Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൂറോ കപ്പ് ക്വാർട്ടർ: സ്പെയിൻ-സ്വിറ്റ്സർലൻഡ് മത്സരം എക്സ്ട്രാ ടൈമിലേക്ക്; നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഓരോ ഗോൾ വീതം; സ്പെയിനെ തുണച്ചത് സാക്കറിയയുടെ സെൽഫ് ഗോൾ; സ്വിറ്റ്സർലൻഡിനെ ഒപ്പമെത്തിച്ച് ഷെർദാൻ ഷാക്കിരി

യൂറോ കപ്പ് ക്വാർട്ടർ: സ്പെയിൻ-സ്വിറ്റ്സർലൻഡ് മത്സരം എക്സ്ട്രാ ടൈമിലേക്ക്; നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഓരോ ഗോൾ വീതം; സ്പെയിനെ തുണച്ചത് സാക്കറിയയുടെ സെൽഫ് ഗോൾ; സ്വിറ്റ്സർലൻഡിനെ ഒപ്പമെത്തിച്ച് ഷെർദാൻ ഷാക്കിരി

സ്പോർട്സ് ഡെസ്ക്

സെയ്ന്റ് പീറ്റേഴ്സ്ബർഗ്: യൂറോ കപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ നിശ്ചിത സമയത്ത് സ്പെയ്നും സ്വിറ്റ്സർലൻഡും സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളുകൾ നേടിയാണ് സമനിലയിൽ പിരിഞ്ഞത്. ഡെന്നിസ് സാക്കറിയയുടെ സെൽഫ് ഗോളിലൂടെ ആദ്യ പകുതിയിൽ സ്പെയിൻ മുന്നിട്ടു നിന്നെങ്കിലും ഷെർദാൻ ഷാക്കിരിയുടെ ഗോളിൽ സ്വിറ്റ്സർലൻഡ് ഒപ്പമെത്തി.

മികച്ച കളി പുറത്തെടുത്ത സ്പെയിൻ മത്സരത്തിന്റെ എട്ടാം മിനിട്ടിൽ തന്നെ സ്വിറ്റ്സർലൻഡിനെതിരേ ലീഡെടുത്തു. സ്വിസ് താരം ഡെന്നിസ് സാക്കറിയയുടെ സെൽഫ് ഗോളാണ് സ്പെയിനിന് തുണയായത്.

എട്ടാം മിനിട്ടിൽ സ്പെയിനിന് അനുകൂലമായി ലഭിച്ച മത്സരത്തിലെ ആദ്യ കോർണറാണ് ഗോളിന് വഴിവെച്ചത്. കോക്കെ എടുത്ത കോർണർ കിക്ക് ബോക്സിന് പുറത്തുനിന്ന ജോർഡി ആൽബയുടെ കാലിലേക്കാണെത്തിയത്. ആൽബയെടുത്ത ലോങ്റേഞ്ചർ സ്വിസ് താരം സാക്കറിയയുടെ കാലിൽ തട്ടി തിരിഞ്ഞ് ഗോൾകീപ്പർ സോമറിനെ കാഴ്ചക്കാരനാക്കി വലയിലെത്തി. മത്സരത്തിൽ ലക്ഷ്യത്തിലേക്ക് അടിച്ച ആദ്യ കിക്കിൽ തന്നെ ഗോൾ നേടാൻ സ്പെയിനിന് സാധിച്ചു.

17-ാം മിനിട്ടിൽ സ്വിസ് ബോക്സിന് തൊട്ടുവെളിയിൽ വെച്ച് ആൽവാരോ മൊറാട്ടയെ ഫൗൾ ചെയ്തതിന് സ്പെയിനിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. എന്നാൽ കോക്കെ എടുത്ത ഫ്രീകിക്ക് സ്വിസ് ക്രോസ്ബാറിന് മുകളിലൂടെ പറന്നു.

23-ാം മിനിട്ടിൽ സ്വിസ് മുന്നേറ്റതാരം ബ്രീൽ എംബോളോ പരിക്കേറ്റ് മടങ്ങിയത് ടീമിന് തിരിച്ചടിയായി. താരത്തിന് പകരം റൂബൻ വർഗസ്സ് ഗ്രൗണ്ടിലെത്തി. 25-ാം മിനിട്ടിൽ സ്പെയിനിന്റെ അസ്പിലിക്യൂട്ടയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡ്ഡർ സ്വിസ് ഗോൾകീപ്പർ സോമർ അനായാസം കൈയിലൊതുക്കി. ആദ്യ പകുതിയിൽ നിരവധി സെറ്റ്പീസുകളാണ് സ്വിറ്റ്സർലൻഡ് നേടിയെടുത്തത്. പക്ഷേ അതൊന്നും ഗോളാക്കി മാറ്റാൻ ടീമിന് സാധിച്ചില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ, സരാബിയയ്ക്ക് പകരം ഗ്രൗണ്ടിലെത്തിയ ഓൽമോയ്ക്ക് മികച്ച ഗോളവസരം ലഭിച്ചെങ്കിലും താരത്തിന്റെ ദുർബലമായ ഷോട്ട് സ്വിസ് ഗോൾകീപ്പർ സോമർ കൈയിലൊതുക്കി. രണ്ടാം പകുതിയിൽ സമനില ഗോൾ നേടാനായി സ്വിസ് ടീം ആക്രമിച്ചുകളിച്ചു. 56-ാം മിനിട്ടിൽ സാക്കറിയയുടെ ഗോളെന്നുറച്ച ഹെഡ്ഡർ സ്പെയിൻ പോസ്റ്റിലുരുമ്മി കടന്നുപോയി. 59-ാം മിനിട്ടിൽ ഫെറാൻ ടോറസിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല.

64-ാം മിനിട്ടിൽ സ്വിസ്സിന്റെ സ്യൂബറുടെ ഗോൾവലയിലേക്കുള്ള ഷോട്ട് തട്ടിയകറ്റി ഗോൾകീപ്പർ സിമോൺ സ്പെയിനിന്റെ രക്ഷകനായി. ഒടുവിൽ തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ സ്വിറ്റ്സർലൻഡ് സമനില ഗോൾ നേടി.

68-ാം മിനിട്ടിൽ നായകൻ ഷെർദാൻ ഷാക്കിരിയാണ് സ്വിസ് പടയ്ക്കായി ഗോൾ നേടിയത്. സ്പെയിൻ പ്രതിരോധം വരുത്തിയ വലിയ പിഴവിൽ നിന്നുമാണ് ഗോൾ പിറന്നത്. ബോക്സിനുള്ളിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ ലാപോർട്ടെയും പോൾ ടോറസ്സും പരാജയപ്പെട്ടു. ഇരുവരും തമ്മിലുണ്ടായ ആശയക്കുഴപ്പമാണ് ഇതിനുകാരണം. ഈ പിഴവിലൂടെ പന്ത് പിടിച്ചെടുത്ത ഫ്ര്യൂലർ നായകൻ ഷാക്കിരിക്ക് പാസ് നൽകി. കൃത്യമായി പാസ് സ്വീകരിച്ച ഷാക്കിരി അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ മത്സരം ആവേശത്തിലായി. ഗോൾ വഴങ്ങിയതോടെ സ്പെയിൻ ഉണർന്നുകളിച്ചു.

78-ാം മിനിട്ടിൽ സ്വിറ്റ്സർലൻഡിന് മത്സരത്തിൽ തിരിച്ചടി നേരിടുന്നു. സ്വിസ് ഗോളിന് വഴിവെച്ച റെമോ ഫ്ര്യൂലർ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ ടീം പത്തുപേരായി ചുരുങ്ങി. 84-ാം മിനിട്ടിൽ ലഭിച്ച മികച്ച അവസരം സ്പെയിനിന്റെ മൊറേനോ പാഴാക്കി.

രണ്ടാം ക്വാർട്ടർ ഫൈനലിൽ തുല്യശക്തികളായ ഇറ്റലിയും ബെൽജിയവും ഏറ്റുമുട്ടും. അൽപ സമയത്തിനകം മത്സരം ആരംഭിക്കും. തുടർച്ചയായ 31 കളിയിൽ ഇറ്റലി തോൽവിയറിഞ്ഞിട്ടില്ല. ബെൽജിയം അവസാനം കളിച്ച 13 കളികളിൽ അപരാജിതരാണ്. സെമി ബർത്തിനൊപ്പം അപരാജിത കുതിപ്പ് നിലനിർത്താനുമാകും ഇരുടീമുകളുടെയും പോരാട്ടം.

4-3-3 ശൈലിയിൽ ആക്രമണ ഫുട്ബോളാണ് ഇറ്റലി കളിക്കുന്നത്. റോബർട്ടോ മാൻസീനിക്ക് കീഴിൽ ടീം എല്ലാ മേഖലകളിലും ആധിപത്യം പുലർത്താൻ കഴിയുന്ന ടീമായി മാറിയിട്ടുണ്ട്.

ലോറൻസോ ഇൻസീന്യെ-സിറോ ഇമ്മൊബിലെ-ഫെഡറിക്കോ കിയേസ ത്രയത്തെ മുന്നേറ്റത്തിൽ പരീക്ഷിക്കാനാണ് സാധ്യത. മധ്യനിരയിൽ ജോർജീന്യോനിക്കോളോ ബാരെല്ല മാർക്കോ വെറാറ്റി എന്നിവർ കളിക്കും. പ്രതിരോധത്തിൽ നായകൻ ജോർജിയോ കില്ലിനിയുടെ കാര്യം ഉറപ്പായിട്ടില്ല. ലിയനാർഡോ ബന്നുച്ചി, ജിയോവാനി ലോറൻസോ, ലിയനാർഡോ സ്പിനാസോള എന്നിവർ കളിക്കും. ലോറൻസോ പെല്ലഗ്രീനിക്കും അലെസാൻഡോ ഫ്ളോറൻസിക്കും പരിക്കുണ്ട്.

സൂപ്പർ താരങ്ങളായ ഈഡൻ ഹസാർഡ്, കെവിൻ ഡി ബ്രൂയ്ൻ എന്നിവരുടെ പരിക്ക് ബെൽജിയത്തെ അലട്ടുന്നു. 3-4-2-1 ഫോർമേഷനിൽ ബെൽജിയം കളിക്കും. റൊമേലു ലുക്കാക്കു ഏക സ്ട്രൈക്കറാകും. യാനിക് കറാസ്‌കോയും ഡ്രിസ് മെർട്ടൻസും തൊട്ടുതാഴെ കളിക്കും. തോർഗൻ ഹസാർഡ്, അക്സൽ വിറ്റെക്സ് യൂറി ടെലെമാൻസ് തോമസ് മ്യൂനിയെർ എന്നിവരുണ്ടാകും. തോമസ് വെർമെലാൻ നേതൃത്വം നൽകുന്ന പ്രതിരോധവും മികച്ചതാണ്. റോബർട്ടോ മാർട്ടിനെസിനു കീഴിൽ വിജയങ്ങൾ ശീലമാക്കാൻ ടീമിനായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP