത് തന്നെ പൂർത്തിയാക്കത്തക്കവിധം പ്രവർത്തനശേഷിയുയർത്താൻ സിയാൽ എൻജിനീയറിങ് വിഭാഗത്തിന് മാനേജിങ് ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP