Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആഗ്രഹിക്കുന്ന എല്ലാവർക്കും നൽകേണ്ട ഒന്നല്ല സല്യൂട്ട്; പൊലീസ് ഉദ്യോഗസ്ഥർ ആരെയെങ്കിലും സല്യൂട്ട് ചെയ്യാൻ വേണ്ടി നിൽക്കുന്നവരല്ല; തൃശൂർ മേയർ ഡിജിപിക്ക് പരാതി നൽകിയതിൽ പ്രതികരണവുമായി പൊലീസ് അസോസിയേഷൻ

ആഗ്രഹിക്കുന്ന എല്ലാവർക്കും നൽകേണ്ട ഒന്നല്ല സല്യൂട്ട്; പൊലീസ് ഉദ്യോഗസ്ഥർ ആരെയെങ്കിലും സല്യൂട്ട് ചെയ്യാൻ വേണ്ടി നിൽക്കുന്നവരല്ല; തൃശൂർ മേയർ ഡിജിപിക്ക് പരാതി നൽകിയതിൽ പ്രതികരണവുമായി പൊലീസ് അസോസിയേഷൻ

മറുനാടൻ മലയാളി ബ്യൂറോ

 തൃശൂർ: പൊലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്ന പരാതിയുമായി തൃശൂർ മേയർ എം.കെ.വർഗ്ഗീസ് ഡിജിപിയെ സമീപച്ചത് ചർച്ചാവിഷയമായിരിക്കുകയാണ്. മേയർക്ക് മറുപടിയുമായി പൊലീസ് അസോസിയേഷൻ രംഗത്തെത്തി. തെരുവോരങ്ങളിൽ യൂണിഫോം ഇട്ട് കാണുന്ന പൊലീസ് ഉദ്യോഗസ്ഥർ ആരെയെങ്കിലും സല്യൂട്ട് ചെയ്യാൻ വേണ്ടി നിൽക്കുന്നവരല്ലെന്നാണ് അസോസിയേഷന്റെ നിലപാട്. കേരള പൊലീസ് ഉൾപ്പെടെയുള്ള ലോകത്തെ സേനാവിഭാഗങ്ങൾ ആദരസൂചകമായി ചെയ്തുവരുന്ന ആചാരമാണ് സല്യൂട്ട്. ജനാധിപത്യ സമൂഹത്തിൽ ജനപ്രതിനിധികളെ ആദരവോടെ കാണുന്ന വിഭാഗമാണ് കേരളത്തിലെ പൊലീസ് സേനാ വിഭാഗം. അതിന്റെ ആദരവ് നിബന്ധനകൾ നോക്കാതെ തന്നെ സേനാംഗങ്ങൾ നൽകി വരുന്നുണ്ടെന്നും പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി വ്യക്തമാക്കുന്നു.

യൂണിഫോമിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കണ്ടാൽ എനിക്കും ഒരു സല്യൂട്ട് കിട്ടണം എന്ന ആഗ്രഹം ഉള്ള ചിലർ സ്വാഭാവികമായാണ് കാണുന്നത്. എന്നാൽ അതിന് നിർദ്ദേശം നൽകണം എന്ന പരാതി അയച്ചതിനെ ആശ്ചര്യത്തോടെയാണ് വീക്ഷിക്കുന്നത്. സർക്കാർ പരിപാടികളിൽ ഓരോരുത്തർക്കും നൽകേണ്ട സ്ഥാനം എവിടെയാണെന്ന് സംസ്ഥാന പ്രോട്ടോക്കോൾ വ്യവസ്ഥകൾ നിലവിലുണ്ടാകും. എന്നാൽ അത്തരം കാര്യങ്ങൾ സർക്കാർ പരിപാടികൾക്ക് മാത്രമാണ് പാലിക്കേണ്ടത്. അല്ലാതെ സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥന്മാരെ കൊണ്ട് സല്യൂട്ട് ചെയ്യിക്കാനുള്ളതല്ലെന്നും പൊലീസ് അസോസിയേഷൻ കുറിപ്പിൽ പറഞ്ഞു.

അതേസമയം, തനിക്ക് വേണ്ടി മാത്രമല്ല ഈ ആവശ്യമെന്നും കേരളത്തിലെ എല്ലാ മേയർമാർക്കും വേണ്ടിയാണെന്നും എംകെ വർഗീസ് പറഞ്ഞു. പ്രോട്ടോക്കോൾ പ്രകാരം മേയറെയും ബഹുമാനിക്കേണ്ടതാണ്. എംപിക്കും എംഎൽഎക്കും ചീഫ് സെക്രട്ടറിക്കുമെല്ലാം മുകളിലാണ് മേയറുടെ സ്ഥാനമെന്നും അവർക്ക് സല്യൂട്ട് നൽകാത്തത് അപമാനിക്കലാണെന്നും എംകെ വർഗീസ് പറഞ്ഞു.

'ഞാൻ കോർപ്പറേഷന്റെ മേയറായിട്ട് ഏകദേശം ആറ് മാസമേ ആയിട്ടുള്ളൂ. നേരത്തെ ജനപ്രതിനിധിയായിട്ടും കൗൺസിലറായിട്ടും ഇവിടെ ഉണ്ടായിരുന്നു. പൊലീസ് ഒരിക്കലും മേയറെ സല്യൂട്ട് ചെയ്യുന്നത് കണ്ടിട്ടില്ല. എന്നെ സല്യൂട്ട് ചെയ്യണമെന്നല്ല, ആ പദവിയെ ബഹുമാനിക്കണമെന്നാണ് പറയുന്നത്. സല്യൂട്ട് ചെയ്യുന്നില്ല എന്ന് മാത്രമല്ല നമ്മളെ കാണുമ്പോൾ ഇവർ തിരിഞ്ഞു നിൽക്കുകയാണ്. അപമാനിച്ചതിനു തുല്യമായാണ് ഇത് ഞാൻ കാണുന്നത്,' എംകെ വർഗീസ് പറഞ്ഞു.

ഇത് സംബന്ധിച്ച് പല തവണ ഡിജിപിക്ക് പരാതി കൊടുത്തിരുന്നും പക്ഷെ നടപടിയൊന്നും കണ്ടില്ല. ഒപ്പം തന്നെ തൃശൂർ എംഎൽഎ കമ്മീഷണറുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു പക്ഷെ നടപടിയൊന്നും ഉണ്ടായില്ല. മേയറെ അംഗീകരിക്കേണ്ട ഉത്തരവാദിത്വം ഇവർക്കുണ്ട്. പദവിയെ അപമാനിക്കുന്നത് ശരിയല്ല. കേരളത്തിലെ ഒന്നടങ്കം മേയർമാർക്ക് വേണ്ടിയാണ് പരാതി. ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും എംകെ വർഗീസ് പറഞ്ഞു.

പുതിയ ഡിജിപി വരുന്നതോടെ മാറ്റം വരുമെന്നാണ് പ്രതീക്ഷ. ഞാൻ സല്യൂട്ട് കൊടുക്കണ്ടിടത്തുകൊടുക്കും. വാങ്ങിക്കേണ്ട സ്ഥലത്ത് വാങ്ങിക്കുകയും ചെയ്യും. ചോദിച്ചു വാങ്ങേണ്ട അവസ്ഥ ഉണ്ടാക്കിയത് അവരാണ്. അതവരുടെ തെറ്റാണ്. കേരളത്തിൽ എല്ലായിടത്തും ഈ ചട്ടം വരണമെന്നും ഡിജിപി നടപടിയെടുത്തില്ലെങ്കിൽ ഡിജിപിയുടെ മുകളിലും ആൾക്കാരുണ്ട്. അവരെ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും തൃശൂർ മേയർ എംകെ വർഗീസ് പറഞ്ഞു.

പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുടെ പോസ്റ്റ് പൂർണരൂപം-

പൊലീസും സല്യൂട്ടും...കേരള പൊലീസ് ഉൾപ്പെടെയുള്ള ലോകത്തെ സേനാവിഭാഗങ്ങൾ ആദരസൂചകമായി ചെയ്തുവരുന്ന ആചാരമാണ് SALUTE. SALUTE എന്നത് പരസ്പര ബഹുമാനത്തിന്റെ കൂടി രൂപമാണ്.'' ആന്തരിക ബഹുമാനത്തിന്റെ ബഹിർസ്ഫുരണം'' എന്നാണ് മലയാളത്തിൽ SALUTE എന്ന വാക്കിന് നൽകിയിട്ടുള്ള നിർവ്വചനം.ചിലരെങ്കിലും ധരിക്കുന്നത് പോലെ താഴ്ന്ന റാങ്കിൽ ഉള്ളവർ ഉയർന്ന റാങ്കിൽ ഉള്ളവരെ 'ONE WAY' ആയി ചെയ്യുന്ന ആചാരമല്ല. താഴ്ന്ന റാങ്കിൽ ഉള്ളവർ ഉയർന്ന റാങ്കിൽ ഉള്ളവരെ SALUTE ചെയ്യുമ്പോൾ, ഉയർന്ന റാങ്കിൽ ഉള്ളവർ തിരിച്ചും അവരെ ആചാരം ചെയ്യും.

ഇങ്ങനെ സേനാംഗങ്ങൾ പരസ്പരം കൈമാറുന്ന ആദരവാണ് SALUTE. കൂടാതെ രാജ്യത്തെ ഭരണകർത്താക്കൾ, ജുഡീഷ്യൽ ഓഫീസർമാർ ഉൾപ്പെടെയുള്ളവരേയും SALUTE ചെയ്യാറുണ്ട്. അവരും ഇപ്രകാരം തിരിച്ചും ചെയ്യേണ്ടതാണ്. ദേശീയ പതാകയേയും, അതാത് സേനാവിഭാഗങ്ങൾ അതാത് വിഭാഗങ്ങളുടെ പതാകകളേയും SALUTE നൽകി ആദരിക്കാറുണ്ട്. ജനാധിപത്യ സമൂഹത്തിൽ ജനപ്രതിനിധികളെ ആദരവോടെ കാണുന്ന വിഭാഗമാണ് കേരളത്തിലെ പൊലീസ് സേനാ വിഭാഗം. അതിന്റെ ആദരവ് PSO യിൽ എന്താണ് പറയുന്നത് എന്ന് പോലും നോക്കാതെ നമ്മുടെ സേനാംഗങ്ങൾ നൽകി വരുന്നുണ്ട്.ഇത്രയും എഴുതാൻ കാരണം, എനിക്കും പൊലീസ് ഉദ്യോഗസ്ഥൻ SALUTE ചെയ്യണം എന്ന് കാണിച്ച് പലരും സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർക്ക് അയക്കുന്ന പരാതികൾ കണ്ടതുകൊണ്ടാണ്.

യൂണിഫോമിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കണ്ടാൽ എനിക്കും ഒരു SALUTE കിട്ടണം എന്ന ആഗ്രഹം ഉള്ള ചിലർ സ്വാഭാവികമാണ്. എന്നാൽ അതിന് നിർദ്ദേശം നൽകണം എന്ന പരാതി അയച്ചതിനെ ആശ്ചര്യത്തോടെ കാണുന്നു എന്ന് സൂചിപ്പിക്കട്ടെ. റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുമ്പോൾ റോഡിൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്യുന്നില്ല എന്നാണ് ഇപ്പോൾ കണ്ട പരാതി. ഇത്തരത്തിൽ കേരളത്തിന്റെ തെരുവോരങ്ങളിൽ യൂണിഫോം ഇട്ട് കാണുന്ന പൊലീസ് ഉദ്യോഗസ്ഥർ ആരെയെങ്കിലും സല്യൂട്ട് ചെയ്യാൻ വേണ്ടി നിൽക്കുന്നവരല്ല. അവർ ട്രാഫിക് നിയന്ത്രണം ഉൾപ്പെടെയുള്ള ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി നിൽക്കുന്നവരാണ്. ഇത്തരം സന്ദർഭങ്ങളിൽ സല്യൂട്ട് ഉൾപ്പെടെയുള്ള ആചാരമല്ല ചെയ്യേണ്ടത്, ഔദ്യോഗികകൃത്യം ഭംഗിയായി നിറവേറ്റുകയാണ് വേണ്ടത് എന്ന വ്യക്തമായ നിർദ്ദേശം ഉൾപ്പെടെ സർക്കുലറായി ജീവനക്കാർക്ക് നൽകിയിട്ടുള്ള പുരോഗമനപരവും സാമൂഹ്യ വീക്ഷണവും ഉള്ള മേലുദ്യോഗസ്ഥന്മാരാൽ നയിക്കുന്ന സേനയാണ് കേരള പൊലീസ് എന്ന് അഭിമാനത്തോടെ പറയാനും ആഗ്രഹിക്കുന്നു.

സർക്കാർ പരിപാടികളിൽ ഓരോരുത്തർക്കും നൽകേണ്ട സ്ഥാനം എവിടെയാണെന്ന് സംസ്ഥാന പ്രോട്ടോക്കോൾ വ്യവസ്ഥകൾ നിലവിലുണ്ടാകും. എന്നാൽ അത്തരം കാര്യങ്ങൾ സർക്കാർ പരിപാടികൾക്ക് മാത്രമാണ്. അല്ലാതെ സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥന്മാരെ കൊണ്ട് സല്യൂട്ട് ചെയ്യിക്കാനുള്ളതല്ല എന്ന് കൂടി സൂചിപ്പിക്കട്ടെ. സേനാംഗങ്ങൾ വലിയ മൂല്യംനൽകുന്ന ആചാരമാണ് SALUTE. അത് നിയമാനുസരണം അർഹതപ്പെട്ടവർക്ക് മാത്രമേ നൽകാൻ കഴിയൂ. അല്ലാതെ ആഗ്രഹിക്കുന്ന എല്ലാവർക്കും നൽകേണ്ട ഒന്നല്ല എന്ന് കൂടി വിനയപൂർവ്വം അറിയിക്കട്ടെ.

C.R. ബിജു

ജനറൽ സെക്രട്ടറി

KPOA

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP